Saturday 26 May 2012

സേനാനീ (കഥ)

                                                                      
ഞാന്‍ ഏറ്റവും പുതിയ നോവലിന്‍റെ  അവസാന അധ്യായം എഴുതിക്കൊണ്ടിരിയ്ക്കയായിരുന്നു. എങ്ങനെയും കഥ പൂര്‍ണതയിലെത്തിക്കണം എന്ന ഒരൊറ്റ ചിന്തയേ എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളു.
വേനല്‍ച്ചൂടില്‍ ഹരിതഭംഗി നഷ്‌ടമായ വൃക്ഷത്തലപ്പുകള്‍. അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങള്‍ . അവയുടെ കാഠിന്യം കൊണ്ടാകാം, ഒരസ്വസ്ഥത. ഞാന്‍ പേനയും എഴുതിക്കൊണ്ടിരുന്ന കടലാസ്സുകെട്ടുകളും മേശയുടെ ഒരുവശത്തേയ്ക്കൊതുക്കി വച്ചു മെല്ലെ മുറ്റത്തേക്കിറങ്ങി. വീടിനു വടക്കു വശത്തുള്ള ഇത്തിക്കരപ്പുഴയില്‍നിന്നും ഇളംകാറ്റു വീശിയടിച്ചപ്പോള്‍ ആശ്വാസം കിട്ടിയതു പോലെ.

സ്വതന്ത്രഭാരതമിന്ന് അറുപത്തൊന്നാം വയസ്സിലേയ്ക്കു പ്രവേശിക്കുകയാണ്. എങ്ങും ആഹ്ലാദം അലയടിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളുടെ ബലികുടീരങ്ങള്‍ക്കു മുന്നില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ചുകൊണ്ട് രാഷ്ട്രം അറുപത്തൊന്നാം വയസ്സിലേയ്ക്കു കാലെടുത്തു വച്ചു.

പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്: എന്‍റെ നേരെ നടന്നു വരുന്നൊരു വൃദ്ധന്‍. നീട്ടിവളര്‍ത്തിയ താടിയും മുടിയും. കീറി, മുഷിഞ്ഞു നാറിയ ജുബ്ബയും മുണ്ടും. മുതുകില്‍ തൂക്കിയിട്ടിരിക്കുന്ന തോള്‍സഞ്ചി. 

പുഞ്ചിരിച്ചുകൊണ്ട് അയാള്‍ എന്നെ നോക്കി.

"കുടിക്കാന്‍ അല്‍പ്പം വെള്ളം."

ഞാന്‍ പെട്ടെന്നു വെള്ളം കൊണ്ടു വന്നു കൊടുത്തു. ആര്‍ത്തിയോടെ വെള്ളം കുടിച്ച ശേഷം കപ്പു തിരികെത്തന്നു. നന്ദി രേഖപ്പെടുത്തിയ ശേഷമയാള്‍   തിരിഞ്ഞ് അടുത്തുള്ള സര്‍പ്പക്കാവിനു നേരെ വേഗത്തില്‍ നടന്നുപോയി.

സര്‍പ്പക്കാവിനുള്ളിലേക്ക്...

എനിക്കെന്തോ സംശയമായി..

കതകു ചാരിയ ശേഷം ഞാനയാളെ പിന്തുടര്‍ന്നു, സര്‍പ്പക്കാവിനുള്ളിലേക്ക് .....

വല്ലാത്തൊരു ഭയം എന്നിലുദിച്ചെങ്കിലും ഞാന്‍ മുന്നോട്ടു തന്നെ ചുവടുകള്‍ വച്ചു.

ആരോ തേങ്ങിക്കരയുന്ന ശബ്ദം. മെല്ലെ മെല്ലെ ആ തേങ്ങിക്കരച്ചില്‍ ഒരു പൊട്ടിക്കരച്ചില്‍ ആയി മാറി. ചിതറിക്കിടക്കുന്ന കുറച്ചു പാറക്കഷ്ണങ്ങള്‍ . അവയ്ക്കു മുന്നില്‍ തല തല്ലിക്കരയുന്ന വൃദ്ധന്‍. 

എനിക്കു  സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഓടിച്ചെന്നയാളെ പിടിച്ചുയര്‍ത്തി.

"വിടാന്‍ ........." അയാളെനിക്കു നേരെ വിരല്‍ ചൂണ്ടിയലറി, "രാഷ്ടമിന്ന്‍ സ്വാതന്ത്ര്യദിനമാഘോഷിയ്ക്കുന്നു. പക്ഷേ ബ്രിട്ടീഷ്‌ പട്ടാളം ചവിട്ടി ഞെരിച്ചു കൊന്ന മൂന്നു ജീവനുകള്‍ ഈ സര്‍പ്പക്കാവില്‍, ഈ പാറക്കഷ്ണങ്ങള്‍ക്കു കീഴില്‍....അന്ത്യവിശ്രമം കൊള്ളുന്നു. എന്‍റെ ഭാര്യയും, മോനും, പിന്നെ മൂന്നുമാസം പ്രായമുള്ള എന്‍റെ പൊന്നു മോളും.."

പറഞ്ഞു തീരും മുന്‍പേ വീണ്ടുമയാള്‍ പൊട്ടിക്കരഞ്ഞു......

ഞാന്‍ സ്തബ്ധിച്ചു നിന്നു പോയി, നിമിഷങ്ങളോളം. ഹൃദയം പൊട്ടിക്കരയുന്ന ആ മനുഷ്യനെ എങ്ങനെയാശ്വസിപ്പിക്കണം എന്നെനിയ്ക്കൊരു രൂപവുമുണ്ടായില്ല.

അയാളുടെ മനസ്സും ഹൃദയവും അരനൂറ്റാണ്ട് പിന്നിലായിരുന്നു.

*        *        *        *        *        *        *        *        *        *

"ജീവിക്കുക അല്ലെങ്കില്‍ മരിക്കുക...." എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേയ്ക്ക് എടുത്തുചാടുന്ന കാലം. ഐതിഹാസികമായ ക്വിറ്റിന്ത്യാ സമരം.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ അഹിംസാമാര്‍ഗ്ഗത്തിലൂടെ ഇന്ത്യയുടെ ധീരദേശാഭിമാനികള്‍ മുന്നേറ്റം നടത്തി.

1942 ആഗസ്റ്റ്‌ മാസം ഏട്ടാം തിയതി അര്‍ദ്ധരാത്രി ക്വിറ്റിന്ത്യാ പ്രമേയം പാസ്സായി. ആഗസ്റ്റ്‌ ഒന്‍പതാം തിയതി ജനങ്ങള്‍ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്തി.

"ക്വിറ്റ്‌ ഇന്ത്യാ...."

ആയിരങ്ങള്‍ പങ്കെടുത്ത സമരം. ഗാന്ധിജിയും നെഹ്രുവും ആസാദും സരോജിനി നായിഡുവും നയിച്ച അതിശക്തമായ സമരം. "ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക....ക്വിറ്റ്‌ ഇന്ത്യ....." ജനങ്ങള്‍ ആര്‍ത്തിരമ്പി.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്ന പോലീസുകാര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോളവര്‍ ലാത്തി വീശി. ഗാന്ധിജിയേയും, നെഹ്രുവിനേയും, എല്ലാ പ്രവര്‍ത്തകസമിതിയംഗങ്ങളേയും, പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ എല്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളേയും അഹമ്മദ്നഗര്‍കോട്ടയിലേക്ക് കൊണ്ടു പോകുവാന്‍ ഒരു പ്രത്യേക തീവണ്ടി വിക്ടോറിയ ടെര്‍മിനല്‍സ്റ്റേഷനില്‍ തയ്യാറായി.

പെട്ടെന്നാണതു സംഭവിച്ചത്. ജനങ്ങള്‍ക്കെതിരെ ലാത്തി വീശിക്കൊണ്ടിരുന്ന പോലീസ് മേധാവിയ്ക്കു നേരെ ഒരു സ്ത്രീ പിഞ്ചുകുഞ്ഞിനേയും കൈയ്യിലേന്തി ഓടിയടുത്തു, പിന്നാലെ അഞ്ചു വയസോളം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു കുട്ടിയും....

"ക്വിറ്റ് ഇന്ത്യ.....വെള്ളപ്പട്ടാളം ഇന്ത്യ വിടുക...," അവള്‍ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പോലീസ് മേധാവിയുടെ കോട്ടിന്‍റെ കോളറില്‍ കുത്തിപ്പിടിച്ചു. ലാത്തിയടിയേറ്റു നിയന്ത്രണം വിട്ടോടിയിരുന്ന ജനങ്ങള്‍ പെട്ടെന്നു തിരിഞ്ഞു നിന്നു....

"ക്വിറ്റ് ഇന്ത്യാ...." ആ സ്ത്രീ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി...

അതു കേട്ടിരുന്ന ജനങ്ങള്‍ അത്യുച്ചത്തില്‍ അലറി: "ക്വിറ്റ്‌ ഇന്ത്യ...."

"ഞങ്ങളുടെ നേതാക്കളെ അറസ്റ്റു ചെയ്തുവെന്നു വച്ച് ഈ സമരം അവസാനിയ്ക്കുമെന്നു നിങ്ങളൊക്കെ കരുതുന്നുണ്ടോ?"

പറഞ്ഞു തീരും മുന്‍പ് ആ പോലീസ് മേധാവി അവളെ നിലത്തേയ്ക്കു പിടിച്ചു തള്ളി. ബൂട്ടിട്ട കാലുകൊണ്ട് അവളുടെ അടിവയറ്റില്‍ ആഞ്ഞു ചവിട്ടി... അടുത്ത നിമിഷം ഒരു പറ്റം ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ ആ സ്ത്രീയെ വളഞ്ഞു.

ആ സ്ത്രീയുടേയും കൈയ്യിലിരുന്ന പിഞ്ചു കുഞ്ഞിന്‍റേയും നേരെ ബ്രിട്ടീഷ്‌ പട്ടാളത്തിന്‍റെ ബൂട്ടുകള്‍ ആഞ്ഞാഞ്ഞു പതിച്ചു. അമ്മയേയും കുഞ്ഞിനേയും രക്ഷിക്കുവാന്‍ പാടുപെടുന്ന അഞ്ചുവയസ്സുകാരന്‍....
പക്ഷെ നിമിഷങ്ങളേ വേണ്ടി വന്നുള്ളു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൂന്നു ശവശരീരങ്ങള്‍........ ഇന്ത്യയുടെ സ്വതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മൂന്നു ജീവനുകള്‍.... ആ 
ശവശരീരങ്ങള്‍ക്കടുത്തേയ്ക്കോടിയടുത്ത ജനങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു:

"ക്വിറ്റ്‌ ഇന്ത്യാ....ജീവിക്കുക അല്ലെങ്കില്‍ മരിക്കുക....."

"ഭാരതി......" അതൊരലര്‍ച്ചയായിരുന്നു.....മേനോന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് അറസ്റ്റിലായ നേതാക്കളുടെ ഇടയില്‍ നിന്നും ഓടിയടുത്തു... പിന്നെ ആ ശവശരീരങ്ങള്‍ മാറോടുചേര്‍ത്തു പൊട്ടിക്കരഞ്ഞു.


*        *        *        *        *        *        *        *        *        *

"ഭാരതിയ്ക്ക് ഈ സര്‍പ്പക്കാവും ഗ്രാമവും ജീവനായിരുന്നു. പല സ്വാതന്ത്ര്യ സമരനേതാക്കളുടേയും സഹായത്തോടെ അന്നു രാത്രി തന്നെ ഈ സര്‍പ്പക്കാവിനുള്ളില്‍ മൂന്നു ശവശരീരങ്ങളും സംസ്കരിച്ചു....."

തേങ്ങിക്കരയുന്ന ആ മനുഷ്യനേയും മൂന്നു രക്തസാക്ഷികളുടെ ബലികുടീരങ്ങള്‍ക്കു മീതെ ചിതറിക്കിടക്കുന്ന പാറക്കഷ്ണങ്ങളേയും ഞാന്‍ മാറി മാറി നോക്കി.

"ദയവായി നിങ്ങള്‍ ഇവിടെനിന്നും പോകൂ....ഞാനല്‍പ്പനേരം ഈ ഏകാന്തതയിലിരുന്നോട്ടെ.....എന്‍റെ ഭാരതിയും കുഞ്ഞുങ്ങളും ഈ കാവിലുണ്ട്. അവരോടൊപ്പം അല്‍പ്പസമയം ഞാന്‍ ചെലവഴിച്ചോട്ടെ." 

അയാളെന്നെ നോക്കി യാചിച്ചുകൊണ്ട് സര്‍പ്പവിഗ്രഹത്തിനു മുന്നില്‍ കത്തിക്കൊണ്ടിരുന്ന നിലവിളക്ക് ആ പാറക്കെട്ടിന്‍റെ മുന്നില്‍ കൊണ്ടുവന്നു വച്ചു. ചുവന്നു കലങ്ങിയ ആ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ രണ്ടരുവിപോലെ ഒഴുകി കവിളിലൂടെ നീട്ടി വളര്‍ത്തിയ താടി രോമങ്ങള്‍ക്കിടയിലൂടെ പാറക്കഷ്ണങ്ങളുടെ മുകളില്‍ വീണു ചിതറി.

ഞാന്‍ വിങ്ങുന്ന ഹൃദയവുമായി മെല്ലെ മെല്ലെ ആ സര്‍പ്പക്കാവിനു വെളിയിലേയ്ക്കു നടന്നു... ആ വൃദ്ധന്‍റെ വേദന എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഹൃദയത്തിനുള്ളില്‍ അതു വല്ലാത്തൊരു മുറിവായി. 

വീട്ടിലെത്തിയ ഞാന്‍ അസ്വസ്ഥനായിരുന്നു.

രക്തമൊഴുകാതെ നേടിയ സ്വാതന്ത്ര്യമാണ് ഇന്ത്യയുടേതെന്നു ചരിത്രം കൊട്ടിഘോഷിക്കുന്നതു വെറുതെയാണ്. ആയിരങ്ങളുടെ ചോരയുടേയും ത്യാഗത്തിന്‍റേയും ജീവന്‍റേയും വിലയാണു ഇന്ത്യയുടെ സ്വാതന്ത്ര്യം.. !

കിഴക്കേ മാനം വിളറി വെളുത്തു...

ഞാന്‍ പെട്ടെന്നു കിടക്കയില്‍നിന്നും ഞെട്ടിയുണര്‍ന്ന്‍ മെല്ലെ വെളിയിലേയ്ക്കിറങ്ങി.

ദൂരെ സര്‍പ്പക്കാവിനുള്ളില്‍ നിലവിളക്കു കത്തുന്നുണ്ട്...

പ്രഭാതഗീതം പാടി ആകാശത്തിലേക്കു പറന്നുയരുന്ന പക്ഷികള്‍. ഞാന്‍ സര്‍പ്പക്കാവിന്നടുത്തേയ്ക്കു നടന്നു.

ഒരു വല്ലാത്ത ദുര്‍ഗന്ധം. എങ്കിലും ഞാന്‍ മുന്നോട്ടു നടന്നു ചെന്നു.

സര്‍പ്പക്കാവിനുള്ളിലെ ചിതറിക്കിടന്ന പാറക്കഷ്ണങ്ങള്‍ക്കു മുന്നില്‍ കത്തിയെരിയുന്ന നിലവിളക്ക്. അതിനുമുന്നില്‍ എല്ലാം മറന്നുറങ്ങുന്ന വൃദ്ധന്‍.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്തിയ ആ വലിയ മനുഷ്യന്‍ യാത്രയായിരിക്കുന്നു. തന്‍റെ  ഭാര്യയുടേയും കുഞ്ഞുങ്ങളുടേയുമൊപ്പം പുതിയൊരു ലോകത്തേയ്ക്ക്.
 
ശ്വാസോച്ഛ്വാസം നഷ്‌ടമായ ആ ശവശരീരം ഞാന്‍ ഇമവെട്ടാതെ നോക്കിനിന്നു. പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്: അയാളുടെ കൈയ്യില്‍ ഒരു വെളുത്ത കടലാസ്സ്‌. അതില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു...

" 'ഇന്ന് അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍...., ലോകം ഉറങ്ങിക്കിടക്കുമ്പോള്‍‍...., ഇന്ത്യ ജീവിതത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, ഉണര്‍ന്നെഴുന്നേല്‍ക്കും. നാം പഴയതില്‍നിന്നും പുതിയതിലേയ്ക്കു ചുവടുവയ്ക്കുന്ന, ഒരു യുഗമവസാനിയ്ക്കുന്ന, രാഷ്ട്രത്തിന്‍റെ നെടുനാള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആത്മാവിന്‍റെ ശബ്ദമുയരുന്ന നിമിഷം വരുന്നു. ചരിത്രത്തില്‍ അപൂര്‍വമായി മാത്രം വരുന്ന ഈ നിമിഷം.....'  ജവഹര്‍ലാല്‍ നെഹ്രു, ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍, ന്യൂഡല്‍ഹി, 1947 ആഗസ്റ്റ്‌ 14-ന്.

അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്‍റെ ആത്മാവിന്‍റെ ശബ്ദം മാത്രമേ ഞങ്ങള്‍ക്കു കണ്ടെത്താനായുള്ളൂ... ഇന്ന് ഇവിടെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നതു രാഷ്ട്രമല്ല. മനുഷ്യനാണ്... ജാതിയുടേയും മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും അടിമകള്‍. ഇനി നിങ്ങളാണ് നിങ്ങളുടെ സ്വാതന്ത്ര്യം കണ്ടെത്തേണ്ടത്. ഞങ്ങള്‍ ജീവനും, രക്തവും കൊടുത്തു നേടിയ സ്വാതന്ത്ര്യം, ഞങ്ങള്‍ മനസ്സില്‍ കണ്ട സ്വതന്ത്രരാഷ്ട്രം, സ്വതന്ത്ര ഇന്ത്യ, ഇതായിരുന്നില്ല. മനുഷ്യന്‍ മനുഷ്യനായി ജീവിക്കുന്ന, മനുഷ്യനെ മനുഷ്യന്‍ മനുഷ്യനായിത്തന്നെ കാണുന്ന ഒരു രാഷ്ട്രം.. ഒരിന്ത്യ. അടിമത്വത്തില്‍നിന്നും മോചനം നേടിയിട്ട് അര നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രഇന്ത്യ ആയിട്ടില്ല....ജനത സ്വതന്ത്രരായിട്ടില്ല...

ഞങ്ങള്‍ സഹിച്ച വേദനകള്‍ക്കും ത്യാഗങ്ങള്‍ക്കും അല്‍പ്പമെങ്കിലും വിലയോ, സ്നേഹമോ, നല്‍കുന്നുവെങ്കില്‍ സ്വതന്ത്രഭാരതത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇനിയൊരു സമരത്തിന്‌ വഴിയൊരുക്കുക. രാഷ്ട്രീയത്തിനോ, മതത്തിനോ, ജാതിയ്ക്കോ അടിമപ്പെടാത്ത പുതിയൊരിന്ത്യയ്ക്കു വേണ്ടി, ഒരു സ്വതന്ത്രഭാരതത്തിനു വേണ്ടി, സ്വതന്ത്രഇന്ത്യയിലെ, ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം.

എന്നു മേനോന്‍..."

ഞാന്‍ ആ അക്ഷരങ്ങളിലേക്കു സൂക്ഷിച്ചു നോക്കി നിശബ്ദനായി നിന്നുപോയി  ‌.

അകലെ ഏതോ കവലയിലെ റേഡിയോയില്‍നിന്നും ഒഴുകിയെത്തിയ മഹാകവി വള്ളത്തോളിന്‍റെ വരികള്‍ ആ സര്‍പ്പക്കാവിന്‍റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

"സ്വാതന്ത്ര്യം തന്നെ അമൃതം,
 സ്വാതന്ത്ര്യം തന്നെ ജീവിതം, 

 പാരതന്ത്ര്യം മാനികള്‍ക്ക് 
 മൃതിയേക്കാള്‍ ഭയാനകം..."

കനവുകള്‍ ..

  
ദിക്കുകള്‍ കൂട്ടികെട്ടാന്‍
ആകാശ ദൂരങ്ങള്‍ താണ്ടി
കണ്ണുനീരിഴകള്‍ കൊണ്ടൊരു
സ്നേഹപാശം മുറുകി
കാറ്റു കുതിച്ചു പായുമ്പോള്‍

ഭ്രമിച്ച കന്യാവനങ്ങളിലും ,
മോഹിച്ച കണ്‍തടങ്ങളിലും
കവിത വരണ്ടുണങ്ങി
കരയുന്നുണ്ട്

എന്‍റെ പ്രണയമേ
നീ എവിടെയാണ്
ഒരു കുളിര്‍ കാറ്റായി
ആത്മാവിലെക്കൂര്‍ന്നിറങ്ങാന്‍
എന്റെ നാവിന്‍ തുമ്പില്‍
മധുരം പകരുന്ന
ഒരു വാക്കുപോലുമില്ല

മധുര ഹര്‍ഷയായി
നിന്നെ പാടി ഉണര്‍ത്താന്‍
ചുണ്ടില്‍ ഒരു വരി പോലുമില്ല
കവിത ..

 എന്‍റെ പുഴ
തണുത്തുറഞ്ഞു ശിലയാകുന്നു
കടല്‍ നീലിച്ചു നീലിച്ചൊരു
കനവാകുന്നു...

Sunday 13 May 2012

ഭൂമി ചെറുതാകുകയാണ്

                                                                  
സ്വയം ഭ്രമിച്ചു
എന്നെ ഭ്രമണം ചെയ്തു
ചിന്തകളില്‍
തേഞ്ഞു മാഞ്ഞു ....
എന്റെ  ഭൂമി ചെറുതാകുകയാണ്

സ്വപ്ന പഥങ്ങളില്‍
ധവള രൂപങ്ങള്‍ തിരഞ്ഞു
നിശാന്ധത പുണര്‍ന്നൊരു
ലോഹകൂടിനുള്ളില്‍ .
തീകാറ്റു വീശുമ്പോള്‍
സ്വയം ഭ്രമിച്ചു
ഭ്രമണം ചെയ്തു
നീയെന്നില്‍ തേഞ്ഞു തീരുന്നൂ

ഭൂമി ചെറുതാകുകയാണ്
സൂര്യ മുഖം ചുരത്തുന്ന
ഊര്‍ജ്ജ രേണുക്കളെ
ഉദര പാളികളില്‍
കടം കൊണ്ട്
ഋതു ഭേദങ്ങളുടെ
ചാക്രിയ ശോഭകളില്‍
ഉദയങ്ങള്‍ കൊതിച്ചു

വളയാതെ പുളയാതെ
എന്നെ വലം വച്ച് വലം വച്ച്
എന്റെ  ഭൂമി ചെറുതാകുകയാണ്.
  

മൊബൈല്‍ ഫോണ്‍


ജിവിതത്തെ
പത്തക്കങ്ങളിലൊതൂക്കി 
സ്വപനങ്ങളെ
മെസേജ് ബോക്സില്‍
തുറന്നിട്ട് 
ചിന്തകളെ
ചുടപ്പംപോലെ
സെന്റ്‌ ചെയ്ത്

പെരുവിരല്‍ത്തുമ്പില്‍
നീയുണ്ടായിരുന്നിട്ടും
നടുവിരല്‍ കൊണ്ടാവളുടെ
നമ്പര്‍ ഞെക്കി
ചെവി പൊള്ളിക്കുന്ന
രതിഘോഷങ്ങള്‍ക്കൊടുവില്‍
സ്‌ഖലിച്ച് തിരുമ്പോള്‍
കാള്‍ വൈയിറ്റിംഗിലെത്രയെത്ര
എണ്ണമറ്റ മിസ്‌കാളുകള്‍
ഒടുവില്‍ കൈ വഴുതി
ചുടു ചായയ്ക്കുള്ളില്‍
വീണവന്റെ
ഹാന്‍സെറ്റ്  പൊള്ളിയപ്പോള്‍
മാഞ്ഞുപോയ അക്കങ്ങളില്‍
ജിവിതം പ്രതിക്ഷയറ്റൊരു
തീപ്പന്തമായി  ജ്വലിക്കുന്നു..

'ഓ' ഫിദല്‍


സൈബീരിയയുടെ
കുളിര്‍ മൂടിയ
മലയാടിവാരത്തു
സഖാവ്:ഗോര്‍ബച്ചേവ്
ഇരകോര്‍ത്ത ചൂണ്ടയുമായി
തണുത്തു വിറച്ചു
പെരുമീനുകളെ തിരയുന്നു


തിരസ്ക്കരിക്കപ്പെട്ട മനുഷ്യത്വം
ശേഷിപ്പുകളുടെ
ശവദാഹം കഴിഞ്ഞു
ഒരധിനിവേശ കാറ്റ്
വടക്കോട്ട്‌ ആഞ്ഞു വീശിയിട്ടും

'ഓ' ഫിദല്‍
ഇപ്പോഴും നീ തന്നെ സൂര്യന്‍
ഇനി ശൈത്യ രക്തമൊഴുകുന്ന
ഈ താന്തോന്നികളുടെ
ഹൃദയത്തിലേക്കൊരു
സന്ദേശമയക്കു..

ചിക്കാഗോയിലെ
രണസ്മാരകങ്ങളില്‍
മുന്നേ പുഷ്പ്പിച്ച
ചോര പൂക്കളെ
'വാള്‍സ്ട്രീട്ടിന്‍റെ '
ആത്മാവിലെക്കെറിയാന്‍
അവരോടു കല്‍പ്പിക്കൂ

'ഓ' ഫിദല്‍ കോടാനുകോടി
ചുവന്ന നക്ഷത്ര കണ്ണുകള്‍
എന്നോട് മന്ത്രിക്കുന്നൂ
അവര്‍ക്കൊന്നെ സൂര്യനുള്ളത്രേ

ഫിദല്‍ അത് നീയാണ്
നീ മാത്രം ...

ജന്മ്മദിനം

 

                                                            പണ്ടു... ഞാന്‍ 
അച്ഛന്‍ നല്‍കിയ 
പുത്തനുടുപ്പണിഞ്ഞു 
അമ്മ നല്‍കിയ 
സ്നേഹ ചുംബനവും വാങ്ങി 
ചേച്ചി നല്‍കിയ
കേക്കിന്‍റെ മധുരവും നുകര്‍ന്ന് 
ബന്ധുക്കള്‍ നല്‍കിയ 
സമ്മാനപ്പൊതികളും വാങ്ങി 
കൂട്ടുകാര്‍ പാടിയ 
ഹാപ്പി ബേര്‍ത്ത് ഡേ പാട്ടിനൊപ്പം 
ആനന്ദ നൃത്തം ചെയ്തൊരു 
രാജകുമാരന്‍ 

ഇന്നു ...ഞാന്‍ 
ആശകളില്ലാത്ത ലോകത്തില്‍  
നിറങ്ങളില്ലാത്ത ജീവിതത്തിലെ  
ചെങ്കോലും കിരീടവും ഇല്ലാത്ത 
വെറുമൊരു രാജകുമാരന്‍ 

കണ്ണുനീര്‍ ഉപ്പില്‍ 
ചാലിച്ച ഓര്‍മ്മയില്‍ 
നിറം മങ്ങിയ
ജിവിതത്തിലേക്കിതാ 
ഓടിക്കിതച്ചെത്തി    
വീണ്ടുമൊരു ജന്മനാള്‍ 

ആശകളില്ലാത്ത 
പ്രതീക്ഷകളില്ലാത്ത  
സ്വപ്നങ്ങളില്ലാത്ത 
ജീവിതത്തിലേക്കിതാ 
വീണ്ടുമെത്തുന്നു 
ജന്മദിനങ്ങളോരോന്നായി   

നഷ്ട്ടസ്വപ്നങ്ങളില്‍
കണ്ണീരൊഴുക്കി 
ദുഃഖസാഗരത്തില്‍ 
നീന്തിത്തളര്‍ന്നു 
കരതേടിയൊഴുകുകയാണീ 
ഞാനെന്ന ജീവിതനൌക  

എങ്കിലും ഞാനെന്‍റെ 
മനസ്സിന്‍റെ അടിത്തട്ടില്‍
ഒളിപ്പിച്ചു വച്ചൊരാ 
ഓര്‍മ്മയില്‍ നിന്നും 
കൊണ്ടാടി ഞാനെന്‍റെ 
ജന്മദിനം 

നാളെ ...ഞാന്‍
അടുത്ത ജന്മ 
ദിനമിങ്ങെത്തും മുന്‍പ് 
ആകാശ വീഥിയില്‍ 
മിന്നിത്തിളങ്ങുമൊരു 
ദിവ്യനക്ഷത്രമായി 
മാറാന്‍ കഴിഞ്ഞെങ്കില്‍

Saturday 5 May 2012

പ്രണയ മഴ



മഴ പെയ്യുകയാണ് ...

മിന്നല്‍ മുനകളാല്‍
മുറിവേറ്റ മുഖങ്ങളില്‍,
മേഘതലോടലേറ്റ്
പൊഴിഞ്ഞു വീഴുന്ന
നിഴല്‍ പക്ഷിയുടെ
തൂവല്‍ തുടുപ്പുകളില്‍

മഴ പെയ്യുകയാണ് ...

ഉഷ്ണ സന്ധ്യകളുരുകി
യൊഴുകിയ ...
മോഹ പുഴയുടെ
വറുതി തടങ്ങളില്‍
ഇരുള്‍ മൂടിയ
ഗ്രീഷ്മ സ്വപ്നങ്ങളുടെ
പൊള്ളുന്ന
പകലരുതികളില്‍
വൃണിത ഹൃദയം
ചുരത്തുന്ന
പുഴവേഗങ്ങളുടെ
നീലിച്ച ഞരമ്പുകളില്‍
മഴ പെയ്യുകയാണ് ....

പ്രതീക്ഷകളുടെ
നീലാകാശങ്ങളില്‍
പ്രണയത്തിന്‍റെ
വിശുദ്ധതീരങ്ങളില്‍
മഴ പെയ്യുകയാണ് ....

കാറ്റിന്‍റെ കൈകളില്‍
ഊഞ്ഞാലാടി
കാടിന്‍റെ  ദാഹങ്ങളെ
ഉമ്മവച്ചുനര്‍ത്തി
കടലിന്‍റെ ഹൃദയത്തിലേക്ക്
ഒഴുകിയലിയാന്‍

മഴ പെയ്യുകയാണ് ...
പ്രളയ വാഹിനിയായ
പ്രണയ മഴ...

തിരിച്ചറിവ്..

  
പരിഭവം പറയാന്‍
തിരിഞ്ഞു നടന്നപ്പോള്‍
സമയമെന്‍
പിന്നില്‍ വേലികെട്ടി,

കുറ്റബോധങ്ങളില്‍
പാതതെളിഞ്ഞപ്പോള്‍
കാലമെന്‍ മുന്നില്‍
 കടന്നുപോയി,

നഷ്ടസ്വര്‍ഗ്ഗങ്ങള്‍
തിരിച്ചുകിട്ടില്ലെന്ന
സത്യമെന്‍ മനസ്സില്‍
തെളിഞ്ഞു വന്നു...

കൊഴിയാറായ
സുമത്തിനുമൊരു
കലികയാകാന്‍
കൊതിതോന്നുമെന്നും,

വാടിയുണങ്ങിയ
ദലത്തിനുമൊരു
തളിരാകുവാന്‍
മോഹമുണ്ടെന്നും,

ആമോദനാളുകള്‍
മായുമ്പോള്‍
നമ്മിലാ
ബാല്യങ്ങളോടി
ക്കളിയ്ക്കുമെന്നും.

നൊമ്പരമാര്‍ക്കും
സമ്മാനിയ്ക്കരുത് നാം 
തിരിച്ചെടുക്കാന്‍
കഴിയിയാത്തതല്ലോ,

ദുഖങ്ങള്‍
സ്വയമനുഭവിക്കേണം
ഭൂമിയില്‍
പങ്കിടാനാരും വരില്ലല്ലോ

സന്തോഷം ഭവിയ്ക്കുമ്പോള്‍
തേടിവരുന്നോര്‍ക്ക് ലേശവും
നാമതു നല്കില്ലല്ലോ ...

എന്ന്.., നന്ദുവേട്ടന്‍റെ സ്വന്തം ലക്ഷ്മി. (കഥ)

27/1/2010
ന്യൂഡല്‍ഹി

ലക്ഷ്മിക്കുട്ടിക്ക്,
വിലാസം എനിക്കറിയില്ല..
ഒരു പക്ഷേ  ഈ കത്തു കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും മറുപടി തരണം.
നന്ദു ഇന്നലെ എന്നെക്കാണാന്‍ വന്നിരുന്നു. ഇന്നയാള്‍ എന്‍റെ പേഷ്യന്‍റാണ്. കഴിഞ്ഞ ആഴ്ചയില്‍ അയാള്‍ ഇവിടെ അഡ്മിറ്റ്‌ ആയിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് അയാളുടെ ഡയറി എനിയ്ക്കു കിട്ടിയത്. മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണെന്നറിയാം. പക്ഷെ നന്ദു എന്‍റെ പേഷ്യന്‍റായതിനാലും അയാളുടെ പൂര്‍വകാലം എനിക്ക് അറിയാന്‍ താല്പര്യമുണ്ടായിരുന്നതിനാലും ആ ഡയറി എനിക്കു വായിക്കേണ്ടി വന്നു. ഒരു പച്ചയായ മനുഷ്യന്‍റെ കുറെ നൊമ്പരങ്ങള്‍ . വെറുതെ വാശിയുടെ പേരില്‍ ജീവിതം നശിപ്പിച്ച രണ്ടു ജന്മങ്ങള്‍ . നന്ദുവിന്‍റെ ഡയറിയില്‍ നിന്നും നിങ്ങളുടെ ജിവിതത്തെപ്പറ്റി എനിക്കതാണു മനസ്സിലായത്.
ലക്ഷ്മി ഒന്നു മനസ്സിലാക്കണം. നന്ദു നിരപരാധിയാണ്. ഇന്നയാള്‍ അവശനുമാണ്.കോടതി വിധി എന്തുമായിക്കൊള്ളട്ടെ നന്ദുവിനിന്ന്‍ ലക്ഷ്മിയുടെ സ്നേഹം ആവശ്യമാണ്. ഇതൊരു അപേക്ഷയായി കരുതി ഇതിനു മറുപടി നന്ദുവിന്‍റെ വിലാസത്തില്‍ അയക്കുക. ഇതൊരു ഡോക്ടറുടെ അപേക്ഷയായി കരുതുക.

നന്ദുവിന്‍റെ വിലാസം ഇവിടെ ചേര്‍ക്കുന്നു. ....

സ്നേഹപൂര്‍വ്വം
Doctor
ന്യൂറോ സര്‍ജന്‍
ന്യൂഡല്‍ഹി



30 /1 /2010
തിരുവനന്തപുരം
നന്ദുവേട്ടന് ,
എന്‍റെ നന്ദുവേട്ടനു എന്താ പറ്റിയത്?
ഇന്നു ഡോക്ടറുടെ കത്തുണ്ടായിരുന്നു. എന്തായിരുന്നാലും എനിയ്ക്കൊരു മറുപടി തരണം. ഞാന്‍ കാത്തിരിക്കും. കഴിഞ്ഞതെല്ലാം ശരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ നന്ദുവേട്ടനില്ലാതെയുള്ള ജീവിതം എനിക്കു വിവരിക്കാന്‍ കഴിയില്ല. ഏതോ ഒരു നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റു നമ്മുടെ വിവാഹമോചനം വരെ എത്തിച്ചു. കോടതിയില്‍ നിന്നും ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴെങ്കിലും നന്ദുവേട്ടനു എന്നോടു നടന്ന കാര്യങ്ങള്‍ തുറന്നു പറയാമായിരുന്നു. എന്‍റെ നേര്‍ക്കു കൈയൊന്നു നീട്ടിയിരുന്നെങ്കില്‍ ഞാന്‍ ഓടിവരുമായിരുന്നു.... 
ഏട്ടാ, ഞാനെന്തു തെറ്റാണു ചെയ്തത്? ഞാനേട്ടനെ ഹൃദയം തുറന്നു സ്നേഹിച്ചില്ലേ? എവിടെയാണു ഞാന്‍ പരാജയപ്പെട്ടത്‌. എന്‍റെ  ഹൃദയം നിറയെ ഏട്ടനായിരുന്നു. എന്‍റെ ഓരോ ശ്വാസത്തിലും ഏട്ടന്‍റെ ഗന്ധമായിരുന്നു. എന്‍റെ ഓരോ നിമിഷവും ഏട്ടന്‍റേതായിരുന്നു.... പക്ഷെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി. എത്രയോ രാത്രികള്‍ ഞാന്‍ ആരുമറിയാതെ കരയുകയായിരുന്നു. പലപ്പോഴും ഏട്ടന് എന്നോടുള്ള സ്നേഹം കുറയുംപോലെ എനിക്കു തോന്നി. ഒരുപക്ഷെ അത് വെറും തോന്നലായിരുന്നിരിയ്ക്കാം. നന്ദുവേട്ടന്‍റെ സന്തോഷം മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. ഏട്ടന്‍റെ മനസ്സില്‍ ഞാന്‍ മാത്രമേ പാടുള്ളു എന്നാഗ്രഹിച്ചതു തെറ്റാണോ? പലപ്പോഴും ഇതിന്‍റെ പേരില്‍  ഞാന്‍ വഴക്കിട്ടപ്പോഴെല്ലാം ഏട്ടന്‍ ഒഴിഞ്ഞു മാറുകയായിരുന്നില്ലേ?
അവസാനം ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വിവാഹമോചനം. അവിടെയും ഏട്ടന്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു. അതില്‍ ഒപ്പുവയ്ക്കാതെ ഒഴിഞ്ഞുപോകും എന്നാണ് ഞാന്‍ കരുതിയത്‌. പക്ഷേ "നിന്‍റെ ഒരാഗ്രഹത്തിനും ഞാനെതിരല്ല" എന്നു പറഞ്ഞ് ഒപ്പിടുകയായിരുന്നു. ആ നിമിഷം ഞാന്‍ തകര്‍ന്നുപോയി. ഒരുമിച്ചു ജീവിക്കേണ്ട നമ്മള്‍ രണ്ടു സമാന്തര രേഖകളെപ്പോലെ ഒരിക്കലും ഒരുമിക്കാതെ അനന്തതയിലേയ്ക്കു നടന്നു പോകുകയല്ലേ ചെയ്തത്?. ഒക്കെ കഴിഞ്ഞ കഥകള്‍ .
എന്‍റെ  ഏട്ടന് എന്താ പറ്റിയത്?
മറുപടി അയക്കണം.


സ്നേഹപൂര്‍വ്വം.
ലക്ഷ്മി.


4 / 2 / 2010
കൊച്ചിന്‍

എന്‍റെ  ലക്ഷ്മിക്കുട്ടിക്ക്,
മോള്‍ക്കു സുഖമെന്നു കരുതുന്നു. നീയെന്നും എന്നെ കുറ്റപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളു. എന്‍റെ  സ്നേഹം നീ കണ്ടില്ല. എന്‍റെ  മനസ്സു നീ കണ്ടില്ല. ആരോ പറഞ്ഞ കെട്ടുകഥകള്‍ കേട്ട് നീയവ വിശ്വസിച്ചു. എന്നെ മനസ്സിലാക്കാനോ എന്‍റെ  ഭാഗം ചിന്തിക്കാനോ നീ ശ്രമിച്ചില്ല, അതല്ലേ സത്യം?
സ്നേഹ, അതായിരുന്നല്ലോ നിന്‍റെ വിഷമം. അനാഥാലയത്തില്‍ വളര്‍ന്ന ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. വെറും സുഹൃത്തുക്കള്‍ മാത്രം. അനാഥനായ എന്‍റെ  ജീവിതത്തിലേക്കു നീ കടന്നു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ആ കുട്ടിയായിരുന്നു. ആരും അറിയാതെ മനസ്സില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ദുഖം ഞങ്ങള്‍ക്കുണ്ടായിരുന്നു. നിന്നോടു പലപ്പോഴും ഞാന്‍ പറയാന്‍ ശ്രമിച്ചു. പക്ഷെ സ്നേഹയുടെ പേരു കേള്‍ക്കുമ്പോള്‍ നീ പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷെ നീ ഇനിയെങ്കിലും അതറിയണം. നമ്മുടെ വിവാഹത്തിനു മുമ്പ്‌ എനിക്കും സ്നേഹക്കും മാത്രമറിയാവുന്ന ഒരു സത്യമുണ്ട്. സ്നേഹ ഒരു കാന്‍സര്‍ രോഗിയായിരുന്നു. ഞാന്‍ അവളുടെ സുഹൃത്തു മാത്രമായിരുന്നില്ല അവളുടെ സഹോദരന്‍ കൂടിയായിരുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷെ നിന്‍റെ സന്തോഷത്തേക്കാള്‍ കൂടുതല്‍ ഞാന്‍ വില കല്‍പ്പിച്ചത് അവളുടെ ജീവന്‍ ആയിരുന്നു.
നീ കോടതിയില്‍ തെളിവുകള്‍ നിരത്തി വാദിച്ചതെല്ലാം സത്യമാണ്. ഞാന്‍ പലപ്പോഴും സ്നേഹയേയും കൂട്ടി തിരുവനന്തപുരത്തു പോയിട്ടുണ്ട് പക്ഷേ അതു ആര്‍ സി സി ഹോസ്പിറ്റലിലെ ചികില്‍സയ്ക്കു വേണ്ടിയായിരുന്നു. ഹോട്ടലില്‍ ഞങ്ങള്‍ റൂം എടുത്തിട്ടുണ്ട്. ഒരുമിച്ചൊരു മുറിയില്‍ താമസിച്ചിട്ടുമുണ്ട് ... ഞാന്‍ ഒന്നും നിഷേധിക്കുന്നില്ല..
ലക്ഷ്മീ, ഇന്നു സ്നേഹ എന്‍റെ കുഞ്ഞു പെങ്ങള്‍ , എന്‍റെ കളിക്കൂട്ടുകാരി ജീവിച്ചിരിപ്പില്ല. ദൈവം അവളെ കൂട്ടിക്കൊണ്ടുപോയി, രണ്ടു വര്‍ഷംമുമ്പ്.......
കൂടുതല്‍ എഴുതുന്നില്ല.... നിനക്കു സുഖമെന്നു കരുതുന്നു  
നിന്‍റെ സന്തോഷത്തിനു വേണ്ടി, നന്മക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്...

സസ്നേഹം
നന്ദു                                                                                  8/2/2010  
                                                                               തിരുവനന്തപുരം                                                                                      
എന്‍റെ നന്ദുവേട്ടന്,
എല്ലാം ഞാനറിഞ്ഞതു വളരെ വൈകി ആയിരുന്നു. കോടതിയില്‍ വിവാഹമോചനം അനുവദിച്ചെങ്കിലും സത്യമറിഞ്ഞപ്പോള്‍ ഞാനോടി വന്നിരുന്നു. അപ്പോഴേക്കും നന്ദുവേട്ടന്‍ ജോലി ഉപേക്ഷിച്ച് അവിടം വിട്ടു പോയിക്കഴിഞ്ഞിരുന്നു. എവിടൊക്കെ ഞാന്‍ തേടിനടന്നു! നന്ദുവേട്ടന്‍റെ സുഹൃത്തുക്കളോടു തിരക്കി. പക്ഷെ ആര്‍ക്കും അറിയില്ലായിരുന്നു.
നീണ്ട ആറുവര്‍ഷങ്ങള്‍ ...
നന്ദുവേട്ടാ, ആ മുഖമൊന്നു കാണാന്‍ , ആ ശബ്ദമൊന്നു കേള്‍ക്കാന്‍ എത്ര നാളായി കൊതിക്കുന്നുവെന്നറിയുമോ?
മാപ്പ്..... എന്നോടു ക്ഷമിക്കില്ലേ? എല്ലാറ്റിനും മാപ്പ്...
ഏട്ടനു കഴിയുമെങ്കില്‍ ഒന്നിവിടെ വരെ വരുക. എനിക്ക് ഒരു നോക്കു കാണണം. എന്‍റേട്ടനു വേണ്ടി നമ്മുടെ വീടിന്‍റെ വാതിലും എന്‍റെ ഹൃദയവും എന്നും തുറന്നിട്ടിരിക്കുകയാണ്. അവിടെ വരെ വന്നു ഏട്ടനെ കാണുവാന്‍ എനിക്കു കഴിയില്ല. ദയവായി എന്നെ മനസ്സിലാക്കുക. മടങ്ങിവരുക എന്‍റെ  ജീവിതത്തിലേയ്ക്ക്...


എന്ന് ....
നന്ദുവേട്ടന്‍റെ  സ്വന്തം
ലക്ഷ്മി.
                                                                                                                                                                                                                 
14 / 2/ 2011
തിരുവനന്തപുരം
ഡോക്ടര്‍ക്ക്‌ .....
എങ്ങനെ നന്ദി പറയണം എന്നു  ഞങ്ങള്‍ക്കറിയില്ല. എന്‍റെ ലക്ഷ്മിയെ എനിയ്ക്കു തിരികെ കിട്ടി. അവള്‍ ഇന്നു രോഗശയ്യയിലാണ്. ഡോക്ടറുടെ സേവനം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ആവശ്യമാണ്. എത്രയും വേഗം ഞങ്ങള്‍ ഡോക്ടറെ കാണാന്‍ വരുന്നുണ്ട്. ഒന്നു സത്യമാണ്.... ഞങ്ങള്‍ പരസ്പരം സ്നേഹിച്ചിരുന്നു......ഒരുപാടൊരുപാട്.... ഞങ്ങളിന്നു പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുകയാണ്. സ്നേഹത്തിന്‍റെ, വിശ്വാസത്തിന്‍റെ ആത്മാര്‍ത്ഥമായ ദാമ്പത്യജീവിതത്തിലേയ്ക്ക്.


സ്നേഹത്തോടെ ...
നന്ദുവും, ലക്ഷ്മിയും.

വഴികള്‍

തെക്കിനിയില്‍ നിന്നും
വളഞ്ഞും പുളഞ്ഞും
കണ്ണെത്താ
കരയിലേക്കൊരു
വഴി നീണ്ടു കിടപ്പുണ്ട്
 
നൊന്തു നൊന്തു
പിടഞ്ഞപ്പോഴും
വയറോഴിയുന്ന
വിലയറ്റ മുത്തിനെ
പുണരാന്‍
തവിച്ചു തൂവിയൊരു
മാതൃഹൃദയത്തെ
ഏതു തിരിവിലാണ്
ഞാന്‍ ഉപേക്ഷിച്ചത്

വഴിവക്കിലെവിടെയോ
ആത്മതൃഷ്ണകളെ
അരൂപിയായൊരു
മൌനപൂട്ടില്‍ തിരുകി
ചിരിച്ചു
കളികുന്നുണ്ടൊരു ബാല്യം

തുലാവര്‍ഷങ്ങളില്‍
ആത്മ്ഹര്‍ഷയായി
വൃചികകാറ്റിന്‍റെ
കൈകളിലേറി വരുന്നൊരു
ശരണഘോഷം
ഏതു വളവില്‍ വച്ചാണ്
ഹിമാപുതപ്പുമൂടിയെന്‍
ഹൃദയം കുളിര്‍പ്പിച്ചത്

പ്രണയത്തിന്‍റെ 
പ്രളയ വേഗങ്ങള്‍
ഒലിച്ചുപോയ
കൈവഴികളില്‍ ,
വാത്സല്യത്തിന്‍റെ
ചൂണ്ട് വിരല്‍
തുമ്പില്‍ തൂങ്ങി
പിച്ചനടന്ന ചെമ്മണ്‍
വഴികളില്‍ എവിടെയോ
കളഞ്ഞു പോയൊരു ബാല്യം ..

ഓര്‍മകളെ തിരസ്ക്കരിച്ചു
ഉണരുന്നതൊരു
"ഹെയര്‍ പിന്‍ "
വളവിലേക്ക്
മുന്നില്‍ നീണ്ടു നിവര്‍ന്നു
കിടകുന്നുണ്ടൊരു
നാലുവരി പാത

ജീവിതമിപ്പോള്‍
കുതറി പിടയുന്നുണ്ട്‌ ...
കൊതിച്ചു കരയുന്നുണ്ട്
വഴിമാറി കാട്ടുവഴികളിലൂടെ
ഓടി അകലങ്ങളില്‍ മറയാന്‍

ജാലകം

എന്‍റെ ജാലക വാതില്‍
പാളിയോന്നില്‍
നി വരച്ചിട്ട ചിത്രം
വിഷാദ വര്‍ണ്ണങ്ങളില്‍
ചാലിച്ചെഴുതിയൊരു
നൊമ്പര ഗീതിപോലെ
എന്‍റെ പ്രാണനെ
പൊള്ളിച്ച്
ചിരിക്കുകയാണിപ്പോള്‍,

തുറന്നിട്ട വാതില്‍
പഴുതുകളിലൂടെ
കാറ്റിപ്പോള്‍ കുതിച്ചെത്തുന്നില്ല.
ഉദ്യാനങ്ങളിലുണര്‍ന്നെണിറ്റ
ഉണ്ണിപ്പുക്കളിപ്പോള്‍
സുഗന്ധം
കൊടുത്തയക്കുന്നുമില്ല.

അകലെ മലമുകളിലെ
മരക്കൊമ്പത്തിരുന്നു
രാപ്പാടി പാടിയിട്ടും
രാവ് നിശബ്ദത കൊണ്ടെന്നെ
ഭയപ്പെടുത്തുന്നു

ആകാശച്ചെരുവില്‍
അമ്പിളി പൂത്തിട്ടും
നിലാവ് എത്തിനോക്കുന്നു
പോലുമില്ല .

ഭാഗ്യം
ഹൃദയത്തിലിരുന്നൊരു
കാലന്‍ കോഴി
കൂവിവിളിക്കുന്നുണ്ട്
ഇനിയീ ജാലക
വാതില്‍ അടച്ച്
മുറിക്കുള്ളില്‍ ഞാന്‍
സുരക്ഷിതന്‍ ആകട്ടേ..

Wednesday 2 May 2012

ഇനിയൊരു ജന്മം കൂടി...


നഷ്ടങ്ങള്‍  ...,
നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില നഷ്ടങ്ങള്‍വളരെ വലുതാണ്.നമുക്കു വേണ്ടപ്പെട്ടവര്‍ ,അടുത്ത ബന്ധുക്കള്‍ ,നമ്മുടെ മാതാപിതാക്കള്‍ ഇവരുടെ വേര്‍പാടു നമുക്കു താങ്ങാന്‍ കഴിയില്ല ...
എന്‍റെ പിതാവ്...,
എന്നെ വളര്‍ത്തി വലുതാക്കി ഉയരങ്ങളിലെത്തിച്ചഎന്‍റെ
പ്രിയപ്പെട്ട അച്ഛന്‍. എനിക്കൊന്നു കണ്ണു നിറയെകാണാന്‍
കഴിയും മുന്‍പു വിട്ടു പിരിഞ്ഞു പോയി .എന്‍റെ പിതാവിന്‍റെ വേര്‍പാടിന്‍റെ ദുഃഖംഎന്നിലേല്‍പ്പിച്ച മുറിവ് ഭയങ്കരമാണ് ...
ചില രാത്രികളില്‍  ...,
ചില രാത്രികളില്‍ എന്‍റെ അച്ഛന്‍റെ ഓര്‍മ്മയില്‍ ഞാന്‍ കരയാറുണ്ട്..,എന്‍റെ ദുഖം, എന്‍റെ വേദന,മറ്റാര്‍ക്കും ഉണ്ടാകരുതേഎന്നു ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്
എന്‍റെ കണ്ണീരാണീ വരികള്‍ ...
ഈ കവിത ...,
ഈ കവിത എന്‍റെ അച്ഛനായിസമര്‍പ്പിക്കുന്നു
"ഇനിയൊരു ജന്മം കൂടി" എനിക്കു ദൈവം തന്നിരുന്നെങ്കില്‍ ... 
എന്‍റെ പ്രിയപ്പെട്ട അച്ഛന്‍റെമകനായി ജനിക്കാന്‍ കഴിഞ്ഞെങ്കില്‍ ....

         
                                                          ഇനിയൊരു ജന്മം കൂടി ...,  








ഇനിയൊരു ജന്മം കൂടി ...,

നിശാ സുഗന്ധികള്‍ വിടരും യാമം
ഈ നിശബ്ദശാലീന യാമം
അകലെയാ കുന്നിന്‍ ചെരുവില്‍ 
ഉദിച്ചുയരുന്നൊരാ ചന്ദ്രബിംബം 
വസന്തോദയത്തിലെ പൂക്കളെല്ലാം
കൊഴിഞ്ഞു വീഴുമാ മണ്ണിലപ്പോള്‍ 


എന്‍റെകണ്ണീര്‍ത്തുള്ളിയില്‍  
ഒപ്പിയെടുത്തൊരാ വിഷാദഗീതം പോലെ ...
അകലെയാ..,പുഴയുടെ തീരങ്ങളില്‍
അലിഞ്ഞു തീരുമെന്‍റെ ദു:ഖങ്ങളും
മോഹങ്ങളും മോഹഭംഗങ്ങളും 

ദൂരെയാ കുന്നിന്‍ചരുവില്‍ പുതുതായി
ഉയര്‍ന്നൊരാമണ്‍കൂനയില്‍
നിന്നുയരുന്നൊരെന്‍ ആത്മരാഗം 
എന്‍റെ ഹൃദയത്തിലെ ദു:ഖ ഗീതം 
കണ്ണീരൊഴുക്കി ഞാന് നോക്കുമെപ്പോഴും
എന്‍റെ പിതാവിന്‍റെ ശവകുടീരം,
കണ്‍ചിമ്മിക്കണ് ചിമ്മി നോക്കുന്നതെന്തേ
പ്രിയ നക്ഷത്രങ്ങളേ എപ്പോഴും -നീ
ചൊല്ലുമോ ചൊല്ലുമോ എന്നോടു -നീ
നിങ്ങളിലാരാണെന്‍റെയച്ഛന്‍ 
തേടി ഞാന്‍ തേടി ഞാന്‍ വാനമെല്ലാം
കണ്ടില്ല കണ്ടില്ല എന്‍റെ അച്ഛനെ ഞാന്‍


എന്‍റെ ദൈവങ്ങളേ ഇനിയൊരു
ജന്മം നിങ്ങളെനിക്കു തന്നാല്‍
അതെന്‍റെയച്ഛനോടോപ്പം മതി .
ആ വിരല്‍ത്തുമ്പില്‍ തൂങ്ങിയെന്‍ ജീവിതം
പിച്ച വച്ചതും ഓടിക്കളിച്ചതും


ഹോ ...! എന്‍റെ ദൈവമേ .
എന്തിനീ ക്രൂരത? ഇത്രയും വേദന ...?
എന്തിനീ ജന്മത്തില്‍  എനിക്കു തന്നു
വളര്‍ത്തി വലുതാക്കിയ അച്ഛനിപ്പോള്‍
അകലെയാ മണ്‍കൂനയ്ക്കടിയിലല്ലോ
ഞാനൊന്നു കരഞ്ഞാല്‍, ചുണ്ടൊന്നു വിറച്ചാല്‍
ഓടിയെത്തുന്നൊരെന്നച്ഛാ, എന്റെ പോന്നഅച്ഛാ 
ഇന്നു ഞാന്‍ ഏകനായി പൊട്ടിക്കരയുന്നു
എന്തേ നീ വരുന്നില്ല ആ മാറില്‍,.
ചേര്‍ത്തൊന്നു കെട്ടിപ്പുണരുന്നില്ല 


ഇനി വരില്ല 
വരില്ലെന്നോതുന്നുണ്ടെന്‍റെ മനസ്സെപ്പോഴും.
ഓര്‍മ്മയിലിങ്ങനെ ജീവിച്ചു തീര്‍ക്കാന്‍
ഈ ജന്മം മുഴുവനും നിന്നെയോര്‍ത്തു 
ഇനിയൊരു ജന്മം നിന്‍ മകനായി പിറക്കാന്‍
കണ്ണീരുകൊണ്ടൊരു കവിത രചിച്ചു ഞാന്‍
എന്‍റെ അച്ഛന്‍റെ ഓര്‍മ്മയില് മുങ്ങിക്കുളിച്ചു .

നിശാസുഗന്ധികള്‍ വിടരും
യാമം
ഈ നിശബ്ദ ശാലീന യാമം
ഈ നീലപ്പൂവും വിടരുമീയാമവും
എന്നോടു ചേര്‍ന്നൊരു വിഷാദഗാനം പാടി 
എന്‍റെ കണ്ണീര്‍ക്കവിത മൂളി..

Tuesday 1 May 2012

വെറുതെ കുറെ വരകള്‍ (കഥ)



ഞാന്‍ അവളെ ആദ്യമായി കണ്ടപ്പോള്‍ ...

ഈറന്‍ മേഘങ്ങള്‍ പൂജയ്ക്കുപോകുന്ന ഒരു സന്ധ്യാവേളയില്‍ അവളെ ഞാന്‍ ആദ്യമായി കണ്ടു. അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന നാമജപങ്ങള്‍. നടയ്ക്കല്‍ കത്തിയെരിയുന്ന ദീപങ്ങളുടെ മങ്ങിയ വെളിച്ചത്തില്‍ അവള്‍. വിളക്കും കൈയ്യിലേന്തി മെല്ലെ മെല്ലെ അവള്‍ എന്‍റെ മുന്നിലൂടെ നടന്നു പോയി. അവളെ ആദ്യമായി കാണുമ്പോള്‍ വസന്തോദയത്തിലെ പൊന്നുഷസ്സില്‍ ആകാശത്തു നിന്നും അടര്‍ന്നു വീണ പനിനീര്‍ പൂവിന്‍റെ പരിശുദ്ധി അവള്‍ക്കുണ്ടായിരുന്നു. അവള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നു പോയി. അവളുടെ കണ്ണുകള്‍ എന്‍റെ കണ്ണുകളുമായി കൂട്ടിമുട്ടിയപ്പോള്‍ ആ കണ്ണുകളുടെ പ്രകാശത്തില്‍ ഞാന്‍ ജ്വലിച്ചു പോയി. അവള്‍ എന്‍റെ മുന്നിലെത്തി എന്നോടു ചേര്‍ന്നു നിന്നപ്പോള്‍ സ്നേഹത്തിന്‍റെ ഒരു വസന്തകാലം എന്‍റെ മുന്നില്‍ പൂത്തിറങ്ങിയതു പോലെ എനിയ്ക്കു തോന്നി. ആ തണുത്ത കരങ്ങള്‍ കൊണ്ടെന്നെയൊന്നു സ്പര്‍ശിച്ചപ്പോള്‍ ഒരു പെരുമഴക്കാലം എന്‍റെ മുകളിലൊരു കുളിര്‍ മഴയായി പെയ്തിറങ്ങിയതു പോലെ. ആ നിര്‍വൃതിയില്‍ ഞാന്‍ അലിഞ്ഞു പോയി.


വിണ്ടും ഞാനവളെ കാണുമ്പോള്‍

ഇലത്തുമ്പുകളില്‍ വീഴുന്ന മഴയുടെ സംഗീതം ഞാന്‍ കേട്ടു. എന്‍റെ ഹൃദയതന്ത്രികള്‍ മീട്ടിയ സ്നേഹത്തിന്‍റെ വിശുദ്ധസ്നേഹസംഗീതം അവള്‍ക്കു വേണ്ടിയായിരുന്നു. എന്‍റെ ഹൃദയകോവിലില്‍ എന്‍റെ പ്രണയത്തിന്‍റെ ദേവിയായി, എന്‍റെ പ്രണയിനിയായി അവള്‍ മാറിയിരുന്നു. പ്രഭാതകിരണങ്ങള്‍ ഭൂമിയെ തലോടുന്ന ആ നനഞ്ഞ പ്രഭാതത്തില്‍ വിണ്ടും അവളെന്‍റെ മുന്നിലെത്തി. സ്നേഹം നിറഞ്ഞൊരു പുഞ്ചിരി അവളെനിക്കു സമ്മാനിച്ചു. ആ പുഞ്ചിരിയില്‍ ഞാനലിഞ്ഞില്ലാതായിത്തീര്‍ന്നു. അവളെന്‍റെ അടുത്തെത്തി മെല്ലെ, താഴ്ന്ന സ്വരത്തില്‍ മന്ത്രിച്ചു. എനിക്കു നിന്നെ ഇഷ്ടമാണ്. നിന്നോടൊപ്പം ഈ ജന്മമമല്ല ഇനി ജന്മങ്ങള്‍ ഉണ്ടായാല്‍ ആ ജന്മങ്ങളത്രയും നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ കൊതിക്കുന്നു. പകല്‍ വെളിച്ചവും രാത്രിയിലെ ഇരുട്ടും മാഞ്ഞു പോകാം. പക്ഷെ എനിക്കു നിന്നോടുള്ള സ്നേഹം ഒരിക്കലും മാഞ്ഞു പോകില്ല. ആ വാക്കു കേട്ടപ്പോള്‍ ഞാനൊരു പ്രപഞ്ചമായി മാറിയതുപോലെ. ഈ ലോകത്തിലുള്ള സകല ചരാചരങ്ങളും എന്നില്‍ ജിവിക്കും പോലെ തോന്നി. ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അവള്‍ അപ്പോഴേക്കും ദൂരെ പോയ്മറഞ്ഞിരുന്നു. അവളുടെ ഒരു പുഞ്ചിരിയില്‍ ഞാന്‍ പടുത്തുയര്‍ത്തിയ ചില്ലുകൊട്ടാരം താഴെ വീണു ചിതറി. ദൂരെയൊരു പൊട്ടുപോലെ നടന്നു മറയുന്ന അവളെ ഞാന്‍ നോക്കി നിന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ട്‌

അവള്‍ വിണ്ടും എന്‍റെ മുന്നില്‍ ‍. ഇപ്പോഴും അവളെന്നെ നോക്കി പുഞ്ചിരിച്ചു. വളരെ നിഷ്കളങ്കമായ ആ പുഞ്ചിരി എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞതു പോലെ എനിക്കു തോന്നി. പക്ഷേ ഒന്നും മിണ്ടാനെനിയ്ക്കു കഴിഞ്ഞില്ല. അവളെ നോക്കി ഞാന്‍ പുറത്തേക്കു നടന്നു നീങ്ങുമ്പോള്‍ അവള്‍ അച്ഛനോടും അമ്മയോടുമൊപ്പം എയര്‍പോര്‍ട്ടിനുള്ളിലേക്ക് നടന്നകന്നു. ഞാന്‍ മെല്ലെ തിരിഞ്ഞു നിന്നു. അല്‍പ്പദൂരം നടന്ന ശേഷം അവള്‍ തിരിഞ്ഞു നോക്കി. പിന്നെ കൈകളുയര്‍ത്തി എന്‍റെ നേരെ വിശി. എനിയ്ക്കു ചലിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ നിശ്ചലനായി നിന്നു പോയി. അവള്‍ സ്റ്റെയര്‍കേയ്സ് കയറി മുകളിലേയ്ക്കു പോയി. മുകളിലേക്ക് ....മുകളിലേക്ക് ....



രണ്ടു മാസത്തിനു ശേഷം

ബാംഗ്ലൂര്‍ ‍...
ഹോസ്പിറ്റലില്‍ നല്ല തിരക്കായിരുന്നു .
'സര്‍ , ഒരു ഗസ്റ്റുണ്ട്,' 
സിസ്റ്റര്‍ വന്നറിയിച്ചു.
'വരാന്‍ പറയൂ.'
അടുത്ത നിമിഷം ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ മുന്നിലേയ്ക്കു കടന്നു വരുന്ന അവളുടെ അച്ഛനും അമ്മയും. പക്ഷേ ആ പിതാവിന്‍റേയും മാതാവിന്‍റേയും കണ്ണുകള്‍ ചുമന്നു കലങ്ങിയിരുന്നു. അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ മെല്ലെ കസേരയില്‍ നിന്നുമെഴുന്നേറ്റു.
"ഇരിക്കൂ."
അവര്‍ എനിക്ക് എതിര്‍വശമുള്ള കസേരയില്‍ ഇരുന്നു.
"എന്‍റെ മോള്‍ ഡോക്ടര്‍ക്കു തരാനായി എന്നെ ഏല്‍പ്പിച്ച കത്താണിത്."
ആ പിതാവിന്‍റെ ശബ്ദം ഒരു തേങ്ങലായി. അവളുടെ മാതാവ്‌ മുഖം പൊത്തി തേങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ മെല്ലെ മെല്ലെ ആ കവര്‍ പൊട്ടിച്ചു. അവളുടെ മനോഹരമായ കൈയ്യക്ഷരങ്ങളിലൂടെ എന്‍റെ കണ്ണുകള്‍ പാഞ്ഞു പോയി. വേദന... എന്‍റെ ഹൃദയത്തില്‍ ആരോ ചൂണ്ട കൊണ്ടു കൊളുത്തി വലിക്കുന്നതു പോലെ. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ആ അക്ഷരങ്ങളെനിക്കു കാണാന്‍ കഴിയുന്നില്ല. ഇരുട്ട്, കൂരിരുട്ട്...
മിനിട്ടുകള്‍ വേണ്ടി വന്നു എനിയ്ക്കു പൂര്‍വ്വസ്ഥിതിയിലെത്താന്‍ . ഞാന്‍ വിണ്ടും ആ വരികളിലൂടെ കണ്ണുകള്‍ പായിച്ചു...

'ഡോക്ടര്‍ , അവളെല്ലാം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.' അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. "ഞങ്ങളിറങ്ങുകയാണ്. വൈകുന്നേരത്തിനു മുന്‍പ്‌ നാട്ടിലെത്തണം. അവളുടെ ആഗ്രഹമാണ് ഞങ്ങള്‍ രണ്ടു പേരും വന്നു ഡോക്ടറെ കാണണമെന്നും ഈ കത്ത് ഡോക്ടറെ ഏല്‍പ്പിക്കണമെന്നും. ഇനിഞങ്ങളിറങ്ങട്ടെ.'


എനിയ്ക്കൊന്നു ചലിയ്ക്കാനോ ശബ്ദിയ്ക്കാനോ കഴിഞ്ഞില്ല. അദ്ദേഹം വിങ്ങിപ്പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന ആ മാതാവിന്‍റെ കൈപിടിച്ച് പുറത്തേക്കു നടന്നു.


അന്നു വൈകുന്നേരം
 
കത്തിയെരിയുന്ന തീനാളങ്ങള്‍ അവളുടെ മനോഹരമായ ശരീരം കാര്‍ന്നു തിന്നപ്പോള്‍ എന്‍റെ ഹൃദയമായിരുന്നു കത്തിക്കരിഞ്ഞ് ഒരു നുള്ളു ഭസ്മമായി മാറിയത്. എന്‍റെ കണ്ണിലെ കണ്ണീരിന്‍റെ നനവും എന്‍റെ കണ്ണിലെ പുഞ്ചിരിയുടെ തിളക്കവും നീ അറിയാതിരിയ്ക്കില്ല. കാരണം നീയെന്‍റെ ജിവനാണ്. എന്‍റെ ഓരോ ശ്വാസത്തിലും നിന്‍റെ ഗന്ധമാണ്. ഞാന്‍ കാണുന്ന സ്വപ്നത്തിലെല്ലാം നീയാണ്. പക്ഷേ എന്‍റെ സ്നേഹം നിന്നെ അറിയിക്കാനെനിക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ എല്ലാം നീ അറിഞ്ഞിരുന്നു.
പുകപടലങ്ങള്‍ ആകാശത്തേയ്ക്കുയരുമ്പോള്‍ ആ പുകപടലങ്ങള്‍ക്കുള്ളില്‍ എവിടെയോ അവളുടെ മുഖം ഞാന്‍ കണ്ടു. അവളെന്‍റെ അരികിലെത്തി എന്നോടു സംസാരിക്കുംപോലെ... ആ കത്തിലെ വാക്കുകള്‍ ഉരുവിടും പോലെ...എന്‍റെ ഡോക്ടറേ, എന്താ എന്നോട് മിണ്ടാനിത്ര പ്രയാസം? എനിക്കറിയാം നീയെന്നെ സ്നേഹിക്കുന്നുവെന്ന്‍. നിന്‍റെ ഹൃദയം മുഴുവന്‍ ഞാനാണെന്നു...എനിക്കു നിന്നെ ഇഷ്ടമാണ് ട്ടോ...ഒരുപാടൊരുപാട്...പക്ഷെ എന്‍റെ സ്നേഹം നിന്നെ അറിയിക്കാനെനിയ്ക്കു കഴിയില്ല. നിന്നെപ്പോലെ ഭയന്നിട്ടല്ല. എനിയ്ക്കു ദൈവം അല്‍പ്പായുസ്സേ ഈ ലോകത്തില്‍ തന്നിട്ടുള്ളു. ഓരോ നിമിഷം കഴിയുമ്പോഴും ഞാന്‍ മരണത്തിന്‍റെ മുന്നിലേക്ക്‌ പോകുകയാണ്. ക്യാന്‍സര്‍ ..... എന്‍റെ മനസ്സും ശരീരവും രോഗം കാര്‍ന്നു തിന്നുമ്പോഴും എന്നെക്കാണുമ്പോള്‍ നിന്‍റെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങളില്‍ നിന്നും നിന്‍റെ ഹൃദയത്തില്‍ എനിക്കുള്ള സ്ഥാനം ഞാനറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഒരുപാട്... ഒന്നു നീ അറിയുക: ഇനിയൊരു ജന്മമുണ്ടായാല്‍ അതു നിനക്കു വേണ്ടി മാത്രമായിരിക്കും. നിന്‍റേതു മാത്രം...വീണ്ടും ഞാന്‍ പുനര്‍ജ്ജനിയ്ക്കും... നിനക്കായി... നമുക്കായി...

നൊമ്പരം

ഹൃദയ കോവിലില്‍ 
തപസ്സിരിക്കുന്ന 
പ്രണയ പുഷ്പമേ !
നിയെന്‍റെ ജീവനില്‍
ഒരു ദേവകന്യകയായി 
ഒരു രാജപുഷ്പമായി 
മാറിയോ..ദേവതേ... ദേവതേ

ആദ്യമായി കണ്ടനാള്‍ 
ഹൃദയത്തില്‍ നാമ്പിട്ട പ്രണയം 
അതെന്‍റെ ഹൃദയത്തില്‍ 
നൂറു നൂറായിരം വട്ടം 
ചൊല്ലി ഞാന്‍ ..
അറിയാതെ നാമ്പിട്ട മോഹം 
അതെന്‍റെ ഹൃദയത്തില്‍ 
വളര്‍ന്നൊരു പ്രണയമായി 
എന്താണീ മനസ്സെന്നറിയില്ല 
എനിക്കിപ്പോള്‍ 
എന്നിട്ടും നൊമ്പരം
എവിടെയോ തട്ടുന്ന 
പ്രണയ വികാരം 
ഒരു നൊമ്പരം !

പക്ഷേ....
ഹൃദയത്തില്‍ വിടര്‍ന്നൊരു 
പനിനീര്‍പുഷ്പമായി 
അവള്‍ നിന്നു ഒരിക്കലും
വാടാതെ കരിയാതെ 
സുഗന്ധം പടര്‍ത്തി.! 
ഞാനറിയാതെ  
ആ മുഖം വിടരുമി
ഹൃദയത്തിലെപ്പോഴും
ഒരു കടലോളം സ്നേഹമായി 
പ്രണയമായി ..

അകലെയാണെങ്കിലും 
ഓര്‍ക്കാന്‍ കൊതിക്കുന്ന 
പ്രേമത്തിന്‍ സ്നേഹത്തിന്‍ 
നനവുള്ള നൊമ്പരം 
ആരും കൊതിക്കുന്ന നൊമ്പരം 
എപ്പോഴും കൊതിക്കുന്ന നൊമ്പരം
അറിയാതെ അറിയാതെ 
ഹൃദയത്തെ തഴുകുന്ന 
സുഖമുളള ഓര്‍മ്മയോ
ഈ പ്രണയം