Thursday 21 August 2014

നിലാവ് പറഞ്ഞ കഥ - ഭാഗം 1,2,3


സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് എരിഞ്ഞുതാണു...
കിഴക്കുനിന്നും വീശിയടിക്കുന്ന ഇളംകാറ്റ് അവളുടെ മുടിയിഴകളെ ചലിപ്പിച്ചു കൊണ്ടിരുന്നു. ഉമ്മറത്തെ ചാരുകസേരയിൽ ചാരിയിരുന്ന് അവള്‍ വിദൂരതയിലേക്ക് നിറഞ്ഞുതുളുമ്പുന്ന കണ്ണുകള്‍ പായിച്ചു. ആ കണ്ണുകൾ ആകാശത്തിൽ എന്തോ തേടിനടന്നു.
ഒരു കുഞ്ഞു പ്രകാശഗോളം...ഒരു നക്ഷത്രം...അവളെ മാത്രം നോക്കി പുഞ്ചിരിക്കുന്ന അവളുടെ പ്രിയപ്പെട്ട നക്ഷത്രം. അവൾക്കു മാത്രം അവകാശപ്പെടാൻ ഒരു കുഞ്ഞു നക്ഷത്രം...
പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു...സാരിത്തുമ്പുകൊണ്ട് അവള്‍ കണ്ണീർ തുടച്ചു...
“എന്റെ പ്രിയനേ നീ എവിടെ?“ ആ ചുണ്ടുകൾ വിറച്ചു.
“ഒരു നോക്കുകാണാൻ കൂടി നിന്നു തരാതെ എവിടെയാണു നീ  പോയിമറഞ്ഞത്‌?
എന്തിനു വേണ്ടി നീ എന്റെ ജീവിതത്തിലേക്കു വന്നു?
ഞാൻ  ഈ  ജീവിതം എല്ലാം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ചതായിരുന്നില്ലേ?
ഹൃദയം നിറയെ സ്നേഹവുമായി ഒരു ദൈവദൂതനായി നീ വന്നു.
നിന്റെ  സാന്നിദ്ധ്യം എന്റെ  ജീവിതത്തിനു പുതിയ അര്‍ത്ഥം  നൽകി.
എന്നോ എന്നിൽ നിന്നും കൈവിട്ടുപോയ സ്നേഹം,  നീ മതിയാവോളം എനിക്കു തന്നു.
എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
പക്ഷെ പിന്നീട് ഒരു കള്ളനെപ്പോലെ നീ എന്നെ ഒറ്റയ്ക്കാക്കി  കടന്നു കളഞ്ഞു.
പ്രിയനേ, നീ എന്നെ ഒന്നു മനസ്സിലാക്കൂ, നീയില്ലാതെ ഈ ജന്മം എനിക്കു ജീവിക്കാൻ കഴിയില്ല.
നീ എവിടെപ്പോയി മറഞ്ഞാലും എന്റെ സ്നേഹം നിന്നെ പിന്തുടർന്നു കൊണ്ടിരിക്കും, തീര്‍ച്ച.“
“നിനക്കറിയുമോ?
നിന്റെ  ഓരോ വാക്കിലും ഞാൻ എന്റെ  പ്രണയം കണ്ടു.
ഞാൻ നിന്നെ കാണാൻ കൊതിച്ചു.
നിന്റെ  തിളങ്ങുന്ന കണ്ണുകളിൽ എന്റെ  രൂപം മാത്രം കാണണമെന്നാഗ്രഹിച്ചു.
നിന്റെ  ശബ്ദത്തിൽ എന്റെ  മനസ്സും ശരിരവും ആത്മാവും  അലിഞ്ഞുചേർന്നു.
നിന്‍റെ ഗന്ധം ഞാൻ എന്റെ ജീവവായുവാക്കാൻ കൊതിച്ചു.
നിന്റേതാകുന്ന ആ  നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരുന്നു.
നിനക്കുവേണ്ടി ഞാൻ മണിയറയൊരുക്കി...
നിന്‍റെ ഒരു സ്പർശനത്തിനായി ഞാൻ കൊതിച്ചു കൊതിച്ചു കാത്തിരുന്നു.
പക്ഷേ...
നീ വന്നില്ല...“
"ജസിനാ..." അവന്റെ ശബ്ദം കാതുകളിൽ മന്ത്രിക്കും പോലെ...
പെട്ടന്നവൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ചാടിയെഴുന്നേറ്റു.
"അഭീ...അഭീ...അഭീ...നീ എവിടെ?“ അവൾ മുറ്റത്തേക്ക് ഓടിയിറങ്ങി.
"അഭീ..." അലറിവിളിച്ചുകൊണ്ട് അവൾ മുറ്റത്ത്  ഓടി നടന്നു.
"എന്താ മോളേ ഇത്? മോളേ നീ മനസ്സിലാക്കൂ... അവൻ ഇനി വരില്ല..." ജസിനയുടെ അമ്മ ഓടിയെത്തി അവളെ കടന്നു പിടിച്ചു, പിന്നെ അവളെ മാറോടു ചേർത്തു മുതുകിൽ മെല്ലെ തടവി.
"ഇല്ലമ്മേ...എന്റെ അഭിയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയില്ല. എനിക്കറിയാം..."
"മോളേ...എല്ലാം വിധി! അതു മാറ്റാൻ ആര്‍ക്കും കഴിയില്ല, മോളേ. ദേ, നോക്കൂ, നിന്റെ  അഭി എല്ലാം കാണുന്നുണ്ട്...ദേ നോക്കിയേ..."
അങ്ങു ദൂരെ  മിന്നിമിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി ആ അമ്മ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ പറഞ്ഞുതീരും മുന്‍പേ അവരുടെ ചുണ്ടുകൾ വിതുമ്പി. ആ ചുളുങ്ങിയ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി...
പൂർണ്ണചന്ദ്രൻ മെല്ലെ മെല്ലെ പ്രകാശം പരത്തി തെളിഞ്ഞു തെളിഞ്ഞു വന്നു.
നിലാവെളിച്ചത്തിൽ ആ നക്ഷത്ര ഗോളം മറഞ്ഞു പോയത് ആ അമ്മയും മകളും അറിഞ്ഞില്ല...
നിലാവ്...അഭിയുടെ പ്രിയപ്പെട്ട നിലാവ്...
ആ നിലാവിന് ഒരു കഥ പറയാനുണ്ടായിരുന്നു...
കണ്ണീരിലെഴുതിയ ഒരു പ്രണയ കഥ...
നിലാവു പ്രകാശമായി...പ്രണയമായി...കുളിരായി...മഞ്ഞു തുള്ളിയായി മെല്ലെ പെയ്തിറങ്ങി...
ജസിനയും അമ്മയും നിലാവെളിച്ചത്തിൽ മറഞ്ഞുപോയ അവളുടെ പ്രിയനക്ഷത്രത്തെ തിരയുകയായിരുന്നു...

ഭാഗം 2

ഇന്ന്...
ജസിനയുടെ ആദ്യരാത്രിയാണ് ...
മനസ്സിൽ ഒരുപാടു സ്വപ്നങ്ങൾ  നെയ്തുകൂട്ടി അവൾ തന്റെ ഭർത്താവിനെ തേടിയിരുന്നു.
ഇനി മുതൽ തന്റെ ജീവിതത്തിന് അർത്ഥമുണ്ടാകാൻ പോകുന്നു. വിദേശത്തു കഴിയുന്ന മാതാപിതാക്കളില്‍നിന്നും തനിക്കു കിട്ടാത്ത സ്നേഹവും വാത്സല്യവും  എല്ലാം തന്റെ ഭർത്താവിൽനിന്നും കിട്ടുമായിരിക്കും...
നിമിഷങ്ങൾ ഒന്നൊന്നായി കടന്നുപോയി...ഭർത്താവിന്റെ കാലൊച്ചയ്ക്കായി അവൾ കാതോർത്തിരുന്നു...
അവളുടെ മനസ്സ് ബൈബിളിലെ സോളമന്‍റെ ഉത്തമഗീതത്തിലെ രാജ്ഞിയിലൂടെ കടന്നു പോയി.
"അവൻ തന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ.
നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.
നിന്‍റെ തൈലം സൌരഭ്യമായത്.
നിന്‍റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു.
അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
നിന്‍റെ പിന്നാലെ എന്നെ വലിക്ക്. നാം ഓടിപ്പോക.
രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടു വന്നിരിക്കുന്നു..."
(ബൈബിൾ, ഉത്തമഗീതം 1.1:2 )

ആ വാക്യം ചിന്തയിലെത്തിയപ്പോള്‍ അവൾ വീണ്ടും കാതോർത്തു. അവൻ വരുന്നുണ്ടോ...
അവന്‍റെ ഗന്ധം വായുവിലൂടെ പടർന്നു തന്റെ അടുത്തേക്കു വരുന്നുണ്ടോ?
ഇല്ല...അവനെ കാണുന്നില്ല.
അവന്റെ ശബ്ദം കേൾക്കാനുമില്ല...
അവളുടെ കണ്ണുകൾ പ്രാണപ്രിയനെക്കാണാൻ കൊതിച്ചു...
കണ്ണുകളിൽ ഇരുട്ടു കയറുന്നതു പോലെ...
മെല്ലെ മെല്ലെ നിദ്ര ആ കണ്‍പോളകളെ തഴുകി...

"രാത്രി സമയത്ത് എന്റെ കിടക്കയിൽ ഞാൻ
എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു.
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു.
വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
നഗരത്തിൽ സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു.
എന്റെ  പ്രാണപ്രിയനെ കണ്ടുവോ എന്നു
ഞാൻ അവരോടു ചോദിച്ചു .
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ,
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു.
ഞാൻ അവനെ പിടിച്ചു..."
(ബൈബിൾ, ഉത്തമഗീതം 3. 1:4 )

പെട്ടെന്ന് ആരോ അവളുടെ കൈകൾ തട്ടിമാറ്റി...
സോളമന്‍റെ ഉത്തമഗീതത്തിലൂടെ സ്വപ്നസഞ്ചാരത്തിലായിരുന്ന ജസിന ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു...
തന്‍റെ കൈ തട്ടിമാറ്റി മറുവശത്തേക്കു തിരിഞ്ഞു കിടക്കുന്ന ഭർത്താവ്..! ...ജസിന ഞെട്ടിപ്പോയി!
താൻ കണ്ട സ്വപ്നത്തിലെ ഭർത്താവു പെരുമാറുന്നത് ഇങ്ങനെയായിരുന്നില്ല!
എന്താ സംഭവിച്ചത്?
താന്‍ ഉറങ്ങിപ്പോയതുകൊണ്ടുണ്ടായ പരിഭവമായിരിക്കുമോ? അവള്‍ ഭര്‍ത്താവിനോടു  ചേർന്നു കിടന്നു...
"നിനക്കെന്താ മാറിക്കിടന്നൂടേ? എനിക്കു നല്ല ക്ഷീണമുണ്ട്. ഉറങ്ങണം."

ജസിന ഞെട്ടിപ്പോയി.
ആദ്യരാത്രിയിൽ ഭർത്താവിന്റെ വാക്കുകൾ!
അവളുടെ കണ്ണുകൾ നിറഞ്ഞുപോയി.
താൻ കണ്ട സ്വപ്നങ്ങൾ,  ഭാര്യാഭര്‍തൃബന്ധത്തെപ്പറ്റിയുള്ള തന്റെ സങ്കൽപ്പങ്ങൾ.
എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തകർന്നു. വെറുമൊരു നീർകുമിളപോലെ.
അവളുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു.
ദൈവം തനിക്കു സ്നേഹമെന്നതു നിഷേധിക്കുകയാണോ?

മാതാപിതാക്കളുടെ സ്നേഹം പോലും മനസ്സുനിറയെ അനുഭവിക്കാന്‍ തനിക്കു ഭാഗ്യമുണ്ടായില്ല.  തന്നേയും തന്‍റെ സഹോദരനേയും വളർത്താനും പഠിപ്പിക്കാനുമുള്ള തിരക്കിൽ വിദേശത്തു പണിയെടുക്കുന്ന മാതാപിതാക്കൾ. വല്ലപ്പോഴും ഒന്നോടിവരും. വളരെ കുറച്ചു ദിവസങ്ങൾ മാത്രം അവരുടെ  സ്നേഹവും ലാളനയും അനുഭവിച്ചു തുടങ്ങുമ്പോഴേക്കും അവര്‍ക്ക് തിരിച്ചുപോകാറാകും. ഇതുവരെ ആ സ്നേഹം മതിയാവോളം നുകരാന്‍ തനിക്കു കഴിഞ്ഞിട്ടില്ല.

ഇതുവരെ അവരെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല.

അപ്പോഴേക്കും വിവാഹം.
പപ്പയും മമ്മിയും കണ്ടെത്തിയ വിവാഹാലോചന...
അവർക്കിഷ്ടമായി...
നല്ല പയ്യൻ, ആവശ്യം പോലെ പണം, സ്വത്ത്.
അവർ കണ്ടെത്തിയ ഭർത്താവ്.
ജസിന ഒരെതിര്‍പ്പുമില്ലാതെ മാതാപിതാക്കളുടെ ഇഷ്ടത്തിനു മുന്നിൽ തലകുനിച്ചു. അവരുടെ സന്തോഷമായിരുന്നു അവളുടെ ഇഷ്ടം.
ആ നാടുകണ്ട ഏറ്റവും വലിയ വിവാഹം.
ജസിനയെ മാതാപിതാക്കൾ സ്വർണ്ണം കൊണ്ട് അഭിഷേകം ചെയ്തു.
ഒരേ ഒരു മകളുടെ വിവാഹം അവർ ഉത്സവമാക്കി...
കഴിഞ്ഞ ഒരോ നിമിഷവും അവളുടെ മനസ്സിലൂടെ കടന്നുപോയി...
വിവാഹവേദിയിൽ കൂട്ടുകാരുടെ അഭിനന്ദനങ്ങൾ...
സമ്മാനങ്ങൾ...
താനാണു ജീവിതത്തിലെ ഏറ്റവും ഭാഗ്യവതി എന്നു തോന്നിയ നിമിഷങ്ങൾ...
താൻ കണ്ട സ്വപ്നങ്ങൾ...
ഭാര്യാഭര്‍തൃബന്ധത്തെപ്പറ്റിയുള്ള തന്‍റെ സങ്കൽപ്പങ്ങൾ...
എല്ലാം ഒരു നിമിഷംകൊണ്ട്...
ജസിന തേങ്ങിപ്പോയി...

ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നത് ജസീന അറിഞ്ഞു.
കാറ്റു വീശിയടിച്ചു...
മിന്നൽ...
ജസിന വീണ്ടും ഞെട്ടി...
ഇടിയും മിന്നലും അവൾക്കു പേടിയാണ്...
കുട്ടിക്കാലത്ത് ഒരുനാള്‍ ഇടിയും മിന്നലും കണ്ട് അലറി വിളിച്ചപ്പോൾ  അമ്മ വാരിപ്പുണർന്നത് അവള്‍ ഓര്‍ത്തു...
"എന്താ മോളേ ഇത്? ഇങ്ങനെ പേടിച്ചാലെങ്ങനാ? ഇക്കണക്കിന് മമ്മി പോകുമ്പം...“
പറഞ്ഞുതീര്‍ക്കാന്‍ ജസിന സമ്മതിച്ചില്ല.
"വേണ്ട, മമ്മി എങ്ങും പോകണ്ട...എനിക്കു പേടിയാ മമ്മീ.  മമ്മി അടുത്തുണ്ടെങ്കില്‍ എനിക്കു മമ്മിയെ കെട്ടിപ്പിടിച്ചിരിക്കാമല്ലോ...അപ്പോ എനിക്കു പേടിയുണ്ടാവില്ല..."

"അയ്യോ...മോളേ മമ്മി മോളോടൊപ്പം ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നാൽ മോൾക്കൊന്നും കഴിക്കണ്ടേ?  പഠിച്ചു മിടുക്കിയാവണ്ടേ?  അതിനു പണം വേണ്ടേ? വലിയ കുട്ടിയാവുമ്പോൾ പേടിയൊക്കെ പോവും. മഴവരുമ്പോൾ പുതച്ചു കിടക്കാൻ മമ്മി  ഇനി എപ്പോൾ വന്നാലും മോൾക്ക് ഒരു കമ്പിളി കൊണ്ടുത്തരാം...അതു പുതച്ചുമൂടി കിടക്കുമ്പോൾ, മോളുടെ മമ്മി കൂടെ ഉണ്ടെന്നു വിചാരിച്ചോണം. ആ ഒരു ചിന്തമതി എന്‍റെ കുഞ്ഞിന്‍റെ  പേടിമാറാൻ...
പിന്നെ ഒരിക്കൽ പോലും മമ്മി ഒരു പുതിയ കമ്പിളി ഇല്ലാതെ നാട്ടിൽ വന്നിട്ടില്ല.
എപ്പോൾ വന്നാലും ഒരു കമ്പിളി അവളുടെ പ്രിയപ്പെട്ട അമ്മ സമ്മാനമായി നൽകും...
ഢും...ഢും....ഢും.
വീണ്ടും പ്രകൃതിയെയാകെ നടുക്കിക്കൊണ്ട് ഇടിവെട്ടി...
ജസിന പേടിച്ചു വിറച്ചു പോയി...
വീണ്ടും വീണ്ടും മിന്നൽ...ഇടിമുഴക്കം...
ഭയന്നു വിറച്ചുകൊണ്ട് അവൾ ഭർത്താവിനെ കെട്ടിപ്പിടിച്ചു...
"നാശം. ഉറങ്ങാനും സമ്മതിയ്ക്കത്തില്ല..." അലറിക്കൊണ്ടയാള്‍ അവളെ പിടിച്ചു തള്ളി. പിന്നെ വാതിൽ തുറന്നു പുറത്തേക്കു നടന്നു. ജസിന എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നു...
പിന്നെ മെല്ലെ മേശപ്പുറത്തിരുന്ന ഫോണിനു നേരെ നടന്നു...
വീണ്ടും ഇടിവെട്ടിയെങ്കിലും അവൾ ഞെട്ടിയില്ല...
"മമ്മീ...ഞാനാ ജസിന..."
"എന്താ മോളേ  രാത്രി കുറേയായല്ലോ?  നിങ്ങൾ കിടന്നില്ലേ?"
അമ്മയുടെ സ്വരത്തിലെ ഉല്‍ക്കണ്ഠ മകള്‍ തിരിച്ചറിഞ്ഞു. അവള്‍ തേങ്ങിപ്പോയി.
"മമ്മീ...നാളെ രാവിലെ മമ്മി എനിക്കു കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് ഇവിടെ കൊണ്ടു തരണേ..." അത്രയും പറഞ്ഞപ്പോഴേക്കും ജസിന പൊട്ടിക്കരഞ്ഞുപോയി.

ഭാഗം3

തന്‍റെ വേദന അമ്മയെ അറിയിക്കാതിരിക്കാന്‍ അവള്‍ ഫോണ്‍ താഴെവച്ചു.
പക്ഷെ അവളുടെ തേങ്ങലിന്‍റെ അല അമ്മയുടെ മനസ്സില്‍ എത്തിക്കഴിഞ്ഞിരുന്നു.
അമ്മയും അച്ഛനും പിറ്റേദിവസം തന്നെ മകളുടെ വീട്ടിലെത്തി.
അമ്മ കൊണ്ടുവന്ന കമ്പിളിപ്പുതപ്പ്‌ ഒരു നിധിപോലെ അവള്‍ വാങ്ങി. ജസീന അമ്മയോട് തന്‍റെ വേദനയെപ്പറ്റി ഒന്നും പറഞ്ഞില്ല. പക്ഷെ അവളുടെ വാടിത്തളര്‍ന്ന മിഴികളില്‍ നിന്ന് അമ്മ എല്ലാം മനസ്സിലാക്കി.
അവര്‍ തിരിച്ചുപോയപ്പോള്‍ താന്‍ ഒരു മരുഭൂമിയില്‍ ഒറ്റപ്പെട്ടതുപോലെ ജസീനയ്ക്ക് തോന്നി. ഒരു ആശ്വാസത്തിനായി അവള്‍  ഉത്തമഗീതത്തെ മനസ്സിലേറ്റാന്‍ ശ്രമിച്ചു.
"സ്ത്രികളിൽ അതിസുന്ദരിയായുള്ളോവേ,
നിന്‍റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
നിന്‍റെ പ്രിയൻ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു?
ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം"
(ബൈബിൾ, ഉത്തമഗീതം 6 .1 )
പതുക്കെപ്പതുക്കെ മാതാപിതാക്കളുടെ ശുഭപ്രതീക്ഷ നിറഞ്ഞ വാക്കുകളിലൂടെ ജസിനയുടെ മനസ്സിൽ വീണ്ടും പ്രതീക്ഷകളും മോഹങ്ങളും തലകാട്ടാന്‍  തുടങ്ങിയെങ്കിലും അവയ്ക്ക് നിലനില്‍പ്പുണ്ടായില്ല. ദിവസങ്ങൾക്കുള്ളില്‍ത്തന്നെ അവ  കൊഴിഞ്ഞുവീണു തുടങ്ങി. കാരണം ജസീന എത്രയേറെ ശ്രമിച്ചിട്ടും  ഒരിറ്റു സ്നേഹമോ ലാളനയോ അവള്‍ക്കു ഭർത്താവിൽനിന്നോ അയാളുടെ മാതാപിതാക്കളിൽനിന്നോ കിട്ടിയില്ല . ജസിനയുടെ മാതാപിതാക്കളുടെ പണത്തോടും  അവൾ കൊണ്ടുവന്ന സ്വർണ്ണത്തോടും മാത്രമായിരുന്നു അവരുടെ സ്നേഹം മുഴുവൻ.  കൊച്ചു കൊച്ച് ആവശ്യങ്ങൾക്കു പോലും അവർ ജസിനയുടെ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു.
ദിവസങ്ങൾ മാസങ്ങള്‍ക്കു വഴിമാറിക്കൊടുത്തു.
ജസീനക്കു ജീവിതത്തോടുതന്നെ മടുപ്പു തോന്നിത്തുടങ്ങി...
ഒന്നുകിൽ സന്തോഷത്തോടെ ജിവിക്കുക. അല്ലെങ്കിൽ മരണത്തിനു കീഴടങ്ങുക. രണ്ടിനുമിടയില്‍ വെറുതെ എന്തിനൊരു ജീവിതം? അവള്‍ വേവലാതിയോടെ സ്വയം പറഞ്ഞു.
"എന്‍റെ അങ്കി ഞാൻ ഊരിയിരിക്കുന്നു;
അതു വീണ്ടും ധരിക്കുന്നതു എങ്ങനെ?
ഞാൻ കാലുകളെ കഴുകിയിരിക്കുന്നു;
അവയെ മലിനമാക്കുന്നതു എങ്ങനെ?
(ബൈബിൾ, ഉത്തമഗീതം 5.3 )
തുടര്‍ന്നുള്ള  ജീവിതത്തെപ്പറ്റി ജസിന ചിന്തിച്ചു തുടങ്ങി. താൻ മനസ്സും ഹൃദയവും നൽകി തന്‍റെ ഭര്‍ത്താവിനേയും ആ കുടുംബത്തേയും സ്നേഹിച്ചു. ആ കുടുംബത്തിലെ അംഗമായി, എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി അയാളോടൊപ്പം ജീവിക്കാൻ ശ്രമിച്ചു. പക്ഷെ ശ്രമമെല്ലാം നിഷ്ഫലമായി.
ഇനി വയ്യ. തനിക്ക് ഇനി അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. മരണത്തിന്‍റെ ഗന്ധം തന്നെ ചൂഴ്ന്നു നില്‍ക്കുന്നതായി അവള്‍ക്കു തോന്നി.
"എന്‍റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈനീട്ടി;
എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
എന്‍റെ പ്രിയന്നു തുറക്കേണ്ടതിനു ഞാൻ എഴുന്നേറ്റു;
എന്‍റെ കൈ മൂറും, എന്‍റെ വിരൽ മൂറിൻ തൈലവും
തഴുതു പിടികളിന്മേൽ പൊഴിച്ചു
ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു
എന്‍റെപ്രിയനോ പൊയ്ക്കളഞ്ഞിരുന്നു.
അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു;
ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല;
ഞാൻ അവനെ  വിളിച്ചു ; അവൻ ഉത്തരം പറഞ്ഞില്ല...”
(ബൈബിൾ, ഉത്തമഗീതം 5.4:6 )
ഒരു ഭാര്യയുടെ കടമ പൂർണ്ണമായും നിറവേറ്റാൻ  ആവുന്നതും ശ്രമിച്ചിട്ടും തനിക്കു ലഭിച്ചത് അവഗണന,  അവജ്ഞ. തന്നെ ഒരു ഭാര്യയായി അംഗികരിക്കാൻ പോലും തയ്യാറാവാത്ത ഒരു മനുഷ്യന്‍റെ ഭാര്യയെന്ന പേരില്‍ എത്ര നാള്‍ ജീവിക്കാനാകും? എത്ര നാള്‍ ഈ വേദന സഹിക്കും? അവൾ മാതാപിതാക്കളോട്  എല്ലാം തുറന്നുപറഞ്ഞു.
"നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു;
അവർ എന്നെ അടിച്ചു മുറിവേൽ‌പ്പിച്ചു;
മതിൽ കാവൽക്കാർ എന്‍റെ മൂടുപടം എടുത്തു കളഞ്ഞു..."
(ബൈബിൾ, ഉത്തമഗീതം 5.7 )
"മമ്മീ, എനിക്കിനി പറ്റില്ല...ഞാൻ മടുത്തു," ജസിന അമ്മയെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടി...
"മോളേ... "
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു...
വിവാഹമോചനം. ജസീന തന്‍റെ ഉറച്ച തീരുമാനം മാതാപിതാക്കളെ അറിയിച്ചു.
മകളുടെ തീരുമാനം ശരിയാണെന്നു മാതാപിതാക്കൾക്കും തോന്നി. അവർ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഒരു വക്കീലിനെ സമീപിച്ചു.
“കുട്ടിയുടെ ആഭരണങ്ങളും മറ്റും അവര്‍ വാങ്ങിയോ?” വക്കീല്‍ അന്വേഷിച്ചു.
“അത് കുറെയെല്ലാം വാങ്ങി അവര്‍ വിറ്റു.” അച്ഛന്‍ പറഞ്ഞു.
“അതുകൂടി നമുക്ക് പെറ്റീഷനില്‍ പെടുത്താം. കേസിന് ഒരു മുറുക്കം കിട്ടും. കുട്ടിയെ ദേഹോപദ്രവം ഏൽ‌പ്പിച്ചെന്നും നമുക്ക് ചേര്‍ക്കാം.”
“ഒന്നും വേണ്ട. എന്‍റെ മോളെ അവരില്‍നിന്നു രക്ഷപ്പെടുത്തിയാല്‍ മാത്രം മതി.” നിറഞ്ഞ കണ്ണോടെ അമ്മ പറഞ്ഞു. "മോള്‍ ഞങ്ങടെ കൂടെ താമസിക്കും.”
“അപ്പോള്‍ നിങ്ങളിനി ജോലിസ്ഥലത്തു പോകുന്നില്ലേ?”
“ഇല്ല.”
പിന്നെ നിയമനടപടികൾ,  അന്വേഷണങ്ങൾ, നിര്‍ദ്ദേശങ്ങൾ, ഉപദേശങ്ങൾ. വേര്‍പിരിഞ്ഞു താമസിക്കൽ.

ഒടുവില്‍ വിവാഹമോചനം അംഗീകരിച്ചുകൊണ്ട് വിധിയായി. ഇന്നു ജസിന മാതാപിതാക്കളോടോപ്പമാണ്...അവള്‍ക്ക് ഒന്നിലും ഒരു ഉത്സാഹമില്ല. ജീവിതം പാതിവഴിയില്‍ കൈമോശം വന്നതുപോലെ.  മിണ്ടാട്ടവും ഉരിയാട്ടവുമില്ലാതെ ഒരേ ഇരിപ്പ്...രാത്രിയും പകലും വന്നതും കടന്നുപോയതും അവൾ അറിഞ്ഞില്ല...വിശപ്പും നിദ്രയും അവളില്‍നിന്ന് അകന്നുമാറി നടന്നു. അമ്മ വളരെയേറെ നിര്‍ബ്ബന്ധിച്ചാൽ മാത്രം ഒരൽപ്പം ഭക്ഷണം.
മകളിൽ വന്ന മാറ്റം ജസിനയുടെ മാതാപിതാക്കളെ വല്ലാതെ വേദനിപ്പിച്ചു. അവളെ സന്തോഷിപ്പിക്കാന്‍ അവര്‍ ആവതു ശ്രമിച്ചു. അവരെ സന്തോഷിപ്പിക്കാനായി അവള്‍ സ്വയം മാറാന്‍ ശ്രമിച്ചു.
കാലചക്രം അതിന്‍റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടേയിരുന്നു...ഋതുക്കൾ മാറി മാറി വന്നു...
ജസിനയിൽ ചെറിയ ചെറിയ മാറ്റങ്ങൾ സംഭവിച്ചു. ഇന്നവൾ പുസ്തകങ്ങളുടെ ലോകത്താണ്...ലൈബ്രറികളിൽ നിന്നും കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം അവൾ ശേഖരിക്കും. പിന്നെ അടച്ചിട്ട മുറിയിൽ...വായനയുടെ നിശ്ശബ്ദലോകത്തിൽ.
വായനയിലൂടെ ദുഃഖം മറക്കുന്ന മകളെ നിറമിഴികളോടെ അമ്മ നോക്കിനിന്നു.
മേശപ്പുറത്ത് അടുക്കിവച്ചിരുന്ന പുസ്തകങ്ങളിൽ ഒന്നിന്‍റെ പേരു ജസിനയെ വല്ലാതെ ആകർഷിച്ചു:
"നിലാവ് പറഞ്ഞ കഥ," രചന: അഭി...
ഒരു പുതിയ എഴുത്തുകാരന്‍റെ ആദ്യ രചന...ജസിന ആ പുസ്തകം കയ്യിലെടുത്തു...അതിലെ അക്ഷരങ്ങളിലൂടെ കണ്ണുകൾ പായിച്ചു. സ്വയമറിയാതെ അവളുടെ മനസ്സ് പൂര്‍ണ്ണമായി വായനയില്‍ ലയിച്ചു.
മണിക്കൂറുകള്‍ കടന്നുപോയത് അവള്‍ അറിഞ്ഞില്ല.
നിലാവ് പറഞ്ഞ കഥ...തന്‍റെ ജീവിതം! തന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും  ഓരോ സന്ദർഭവും, എന്തിനേറെ തന്‍റെ ജീവിതം അപ്പാടെ ഒരു മായവും ചേർക്കാതെ ആ കഥയില്‍ അവള്‍ കണ്ടു. ഈ പുസ്തകത്തിലെ ഇന്ദുവിന്‍റെ കഥ എന്‍റെ തന്നെ കഥയല്ലേ?  ആ ഇന്ദു ഞാൻ തന്നെയല്ലേ?
അഭി ...
അവൾ പുസ്തകത്തിൽ നിന്നും വിലാസവും ഫോണ്‍ നമ്പരും തപ്പിയെടുത്തു...പിന്നെ അഭിയുടെ മൊബയിൽ ഫോണിലേക്ക്...
ഫോണ്‍ ശബ്ദിച്ചു...അയാളുടെ ശബ്ദം കേൾക്കായി...ജസിന കാതോർത്തു...
"ഹലോ..." വളരെ നേർത്ത അയാളുടെ ശബ്ദം...അതിന്‍റെ അലകൾ അവളുടെ ഹൃദയത്തിലേക്ക് പതിച്ചു...
ഒന്നും മിണ്ടാൻ അവൾക്കു കഴിഞ്ഞില്ല...
"ഹലോ..." വീണ്ടും ഫോണിലൂടെ ആ ശബ്ദം...
പെട്ടന്നവൾ ഫോണ്‍ കട്ടു ചെയിതു...എന്നിട്ടാ പുസ്തകം മാറോടു ചേർത്തു..."നിലാവ് പറഞ്ഞ കഥ"
ആ പുസ്തകത്തെ ജസീന അമർത്തി ചുംബിച്ചു...
"യെരുശലേം പുത്രിമാരേ, നിങ്ങൾ എന്‍റെ പ്രിയനെ കണ്ടെങ്കിൽ
ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം"
(ബൈബിൾ, ഉത്തമഗീതം 5 .8 )

നിലാവ് പറഞ്ഞ കഥ -ഭാഗം 4,5,6


ഭാഗം 4

കാർമേഘങ്ങൾ ഉരുണ്ടുകൂടിനിന്ന ആകാശത്തിൽ പെട്ടെന്നു വെള്ളിമേഘങ്ങൾ പ്രത്യക്ഷപ്പെട്ട പ്രതീതി...
അവൾ നിലാവിനേയും നിലാവ് പറഞ്ഞ അവളുടെ തന്നെ കഥയേയും പ്രണയിക്കാൻ തുടങ്ങി...
ഒപ്പം അഭിയെന്ന അജ്ഞാതനായ കഥാകൃത്തിനേയും.  പുസ്തകത്തിന്‍റെ പുറം ചട്ടയിലെ അയാളുടെ ഫോട്ടോയിൽ അവൾ മാറി മാറി നോക്കി...
ആ മുഖം എവിടെയോ കണ്ടതുപോലെ...
എവിടെ...?
അറിയില്ല...
തന്‍റെ സ്വപ്നത്തിലെ രാജകുമാരൻ ആയിരിക്കുമോ...?
താൻ സ്വപ്നങ്ങളിൽ കണ്ട...തന്നെ മാറോടു ചേർത്തു വാരിപ്പുണരുന്ന, തന്റേതുമാത്രമായ ആ രാജകുമാരൻ...
അവൾ മെല്ലെ വാതിൽ തുറന്നു പുറത്തിറങ്ങി...
ഇളം കാറ്റു വീശിയടിച്ചപ്പോൾ ശരീരത്തിനും മനസ്സിനും എന്തോ കുളിർമ്മ ലഭിച്ചതുപോലെ...
അവൾ ആകാശത്തേക്ക് നോക്കി.
ഇല്ല...ഇന്നു പൂർണ്ണചന്ദ്രനില്ല...
അഭിയുടെ പ്രിയപ്പെട്ട നിലാവിന് ഇന്നു ശോഭ കുറഞ്ഞിരിക്കുന്നു.
തീർച്ചയായും അഭി നിലാവിനെ സ്നേഹിക്കുന്നു. ആ രചനയിൽ മുഴുവൻ എന്‍റെ അഭിയുടെ നിലാവിനോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞുനില്‍ക്കുന്നു.
ഞാന്‍ തന്നെയാണോ ആ നിലാവ് ...? ആ പ്രഭാപൂരം?
അവനെ ഒന്നുകാണാൻ... ആ ശബ്ദം ഒന്നു കേൾക്കാൻ മനസ്സ് കൊതിക്കുന്നു...
പക്ഷേ...
എന്തു പറയാൻ...
എവിടെ തുടങ്ങണം...? എന്തു പറയണം...? അറിയില്ല...!
അഭി...!!
ആരാണയാൾ?
എങ്ങനെ അയാൾ എന്‍റെ മനസ്സിൽ ഇടം നേടി...?
ഒരു കഥയിലൂടെ മാത്രമോ?
നിലാവുള്ള രാത്രിയിൽ ആകാശത്തുനിന്നും അടര്‍ന്നുവീണ ഒരു മഞ്ഞുതുള്ളിപോലെ ഉരുകിയുരുകി ഇല്ലാതായ  ഇന്ദു എന്ന പെണ്‍കുട്ടിയുടെ കഥ...
ആ കഥ എന്റേതാണന്നു ഞാൻ തെറ്റിദ്ധരിച്ചു...
അതല്ലേ സത്യം...
അല്ല...
അതു എന്‍റെ കഥ തന്നെയാണ്...
എന്‍റെ സ്വന്തം ജീവിതകഥ!
അവൾ വേഗം അകത്തേക്ക് ഓടിക്കയറി...ആ പുസ്തകം കയ്യിലെടുത്തു വായിക്കാൻ തുടങ്ങി...
വീണ്ടും...വീണ്ടും...
എന്‍റെ കഥ...
അതേ, ഇത് എന്‍റെ കഥ തന്നെയാണ്...എന്‍റെ മാത്രം കഥ.
അവൾ പുസ്തകത്തിനു പുറത്തുള്ള അഭിയുടെ ചിത്രത്തിലേക്ക് നോക്കി...

"പാറയുടെ പിളർപ്പിലും കടുന്തുക്കിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ,
ഞാൻ നിന്‍റെ മുഖം ഒന്നു  കാണട്ടെ;
നിന്‍റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്‍റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു."
(ബൈബിൾ, ഉത്തമഗീതം 2 .14 )

ജസിന മെല്ലെ ഫോണ്‍ കയ്യിലെടുത്തു. അഭിയുടെ നമ്പര്‍ മനസ്സില്‍ മുഴങ്ങി. അതിനു കാതോര്‍ത്തുകൊണ്ട് അവളുടെ വിരലുകള്‍ ചലിച്ചു.
കൈ വിറക്കുന്നതും ഹൃദയമിടിപ്പ്  കൂടുന്നതും അവളറിഞ്ഞില്ല.
പക്ഷേ തന്‍റെ ശ്വാസം നിലയ്ക്കുന്നതുപോലെ അവള്‍ക്കു തോന്നി. .
അഭിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നെന്ന് അവളുടെ മനസ്സറിഞ്ഞു. അതോടെ ഏതോ ഭയം അവളെ ഗ്രസിച്ചു.
നിമിഷമാത്രയില്‍ അവളുടെ വിരല്‍ ഫോണില്‍ അമര്‍ന്നു. ഫോണ്‍ കട്ടായി.
അവൾ വിയർത്തു കുളിച്ചു...
പിന്നെ ഭയത്തോടെ അവളുടെ മിഴികള്‍ ഫോണിലേക്കു പതിഞ്ഞു. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ.
ക്രിം ...ക്രിം ...ക്രിം ...
അത് അഭിയുടെ ഫോണ്‍ കോൾ ആണെന്ന് ജസീന അറിഞ്ഞു...
എന്തു ചെയ്യണമെന്നറിയാതെ അവള്‍ പകച്ചു നിന്നു...
പിന്നെ വളരെ മെല്ലെ റിസീവര്‍  കയ്യിലെടുത്തു...
ഹലോ...
“ഹലോ, ആരാണ്?”
 വ്യക്തമായ പുരുഷശബ്ദം.
ഞാന്‍ ജസീനയാണെന്നു പറയാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷെ...
വാക്കുകള്‍ അവളുടെ നാവി ലേക്കൊഴുകാന്‍ വിസമ്മതിക്കുന്നതുപോലെ.
ഒടുവില്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു:
“ഞാന്‍ ജസീന...നിലാവ് പറഞ്ഞ കഥയിലെ ഇന്ദു.”
ആശ്ചര്യം നിറഞ്ഞ ഒരു ശബ്ദമായിരുന്നു മറുപടി.
നിമിഷങ്ങള്‍ കടന്നുപോയി....
പെട്ടെന്ന് അവള്‍ അയാളുടെ ശബ്ദം വീണ്ടും കേട്ടു. ഫോണിലൂടെയല്ലാതെ നേരിട്ടു കേള്‍ക്കുന്നതുപോലെ.

“അതിശയം...! കഥ എഴുതിത്തീര്‍ന്നപ്പോള്‍ എനിക്ക് പെട്ടെന്ന് തോന്നിയത് എന്താണെന്നറിയാമോ? ഇന്ദു എന്നെ വിളിക്കുമെന്ന്...അത് സത്യമായി...അല്ലെങ്കിലും എന്‍റെ മനസ്സല്ലേ ഞാന്‍ ഇന്ദുവിന് കടം കൊടുത്തത്.”

സ്വയം പറയുന്നതുപോലെ അഭി പറഞ്ഞുകൊണ്ടിരുന്നു. തന്‍റെ മനസ്സിലുയരുന്ന പ്രണയരാഗത്തിന്‍റെ പ്രതിധ്വനിയെന്നോണം അവള്‍ അത് കേട്ടിരുന്നു.
താന്‍ ഭയന്നതുപോലുള്ള ഒരു വ്യക്തിയല്ല അഭിയെന്നവൾക്ക്  മനസിലായി. പണ്ടുപണ്ടേ സ്വന്തം ആത്മാവിന്‍റെ ഭാഗവും ഭാവവും ആയിരുന്ന വ്യക്തി! എന്‍റെ അഭി. എന്റേതുമാത്രമായ അഭി.
പിന്നീട്...
അവൾ പറഞ്ഞുതുടങ്ങി.
അവള്‍ക്ക് പറയാനുണ്ടായിരുന്നതു "നിലാവ് പറഞ്ഞ കഥ" യിലെ ഇന്ദുവിനെപ്പറ്റി മാത്രമായിരുന്നു.
അത് എന്‍റെ കഥയാണ്...
ഞാനാണ് ഇന്ദു...
ജസീനയും ഞാനാണ്.
രാത്രിയേറെയായി...
വളരെക്കാലത്തിനു ശേഷം ആദ്യമായി ജസിനയുടെ മനസ്സില്‍ പൂക്കള്‍ വിരിഞ്ഞു.
അവള്‍ ചിരിച്ചു.  ഫോണിലൂടെ അവളുടെ ദുഃഖങ്ങളും പ്രയാസങ്ങളും പരാതിയും എല്ലാം അവൾ അയാളുമായി  പങ്കുവച്ചു. കണ്ണുനീരും പുഞ്ചിരിയും മാറിമാറി അവളുടെ മനസ്സിലും വാക്കിലും നിഴലിച്ചു.
രാത്രിയുടെ യാമങ്ങൾ കടന്നു പോയത് അവര്‍ അറിഞ്ഞില്ല...
അവൾ പറഞ്ഞതെല്ലാം അയാൾ ക്ഷമയോടെ, അത്യന്തം ആകാംക്ഷയോടെ, നിറഞ്ഞ മനസ്സോടെ കേള്‍ക്കുന്നുണ്ടെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
രാത്രിയുടെ ഏതോ യാമത്തിൽ...
നിദ്ര അവരുടെ നേത്രങ്ങളെ ഒരേസമയം തഴുകിയുറക്കി. ഫോണ്‍ ക്രാഡിലില്‍ തിരികെ വയ്ക്കാന്‍ രണ്ടുപേരും മറന്നു.
*                   *                  *                *            *             *
ദിവസങ്ങൾക്കുള്ളിൽ ജസിനയും അഭിയും മനസ്സുകൊണ്ട് അടുത്തു...
ജസിനയുടെ കഴിഞ്ഞകാലജീവിതം അഭിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
"നിലാവ് പറഞ്ഞ കഥ" എഴുതുമ്പോൾ മനസ്സിൽ നിറഞ്ഞുനിന്ന ഇന്ദു എന്ന കഥാപാത്രം.  ആ  കഥാപാത്രത്തിന്‍റെ മാനസിക സംഘർഷം തന്നിലേക്ക് പകര്‍ന്ന വ്യഥ, അത് കടലാസ്സിലേക്ക് പകര്‍ത്തിയപ്പോള്‍ ഉണ്ടായ വേദന,   നിറകണ്ണുകളോടെ അത് വീണ്ടും വീണ്ടും വായിച്ചത്. എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ അഭിയുടെ മനസ്സില്‍ പുനര്‍ജനിച്ചു.  അത് വെറും ഭാവന മാത്രമായിരുന്നില്ലെന്നും ജീവസ്സുറ്റ അനുഭവം തന്നെ ആയിരുന്നെന്നും ഇപ്പോള്‍ അയാള്‍ക്ക്‌ ഉറപ്പായി. അല്ലെങ്കില്‍പിന്നെ അതേ ഇന്ദു ഇപ്പോഴെങ്ങനെ മുന്നിലെത്തി? അവള്‍ ഇന്ദു തന്നെയാണ്. ജസീന എന്നത് അവളുടെ വെറുമൊരു ബന്ധനം മാത്രം. ആ ബന്ധനം പൊട്ടിച്ചുപുറത്തുവരാന്‍ അവളിതാ തയാറായി നില്‍ക്കുന്നു!

അയാളുടെ മനസ്സിലും ചിന്തയിലും ഹൃദയത്തിലും  ഇന്നുവരെ നഗ്നനേത്രത്താല്‍ ദര്‍ശിച്ചിട്ടില്ലാത്ത അയാളുടെ ഇന്ദു ഒരു കുളിരരുവിപോലെ നിറഞ്ഞൊഴുകി. ഒരിക്കൽ അയാള്‍ ഫോണിലൂടെ തന്‍റെ അഭീഷ്ടം തുറന്നു പറഞ്ഞു...

"ഐ  വാണ്ട്‌ യു ...വീ വില്‍ ബി റ്റുഗദര്‍ റ്റില്‍ ദി എന്റ് ഓഫ് അവ്വര്‍ ലൈവ്സ്."

"പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക;
നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം
അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും
മാതളനാരകം പൂക്കയും ചെയ്തുവോ എന്നു  നോക്കാം;
അവിടെ വെച്ചു  ഞാൻ നിനക്കു എന്റെ പ്രേമം തരും."
(ബൈബിൾ, ഉത്തമഗീതം 7.12 :13 )

ജീവനില്‍ ഒരു വസന്തകാലം പൂത്തിറങ്ങിയതുപോലെ ജസീനക്ക് തോന്നി...
വിണ്ടും ഇലകൾ തളിർക്കുകയും മൊട്ടുകൾ പൂക്കുകയും ചെയ്യുന്നു...
വസന്തോദയത്തിൽ വാനത്തുനിന്നും വിടർന്നെത്തിയ ഒരു മാലാഖപ്പൂവിനെപ്പോലെ അവൾ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു നൃത്തം ചെയ്തു. അവളുടെ മനസ്സില്‍ ആയിരം നക്ഷത്രങ്ങള്‍ ഉദിച്ചു. അതിനിടയില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ ഇന്ദുവിന്‍റെ, ജസീനയുടെ അഭിയെ അവള്‍ കണ്‍നിറയെ കണ്ടു.

ഭാഗം 5

പകലുകളും രാവുകളും അസ്തമയത്തിനും പ്രഭാതത്തിനും പിന്നില്‍ ഒളിച്ചുകളിച്ചു... കാതങ്ങള്‍ക്കപ്പുറമിരുന്ന് അഭിയും ജസീനയും മനസ്സു പങ്കുവച്ചു. ഓരോരുത്തരും മറ്റെയാളുടെ മനസ്സില്‍ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. പ്രണയത്തിന്‍റെ നിലാമഴയില്‍ അവര്‍ എപ്പോഴും പരസ്പരം കണ്ടുകൊണ്ടേയിരുന്നു. ജീവിതത്തിന്‍റെ ഓരോ ദിവസവും ഓരോ നിമിഷവും ജസീന അയാൾക്ക് വേണ്ടി മാറ്റി വച്ചു. അവൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാളെ പ്രണയിച്ചു. തകർന്നു പോയി എന്നു കരുതിയിരുന്ന തന്‍റെ ജീവിതത്തിനു പുതിയ അർത്ഥം വന്നു തുടങ്ങിയിരിക്കുന്നു. തന്നെ അറിയാൻ, തന്‍റെ ജീവിതത്തിനു നിറം നൽകാൻ ഒരാൾ വന്നിരിക്കുന്നു. തന്‍റെ മോഹങ്ങൾ പൂവണിയാൻ പോകുന്നു.

ദിനങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് അവരുടെ പ്രണയം വളർന്നു...
അവനെപ്പറ്റിയുള്ള ചിന്തകളിൽ അവളുടെ മനസ്സ്. അവളുടെ ഏകാന്തനിമിഷങ്ങളിൽ ഇങ്ങനെ പാടി...
"കാനനഛായയിൽ ആടുമേയ്ക്കാൻ
ഞാനും വരട്ടെയോ നിന്‍റെ കൂടെ "
(രമണൻ, ചങ്ങമ്പുഴ)
അവരുടെ മനസ്സുകളില്‍ ആഗ്രഹങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു.
കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കാൻ, ഒരുപാടു കഥകൾ പറയാൻ, കെട്ടിപ്പുണർന്ന് ആ ചുണ്ടുകളിലെ തേൻ പരസ്പരം നുകരാൻ.
ഫോണിലൂടെ അവർ മണിക്കൂറുകളോളം  പ്രണയം കൈമാറി.
ദീര്‍ഘശ്വാസങ്ങള്‍ ടെലഫോണിലേക്കു രണ്ടുവശത്തുനിന്നും ഉതിര്‍ന്നുകൊണ്ടിരുന്നു.
ദിനങ്ങൾ കൊഴിഞ്ഞുവീണു...
അഭി പിന്നീടെഴുതിയ കഥയിലും കവിതയിലും ജസീന നിറഞ്ഞു നിന്നു. അവൾക്കുവേണ്ടി മാത്രം അവന്റെ തൂലിക ചലിച്ചു.
മനോഹരങ്ങളായ പ്രണയകവിതകൾ...
ഓരോ വാക്കിലും പ്രണയം വിതറുന്ന പ്രണയകഥകൾ...
അഭിയുടെ പുസ്തകങ്ങൾ മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു...
പ്രസിദ്ധിയുടെ പടവുകൾ ചുരുങ്ങിയ കാലം കൊണ്ട് അഭി ചവിട്ടിക്കയറി.
സാഹിത്യരംഗത്തു പെട്ടെന്നുണ്ടായ അഭിയുടെ വളർച്ച ജസീനയെ ഭയപ്പെടുത്താതിരുന്നില്ല...
എവിടെയും ആരാധകർ...
അഭി പത്രങ്ങളിലും മാസികകളിലും ആദ്യ പേജിൽ തന്നെ ഇടം നേടാൻ തുടങ്ങി...
അവൾക്കവനെ കാണാൻ കൊതിയായി. പക്ഷെ വഴിയും മൊഴിയും അറിയാതെ താന്‍ അങ്ങോട്ടുപോകുക എന്നൊന്നിനെപ്പറ്റി ചിന്തിക്കാന്‍ പോലും ജസീനയ്ക്ക് ആകുമായിരുന്നില്ല.
പക്ഷെ അഭിയെക്കൂടാതെ മുന്നോട്ടു പോകാൻ തനിക്ക് അധികനാള്‍ കഴിയില്ലെന്ന് അവള്‍ക്കു ബോദ്ധ്യമുണ്ടായിരുന്നു...
അഭിയുടെ മനസ്സു മുഴുവൻ ജസീനയായിരുന്നു. അയാൾ അവൾക്കു വേണ്ടി എഴുതി. എഴുതിയ കഥയിലെ നായികക്കുവേണ്ടി അവൻ അവന്‍റെ മനസ്സും ഹൃദയവും നൽകി ആ നായികയെ ജസീനയിലൂടെ കാണാൻ ശ്രമിച്ചു. അയാൾ ജസീനയെ കാണാൻ ആഗ്രഹിച്ചു. ഒരു മുന്‍പരിചയവും ആ വീട്ടിലോ നാട്ടിലോ ആരുമായുമില്ലാതെ, പ്രണയത്തിന്‍റെ പേരും പറഞ്ഞു കയറിച്ചെല്ലാന്‍ അഭി മടിച്ചു. ഭയന്നു. കുളിരു നിറഞ്ഞ ഒരു പ്രഭാതത്തില്‍ അഭി അവളുടെ മനസ്സിലേക്ക് ഒരു സ്വപ്നമായി ഉണര്‍ന്നിട്ടു പറഞ്ഞു.
"ഇനി വയ്യാ. എന്‍റെ ജസീനയിൽ നിന്നകന്നു കഴിയാന്‍ ഇനി എനിക്കാവില്ല. അതുകൊണ്ട് ഞാന്‍ അണയുകയായി ദേവീ നിന്‍ സവിധേ. നിന്നെപ്പുണരാൻ. നിന്നിലലിഞ്ഞു ചേരാൻ."

പിന്നെ ജസീനയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
അവള്‍ ടെലഫോണിനു നേരെ നോക്കിക്കൊണ്ട്‌ കിടന്നു.
മനസ്സില്‍ പ്രണയരാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞു.
ഫോണ്‍ അടിച്ചപ്പോള്‍ അവള്‍ അതെടുത്തിട്ട് ചോദിച്ചു.
"എന്നുവരും?"
ആ ചോദ്യം പ്രതീക്ഷിച്ചിരുന്നപോലെ അതിശയലേശം പോലുമില്ലാതെ അയാള്‍ മൊഴിഞ്ഞു.
"ഇന്നേക്കു നാലാംനാള്‍ എന്‍റെ പ്രിയയെത്തേടി ഞാനെത്തും.”
"ഉം ..."
അവളുടെ മനസ്സിൽ ആയിരം സൂര്യൻ ഉദിച്ച പ്രതീതി. ലോകം മുഴുവൻ തന്‍റെ കാൽച്ചുവട്ടിൽ വന്നണഞ്ഞതുപോലെ. എന്‍റെ  മോഹങ്ങൾ പൂവണിയുന്നു. കണ്ട സ്വപ്നങ്ങൾ ഒക്കെയും യാഥാർത്ഥ്യമാകാൻ പോകുന്നു. അവൾ നിമിഷങ്ങളോളം ചലനമറ്റു നിന്നു. "എന്‍റെ  പപ്പയോടും മമ്മിയോടും പറയണ്ടേ അഭി..."
"ഉം."
“അഭി വിളിച്ചു പറയുമോ?”
“ഉം, പറയാം.”
അവൾ സന്തോഷം കൊണ്ടു മതി മറന്നു...
മകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം ആ മാതാപിതാക്കൾ ദുരെ നിന്നും വീക്ഷിക്കുന്നുണ്ടായിരുന്നു...
അവളുടെ സന്തോഷം മാത്രമേ അവർ ആഗ്രഹിച്ചുള്ളു.
ശുന്യതയിൽ നിന്നും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്.
അങ്ങനെയിരിക്കെ ആ ഫോണ്‍ അവരെ തേടിയെത്തി.
അഭിയുടെ കോൾ...
“എനിക്കു ജസീനയെ ഇഷ്ടമാണ്...
എന്‍റെ മാതാപിതാക്കളോട് ഞാൻ ജസീനയെപ്പറ്റി പറഞ്ഞു. അവർക്ക് എതിർപ്പൊന്നുമില്ല. നിങ്ങൾക്കും എതിര്‍പ്പൊന്നുമില്ലെങ്കില്‍ ഞാൻ അങ്ങോട്ടു വരുന്നു.“
“മോനേ, ജസീനയെപ്പറ്റി, അവളുടെ പൂർവ്വകാല ചരിത്രം എല്ലാം അറിയാമോ?“
“എനിക്കെല്ലാം അറിയാം, ജസീന എല്ലാം എന്നോടു പറഞ്ഞിട്ടുണ്ട്‌."
ആ മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ, പ്രകാശത്തിന്‍റെ തിളക്കം.

"അടുത്ത മൂന്നു ദിവസം ഞാൻ കുറച്ചു തിരക്കിലാണ്. അതിനടുത്തദിവസം ഞാൻ വരും, എനിക്കു ജസിനയെ കാണണം."
“ശരി മോനേ...“
സന്തോഷം കൊണ്ട് മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞു...
അഭി വിളിച്ച സന്തോഷം മകളുമായി അവർ പങ്കുവച്ചു.
പിന്നീടവള്‍ മറ്റേതോ ലോകത്തായിരുന്നു. അവിടെ ചിന്തകള്‍ പൂര്‍ണ്ണമായിരുന്നു. അവിടുത്തെ നിഘണ്ടുക്കളില്‍ കയറിയിരിക്കാന്‍ മടിച്ച് സംശയം എന്ന വാക്ക് പുറത്തുനിന്നു. അവളുടെ ശ്വാസത്തില്‍ സുഗന്ധം പൂത്തുനിന്നു.

“നീ എനിക്ക് ഉപദേശം തരേണ്ടതിന്നു ഞാന്‍ നിന്നെ അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.
സുഗന്ധവര്‍ഗ്ഗം ചേര്‍ത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
അവന്‍റെ ഇടങ്കൈ എന്‍റെ തലയിന്‍കീഴെ ഇരിക്കട്ടെ.
അവന്‍റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
യരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.”
(ബൈബിള്‍ ഉത്തമഗീതം 8: 2.3.4)

അങ്ങനെ മൂന്നു ദിനങ്ങൾ കൊഴിഞ്ഞു വീണു...
നാലാം നാൾ...
അഭിയെ തേടി അവർ കാത്തിരുന്നു...
ഓരോ നിമിഷവും അവൾ അവന്‍റെ വരവും പ്രതീക്ഷിച്ചു കാത്തിരുന്നു...
നിമിഷങ്ങൾ മിനിറ്റുകൾക്കും മിനിറ്റുകൾ മണിക്കൂറുകൾക്കും വഴി മാറി.
സൂര്യൻ ചക്രവാളസീമയിലേക്ക് എരിഞ്ഞുതാണു.

ജസീന പലയാവർത്തി അവനെ ഫോണിൽ വിളിച്ചു നോക്കി...
എടുക്കുന്നില്ല...
ആ കണ്ണുകളിൽ നിരാശ തളം കെട്ടി...
ആ മുഖത്തു വേദന പ്രകടമായിരുന്നു...
മകളുടെ വേദന ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു...
സൂര്യന്‍റെ അവസാന കിരണവും ഭുമിയെ തലോടി കടന്നു പോയി...

"മോളെ അവൻ ഇനി വരില്ല."
"മമ്മീ," അവൾ വിങ്ങിപ്പൊട്ടി...
കിടക്കയിൽ കിടന്നു വിങ്ങിപ്പൊട്ടുന്ന മകളുടെ തല മടിയിലെടുത്ത് ആ അമ്മ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു തഴുകി ഉറക്കാൻ ശ്രമിച്ചു...
പിന്നെ ഉള്ളുകൊണ്ട് അയാളെ ശപിച്ചു...

ജസിന കരഞ്ഞു കരഞ്ഞ് ഉറക്കത്തിലേക്കു വഴുതി വീണു.
ഏതോ ഒരു നിമിഷം സ്വപ്നത്തിൽ അവൻ അവളെ തേടിയെത്തി.
ഒരു കീറിപ്പറിഞ്ഞ കുപ്പായം ധരിച്ചു പുഞ്ചിരി തൂകി അവൻ വന്നു...
"ജസീനാ..."
അവന്‍റെ ശബദം ..
അഭി ..
അവൾ ഞെട്ടിയുണർന്നു...
ഇല്ല...
അഭിയില്ല...
വെറുമൊരു സ്വപ്നം.

നേരം പുലർന്നിരിക്കുന്നു...
അവൾ ടെലിഫോണിലേക്കു നോക്കി.
എന്നും രാവിലെ വിളിക്കാറുള്ള അഭി ഇന്നു വിളിക്കുന്നില്ല.
ടെലിഫോണ്‍ നിശബ്ദമായി അവളെ നോക്കിയിരുന്നു.
അഭീ, നീയും എന്നെ പറ്റിക്കുകയാണോ?
അവളുടെ കണ്ണുകൾ നിറഞ്ഞു.
പക്ഷെ,
അന്നത്തെ പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു.
തലേദിവസം ദൂരെയൊരു നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള റോഡില്‍ നടന്ന ഒരു കാറപകടത്തില്‍ സുപ്രസിദ്ധനോവലിസ്റ്റ് അഭി മരിച്ചെന്നായിരുന്നു അത്...

 ഭാഗം 6


സുപ്രസിദ്ധ നോവലിസ്റ്റ് അഭി യാത്രയായി ...കൊച്ചി : ഇന്നലെ പുലർച്ചേ കൊച്ചി നഗരമദ്ധ്യത്തിൽ വച്ചുണ്ടായ കാറപകടത്തിൽ പ്രസിദ്ധ നോവലിസ്റ്റും യുവകവിയുമായ അഭി (31) മരണമടഞ്ഞു. അഭി സഞ്ചരിച്ചിരുന്ന കാറിലേക്കു നിയന്ത്രണം വിട്ടുവന്ന ഒരു പെട്രോള്‍ ടാങ്കര്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ അഭി മരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ടൌണ്‍ ഹാളിൽ പൊതു ദർശനത്തിനു വച്ചു. പിന്നീട് സ്വദേശത്തേക്ക് കൊണ്ടുപോയി. മലയാളത്തിലെ പ്രമുഖ സാഹിത്യപ്രതിഭകൾ അഭിയുടെ അകാലനിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ വൈകിട്ടോടെ വൻപിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം മറവു ചെയ്തു.വാർത്ത വായിച്ചു തീരും മുൻപേ ജസീന കുഴഞ്ഞുവീണു...തന്റെ അഭി ഇനി തന്നെ കാണാൻ വരില്ല...അഭി...അഭി...അവളുടെ ചുണ്ടുകൾ വിറച്ചുകൊണ്ടിരുന്നു...പത്രത്തിൽ കണ്ട വാർത്ത ജസീനയുടെ മാതാപിതാക്കൾക്കും സഹിയ്ക്കാവുന്നതിനപ്പുറമായിരുന്നു...ജസീന...എല്ലാം ഉപേക്ഷിച്ച് ഏകാന്തതയിൽ ഒരു ജീവഛവമായി കഴിഞ്ഞ തങ്ങളുടെ മകൾക്ക് എല്ലാം അറിഞ്ഞുകൊണ്ട് ഒരു ജീവിതം നൽകാനായി എത്തിയ മനുഷ്യൻ...വിധി...ദൈവമേ, നീ എന്തിനു ഞങ്ങളോടിത്ര ക്രുരനാവുന്നു?ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...കിടക്കയിൽ മുഖമർത്തി തേങ്ങിത്തേങ്ങിക്കരയുന്ന മകളെ ആശ്വസിപ്പിക്കാൻ ആ മാതാവിനു കഴിഞ്ഞില്ല...കരയട്ടെ...ഹൃദയംപൊട്ടിക്കരയട്ടെ, അവളുടെ ദുഃഖം മുഴുവൻ കണ്ണീരായി ഒഴുകിത്തീരട്ടെ...നിറകണ്ണുകളോടെ അമ്മ മകളെ നോക്കി...വയ്യ...ആ ഹൃദയം പൊട്ടിയുള്ള തേങ്ങൽ...ആ കണ്ണീർ സഹിക്കാൻ കഴിയുന്നില്ല...മോളേ...മകളെ അവർ ഹൃദയത്തോടു ചേർത്തു പിടിച്ചു..."വയ്യ മമ്മീ, എനിക്കിതു സഹിക്കാൻ പറ്റുന്നില്ല.എന്തിനാ ദൈവം എന്നോടിത്ര ക്രൂരനാകുന്നത്?അഭിയെ എനിക്കൊന്നു കാണാൻ കൂടി കഴിഞ്ഞില്ലല്ലോ ...എന്നെക്കാണാൻ...ആ ജീവിതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകാന്‍... അതിനായിരുന്നില്ലേ അഭി ഓടിവന്നത്...എന്നിട്ട്...അവൾ അലറിക്കരഞ്ഞു...സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് എരിഞ്ഞുതാണു...കിഴക്കുനിന്നും വീശിയടിക്കുന്ന ഇളംകാറ്റ് അവളുടെ മുടിയിഴകളെ ചലിപ്പിച്ചു കൊണ്ടിരുന്നു. ഉമ്മറത്തെ ചാരുകസേരയിൽ ചാരിയിരുന്ന് അവള്‍ വിദൂരതയിലേക്ക് നിറഞ്ഞുതുളുമ്പുന്ന കണ്ണുകള്‍ പായിച്ചു. ആ കണ്ണുകൾ ആകാശത്തിൽ എന്തോ തേടിനടന്നു.ഒരു കുഞ്ഞു പ്രകാശഗോളം...ഒരു നക്ഷത്രം...അവളെ മാത്രം നോക്കി പുഞ്ചിരിക്കുന്ന അവളുടെ പ്രിയപ്പെട്ട നക്ഷത്രം.അവൾക്കു മാത്രം അവകാശപ്പെടാൻ ഒരു കുഞ്ഞു നക്ഷത്രം...പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു...സാരിത്തുമ്പുകൊണ്ട് അവള്‍ കണ്ണീർ തുടച്ചു...“എന്റെ പ്രിയനേ, നീയെവിടെ?“ ആ ചുണ്ടുകൾ വിറച്ചു.“ഒരു നോക്കുകാണാൻ കൂടി നിന്നു തരാതെ എവിടെയാണു നീ പോയിമറഞ്ഞത്‌?എന്തിനു വേണ്ടി നീ എന്റെ ജീവിതത്തിലേക്കു വന്നു?ഞാൻ ഈ ജീവിതം എല്ലാം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ചതായിരുന്നില്ലേ?ഹൃദയം നിറയെ സ്നേഹവുമായി ഒരു ദൈവദൂതനായി നീ വന്നു.നിന്റെ സാന്നിദ്ധ്യം എന്റെ ജീവിതത്തിനു പുതിയ അര്‍ത്ഥം നൽകി.എന്നോ എന്നിൽ നിന്നും കൈവിട്ടുപോയ സ്നേഹം, നീ മതിയാവോളം എനിക്കു തന്നു.എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.പക്ഷെ പിന്നീട് ഒരു കള്ളനെപ്പോലെ നീ എന്നെ ഒറ്റയ്ക്കാക്കി കടന്നു കളഞ്ഞു.പ്രിയനേ, നീ എന്നെ ഒന്നു മനസ്സിലാക്കൂ, നീയില്ലാതെ ഈ ജന്മം എനിക്കു ജീവിക്കാൻ കഴിയില്ല.നീ എവിടെപ്പോയി മറഞ്ഞാലും എന്റെ സ്നേഹം നിന്നെ പിന്തുടർന്നു കൊണ്ടിരിക്കും, തീര്‍ച്ച.““നിനക്കറിയുമോ?നിന്റെ ഓരോ വാക്കിലും ഞാനെന്റെ പ്രണയം കണ്ടു.ഞാൻ നിന്നെ കാണാൻ കൊതിച്ചു.നിന്റെ തിളങ്ങുന്ന കണ്ണുകളിൽ എന്റെ രൂപം മാത്രം കാണണമെന്നാഗ്രഹിച്ചു.നിന്റെ ശബ്ദത്തിൽ എന്റെ മനസ്സും ശരീരവും ആത്മാവും അലിഞ്ഞുചേർന്നു.നിന്‍റെ ഗന്ധം ഞാനെന്റെ ജീവവായുവാക്കാൻ കൊതിച്ചു.നിന്റേതാകുന്ന ആ നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരുന്നു.നിനക്കുവേണ്ടി ഞാൻ മണിയറയൊരുക്കി...നിന്‍റെ ഒരു സ്പർശത്തിനായി ഞാൻ കൊതിച്ചു കൊതിച്ചു കാത്തിരുന്നു.പക്ഷേ...നീ വന്നില്ല...“"ജസീനാ..." അവന്റെ ശബ്ദം കാതുകളിൽ മന്ത്രിക്കും പോലെ...പെട്ടന്നവൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ചാടിയെഴുന്നേറ്റു."അഭീ...അഭീ...അഭീ...നീ എവിടെ?“അവൾ മുറ്റത്തേക്ക് ഓടിയിറങ്ങി."അഭീ..." അലറിവിളിച്ചുകൊണ്ട് അവൾ മുറ്റത്ത് ഓടി നടന്നു."എന്താ മോളേ ഇത്? മോളേ നീ മനസ്സിലാക്കൂ...അവൻ ഇനി വരില്ല..." ജസീനയുടെ അമ്മ ഓടിയെത്തി അവളെ കടന്നു പിടിച്ചു, പിന്നെ അവളെ മാറോടു ചേർത്തു മുതുകിൽ മെല്ലെ തടവി."ഇല്ലമ്മേ...എന്റെ അഭിയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയില്ല. എനിക്കറിയാം...""മോളേ...എല്ലാം വിധി! അതു മാറ്റാൻ ആര്‍ക്കും കഴിയില്ല, മോളേ. ദേ, നോക്കൂ, നിന്റെ അഭി എല്ലാം കാണുന്നുണ്ട്...ദേ നോക്കിയേ..."അങ്ങു ദൂരെ മിന്നിമിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി ആ അമ്മ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ പറഞ്ഞുതീരും മുന്‍പേ അവരുടെ ചുണ്ടുകൾ വിതുമ്പി. ആ ചുളുങ്ങിയ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി...പൂർണ്ണചന്ദ്രൻ മെല്ലെ മെല്ലെ പ്രകാശം പരത്തി തെളിഞ്ഞു തെളിഞ്ഞു വന്നു.നിലാവെളിച്ചത്തിൽ ആ നക്ഷത്രഗോളം മറഞ്ഞു പോയത് ആ അമ്മയും മകളും അറിഞ്ഞില്ല...നിലാവ്...അഭിയുടെ പ്രിയപ്പെട്ട നിലാവ്...നിലാവു പ്രകാശമായി...പ്രണയമായി...കുളിരായി...മഞ്ഞുതുള്ളിയായി മെല്ലെ പെയ്തിറങ്ങി...ജസീനയും അമ്മയും നിലാവെളിച്ചത്തിൽ മറഞ്ഞുപോയ അവളുടെ പ്രിയനക്ഷത്രത്തെ തിരയുകയായിരുന്നു...“മോളേ, നീ ഒന്നു മനസ്സിലാക്കൂ, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരൂ...അഭി ഇനി...വരില്ല...ദൈവം അഭിയെ കൂട്ടിക്കൊണ്ടു പോയി...അമ്മ മകളുടെ മുതുകിൽ മെല്ലെ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...വാ...എന്റെ മോൾ വന്നു വല്ലതും കഴിയ്ക്കൂ..."അഭീ... "അവൾ പുലമ്പിക്കൊണ്ടിരുന്നു..."മോളേ..."ഇളം കാറ്റു മെല്ലെ വീശിയടിച്ചു...കാറ്റിനു രക്തത്തിന്റെ ഗന്ധം...ആ അമ്മ ഞെട്ടിപ്പോയി...തോളിൽ മുഖമമർത്തിക്കിടന്ന മകളെ നിവർത്തി...ജസീനയുടെ വായിലൂടെ ചോര ഒലിച്ചിറങ്ങുന്നു..."മോളേ..."ആ അമ്മ അലറിക്കരഞ്ഞു...ശബദം കേട്ട് ജസീനയുടെ പിതാവ് ഓടിയെത്തി..."എന്താ...? എന്താ...?"അപ്പോഴേക്കും ജസീന അമ്മയുടെ കൈയിൽ നിന്നും കുഴഞ്ഞു താഴേക്കു വീണു...രക്തം ജസീനയുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്നത് നിലാവെളിച്ചത്തിൽ ആ മാതാപിതാക്കൾ കണ്ടു...അവള്‍ കൈയിൽ എന്തോ മുറുകെപ്പിടിച്ചിരിക്കുന്നു...ഒരു ചെറിയ കാലിക്കുപ്പി..."വിഷം..."അവർ അതുകണ്ടു ഞെട്ടി അലറി വിളിച്ചു പോയി..."മാ...പ്പ്...!“"മാ...പ്പ്...!!"അവൾ മാതാപിതാക്കൾക്കു നേരേ കൈകൂപ്പാൻ ശ്രമിച്ചു..."മോളേ, എന്‍റെ പൊന്നുമോളേ...നീ എന്താ ഈ കാണിച്ചത്...?"അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മകളെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്തു.പക്ഷെ അപ്പോഴേക്കും ആ ശരീരം നിശ്ചലമായിക്കഴിഞ്ഞിരുന്നു...കാർമേഘങ്ങൾ പൂർണ്ണചന്ദ്രനെ മറച്ചു...നിലാവ് മറഞ്ഞു...ചില നക്ഷത്രങ്ങൾ മാത്രം ആകാശത്തിൽ വിളറിനിന്നു.പെട്ടെന്നു ഒരു നക്ഷത്രം...ആകാശത്തിൽ ഉജ്ജ്വലശോഭയോടെ പ്രത്യക്ഷപ്പെട്ടു!അതോടൊപ്പം അതിനു തൊട്ടടുത്തായി അതീവശോഭയോടെ മറ്റൊരു നക്ഷത്രം!ആ രണ്ടു നക്ഷത്രങ്ങളും ആ മാതാപിതാക്കളെ നോക്കിനില്‍ക്കുന്നതുപോലെ. അവര്‍ക്കുവേണ്ടിമാത്രം പ്രകാശിക്കുന്നതുപോലെ.ആ മാതാപിതാക്കൾ മടിയിൽ കിടക്കുന്ന ജസീനയുടെ ശരീരത്തേയും ആ നക്ഷത്രങ്ങളേയും മാറിമാറി നോക്കി...ആ നക്ഷത്രങ്ങൾ കൂടുതൽ പ്രഭയോടെ അവരെ നോക്കി മിന്നിത്തിളങ്ങി. ഇടയ്ക്കിടെ രണ്ടു കുസൃതിക്കുട്ടികളെപ്പോലെ അവര്‍ ആ അമ്മയുടേയും അച്ഛന്റെയും നേരെ മാറിമാറി കണ്ണുചിമ്മി.കറുത്തിരുണ്ട കാർമേഘങ്ങൾ മെല്ലെ പൂർണ്ണചന്ദ്രനെ തഴുകിയിട്ട് ഒഴിഞ്ഞു മാറി.നിലാവ്...ആ നിലാവ് കുളിരായി പെയ്തിറങ്ങി. ഇളംകാറ്റില്‍ മകളുടെ നിശ്വാസം നിറഞ്ഞുനില്‍ക്കുന്നെന്ന് അവര്‍ക്ക് തോന്നി. അവര്‍ ആകാശത്തേക്ക് നോക്കി. ഒരു അവിശ്വസനീയമായ കാഴ്ച അവര്‍ കണ്ടു. ആ രണ്ടു നക്ഷത്രങ്ങളും അടുത്തടുത്തു വരുന്നു! വര്‍ദ്ധിച്ച പ്രകാശത്തോടെ. ആ പ്രകാശം തന്‍റെ മനസ്സിലും നിറയുന്നതായി അമ്മയ്ക്ക് തോന്നി. ഒരുനിമിഷം ഭര്‍ത്താവിന്‍റെ മുഖത്തേക്ക് അവര്‍ നോക്കി. എന്തോ അവിശ്വസനീയമായ കാഴ്ച കാണുന്നതുപോലെയുണ്ടായിരുന്നു അയാളുടെ മുഖം. വീണ്ടും അവര്‍ മുഖം ആ നക്ഷത്രങ്ങളുടെ നേരെ തിരിച്ചു. പക്ഷെ അപ്പോഴേക്കും അവ രണ്ടും പരസ്പരം പൂര്‍ണ്ണമായി ലയിച്ചുകഴിഞ്ഞിരുന്നു. പൂവിലാവ് അവരുടെ ചെവിയില്‍ മന്ത്രിച്ചു.“ഇനി എന്തിനു ദുഃഖം? ഞങ്ങളുടെ നശ്വരമായ ശരീരം മാത്രമല്ലേ ഇല്ലാതായുള്ളൂ? ഞങ്ങളുടെ മനസ്സുകള്‍ പരസ്പരം ലയിച്ചുചേര്‍ന്നില്ലേ? അതുതന്നെയല്ലേ ഞങ്ങളും നിങ്ങളും ആഗ്രഹിച്ചത്‌? ഇനി എന്നും ഇതേ സമയത്ത് ഞങ്ങള്‍ ഇവിടെയുണ്ടാകും. സ്നേഹത്തിനു മരണമില്ലല്ലോ?”

(അവസാനിച്ചു)  

Thursday 5 December 2013

നേര്‍വരകള്‍



അലയുന്ന
നിശകളില്‍ നിഴലുകള്‍
ഇഴഞ്ഞകന്നു
നിശബ്ദമൊരു പെരുമ്പറയില്‍
മുഴക്കങ്ങളായലയുന്നു
പ്രണയത്തെ
പ്രളയത്തില്‍ കൊളുത്തി
അതിലൊരു കപ്പല്‍
നങ്കൂരമിടുന്നു .
രുചിഭേദമില്ലാതെ
കടലുമെന്റെ കണ്ണും
നിന്നെ തിരഞ്ഞു പോകുന്നു
ആകാശവുമലകളും പോലെ
നാമെന്നും നേര്‍വരകളാകുന്നു
നിന്നിലെന്നെയും
എന്നില്‍ നിന്നെയും
വേര്‍തിരിക്കാനാവാതെ ..!

Friday 29 November 2013

നിദ്ര ..


നിലാവിന്റെ പൂന്തോണിയില്‍
നീയും ഞാനുമാ ഓര്‍മയും ...
പിന്നെ രാവിന്റെ കമ്പളം
ചൂട് പകര്‍ന്നൊരു
പ്രണയ നോവിന്‍
ധവള പുസ്തകവും മാത്രം...

പെണ്ണെ എന്‍ ചാരത്തു വന്നേ...
ചെഞ്ചുണ്ടുകള്‍
ചുംബിച്ചുലച്ചുലച്ചു
നിദ്രാവിഹീനമീ രാവില്‍
കൊടും നിദ്രയായെന്നില്‍
അലിഞ്ഞു ചേരൂ ....

Monday 29 July 2013

ശാസ്ത്രം വളരുകയാണ് ..




ഭൂമിയെന്ന വിദ്യാലയത്തിൽ
കാലമെന്ന ഡിവിഷനിൽ ,
അവരഞ്ചു പേർ ഉറ്റ സ്നേഹിതർ .
"കാട് , മല , മഴ പുഴ , മനുഷ്യൻ ".

അതിജീവനത്തിന്റെ
വർഷാവസാന
പരീക്ഷണം കഴിഞ്ഞപ്പോൾ

"മല" സമതലമായി ..
"കാട് " മരുപ്പറമ്പായി ...
''മഴ" നാട് വിട്ടു ...
"പുഴ" കൊല്ലപ്പെട്ടു ...

മനുഷ്യന് മാത്രം
ഉന്നത വിജയം
... ഹാ '.....
അവനിപ്പോൾ
ചന്ദ്രനിൽ വേലി കെട്ടി
അതിരുകൾ തിരിക്കുന്നു

ചൊവ്വയിൽ
ഐ റ്റി പാർക്ക്‌ തുടങ്ങുന്നു
ബുധനിൽ
റിസോർട്ട് പണിയുന്നു

ഇന്നലെ
ആരോ പറഞ്ഞു കേട്ടതാണ് .
സൂര്യ മുഖത്തൊരു
ബോർഡ് സ്ഥാപിച്ചു
അവനുടനെ ഭൂമിയെ
കച്ചവടത്തിനായി-
വയ്ക്കുന്നുണ്ടത്രേ ..

Friday 12 July 2013

വാര്‍ദ്ധക്യം




പടിഞ്ഞാറന്‍ ചെരുവില്‍
ജരാനരകള്‍ വന്നൊരു
ചുവന്ന താഴികകുടം
മണ്ടി കിതച്ചു തേങ്ങുന്നുണ്ട്

പകലറുതിയില്‍
തിരുവസ്ത്രമഴിഞ്ഞു
വീഴുമ്പോള്‍ ...
കൂടുമാറ്റം കൊതിച്ചൊരു
പ്രാണന്‍ തുടിക്കുന്നു

ആകാശമേടയില്‍ കാലം
മേഘങ്ങള്‍ തുന്നിയോരുക്കിയ
മോഹകൂടാരത്തിലിരുന്ന്
അതിലോലലോലം..
രണ്ടു മാലാഖ കണ്ണുകള്‍
എന്നെ തൊട്ടുഴിയുന്നു

വിസ്മൃതമാകുന്ന വിസ്തൃത
സ്വപ്നങ്ങളെ..
മിഴിത്തുമ്പില്‍ കോര്‍ക്കുന്നൊരു
സൂര്യഹൃദയത്തിലും

ചിത്തഭ്രമങ്ങളില്‍
തുള്ളിയാര്‍ക്കുന്നൊരു
കടല്‍ കനവിലും ..

ശുഷ്ക്കിച്ച നീല ഞരമ്പുകളില്‍
തണുത്തുറഞ്ഞു വരണ്ടൊഴുകുന്ന
ധവളരക്ത വേഗങ്ങളിലും

മുറിച്ചുമാറ്റിയ പൊക്കിള്‍കൊടി
വിളക്കി ചേര്‍ത്തു ,
നക്ഷത്രങ്ങള്‍ പ്രഭ ചൊരിയുന്നൊരു
മാതൃഗേഹത്തില്‍ .
ആകുലതകള്‍ക്കടിവരയിട്ടു
തിരിച്ചു പോകാന്‍
കൊതിക്കുന്നൊരു
വൃദ്ധ സ്വപ്നം
ഉണര്‍ന്നിരിക്കുമ്പോള്‍

ഞാനെന്റെ ആത്മാവ് കോര്‍ത്തു
ജനാലകാഴ്ച്ചകളില്‍
പ്രതീക്ഷയുടെ
പുതു നാമ്പുകള്‍ തിരയട്ടെ.

Tuesday 9 July 2013

സൂര്യോദയത്തിനപ്പുറം




നിറഞ്ഞ സദസ് ...
മൈക്കിലുടെ ഒഴുകിയെത്തുന്ന അഭിനന്ദനങ്ങളുടെ പ്രവാഹം. തന്റെ നോവലിനെപറ്റിയും അതിലെ കഥാപാത്രങ്ങളെ പറ്റിയും അവരുടെ ചിന്തകളെ പറ്റിയും വാതോരാതെ സംസാരിക്കുന്ന സാഹിത്യ പ്രമുഖര്‍ താനെഴുതിയ ആദ്യനോവല്‍ "സൂര്യോയോദയത്തിനപ്പുറം" കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡു വാങ്ങും എന്നു ഒരിക്കലും കരുതിയില്ല.തന്റെ ഇന്നലകളെ തുറന്നു കാട്ടാന്‍ ആയിരുന്നു താന്‍ ശ്രമിച്ചത്‌ ഡോ.വിനയചന്ദ്രന്‍ എല്ലാവരുടെയും പ്രശംസാവാക്കുകള്‍ കേട്ടിരുന്നു. "സൂര്യോദയത്തിനപ്പുറം" ആ കനത്ത ഇരുട്ടു ആ ശൂന്യത തന്റെ ജീവിതമായിരുന്നില്ലേ? അതിലെ ഡോ.വിനു എന്നാ കഥാപാത്രത്തിലുടെ ഞാന്‍ ജീവിക്കുകയായിരുന്നില്ലേ ? അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിക്കുന്നു. ജീവനോടുണ്ടെങ്കിലും ജീവിതം എന്താണെന്നറിയാത്ത നസിമ തന്റെ കഥയിലെ നായിക.അല്ല എന്റെ ജീവിതത്തില്‍ ഇന്നും ജീവിക്കുന്ന തന്റെ എല്ലാം എല്ലാമായ ആയിഷ. ഡോ വിനയചന്ദ്രന്റെ മനസിലുടെ തന്റെ നോവലിലെ ഓരോ സംഭവങ്ങളും കടന്നു പോയി ...

ഡോ.വിനു രോഗികളെ പരിശോധിക്കുന്ന തിരക്കിലായിരുന്നു. ഓ പി യില്‍ നല്ല തിരക്കായിരുന്നതിനാല്‍ മറ്റൊന്നും ശ്രദ്ധിക്കാതെ ടോക്കന്‍ അനുസരിച്ച് ഉള്ളിലേക്ക് വരുന്ന രോഗികളെ സ്നേഹപൂര്‍വ്വം അവരുടെ രോഗ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി ഉപദേശങ്ങളും മരുന്നും നല്‍കികൊണ്ടിരുന്നു .
ടോക്കന്‍ നമ്പര്‍ ഇരുപത്തി ഏഴ് .. 

നസിമ
പെട്ടന്നായിരുന്നു അതു സംഭവിച്ചത് ഏകദേശം ഇരുപതു വയസോളം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അകത്തേക്ക് ഓടികയറിവന്നു. ഡോ.വിനു ഇമ വെട്ടാതെ ആ പെണ്‍ കുട്ടിയെ നോക്കി പ്രായത്തിനൊത്ത പക്വത വന്നിട്ടില്ല എന്നു ഒറ്റനോട്ടത്തില്‍ നിന്നും മനസിലാകും എങ്കിലും അടിമുടി സൌന്ദര്യം വാര്‍ന്നൊഴുകുന്ന ഒരു മുസ്ലിം പെണ്‍കുട്ടി മാതാപിതാക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഡോ.വിനു ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ആ പെണ്‍കുട്ടി അവരുടെ ജീവിതത്തിനു തന്നെ ഭാരമാണ് എന്ന രീതിയില്‍ ആയിരുന്നു അവര്‍ സംസാരിച്ചു കൊണ്ടിരുന്നത്.ആ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതില്‍ കൂടുതല്‍ അവര്‍ ആഗ്രഹിച്ചത് ആ കുട്ടിയുടെ മരണമാണെന്നു ഡോ.വിനു മനസിലാക്കി .
"നസിമയെ ഇവിടെ അഡ്മിറ്റ്‌ ചെയ്യണം. പക്ഷേ എത്ര ദിവസം എന്നു പറയാന്‍ കഴിയില്ല. എനിക്കു നസിമയെ പൂര്‍ണമായി പഠിക്കാന്‍ കുറച്ചു സമയം വേണ്ടിവരും അതു കഴിഞ്ഞ ശേഷമേ ചിക്ത്സയെ പറ്റി ചിന്തിക്കാന്‍ കഴിയു" .
"ശരി ഡോക്ടര്‍ " ... 

അവര്‍ക്ക് സന്തോഷമായതു പോലെ നസിമയുടെ ബാപ്പ സന്തോഷത്തോടെ പറഞ്ഞു
"പിന്നെ ഒരു കാര്യം കൂടി നിങ്ങള്‍ പറഞ്ഞ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ നസിമയെ പൂര്‍ണതയില്‍ എത്തിക്കാം എന്നൊന്നും ഞാന്‍ പറയുന്നില്ല ഒരു ചെറിയ മാറ്റം എനിക്കു കാണാന്‍ കഴിഞ്ഞാല്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും അതുവരെ കാത്തിരിക്കണം അതിനു വേണ്ടി നമുക്ക് ശ്രമിക്കാം "
 

നസിമയുടെ ബാപ്പയുടെ മുഖം പെട്ടന്നു വലിഞ്ഞു മുറുകി. കൊപംകൊണ്ടായാള്‍ തിളക്കാന്‍ തുടങ്ങി.നസിമയുടെ ഉമ്മയുടെ മുഖത്തു നോക്കി അയാള്‍ പല്ല് ഞെരിച്ചു .
"ഡോക്ടര്‍ സാര്‍ ഞമ്മക്കറിയാം ഓളു ഞമ്മക്കു ഭാരമ .. ഇതൊന്നു മയ്യത്തായി കണ്ടാല്‍ മതിയായിരുന്നു"
"കുറച്ചു കാത്തിരിക്കു ...! നമുക്ക് നോക്കാം ദൈവത്തോടു ഉള്ളുരുകി പ്രാര്‍ത്ഥിക്കു. എല്ലാം ശരിയാകും "
ഡോ.വിനു അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ഡോ.വിനു നസിമ യെ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ വലിയ പ്രതീക്ഷയില്ലായിരുന്നു പക്ഷേ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഡോ. വിനുവില്‍ എന്തൊക്കെയോ പ്രതീക്ഷകള്‍ നാമ്പിടാന്‍ തുടങ്ങി.മനസിന്റെ ഏതോ കോണില്‍ ഒരു പ്രകാശം. നസിമയെ അഡ്മിറ്റ്‌ ചെയിതു പോയ അവളുടെ ബാപ്പയോ സഹോദരങ്ങളോ പിന്നെ വന്നില്ല വല്ലപ്പോഴും ഒരു പേരിനു മാത്രം നസിമയുടെ ഉമ്മ വന്നു പോകും ഡോ.വിനു കൂടുതല്‍ സമയം നസിമയോടൊപ്പം ചെലവോഴിക്കാന്‍ കണ്ടെത്തിയിരുന്നു .
അയാളുടെ സാനിധ്യം നസിമയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി തുടങ്ങി. മാസങ്ങള്‍ കടന്നു പോയി. നസിമ ആള്‍ക്കാരെ മനസിലാക്കി തുടങ്ങി. നസിമ പുതിയ ലോകം മെല്ലെ മെല്ലെ കണ്ടു തുടങ്ങി. ഒരു കുഞ്ഞു കുട്ടിയില്‍ നിന്നും യുവത്വത്തിലേക്കുള്ള വളര്‍ച്ച മാസങ്ങള്‍ക്ക് ശേഷം മകളെ കാണാനെത്തിയ നസിമയുടെ ഉമ്മ ഞെട്ടിപ്പോയി തന്റെ മകള്‍ മാനസികമായി ഏറെ വളര്‍ന്നിരിക്കുന്നു എങ്കിലും ഡോ .വിനു നസിമക്കു അമ്മയെ പരിചയപെടുത്തി കൊടുത്തു
"നസിമ ഇതു തന്റെ ഉമ്മ .. നിനക്ക് ജന്മം തന്ന അമ്മ" ..
"ഉമ്മ" ...!
നസിമയുടെ ചുണ്ടുകള്‍ വിറച്ചു...
"എന്റെ മോളെ" ...
അവര്‍ ഞെട്ടിപ്പോയി ആദ്യമായി മകളുടെ വായില്‍ നിന്നും ഉമ്മ എന്നാ ശബ്ദം. അവള്‍ മകളെ വാരിപുണര്‍ന്നു. ആ മുഖത്തു തെരുതെരെ ചുംബിച്ചു .
"ഉമ്മ എവിടെ ആയിരുന്നു ഇത്രയും കാലം" 

നസിമയുടെ അടുത്ത ചോദ്യം കേട്ട് ഡോ.വിനുവായിരുന്നു അപ്പോള്‍ ഞെട്ടിയതു.നസിമ എന്നാ പെണ്‍കുട്ടി പൂര്‍ണതയില്‍ എത്തിയതുപോലെ തന്റെ പ്രയത്നത്തിനു ഫലം കണ്ടതു പോലെ താന്‍ വിജയം കണ്ടെത്തിയിരിക്കുന്നു ..
എന്റെ ബാപ്പ എവിടെ ..?
വിണ്ടും അവള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ..
ഡോ.വിനുവിനു പോലും അതിശയമായിരുന്നു എല്ലാം പൂര്‍ണതായി എത്തിയതു പോലെ ..
"ഡോക്ടര്‍ സാറെ ഞാന്‍ എന്‍റെ മോളെ കൊണ്ട് പോയിക്കോട്ടെ "
നസിമയുടെ ഉമ്മയുടെ വാക്കുകള്‍ക്ക് മുന്നില്‍ ഡോ.വിനു വിണ്ടും ഞെട്ടിപ്പോയി
ഇല്ല.. 

നസിമയെ വിട്ടുകൊടുക്കാന്‍ മനസുവരുന്നില്ല തന്‍റെ ഹൃദയത്തില്‍ എവിടെയോ ആ രൂപം പതിഞ്ഞു കഴിഞ്ഞിരിക്കുന്നു വിട്ടു കൊടുക്കാന്‍ മനസ്സ് വരുന്നില്ല ആ മുഖം ..ആ രൂപം ...വയ്യ
"കുറച്ചു ദിവസം കൂടി കഴിയട്ടെ" ..
ഡോ .വിനു പെട്ടന്നു പറഞ്ഞു ... പിന്നെ അയാള്‍ നസിമയെ നോക്കി. അവള്‍ മനോഹരമായി ഡോക്ടറെ നോക്കി ചിരിച്ചു. ഏറെ നേരം മകളും അമ്മയുമായി സംസാരിച്ചിരുന്നു അന്നു ആദ്യമായി ആ അമ്മയുടെ മനസിലെ സന്തോഷം ഡോ.വിനു കണ്ടു. അടുത്തദിവസം തന്നെ നസിമയുടെ നസിമയുടെ ബാപ്പയും സഹോദരങ്ങളും നസിമയെ കാണാന്‍ എത്തി. മകളുടെ മയ്യത്ത് കാണാന്‍ ആഗ്രഹിച്ച ബാപ്പയും ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത സഹോദരങ്ങളും ഇന്നവളെ വാരിപുണരുന്നു സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുന്നു ..
വിണ്ടും മൂന്നു മാസങ്ങള്‍ കടന്നു പോയി..
നസിമ പൂര്‍ണതയില്‍ എത്തിയെന്നു ഡോ വിനു മനസിലാക്കി. അതോടെ നസിമയെ വീട്ടിലെക്കുകൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകളായി വീട്ടുകാര്‍ മുന്നോട്ടു വന്നു. അവര്‍ ഡിസ്ചാര്‍ജിനു വേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങി . അവസാനം മനസില്ല മനസോടെ ഡോ.വിനു നസിമയെ ഡിസ്ചാര്‍ജ് ചെയിതു.
പക്ഷേ ഡോ.വിനു പോലും അറിയാതെ നസിമ എന്നാ പെണ്‍കുട്ടി അയാളുടെ മനസ്സില്‍ കൂടുകൂട്ടിയിരുന്നു. പൂര്‍ണ്ണമായും നസിമയെ അയാള്‍ സ്നേഹിച്ചിരുന്നു ഒരിക്കലും പിരിയാന്‍ കഴിയാത്തവണ്ണം ..
"ഡോക്ടര്‍ ഞാന്‍ പോകുന്നു" .. 

നസിമ അയാളെ നോക്കി ചിരിച്ചു
ഡോ.വിനു ശബ്ദിക്കാന്‍ കഴിഞ്ഞില്ല അവളുടെ കണ്ണുകളിലേക്കയാള്‍ സുക്ഷിച്ചു നോക്കി
മാസങ്ങള്‍ക്ക് മുന്‍മ്പു ലോകം എന്താണെന്നു അറിയാതെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളോടൊപ്പം തന്റെ മുന്നിലേക്ക്‌ ഓടികയറിവന്ന പെണ്‍കുട്ടി ഇന്നു പൂര്‍ണ്ണമായും ബുദ്ധിയും വികാരവും തിരിച്ചു കിട്ടിയ യുവതി.
'ഡോക്ടര്‍ ഞാന്‍ പോകട്ടെ ..? 

എന്റെ അനുവാദത്തിനായി കാത്തു നില്‍ക്കുന്നതു പോലെ പോകരുത് എന്നു മനസ്സ് നൂറുവട്ടം പറഞ്ഞെക്കിലും ഡോ.വിനു അറിയാതെ തലയാട്ടി അവളുടെ മുഖം പെട്ടെന്നു മ്ലാനമായി ആ കണ്ണുകള്‍ നിറയുന്നതു പോലെ എന്തോ ഒരു വേദന ഡോ വിനു ആ കണ്ണുകളില്‍ കണ്ടു .. 
സ്നേഹത്തിന്റെ ... 
പ്രണയത്തിന്റെ .. 
ആരാധനയുടെ ... 
അറിയില്ല...
"ബാ .... മോളെ" .. 

ഡോ.വിനുവിനോട് നന്ദി പറഞ്ഞശേഷം നസിമയുടെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ട് നസിമയുടെ ബാപ്പ പുറത്തേക്കു നടന്നു. പക്ഷേ നസിമ പോകാന്‍ മടിക്കും പോലെ അവള്‍ ഡോ.വിനുവിനെ വീണ്ടും വീണ്ടും നോക്കി അയാളുടെ ഒരു വാക്കിനു വേണ്ടി "പോകരുത് " എന്നൊന്നു പറഞ്ഞെങ്കില്‍ നസിമ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നതു പോലെ ...
അവള്‍ ബാപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങളോടൊപ്പം ആശുപത്രിയുടെ ഓരോ പടികെട്ടുകള്‍ ഇറങ്ങുമ്പോഴും ഡോ. വിനുവിനെ തിരിഞ്ഞു തിരിഞ്ഞു നോക്കി
അയാളുടെ കണ്ണുകള്‍ നിറഞ്ഞു ..
താന്‍ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണ മനസ്സോടും, നസിമയെ സ്നേഹിച്ചിരുന്നില്ല തന്റെ പേഷ്യന്റ് ആയിരുന്നുട്ടു കൂടി ഉള്ളിന്റെ ഉള്ളില്‍ വച്ചു ആരാധിച്ചിരുന്നില്ലേ? ആ ചിരി , ആ നിഷ്ക്കളങ്കത , ആ സ്നേഹം ..വയ്യ വിട്ടയക്കാന്‍ കഴിയുന്നില്ല .. ഓരോ പടികെട്ടുകള്‍ ഇറങ്ങി പോകുന്ന നസിമയെ ഇമവെട്ടാതെ അയാള്‍ നോക്കിനിന്നു . .. വേദനയോടെ ...
അടുത്ത നിമിഷം

 എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബാപ്പയുടെ കൈ തള്ളിമാറ്റി അവള്‍ ഡോ.വിനുവിന്റെ അടുത്തേക്കു ഓടിവന്നു ... പിന്നെ മടിച്ചില്ല അയാള്‍ അവളെ കെട്ടിപിടിച്ചു അവളുടെ മുഖത്തയാള്‍ തെരുതെരെ ചുംബിച്ചു..
"ഇല്ല ..ഞാന്‍ എങ്ങും പോകുന്നില്ല .. എന്റെ ഡോക്ടറെ വിട്ടു എനിക്കെങ്ങും പോകണ്ട...എന്നെ ആര്‍ക്കും വിട്ടു കൊടുക്കരുത് ... എന്നെ ആര്‍ക്കും വിട്ടു കൊടുക്കരുത്" ..

അവള്‍ അയാളെ കെട്ടിപിടിച്ചു കരഞ്ഞു .
നിമിഷങ്ങളെ വേണ്ടി വന്നോളു നസിമയുടെ ബാപ്പയും സഹോദരങ്ങളും അവരുടെ നേരെ ചീറിയടുത്തു നസിമ വലിച്ചു മാറ്റി അവളുടെ കവിളില്‍ തെരുതെരെ അടിച്ചു .തടയാന്‍ ചെന്ന ഡോ.വിനുവിനെ അവളുടെ സഹോദരങ്ങള്‍ ചവിട്ടി താഴെയിട്ടു ഹോസ്പിറ്റലിലെ സെക്യുരിറ്റി ജീവനക്കാര്‍ ഓടിയെത്തി ... പിന്നെ അവിടെ നടന്നത് ഒരു തെരുവ് യുദ്ധം ... നിമിഷങ്ങള്‍ക്കുള്ളില്‍ മതങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലേക്ക് അത് വഴിതെളിച്ചു ..
പത്രങ്ങളില്‍ വാര്‍ത്തയായി....
ഡോ.വിനു എന്ന ഹിന്ദുവും അയാളുടെ പേഷ്യന്ടായ നസിമ എന്ന ബുദ്ധി തെളിയാത്ത മുസ്ലിം പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം.മതസംഘടനകള്‍ പരസ്പരം ഏറ്റു മുട്ടി .... അവസാനം എല്ലാം ഉപേക്ഷിച്ചു ഡോ വിനു ആ ഗ്രാമത്തോടു വിടപറഞ്ഞു.
അപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ജാതിക്കും മതത്തിനും അതിതമായി സ്നേഹം എന്ന വികാരം ...
പ്രണയം എന്ന വികാരം നസിമയിലുടെ ഡോ.വിനു മനസ്സില്‍ കുറിച്ചിട്ടു അതായിരുന്നു "സൂര്യോദയത്തിനപ്പുറം" എന്നാ നോവല്‍  ഡോ.വിനയചന്ദന്‍ തന്റെ നോവലിലൂടെ സഞ്ചരിക്കുകയായിരുന്നു...

അല്ല തന്റെ കഴിഞ്ഞ ജീവിതത്തിലുടെ ...!
തന്റെ ജീവിതത്തില്‍ വളര്‍ന്നു പന്തലിച്ച പ്രണയത്തിലുടെ ..!!
"ഇനി .. ഡോ.വിനയചന്ദ്രന്‍ അദ്ദേഹം എഴുതിയ ഈ നോവലിനെ പറ്റി രണ്ടു വാക്കു സംസാരിക്കുന്നതായിരിക്കും
ശ്രി ഡോ .വിനയചന്ദ്രന്‍ ..."
മൈക്കിലുടെ ഉയര്‍ന്ന വന്ന ശബ്ദം കേട്ടു ഡോ.വിനയചന്ദ്രന്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ..
പിന്നെ മെല്ലെ മൈക്കിനു നേരെ നടന്നു ... സദസില്‍ നിന്നും നീണ്ട കരഘോഷം ഉയര്‍ന്നു ..
"മാന്യസദസിനു നമസ്കാരം ..

ഈ ധന്യ മുഹൂര്‍ത്തത്തിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല "സൂര്യോദയത്തിനപ്പുറം" എന്ന നോവല്‍ ഞാന്‍ എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു പ്രണയം ഉണ്ടായിരുന്നു സഫലമാവാതെ പോയ ഒരു പ്രണയം ഇന്നു ഇവിടെ സംസാരിച്ചവര്‍ എല്ലാം വാതോരാതെ സംസാരിച്ച ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്ന പച്ചയായ മനുഷ്യരാണ്. ഡോ.വിനു എന്നാ കഥാപാത്രത്തിലുടെ ഞാനും നസിമയിലുടെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി അറിയാതെ അറിയാതെ സ്നേഹിച്ചു പോയ മാനസിക വളര്‍ച്ച ഇല്ലാതെ എന്റെ മനസിലേക്ക് കടന്നു വന്ന ആയിഷ ..എന്ന പെണ്‍കുട്ടിയും ആണ് "..
സദസ് നിശബ്ദമായി ഇരുന്നു ..
"ഇന്നു ആയിഷ എവിടെ എങ്ങനെ ജീവിക്കുന്നു എന്നെനിക്കറിയില്ല .. പക്ഷേ എന്റെ ഹൃദയത്തില്‍ ആ രൂപം ഉണ്ട്.അവള്‍ക്കുവേണ്ടി മാറ്റി വച്ച എന്റെ ജീവിതം ഉണ്ട്. ഒരു ജാതിക്കോ..? മതത്തിനോ..? ഒരു സംസ്കാരത്തിനോ..? എന്റെ ഹൃദയത്തില്‍ നിന്നും ആയിഷയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല . ഈ നോവലിലുടെ എനിക്കു കിട്ടിയ അവാര്‍ഡു അവള്‍ക്കു കൂടി അര്‍ഹതപ്പെട്ടതാണ് കാരണം ഇതു അവളുടെ കഥകൂടിയാണ്."
സദസ് ...നിശബ്ദമായി കേട്ടിരുന്നു ... ചിലരുടെ കണ്ണുകള്‍ നിറഞ്ഞു ..
നന്ദി ..! ഈ അവാര്‍ഡു എനിക്കു സമ്മാനിച്ച ഈ സദസിനും, ഇതിന്‍റെ ജഡ്ജിഗ് കമ്മറ്റിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു.
''മോനേ"...
സദസിനു ഏറ്റവും പിറകില്‍ നിന്നും ഉയര്‍ന്ന ആ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി വ്യദ്ധരായ മാതാപിതാക്കള്‍ വീല്‍ ചെയറില്‍ ഒരു യുവതിയെയും തള്ളി കൊണ്ട് മുന്നോട്ടു വന്നു. ഡോ വിനയചന്ദ്രന്‍ ഒരു നിമിഷം ഞെട്ടിപ്പോയി.വീല്‍ ചെയറില്‍ ഒന്നും അറിയാതെ.. ഒന്നും മനസിലാകാതെ.. ഏതോ ലോകത്തില്‍ ഇരിക്കുന്ന തന്‍റെ ആയിഷയെ വിനയചന്ദന്‍ വേദനയോടു നോക്കി .പിന്നാലെ കുറ്റബോധത്തോടെ നടന്നു വരുന്ന ആയിഷയുടെ ബാപ്പയും ഉമ്മയും ഡോ വിനയചന്ദ്രന്‍ സ്ടെജില്‍ നിന്നും താഴെയിറങ്ങി ... ആയിഷയുടെ അടുത്തേക്ക് നടന്നു
"മോനേ... ! അന്നു ആ സംഭവത്തിനു ശേഷം ആയിഷ മിണ്ടിയിട്ടില്ല ..! ഒന്നു ചിരിച്ചിട്ടില്ല ..! ആ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ വീണിട്ടില്ല .. "

ആയിഷയുടെ അമ്മയുടെ ശബ്ദം ചിതറിയിരുന്നു .. കണ്ണുകള്‍ നിറഞ്ഞിരുന്നു..
"മാപ്പ് .. എന്റെ കുഞ്ഞിനെ കൈവിടരുത് "
ആയിഷയുടെ മാതാപിതാക്കള്‍ ഡോ വിനയചന്ദ്രനെ നോക്കി കൈ കൂപ്പി .
ഡോ വിനയചന്ദ്രന്‍ ഒന്നും ശ്രദ്ധിക്കാതെ വീല്‍ ചെയറില്‍ ഇരുന്ന ആയിഷയുടെ കൈക്കു പിടിച്ചു മെല്ലെ എഴുന്നേല്‍പ്പിച്ചു പിന്നെ പതുക്കെ പിടിച്ചു കൊണ്ട് സ്ടെജിലേക്ക് നടന്നു .
സദസ് എല്ലാം മനസിലായതുപോലെ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു ..വിണ്ടും മൈക്കിന്റെ മുന്നിലെത്തിയ അയാളുടെ ശബ്ദo പതറിയിരുന്നു .. കണ്ണു കള്‍ നിറഞ്ഞിരുന്നു എങ്കിലും ആ ചുണ്ടുകള്‍ വിറച്ചു
ഇതാണ് ഡോ.വിനുവിന്റെ നസിമ ...
എന്റെ ആയിഷ ....

Saturday 6 July 2013

നിന്നിലേക്ക്‌ ...


നിറതിങ്കൾ
പാലൊളി തൂകിയെൻ
ഹൃദയാകാശം
കവർന്ന സ്നേഹമേ

ഒരു തുളസി
ക്കതിരിന്നാത്മ
സുഗന്ധമായെൻ
സ്വപ്നങ്ങളിൽ
വസന്തം
വിരിയിച്ച ദേവതേ.....

നിന്റെ
പ്രണയനീഡത്തിലൊരു
വർണ്ണവില്ലായി
കാന്തിയേകാൻ
കൊതിക്കുന്ന
പതിതൻ ഞാൻ .....

Tuesday 18 June 2013

കടൽ


എന്റെ കടലിനും
കാമമുണർന്നു
ചുഴി കണ്ണുകളിൽ
ശമിക്കാത്ത ദാഹം

തിരകൾക്കു മേൽ
മുല കാമ്പുകൾ
കാറ്റിന്റെ
തുഴചുണ്ടിലൊരു
ചിരിമുത്ത്‌

പകലാറുന്ന
പടിഞ്ഞാറൻ
താഴ്‌വരയിൽ
സന്ധ്യയുടെ ...
ഋതു കുങ്കുമം

ജല പേശികളിൽ
ഘന മർദ്ദനം
നുര നൂലുകളിൽ
നിറ ഭ്രംശനം

ജഘന പൂവിലൊരു
മൃദു ദംശനം
അഗ്നിപർവ്വത
പ്രവാഹം ...

എന്റെ കടലിന്റെ
ആഴങ്ങളിപ്പോൾ
നിന്റെ
കൌമാരത്തിന്റെ
നോവുകളെ ...
അല്പ്പാല്പ്പമായി ...
വിഴുങ്ങുകയാണ്

Friday 4 January 2013

അവള്‍ ...


കത്തിയെരിയുന്ന 
കനല്‍ പോലെ,
മൊട്ടിട്ടു വിടരുന്ന 
സൂര്യഗോളം പോലെ,
സുഗന്ധം പരത്തുന്ന 
മുല്ലപ്പൂ മൊട്ടുപോലെ,
- അവള്‍ 

വശ്യ സുന്ദര
മുഖത്തില്‍ വിടരുന്ന
നിഷ്കളങ്ക ഭാവം.

തിളങ്ങുന്ന കണ്ണുകളില്‍ 
കാണാം നമുക്കു  
ജ്വലിക്കുന്ന പ്രണയം.

ചിരിക്കുമ്പോള്‍
തെളിയുന്ന ചുഴിയില്‍ 
കള്ള നാണത്തിന്‍ അഴകും.   

പാറിക്കളിക്കുന്ന
കാര്‍കൂന്തലാരെയോ 
മാടിവിളിക്കുമെപ്പോഴും.

വസന്തം കടം തന്ന പനിനീര്‍
പൂവുപോല്‍ നിഷ്ക്കളങ്കയായി
വിടര്‍ന്നു നിന്നവള്‍.

അവള്‍ ;
അവളെന്ന സത്യം 
അറിഞ്ഞപ്പോഴേക്കും 
അവളുടെ കണ്‍പാളികള്‍
അറിയാതെ നനഞ്ഞു .

മിഴിനീര്‍വറ്റി 
വരണ്ടൊരാകണ്ണുകള്‍
ഭൂതകാലത്തിന്‍ 
പഴമൊഴികള്‍ ചൊല്ലി 
നഷ്ടപ്പെടുവാന്‍, 
നശിക്കുവാന്‍
അവള്‍ക്കിനിയൊന്നുമില്ല   
   
ലോകമേ
 ഞാനെന്തു പിഴച്ചു 
ഇത്രയും ക്രുരത 
എന്തിനെന്നോടു 
അറിയാതെ 
ചോദിച്ചു പോയി
- അവള്‍