Tuesday 21 August 2012

കടമ

ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലോസാഞ്ചലസിലേക്കുള്ള ഫ്ലൈറ്റ് ആകാശത്തേക്ക് പറന്നുയര്‍ന്നു. 
എന്‍റെ തൊട്ടടുത്തിരുന്ന മനുഷ്യനെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. 
പക്ഷേ അയാള്‍ എന്‍റെ ഓരോ ചലനവും വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നു മനസ്സിലായപ്പോള്‍ ഞാന്‍ അയാളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. 
ഉടന്‍ തന്നെ അയാള്‍ എന്‍റെ നേരെ കൈനിട്ടി.
"ഞാന്‍ വിശ്വനാഥന്‍ ," അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു 
ഞാനും എന്നെ പരിചയപ്പെടുത്താന്‍ ശ്രമിച്ചു.
അതിനു മുന്‍പ് അയാള്‍ പറഞ്ഞു.
"താങ്കളെ എനിക്കറിയാം. എന്‍റെ ഭാര്യയും ഡോക്ടറുടെ അമ്മയും ജോലിചെയ്യുന്നത് ഒരേ ഹോസ്പിറ്റലിലാണ്," അയാള്‍ വ്യക്തമാക്കി.
വിശ്വനാഥന്‍ !
ലോകത്തിലെ എണ്ണപ്പെട്ട വ്യവസായ പ്രമുഖരിലൊരാള്‍ .
അച്ഛനും അമ്മയ്ക്കുമുള്ള ഏകസന്തതി.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ മരിച്ചു പോയി.
അച്ഛന്‍റെ മരണശേഷം ബിസിനസ്സും സമ്പാദ്യവും സംബന്ധിച്ച എല്ലാ ചുമതലകളും, അയാളുടെ ചുമലിലായി.
അച്ഛന്‍ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം ഒരു കോട്ടവും സംഭവിക്കാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കുന്ന മനുഷന് അതിനിടയില്‍ സ്വന്തങ്ങളും ബന്ധങ്ങളും ശ്രദ്ധിക്കാന്‍ സാധിച്ചില്ല.
ഒരു പക്ഷേ ശ്രമിച്ചില്ല എന്നതാവും ശരി.
എല്ലാം വെട്ടിപ്പിടിക്കാനുള്ളൊരു പാച്ചില്‍ ആയിരുന്നു വ്യവസായ പ്രമുഖനായ വിശ്വനാഥന്‍റേത്.
ഇതിനിടെ അമ്മയോടും ഭാര്യയോടും കുട്ടികളോടുമൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താനോ അവരുടെ സുഖദുഃഖങ്ങളില്‍ പങ്കു ചേരാനോ അയാള്‍ക്ക് കഴിഞ്ഞില്ല.
അമ്മയോട് പലപ്പോഴും പരാതി പറയുന്ന അദേഹത്തിന്‍റെ ഭാര്യ ഡോ. ഗംഗച്ചേച്ചിയുടെ മുഖം ഓര്‍മ്മ വന്നു. 
"ലോകപ്രശസ്ത പത്തു വ്യവസായികളെ ആദരിക്കുന്ന ഒരു ചടങ്ങുണ്ട്. അതില്‍ ഒരാള്‍ ഞാനാണ്. ഒപ്പം എന്‍റെ വ്യപാരസ്ഥാപനത്തിനു കിട്ടുന്ന വലിയ രണ്ടു പ്രോജക്റ്റുകള്‍ക്ക് ഒപ്പു വയ്ക്കണം."
അയാള്‍ വളരെ അഭിമാനത്തോടെ പറഞ്ഞു യാത്രയുടെ ഉദ്ദേശം അറിയിച്ചു.
ഇത്രയൊക്കെ വാചാലനായെങ്കിലും അയാളുടെ മനസ്സില്‍ എവിടെയോ ഒരു മുറിവ് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. മുഖം മ്ലാനമായിരുന്നു.
മേഘങ്ങള്‍ കീറിമുറിച്ചു വിമാനം അതിവേഗം പറന്നുകൊണ്ടിരുന്നു. 
കുറച്ചു നേരം സംസാരിച്ച ശേഷം അയാള്‍ നിശബ്ദനായി.
എങ്കിലും ഞാന്‍ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ജനലിലൂടെ മേഘപാളികളെ നോക്കി അകലങ്ങളിലേക്കു കണ്ണും നട്ടിരിക്കുന്ന അയാളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. 
ആരും കാണാതിരിക്കാന്‍ അയാള്‍ കര്‍ച്ചീഫ് കൊണ്ടു പെട്ടെന്നു കണ്ണുകള്‍ തുടച്ചു. 
ഏറെ നേരം കഴിഞ്ഞില്ല ഒരു തേങ്ങല്‍ .
അയാളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു.
കണ്ണുകള്‍ നിറഞ്ഞൊഴുകി. 
ഞാന്‍ പെട്ടെന്നയാളുടെ കണ്ണീര്‍ തുടച്ചുമാറ്റി.  
പിന്നെ അയാളെ എന്‍റെ മാറിലേക്കു ചേര്‍ത്തു പിടിച്ചു. 
മുതുകില്‍ മെല്ലെ തലോടി.
ഒരു കാര്യം എനിക്കു ഉറപ്പായിരുന്നു അയാളുടെ വേദന, ദുഃഖം ഒരു പക്ഷേ അയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.  
ഞാന്‍ ഒന്നും ചോദിക്കാന്‍ ശ്രമിച്ചില്ല. 
നീണ്ട നിശ്ശബ്ദതക്കു ശേഷം അയാള്‍ എന്‍റെ മുഖത്തേക്ക് നോക്കി. 
ആ ചുമന്നു കലങ്ങിയ കണ്ണുകളിലേക്കു ഞാനും. 
പെട്ടെന്നയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
വിഷാദവും വേദനയും നിറഞ്ഞ ഒരു ചിരിയെനിക്കയാള്‍ സമ്മാനിച്ചു. 
ഏകദേശം പതിനെട്ടു മണിക്കൂര്‍ യാത്രക്കു ശേഷം ഫ്ലൈറ്റ് ലോസാഞ്ചലസ് എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങി.
ഞങ്ങള്‍ എയര്‍പോര്‍ട്ടിനു വെളിയിലേക്കു നടക്കുമ്പോള്‍ അയാളുടെ മുഖം വീണ്ടും ഞാന്‍ ശ്രദ്ധിച്ചു. 
വിഷാദം തളം കെട്ടികിടക്കുന്ന മുഖം.
കാരണം അറിയാന്‍ ആകാംക്ഷയുണ്ടെങ്കിലും ചോദിക്കാനൊരു മടി.
എയര്‍പോര്‍ട്ടിനു വെളിയില്‍ എന്നെയും കാത്ത് എന്‍റെ സഹോദരി നില്‍പ്പുണ്ടായിരുന്നു.
ഞാന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചു.
ഒരു മിനിറ്റ്... 
അയാളുടെ പതറിയ ശബ്ദം. ഞാന്‍ തിരിഞ്ഞു നിന്നു.
വിരോധമില്ലെങ്കില്‍ എന്നോടൊപ്പം ഒന്നു വരുമോ?
അപ്പോഴേക്കും അദ്ദേഹത്തെ സ്വീകരിക്കാന്‍ പൂച്ചെണ്ടുകളുമായി സഹപ്രവര്‍ത്തകര്‍ ഓടി എത്തി. 
"പ്ലിസ് കം വിത്ത്‌ മീ," അയാള്‍ എന്‍റെ കൈയില്‍ കടന്നു പിടിച്ചു.
അപ്പോഴേക്കും നിറഞ്ഞ ചിരിയോടെ എന്‍റെ സഹോദരി എന്‍റെ അടുത്തേക്ക് ഓടിയെത്തി. 
"സര്‍, ഷി ഈസ്‌ മൈ സിസ്റ്റര്‍ . ഇവിടെ വര്‍ക്ക് ചെയ്യുന്നു." ഞാന്‍ സഹോദരിയെ പരിചയപ്പെടുത്തിക്കൊടുത്തു. 
"സര്‍ , ഇപ്പോള്‍ ഞാന്‍ പോകട്ടെ. അഡ്രസ്‌ തന്നാല്‍ പിന്നൊരിക്കല്‍ ഞാന്‍ വന്നു കാണാം. ഇവിടെ ഞാന്‍ ഒരു മാസം ഉണ്ടാകും."
"പ്ലിസ്...ഇപ്പോള്‍ താങ്കള്‍ എന്നോടൊപ്പം ഉണ്ടായാല്‍ എനിക്കൊരാശ്വാസമാണ്."
അയാളുടെ കണ്ണുകള്‍ നിറയുന്നതു ഞാന്‍ കണ്ടു.
"സിസ്റ്ററും കൂടെ പോന്നോട്ടെ." 
അയാളുടെ മാനസികാവസ്ഥ എനിക്കു മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല.
പക്ഷേ താങ്ങാന്‍ കഴിയാത്തൊരു വേദന ഉള്ളിന്‍റെയുള്ളില്‍ അമര്‍ത്തിവയ്ക്കാന്‍ ആ മനുഷ്യന്‍ ശ്രമിക്കുന്നുണ്ടെന്ന് എനിക്കു മനസിലാക്കാന്‍ കഴിയുമായിരുന്നു.
ഞാനും സഹോദരിയും അയാള്‍ക്കൊപ്പം പോകാന്‍ തന്നെ തിരുമാനിച്ചു.
അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയവരെ സ്നേഹപൂര്‍വ്വം പറഞ്ഞയച്ചശേഷം അയാള്‍ എന്‍റെ സഹോദരിയുടെ കാറില്‍ കയറി.
നഗരത്തിലെ ഏറ്റവും വലിയൊരു ഹോട്ടലിന്‍റെ മുന്നില്‍ കാര്‍ നിന്നു. 
വിശ്വനാഥന്‍ എന്ന വ്യവസായ പ്രമുഖനെ സ്വീകരിക്കാന്‍ ഹോട്ടല്‍ ജിവനക്കാര്‍ ഓടിയെത്തി.
വിശാലമായ മുറി. 
"ഇരിക്കൂ, ഞാനൊന്ന് ഫ്രെഷ് ആവട്ടെ."
"ടീ?" അയാള്‍ ഞങ്ങളെ നോക്കി.
വേണ്ട എന്നു തലയാട്ടിയെങ്കിലും അയാള്‍ അതു ശ്രദ്ധിക്കാതെ ഫോണിലൂടെ ചായക്ക് ഓര്‍ഡര്‍ കൊടുത്തു. പിന്നീടയാള്‍ അടുത്ത മുറിയില്‍ കയറി വാതിലടച്ചു. 
നിമിഷങ്ങള്‍ മിനിറ്റുകള്‍ക്കു വഴിമാറി.
മുറിയിലെ ഫോണ്‍ പലവട്ടം ശബ്ദിച്ചു. 
ഞാനും എന്‍റെ സഹോദരിയും എന്തു ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി നിന്നു.
അകത്തെ മുറിയില്‍ നേര്‍ത്ത തേങ്ങല്‍. 
വീണ്ടും ഫോണ്‍ ശബ്ദിച്ചു.
എന്തും വരട്ടെയെന്നു രണ്ടും കല്‍പ്പിച്ചു ഞാന്‍ ഫോണ്‍ എടുത്തു. 
നാട്ടില്‍ നിന്ന്‍. വിശ്വനാഥന്‍ എന്ന വ്യവസായപ്രമുഖനെത്തേടി.
ഫോണിലുടെ വന്ന വാര്‍ത്ത‍ കേട്ടു ഞാന്‍ തളര്‍ന്നിരുന്നു പോയി .. 
"എന്താടാ?"
സഹോദരി എന്‍റെ തോളില്‍ പിടിച്ചു കുലുക്കി ചോദിച്ചു. 
എന്‍റെ കണ്ണുകള്‍ നിറയുന്നത് അവള്‍ കണ്ടു.
അപ്പോഴേക്കും മുറി തുറന്നു ചുമന്നു കലങ്ങിയ കണ്ണുകളുമായി അയാള്‍ പുറത്തുവന്നു. 
എന്നിട്ടും അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
വീണ്ടും ഫോണ്‍ ശബ്ദിച്ചു.
ശബ്ദം ഇടറിയിരുന്നെങ്കിലും.
വ്യക്തമായ നിര്‍ദ്ദേശം നല്‍കാന്‍ അയാള്‍ മടിച്ചില്ല. ഇവന്‍റ് മാനേജ്‌മെന്‍റുമായി അയാള്‍ എല്ല കാര്യങ്ങളും വിശദമായി സംസാരിച്ചു.
അന്ത്യകര്‍മ്മങ്ങളും ശവസംസ്കാരച്ചടങ്ങും ലൈവായി കാണാന്‍ അവസരമൊരുക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു.
ഞങ്ങള്‍ ശ്വാസമടക്കി കേട്ടിരുന്നു...
അവസാനം ഫോണ്‍ ഡിസ്കണക്റ്റു ചെയ്ത ശേഷം അയാള്‍ ഞങ്ങളെ നോക്കി. 
അമ്മ.
ശബ്ദം ഇടറിയെങ്കിലും...അയാള്‍ തുടര്‍ന്നു...
അമ്മ മരിച്ചു...
ഇന്നലെ അവിടുന്നു തിരിക്കു മുന്‍പ്...
എന്നാലും അവസാനമായി ആ മുഖം ഒന്നു കാണാന്‍ കഴിഞ്ഞില്ല.
അച്ഛന്‍ മരിച്ച ശേഷം അമ്മയെ ശരിയ്ക്കൊന്നു കാണാനോ പരിചരിക്കാനോ അമ്മയുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനോ എനിക്കു കഴിഞ്ഞിരുന്നില്ല.
അച്ഛന്‍ പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം. അതിനൊരു കോട്ടവും സംഭവിച്ചിട്ടില്ല.
ലോകത്തിലെ തന്നെ പത്തു വ്യവസായ പ്രമുഖരില്‍ ഒരാളാവാന്‍ കഴിഞ്ഞു. പക്ഷേ നല്ല ഒരു മകനാവാന്‍ എനിക്കു കഴിഞ്ഞില്ല.... 
അമ്മയെ നേരെ ചൊവ്വേ സ്നേഹിക്കാനോ അന്ത്യനിമിഷം അമ്മയുടെയരികില്‍ ഉണ്ടാകാനോ എനിക്കു കഴിഞ്ഞില്ല.
അമ്മയെ കണ്ടാല്‍ വഴക്കടിക്കുന്ന ഭാര്യ. എന്‍റെ അമ്മയെ കണ്ടാല്‍ പരിഹസിക്കുന്ന മക്കള്‍ .
അവസാനം അമ്മയെ വ്യദ്ധസദനത്തില്‍ ഏല്‍പ്പിക്കേണ്ടി വന്നു.
ആരെയും വേദനിപ്പിക്കാതെ, ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ, എന്‍റെ പ്രിയപ്പെട്ട അമ്മ ഈ ലോകത്തോടു യാത്ര പറഞ്ഞു പോയി... 
ഒരു മകന്‍ ...
മകന്‍റെ കടമ ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കുകയും അവരുടെ ഇഷ്ടത്തിനൊത്തു ജീവിക്കുകയും ചെയ്യുക മാത്രമാണോ?
അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു...
അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ട താനിപ്പോള്‍ പണത്തിനു പിന്നാലെ, മക്കള്‍ക്കും ഭാര്യക്കും വേണ്ടി...
അയാള്‍ വിങ്ങിപ്പൊട്ടി...
പിന്നെ തേങ്ങിത്തേങ്ങിക്കരഞ്ഞു...
ആര്‍ക്കു വേണ്ടി... എന്തിനു വേണ്ടി...
അയാള്‍ പിറുപിറുത്തു.
പെട്ടെന്നയാളുടെ ലാപ്ടോപ്പിലൂടെ തന്‍റെ അമ്മയുടെ ശവസംസ്കാരച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നു.
എല്ലാം കണ്ടു കണ്ണീര്‍ പൊഴിക്കുന്ന അയാളെ വിങ്ങുന്ന ഹൃദയത്തോടെ ഞാന്‍ നോക്കിയിരുന്നു...
പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാതെ ഒരു ചോദ്യം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 
ഒരു മകന്‍റെ കടമ എന്ത്?
സ്വന്തം ഭാര്യയുടേയും മക്കളുടേയും ആഗ്രഹത്തിനൊത്തു ജീവിക്കുന്നതാണോ?
അതോ മാതാപിതാക്കള്‍ക്കൊപ്പം ഒരു താങ്ങായി തണലായി, അവസാന നിമിഷം വരെ അവരോടൊപ്പം ജീവിക്കാന്‍ കഴിയുന്നതോ?
അതോ പേരിനും പ്രസിദ്ധിക്കും പണത്തിനും വേണ്ടി ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ചു ജീവിക്കുന്നതോ?

Tuesday 14 August 2012

മനസ്സ്


മുറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പന്തല്‍ പൊളിച്ചു മാറ്റുന്ന തിരക്കിലാണ് ആളുകള്‍ .
വേണു മാഷ് ജനലിലൂടെ പുറത്തേക്കു നോക്കിനിന്നു. കഴിഞ്ഞ ഒരാഴ്ച വലിയ തിരക്കായിരുന്ന വീട് ഇപ്പോള്‍ ശൂന്യം ..
ബന്ധുക്കളും, സുഹൃത്തുക്കളും, അയല്‍ക്കാരും,എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു.
എവിടെയോ ഒരു ശൂന്യത ..
ഹൃദയത്തിനുള്ളില്‍ ഒരു വിങ്ങല്‍ ...
ഒരു പക്ഷേ വേദന തനിക്കിതു സഹിക്കാവുന്നതിലും അപ്പുറമാണെന്നു തോന്നുന്നു .
 മാഷ് ജനലഴികളില്‍ പിടിച്ചു പുറത്തേക്കു നോക്കി.
പുറത്തു പന്തല്‍ പൊളിച്ചു മാറ്റുന്ന തിരക്കിലാണ് ആള്‍ക്കാര്‍ .
എന്നാല്‍ മാഷിന്‍റെ ഉള്ളു പിടയുകയായിരുന്നു ..
എപ്പോഴും ഉത്സവത്തിന്‍റെ പ്രതീതി ജനിപ്പിക്കാറുള്ള തന്‍റെ കൊച്ചു വീട് പെട്ടെന്നു മ്ലാനമായതുപോലെ,
തന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും യാത്ര പറഞ്ഞു പോയതിന്‍റെ വേദനയാണോ...
അറിയില്ല ..
വേണു മാഷിന്‍റെ കണ്ണുകള്‍ അറിയാതെ നിറയുകയായിരുന്നു...
ഹൃദയം വിങ്ങിപ്പൊട്ടുന്ന വേദന...
 അതാരും അറിയാതിരിക്കാന്‍ പാടുപെടുകയാണ് വേണു മാഷ്.
മാഷു കണ്ണുകള്‍ ദൂരേക്ക് പായിച്ചു ..
തന്‍റെ മകള്‍ ....
ആണായും പെണ്ണായും ദൈവം തന്ന നിധി
 ജീവന്‍റെ ജീവനായ പൊന്നുമോള്‍
 ജീവിതത്തിന്‍റെ ഓരോ നിമിഷവും താന്‍ അവള്‍ക്കു വേണ്ടി മാറ്റി വച്ചില്ലേ
ജനിച്ച നിമിഷം മുതല്‍ കൈ വളരുന്നതും കാല്‍ വളരുന്നതും നോക്കി നോക്കി ഇരുന്നില്ലേ ?
നീണ്ട ഇരുപത്തിരണ്ടു വര്‍ഷം താന്‍ ജീവിച്ചതു അവള്‍ക്കു വേണ്ടി മാത്രം ആയിരുന്നില്ലേ ..?
അവളുടെ ഏതെങ്കിലും ഒരാഗ്രഹത്തിനു താന്‍ എതിരു നിന്നോ ..?
ഇല്ല ....
 ആ കാലില്‍ ഒരു മുള്ളു കൊള്ളാനോ, കണ്ണൊന്നു നിറയാനോ, ചുണ്ടൊന്നു വിറക്കാനോ, താന്‍ അനുവദിച്ചില്ല
എന്നിട്ടും അവള്‍ പോയി ..
അവള്‍ പോയതാണോ ?
 അല്ല ..!
താന്‍ പറഞ്ഞു വിടുകയായിരുന്നതല്ലേ.
എത്രവട്ടം അവള്‍ കരഞ്ഞു പറഞ്ഞു ..
അച്ഛനെ വിട്ടു ഞാന്‍ പോകില്ലെന്നു ..!
എനിക്കു വിവാഹം വേണ്ടെന്നു ..!!
എന്‍റെ അച്ഛനും അമ്മയും ഉള്ള ഈ ലോകം മതിയെന്ന്‍...
പാവം എന്‍റെ കുട്ടി...
അവളുടെ വാക്കു കേള്‍ക്കാന്‍ മനസ്സനുവദിച്ചില്ല
ഒരച്ഛന്‍റെ കടമ ..
ആ കടമക്കു മുന്നില്‍ ഈ അച്ഛനു കീഴടങ്ങിയേ മതിയാകൂ മോളെ . എന്‍റെ പൊന്നുമോള്‍ ഒന്നറിയുക. ഈ അച്ഛന്‍ മോളെ ഒരുപാടു സ്നേഹിക്കുന്നു. ഈ വീടുവിട്ടു ആരോടൊപ്പം അയക്കാനും ഈ അച്ഛന് ആഗ്രഹമില്ല ..
 പക്ഷേ ഒരച്ഛന്‍റെ കടമ
ആ കടമക്കു മുന്നില്‍ ഈ അച്ഛന് തോറ്റേ മതിയാകൂ.
മോളേ...നിന്നെ ഒരു ജീവിതത്തിലേക്കാണ് ഈ അച്ഛന്‍ പറഞ്ഞു വിട്ടത്. നീ ഈ വീടിന്‍റെ പടിയിറങ്ങുമ്പോള്‍ ഈ അച്ഛന്‍റെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നുവെന്നു മോളറിയുക.
നീ ഇല്ലാത്ത ഈ വീട് ..
നിന്‍റെ ശബ്ദം കേള്‍ക്കാത്ത ഈ അന്തരീക്ഷം വയ്യ മോളെ...
വേണു മാഷിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
സങ്കടം കൊണ്ട് ചുണ്ടുകള്‍ വിറക്കുന്നു.
മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരവസ്ഥ.
വിവാഹ പ്രായമായ മകളെ വിവാഹം കഴിപ്പിച്ചു വിടേണ്ടത് ഒരച്ഛന്‍റെ കടമയല്ലേ? അതു ഞാന്‍ ചെയ്തല്ലോ. നാടും നാട്ടുകാരും അറിയെ, വളരെ ഗംഭീരമായിത്തന്നെ താന്‍ അതു നടത്തിയല്ലോ. പിന്നെന്തേ തന്‍റെ മനസ്സ് പിടയുന്നു .?
ഒരച്ഛനായ താന്‍ സന്തോഷിക്കയല്ലേ വേണ്ടത്?
എന്നാല്‍ എവിടെയോ ഒരു ശുന്യത.
ഇരുപത്തിരണ്ടു വര്‍ഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്ന മകള്‍.
തന്‍റെ മകളില്ലാത്ത വീട്...
താങ്ങാന്‍ കഴിയുന്നില്ല...
മനസ്സും വീടും ശൂന്യമായതുപോലെ...
മാഷ് ജനലഴികളില്‍ പിടിച്ചു കൊണ്ടു വീട്ടിനുള്ളിലേക്ക് നോക്കി .
നിശബ്ദമായി ആരോടും ഒരു പരിഭവവും പരാതിയും ഇല്ലാതെ അനന്തതയിലേക്കു നോക്കിയിരിക്കുന്ന തന്‍റെ ഭാര്യ. ഒരു പക്ഷേ തന്നെക്കാളേറെ വേദനിക്കുന്നതു അവളാകും. പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ച അമ്മ. നീണ്ട ഇരുപത്തിരണ്ടു വര്‍ഷം മകളുടെ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും മകളോടൊപ്പം നിന്ന അമ്മ. എങ്കിലും ആ മുഖത്തൊരു സംതൃപ്തി നിഴലിച്ചു കാണാം. ഒരു അമ്മയുടെ കടമ നിറവേറ്റിയ ആത്മസംതൃപ്തി...
പക്ഷേ തനിക്കതിനു കഴിയുന്നില്ലല്ലോ ..
വേണു മാഷ് ഭാര്യയില്‍ നിന്നു മുഖം മറച്ചുകൊണ്ട് വീടിനുള്ളിലേക്കു നടന്നു
തന്‍റെ മകളുടെ മുറിയിലേക്ക് ...
ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന മകളുടെ വിവിധ ഭാവങ്ങളില്‍ ഉള്ള ഫോട്ടോകള്‍
 മാഷ്‌ ഒരു കൊച്ചുകുട്ടിയെ പോലെ ഓരോ ഫോട്ടോയുടെയും മുന്നില്‍ ചെന്നു നിന്ന് അവയുടെ മുകളിലൂടെ വിരലുകളോടിച്ചു ..
മോളേ, അച്ഛനു വയ്യ... നിന്നെ കാണാതിരിക്കാന്‍ ഈ അച്ഛനു കഴിയുന്നില്ല...
വേണു മാഷിന്‍റെ കണ്ണുകള്‍ നിറഞ്ഞു... ചുണ്ടുകള്‍ അറിയാതെ വിറച്ചു
മേശക്കു മുകളില്‍ അടുക്കിവച്ചിരിക്കുന്ന ബുക്കും പുസ്തകങ്ങളും. സ്റ്റാന്‍റില്‍ തൂക്കിയിട്ടിരിക്കുന്ന വിവിധ നിറത്തിലും രൂപത്തിലുമുള്ള വളകള്‍ . ഡ്രസ്സിംഗ് ടേബിളിനു മുന്നില്‍ നിരത്തി വച്ചിരിക്കുന്ന
പൌഡറും ചീപ്പുകളും പൊട്ടും ..എല്ലാം ..എല്ലാം ..മാഷ്‌ നോക്കിനിന്നു .
ആ മുറിയില്‍ തന്‍റെ മകളുടെ മണം നിറഞ്ഞു നില്‍ക്കുന്നതു പോലെ അയാള്‍ക്കു തോന്നി.
മനോഹരമായി വിരിച്ചിട്ടിരിക്കുന്ന ആ ബെഡ്ഡില്‍ അയാള്‍ ഇരുന്നു. പിന്നെ തലയിണയില്‍ മുഖമമര്‍ത്തി അയാള്‍ വിങ്ങിപ്പൊട്ടി...
ജീവിതത്തില്‍ ഒരച്ഛന്‍റെ ഏറ്റവും വലിയ കടമ നിറവേറ്റിയിട്ടും, ആ മനസ്സ് വിങ്ങിപ്പൊട്ടുന്നു
ഏറെ നേരം അയാള്‍ അങ്ങനെ തന്നെ ഇരുന്നുപോയി...
ഒരു തണുത്ത കരസ്പര്‍ശം അയാളുടെ മുടിയിഴകളിലൂടെ ചലിച്ചു കൊണ്ടിരുന്നത് വളരെ വൈകിയാണ് മാഷിനു മനസ്സിലായത്...
അയാള്‍ മുഖമുയര്‍ത്തി നോക്കി തന്നെ മാറോടു ചേര്‍ത്ത് മുടിയിഴകളിലൂടെ തലോടുന്ന തന്‍റെ ഭാര്യ.
ആ കണ്ണുകള്‍ ചുമന്നു കലങ്ങിയിരുന്നു.
 ഒരു നിമിഷം രണ്ടു പേരും മുഖത്തോടു മുഖം നോക്കി. പിന്നെ പരസ്പരം കണ്ണീര്‍ തുടച്ചു.