Friday 4 January 2013

അവള്‍ ...


കത്തിയെരിയുന്ന 
കനല്‍ പോലെ,
മൊട്ടിട്ടു വിടരുന്ന 
സൂര്യഗോളം പോലെ,
സുഗന്ധം പരത്തുന്ന 
മുല്ലപ്പൂ മൊട്ടുപോലെ,
- അവള്‍ 

വശ്യ സുന്ദര
മുഖത്തില്‍ വിടരുന്ന
നിഷ്കളങ്ക ഭാവം.

തിളങ്ങുന്ന കണ്ണുകളില്‍ 
കാണാം നമുക്കു  
ജ്വലിക്കുന്ന പ്രണയം.

ചിരിക്കുമ്പോള്‍
തെളിയുന്ന ചുഴിയില്‍ 
കള്ള നാണത്തിന്‍ അഴകും.   

പാറിക്കളിക്കുന്ന
കാര്‍കൂന്തലാരെയോ 
മാടിവിളിക്കുമെപ്പോഴും.

വസന്തം കടം തന്ന പനിനീര്‍
പൂവുപോല്‍ നിഷ്ക്കളങ്കയായി
വിടര്‍ന്നു നിന്നവള്‍.

അവള്‍ ;
അവളെന്ന സത്യം 
അറിഞ്ഞപ്പോഴേക്കും 
അവളുടെ കണ്‍പാളികള്‍
അറിയാതെ നനഞ്ഞു .

മിഴിനീര്‍വറ്റി 
വരണ്ടൊരാകണ്ണുകള്‍
ഭൂതകാലത്തിന്‍ 
പഴമൊഴികള്‍ ചൊല്ലി 
നഷ്ടപ്പെടുവാന്‍, 
നശിക്കുവാന്‍
അവള്‍ക്കിനിയൊന്നുമില്ല   
   
ലോകമേ
 ഞാനെന്തു പിഴച്ചു 
ഇത്രയും ക്രുരത 
എന്തിനെന്നോടു 
അറിയാതെ 
ചോദിച്ചു പോയി
- അവള്‍

Wednesday 2 January 2013

ഞാന്‍


ഞാന്‍
ക്രിസ്തുവില്‍
വിശ്വസിച്ചു 

അവന്‍റെ വചനങ്ങളെ
മനഃപാഠമാക്കി .
അതുകൊണ്ടാവാം ;
അയല്‍ക്കാരേയും
യൂദാസിനേയും 
പീലാത്തോസിനേയും 
സ്നേഹിച്ചിരുന്നു .
എന്‍റെ ബൈബിളിലെ 
വാക്കുകളിലും
വചനങ്ങളിലും 
ഞാന്‍ അന്തിയുറങ്ങി .

ഞാന്‍ 
കൃഷ്ണനെ 
സ്നേഹിച്ചിരുന്നു 
അവന്‍റെ 
ലീലാവിലാസങ്ങളെനിക്കു 

പ്രിയപ്പെട്ടവയായിരുന്നു 
അതുകൊണ്ടാവാം ;
രാധയും ,
പാര്‍ത്ഥിപനും ,
സാരഥിയും 
ഹൃദയത്തെ കീഴടക്കിയിരുന്നു 
എന്‍റെ മഹാഭാരതത്തിലെ 

കഥാപാത്രങ്ങള്‍ 
ജീവന്‍റെ അംശമായി .

ഞാന്‍ 
കാറല്‍മാര്‍ക്സിനെ
അംഗീകരിച്ചു  
ആ തത്വചിന്തകള്‍

എന്‍റെ ഞരമ്പുകളിലൂടെ 
ഒഴുകിയ രക്തത്തിനു 
വിപ്ലവാഗ്നി പകര്‍ന്നു.  
അതുകൊണ്ടാവാം
മനസ്സുകൊണ്ടു 
കമ്മ്യൂണിസത്തേയും,
മൂലധനത്തേയും  
കമ്മ്യൂണിസ്റ്റിനേയും
പ്രണയിച്ചു പോയി .
എന്‍റെ ദാസ്സ് ക്യാപ്പിറ്റലിലൂടെ 
ഒരു ചുവന്ന സൂര്യനാകാന്‍ 
കൊതിച്ചുറങ്ങി .

ഞാന്‍ 
കണ്ട സ്വപ്നങ്ങളില്‍ 
ബൈബിളും,
മഹാഭാരതവും 
ദാസ്സ് ക്യാപ്പിറ്റലും മാത്രം
അതുകൊണ്ടാകാം
ഒരു മനുഷ്യനായി 
ഈ മണ്ണിലങ്ങു 
പിറന്നു പോയതും  

യാഥാര്‍ത്ഥ്യങ്ങളിലേക്കൊ- 
ന്നെത്തി നോക്കിയപ്പോള്‍
ഞെട്ടിപ്പോയി 
കനവു കരിഞ്ഞൊരു 
കണ്ണീരു വറ്റിയൊരു 
അടിവയര്‍ ഒട്ടിയൊരു  
ജനതയെ കണ്ടു ഞാന്‍

പിന്നെയും കാഴ്ചകള്‍ 
കാമാഗ്നി തെളിയുന്ന 
കഴുകന്‍റെ കണ്ണുകള്‍ 
കൊല വിളിച്ചു
പടയൊരുക്കി  
അങ്കം കുറിക്കുന്നോര്‍
ചതിയുടെ പുതിയ 
ലോകം പണിയുവോര്‍  

മനഃസാക്ഷിയില്ലാത്ത 
മനുഷ്യവര്‍ഗങ്ങളേ
എന്തിനു നിങ്ങള്‍ക്കീ 
ശാന്തി വചനങ്ങള്‍ 
ലീലാവിലാസങ്ങള്‍ 
സമത്വം നല്‍കുന്ന 

തത്വചിന്തകള്‍ 

Tuesday 1 January 2013

കഴുകന്‍..


കഴുകാ........
എന്നെ റാഞ്ചി പറന്ന
നിന്‍റെ മൂര്‍ച്ചയുള്ള
കാല്‍ നഖങ്ങളെന്‍റെ
മാംസത്തിലേക്ക്
ആഴ്നനിറങ്ങിയപ്പോഴും
നിസ്സഹായതയോടെ
ചേര്‍ന്ന് നിന്നില്ലേ

നിന്‍റെ കൂര്‍ത്ത
ചുണ്ടുകലെന്‍റെ
ഹൃദയം കൊത്തി
വിഴുങ്ങുമ്പോഴും
വിധേയനായി
മൌനമായിരുന്നില്ലേ

എന്നിട്ടുമെന്തേ ..
നിന്‍റെ ചോരച്ച
കണ്ണുകള്‍ കൊണ്ടിങ്ങനെ
തുറിച്ചു നോക്കി
ഭയപ്പെടുത്തി
കൊണ്ടിരിക്കുന്നത് ,....?