Friday 30 November 2012

നീയും ഞാനും


നീയൊരു മഴവില്ലായി തെളിയുമ്പോള്‍
ആ മഴവില്ലിന്‍ ശോഭയില്‍
ഏഴു നിറങ്ങളിലൂടെ
ഏഴു സ്വരങ്ങളെ
തഴുകിയുണര്‍ത്തി
ആനന്ദ നടനമാടുന്നൊരു
മയില്‍പക്ഷിയാകും ഞാന്‍  

നീയൊരു മഴയായി പെയ്യുമ്പോള്‍
ദാഹിച്ചു ദാഹി-
ച്ചൊരു തുള്ളിമഴക്കായി..
കാത്തു കാത്തിരുന്നൊരു
വേഴാമ്പല്‍പക്ഷിയായി
പറന്നുയരുമീ വാനമെല്ലാം  

നീയൊരു നദിയായി മാറുമ്പോള്‍
ഞാനൊരു പ്രണയക്കടലാകും 
കടലില്‍ ഞാനൊരു
മാളിക പണിയും
കനകം കൊണ്ടു കൊട്ടാരം
അവിടൊരു റാണിയായി
വാഴും നിന്നുടെ മധുരച്ചുണ്ടില്‍
ഞാനെന്‍റെ പ്രണയം തരും
ആ നിര്‍വൃതിയിലെന്‍
കരവലയങ്ങള്‍ക്കുള്ളില്‍
നീയൊരു പ്രണയം
വിടര്‍ത്തും പൂവാകും
ഒരാമ്പല്‍പൂവായി മാറും
അപ്പോള്‍ ഞാനൊരു
പാല്‍നിലാവായി മാറും
നിന്നിളം മേനിയെ
തഴുകിയുണര്‍ത്തും
പൂനിലാവായി മാറും

അകലെയാ കാടിന്‍റെ നെറ്റിയില്‍
ബാലാര്‍ക്കബിംബം ഉദിച്ചുയരുമ്പോള്‍
നീയൊരു താമരപ്പൂവായിമാറും
താമരപ്പൂവിന്നിതളില്‍
ഞാനും നീയും  പ്രണയം
കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും

Wednesday 21 November 2012

ഞാനും എന്‍റെ രാജ്ഞിയും

ഞാന്‍;
ഏകാന്തതയുടെ രാജകുമാരന്‍
എനിക്കവള്‍ രാജ്ഞി!
എനിക്കു മാത്രമായവള്‍
ഒരു കൊട്ടാരം പണിയിച്ചു
പ്രണയം കൊണ്ടു തീര്‍ത്ത
മനോഹരമായ കൊട്ടാരം!

ഋതുക്കള്‍ മാറിമാറി വന്നു
അവളുടെ പ്രണയത്തില്‍ ഞാന്‍
അലിഞ്ഞലിഞ്ഞു ചേര്‍ന്നു !
ഒടുവിലൊരു നാള്‍  
ആ പ്രണയകൊട്ടാരത്തിനു ചുറ്റും
കാലമൊരു കോട്ട കെട്ടി 
മനുഷ്യനിര്‍മ്മിതമായ കോട്ട!

അതറിയാതെ 
ഞാനെന്‍റെ പ്രണയം  
നെഞ്ചോടു ചേര്‍ത്തൊന്നു- 
മറിയാതെ ഉറങ്ങി
അപ്പോഴുമെന്‍റെ രാജ്ഞി 
എനിക്കു കാവല്‍ നില്‍പ്പുണ്ടാകു-
മെന്ന വിശ്വാസത്തില്‍

Sunday 11 November 2012

സ്വത്വങ്ങള്‍ നഷ്ടപ്പെട്ടവര്‍ ...


 സ്നേഹിതാ
തിരിച്ചറിവിന്‍റെ ഭാഷ
ചുണ്ടുകളിലും
മടങ്ങി വരവിന്‍റെ
സൂചന ചുവടുകളിലും
പ്രത്യാശയുടെ തിളക്കം
മിഴികളിലും
തെളിയുന്നുണ്ട്

പോരാട്ട വീഥിയില്‍
സുവിശേഷം കുറിച്ച്
സമാധിയായ
പരേതന്‍റെ
പരിവേദനങ്ങളും
പ്രത്യശാസ്ത്ര
പ്രവേഗങ്ങളുടെ
മുകളില്‍
വാല്‍ മുറിച്ചിട്ട്
പോയൊരു
ഗൌളിയുടെ ഗര്‍വ്വവും
ഉറക്കെ ഉറക്കെ..
വിളിച്ചു പറയുന്നു
'സ്വത്വങ്ങള്‍
നഷ്ട്ടപ്പെട്ട
നിഴല്‍ കൂടാണ് നീ '
നിന്‍റെ സാധനകള്‍
സാര്‍ത്ഥകമാകില്ല

ഉടല്‍ തുരന്നു തിന്നുന്ന
കൃമിപല്ലുകളില്‍
നിന്‍റെ മോഹങ്ങള്‍
ചതഞ്ഞരയുമ്പോള്‍
പുതിയൊരുഷസ്സിന്‍റെ
കാഹളം
ഉയരുന്നതു കേള്‍ക്കാം

Sunday 4 November 2012

തിരികെ തരൂ...


ഓര്‍മ്മകളുടെ 
പിന്നാമ്പുറത്തേക്ക്
അതിവേഗം 
മടങ്ങി പോകണം
 
പുഴവക്കിലിരുന്നു 
പുലരിയോടു
കഥകള്‍ ചൊല്ലണം
ഓളഭംഗികള്‍ക്ക് താഴെ
കുളിരുണര്‍ത്തുന്ന
ഈറന്‍ തുടുപ്പുകളില്‍
പാദങ്ങളാഴ്ത്തി
ഒരു മാനത്തു കണ്ണിയുടെ
നനുനനുത്ത  ചുംബനം
കൊതിച്ചു.. കൊതിച്ചു...

സ്മരണകളുടെ
ഹരിതപേടകത്തില്‍
ഒന്നുറങ്ങാന്‍ കിടക്കണം

ഹൃദയസരോവരത്തില്‍
വിരുന്നിനെത്തുന്ന
സ്വപ്നശലഭത്തിന്റെ
വിരല്‍ തുമ്പില്‍ തൊടണം ,
കൈവെള്ളയില്‍ തലോടണം,
കവിളില്‍ തഴുകണം,

ഒടുവിലോര്‍മ ചിറകേറി
പറന്നുയരണം
ഈ ജരാനരകള്‍
ഒളിച്ചുപിടിക്കണം ,

കാലമേ ..തിരിച്ചു തരൂ ,
ചോര്‍ന്നു പോയ,
തുളുമ്പി തൂകിയ ..
നഷ്ട്ട സ്വപ്നങ്ങളെ

പകരാതെ ..
കുറുക്കി വറ്റിച്ചു ചുവപ്പിച്ചു
മനസ്സിലൊളിപ്പിച്ച
സ്നേഹ സന്ധ്യകളെ ..