Wednesday, 2 January 2013

ഞാന്‍


ഞാന്‍
ക്രിസ്തുവില്‍
വിശ്വസിച്ചു 

അവന്‍റെ വചനങ്ങളെ
മനഃപാഠമാക്കി .
അതുകൊണ്ടാവാം ;
അയല്‍ക്കാരേയും
യൂദാസിനേയും 
പീലാത്തോസിനേയും 
സ്നേഹിച്ചിരുന്നു .
എന്‍റെ ബൈബിളിലെ 
വാക്കുകളിലും
വചനങ്ങളിലും 
ഞാന്‍ അന്തിയുറങ്ങി .

ഞാന്‍ 
കൃഷ്ണനെ 
സ്നേഹിച്ചിരുന്നു 
അവന്‍റെ 
ലീലാവിലാസങ്ങളെനിക്കു 

പ്രിയപ്പെട്ടവയായിരുന്നു 
അതുകൊണ്ടാവാം ;
രാധയും ,
പാര്‍ത്ഥിപനും ,
സാരഥിയും 
ഹൃദയത്തെ കീഴടക്കിയിരുന്നു 
എന്‍റെ മഹാഭാരതത്തിലെ 

കഥാപാത്രങ്ങള്‍ 
ജീവന്‍റെ അംശമായി .

ഞാന്‍ 
കാറല്‍മാര്‍ക്സിനെ
അംഗീകരിച്ചു  
ആ തത്വചിന്തകള്‍

എന്‍റെ ഞരമ്പുകളിലൂടെ 
ഒഴുകിയ രക്തത്തിനു 
വിപ്ലവാഗ്നി പകര്‍ന്നു.  
അതുകൊണ്ടാവാം
മനസ്സുകൊണ്ടു 
കമ്മ്യൂണിസത്തേയും,
മൂലധനത്തേയും  
കമ്മ്യൂണിസ്റ്റിനേയും
പ്രണയിച്ചു പോയി .
എന്‍റെ ദാസ്സ് ക്യാപ്പിറ്റലിലൂടെ 
ഒരു ചുവന്ന സൂര്യനാകാന്‍ 
കൊതിച്ചുറങ്ങി .

ഞാന്‍ 
കണ്ട സ്വപ്നങ്ങളില്‍ 
ബൈബിളും,
മഹാഭാരതവും 
ദാസ്സ് ക്യാപ്പിറ്റലും മാത്രം
അതുകൊണ്ടാകാം
ഒരു മനുഷ്യനായി 
ഈ മണ്ണിലങ്ങു 
പിറന്നു പോയതും  

യാഥാര്‍ത്ഥ്യങ്ങളിലേക്കൊ- 
ന്നെത്തി നോക്കിയപ്പോള്‍
ഞെട്ടിപ്പോയി 
കനവു കരിഞ്ഞൊരു 
കണ്ണീരു വറ്റിയൊരു 
അടിവയര്‍ ഒട്ടിയൊരു  
ജനതയെ കണ്ടു ഞാന്‍

പിന്നെയും കാഴ്ചകള്‍ 
കാമാഗ്നി തെളിയുന്ന 
കഴുകന്‍റെ കണ്ണുകള്‍ 
കൊല വിളിച്ചു
പടയൊരുക്കി  
അങ്കം കുറിക്കുന്നോര്‍
ചതിയുടെ പുതിയ 
ലോകം പണിയുവോര്‍  

മനഃസാക്ഷിയില്ലാത്ത 
മനുഷ്യവര്‍ഗങ്ങളേ
എന്തിനു നിങ്ങള്‍ക്കീ 
ശാന്തി വചനങ്ങള്‍ 
ലീലാവിലാസങ്ങള്‍ 
സമത്വം നല്‍കുന്ന 

തത്വചിന്തകള്‍ 

Tuesday, 1 January 2013

കഴുകന്‍..


കഴുകാ........
എന്നെ റാഞ്ചി പറന്ന
നിന്‍റെ മൂര്‍ച്ചയുള്ള
കാല്‍ നഖങ്ങളെന്‍റെ
മാംസത്തിലേക്ക്
ആഴ്നനിറങ്ങിയപ്പോഴും
നിസ്സഹായതയോടെ
ചേര്‍ന്ന് നിന്നില്ലേ

നിന്‍റെ കൂര്‍ത്ത
ചുണ്ടുകലെന്‍റെ
ഹൃദയം കൊത്തി
വിഴുങ്ങുമ്പോഴും
വിധേയനായി
മൌനമായിരുന്നില്ലേ

എന്നിട്ടുമെന്തേ ..
നിന്‍റെ ചോരച്ച
കണ്ണുകള്‍ കൊണ്ടിങ്ങനെ
തുറിച്ചു നോക്കി
ഭയപ്പെടുത്തി
കൊണ്ടിരിക്കുന്നത് ,....?

Sunday, 30 December 2012

സഖി




എന്‍റെ മിഴികള്‍
നിറഞ്ഞു നിന്നിട്ടും 
കണ്ണീര്‍മുത്തുകള്‍
അടര്‍ന്നു വീണിട്ടും 
നീയതു കാണാതെ
പോകയോ സഖീ 

വിടര്‍ന്ന ചുണ്ടുകളില്‍
തേന്‍കണങ്ങള്‍ 
തുളുമ്പി നിന്നിട്ടും
നീയതു നുകരാതെ 
കാണാതെ 
പോകയോ സഖി 

പിടയുന്ന മനസ്സിന്‍റെ 
നോവറിഞ്ഞിട്ടും 
രക്തയോട്ടം നിലച്ചൊരീ
ഞരമ്പുകളില്‍ 
ജീവന്‍റെയംശം 
ഇല്ലെന്നറിഞ്ഞിട്ടും   
പടിയിറങ്ങി-
 വെറുതെ നീ
പ്പോകയോ സഖീ 

വസന്തം വഴി മാറി 
ഒഴിഞ്ഞു നിന്നിട്ടും 
പ്രണയമൊരു  
പെരുമഴയായി 
പെയ്തിറങ്ങിയിട്ടും
നനയാതെ 
അറിയാതെ 
പോകയോ സഖീ 

മാറോടു ചേര്‍ത്തു 
ഞാന്‍ വാരിപ്പുണര്‍ന്നിട്ടും 
എന്‍ ഹൃദയത്തുടുപ്പുകള്‍
കേള്‍ക്കാതെ 
അറിയാതെ 
പോകയോ സഖീ 


അറിയാതെയെപ്പൊഴോ
ഒരു മഴനീര്‍ത്തുള്ളിയായി 
നിന്നിലലിഞ്ഞു ഞാന്‍
പ്രണയ ദാഹം 
തീര്‍ത്തില്ലാതായതും 
വീണ്ടുമോര്‍ക്കട്ടെ ഞാന്‍

Thursday, 27 December 2012

പ്രയാണം

പൊട്ടിച്ചിതറിയ 
കണ്ണാടിക്കഷ്ണങ്ങള്‍
കൂട്ടി യോജിപ്പിച്ചു   
നിന്‍റെ മുഖം 
വീണ്ടെടുക്കാന്‍ 
വൃഥാ ശ്രമിക്കവേ 


ഞാന്‍ അറിയുന്നു ..!
ആ കണ്ണീര്‍ക്കണങ്ങളില്‍
എന്‍റെ നൊമ്പരങ്ങള്‍,
സ്വപ്നങ്ങള്‍   
നമ്മുടെ മോഹങ്ങളുറങ്ങുന്നത് 


എന്‍റെ ഹൃദയം 
നോവുമ്പോള്‍  
ചുവക്കുന്ന നിന്‍റെ 
കണ്ണുകളുടെ പരിശുദ്ധി 
എല്ലാമുള്ളിലൊതുക്കി 
നിന്‍ ചുണ്ടില്‍ വിരിയുന്ന 
പുഞ്ചിരിയിലെന്‍റെ
ദുഃഖങ്ങളലിഞ്ഞി-
ല്ലാതാകുന്നതറിയുന്നു.

തളരുന്നു ഞാന്‍...!
ഈ  വേര്‍പാടില്‍ 
നീ വിട പറഞ്ഞകലവേ   
നമ്മുടേതെന്നൊരിക്കല്‍ 
സൃഷ്ടിച്ചൊരാപ്രണയലോകം 
വേണമോ നമുക്കിനി ?


ഉത്തരമില്ലാതെ 
മൗനമായി നിന്നു നീ  
അതെന്നെ തളര്‍ത്താ-

തിരുന്നില്ലന്നറിയുക .
എങ്കിലും ഒരു പുഞ്ചിരി 
തരാന്‍ 
മറന്നില്ല ഞാനപ്പോള്‍ 


തുടരുന്നു ...
ഞാനെ
ന്‍റെ പ്രയാണം 
അനന്തതയിലേക്ക് ....!

Wednesday, 19 December 2012

മൌനമീ വാക്കുകള്‍


എനിക്കും നിനക്കുമിടയിലെ 
വാക്കുകള്‍ നിശ്ശബ്ദമാകുന്നു.
ചുറ്റുമുള്ള ചുവരുകളെ-
നിക്കു തടവറയാകുന്നു. 
ഒരിക്കലും മരിക്കാത്ത 
നിന്‍റെമധുരപ്രണയമെന്നെ  
വല്ലാതെ കുത്തി നോവിക്കുന്നു. 

നിന്‍റെ ഓര്‍മ്മകളിലൂടെ
കടന്നു പോകുമ്പോള്‍ 
എന്‍റെ  മനസ്സു പോലും 
ഈ മൗനത്തില്‍ പരിഭ്രമിക്കുന്നു 

നമുക്കിടയിലെ ശബ്ദങ്ങള്‍
ഇല്ലാതെയാകുന്നുവോ ? 
ഞാന്‍ നീയകന്നുവോ ?

ഭയക്കുന്നു ഞാനീ കുളിരുന്ന പുലരികളെ ,
നാമജപങ്ങളുയരുന്ന സന്ധ്യകളെ,
പിന്നിട്ടു പോകുമോരോ നിമിഷങ്ങളെയും. 

നമ്മളില്‍ മൗനം കൂടുകൂടുന്നുവോ ?
നിന്‍റെയീമിഴികളില്‍ തിളക്കം കുറയുന്നുവോ ?
ചിന്തകളുടെ സ്ഥൈര്യംനില തെറ്റുന്നുവോ ?
സ്നേഹം വിതറും നിന്‍ മുഖകാന്തിയില്‍ 
ദുഃഖം നിഴലാട്ടം നടത്തുന്നുവോ ?

എനിക്കായി, നിനക്കായി, നമുക്കായി
ഇനിയുമീയുലകമെത്രനാള്‍ ? 
മായില്ല ,മറക്കില്ല ,
നിന്‍വിരല്‍ത്തുമ്പിലൂടാദ്യം  
പകര്‍ന്നൊരാ ദിവ്യപ്രണയത്തിന്‍ 
മധുര സ്മരണകള്‍

അറിയുന്നു ഞാനീ മൗനം
എനിക്കും നിനക്കുമിടയിലെ 
നിശബ്ദതയെ ..ഇനിയെത്ര നാള്‍ 
നമ്മളൊരുമിച്ചിനിയെത്ര ദൂരം !

Thursday, 13 December 2012

ആത്മഹത്യ


നിറയാത്ത നിന്‍
മിഴിയിണകള്‍
തുടച്ചിടാം ഞാന്‍

വിതുമ്പാത്ത നിന്‍
ചുണ്ടുകളില്‍
തലോടാം ഞാന്‍

പറയാത്ത വാക്കുകള്‍
മറന്നിടാം ഞാന്‍

നടക്കാത്ത കാര്യങ്ങള്‍
പറഞ്ഞു നമുക്കാ 
പുഴയോരത്തു
പോയിരിക്കാം

വറ്റിവരണ്ടൊരാ
പുഴയിപ്പോള്‍
നിന്‍ മിഴിയിണ
പോലെയല്ലേ ?
എങ്കിലും..,
മാ
മിഴിയിണകള്‍
തുടച്ചിടാം ഞാന്‍

ഏഴു നിറങ്ങളില്‍
മഴവില്ലു തീര്‍ക്കും
മേഘങ്ങള്‍ക്കിടയിലെ
ഗന്ധര്‍വനിപ്പോള്‍
വിതുമ്പാത്ത നിന്‍
ചുണ്ടുകള്‍ പോലെയല്ലേ?
എങ്കിലും..,
മാ
ചുണ്ടുകളില്‍
തലോടാം ഞാന്‍

പറയാത്ത വാക്കുകള്‍
കേട്ടു നമ്മള്‍
നടക്കാത്ത കാര്യങ്ങള്‍
പറഞ്ഞു നാമീ-  
പുഴയോരത്തിരുന്നി-
ട്ടെന്തു കാര്യം ?
ഒന്നു മുങ്ങിച്ചാകാനും
കഴിയില്ലല്ലോ ?

Friday, 30 November 2012

നീയും ഞാനും


നീയൊരു മഴവില്ലായി തെളിയുമ്പോള്‍
ആ മഴവില്ലിന്‍ ശോഭയില്‍
ഏഴു നിറങ്ങളിലൂടെ
ഏഴു സ്വരങ്ങളെ
തഴുകിയുണര്‍ത്തി
ആനന്ദ നടനമാടുന്നൊരു
മയില്‍പക്ഷിയാകും ഞാന്‍  

നീയൊരു മഴയായി പെയ്യുമ്പോള്‍
ദാഹിച്ചു ദാഹി-
ച്ചൊരു തുള്ളിമഴക്കായി..
കാത്തു കാത്തിരുന്നൊരു
വേഴാമ്പല്‍പക്ഷിയായി
പറന്നുയരുമീ വാനമെല്ലാം  

നീയൊരു നദിയായി മാറുമ്പോള്‍
ഞാനൊരു പ്രണയക്കടലാകും 
കടലില്‍ ഞാനൊരു
മാളിക പണിയും
കനകം കൊണ്ടു കൊട്ടാരം
അവിടൊരു റാണിയായി
വാഴും നിന്നുടെ മധുരച്ചുണ്ടില്‍
ഞാനെന്‍റെ പ്രണയം തരും
ആ നിര്‍വൃതിയിലെന്‍
കരവലയങ്ങള്‍ക്കുള്ളില്‍
നീയൊരു പ്രണയം
വിടര്‍ത്തും പൂവാകും
ഒരാമ്പല്‍പൂവായി മാറും
അപ്പോള്‍ ഞാനൊരു
പാല്‍നിലാവായി മാറും
നിന്നിളം മേനിയെ
തഴുകിയുണര്‍ത്തും
പൂനിലാവായി മാറും

അകലെയാ കാടിന്‍റെ നെറ്റിയില്‍
ബാലാര്‍ക്കബിംബം ഉദിച്ചുയരുമ്പോള്‍
നീയൊരു താമരപ്പൂവായിമാറും
താമരപ്പൂവിന്നിതളില്‍
ഞാനും നീയും  പ്രണയം
കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും

Wednesday, 21 November 2012

ഞാനും എന്‍റെ രാജ്ഞിയും

ഞാന്‍;
ഏകാന്തതയുടെ രാജകുമാരന്‍
എനിക്കവള്‍ രാജ്ഞി!
എനിക്കു മാത്രമായവള്‍
ഒരു കൊട്ടാരം പണിയിച്ചു
പ്രണയം കൊണ്ടു തീര്‍ത്ത
മനോഹരമായ കൊട്ടാരം!

ഋതുക്കള്‍ മാറിമാറി വന്നു
അവളുടെ പ്രണയത്തില്‍ ഞാന്‍
അലിഞ്ഞലിഞ്ഞു ചേര്‍ന്നു !
ഒടുവിലൊരു നാള്‍  
ആ പ്രണയകൊട്ടാരത്തിനു ചുറ്റും
കാലമൊരു കോട്ട കെട്ടി 
മനുഷ്യനിര്‍മ്മിതമായ കോട്ട!

അതറിയാതെ 
ഞാനെന്‍റെ പ്രണയം  
നെഞ്ചോടു ചേര്‍ത്തൊന്നു- 
മറിയാതെ ഉറങ്ങി
അപ്പോഴുമെന്‍റെ രാജ്ഞി 
എനിക്കു കാവല്‍ നില്‍പ്പുണ്ടാകു-
മെന്ന വിശ്വാസത്തില്‍

Sunday, 11 November 2012

സ്വത്വങ്ങള്‍ നഷ്ടപ്പെട്ടവര്‍ ...


 സ്നേഹിതാ
തിരിച്ചറിവിന്‍റെ ഭാഷ
ചുണ്ടുകളിലും
മടങ്ങി വരവിന്‍റെ
സൂചന ചുവടുകളിലും
പ്രത്യാശയുടെ തിളക്കം
മിഴികളിലും
തെളിയുന്നുണ്ട്

പോരാട്ട വീഥിയില്‍
സുവിശേഷം കുറിച്ച്
സമാധിയായ
പരേതന്‍റെ
പരിവേദനങ്ങളും
പ്രത്യശാസ്ത്ര
പ്രവേഗങ്ങളുടെ
മുകളില്‍
വാല്‍ മുറിച്ചിട്ട്
പോയൊരു
ഗൌളിയുടെ ഗര്‍വ്വവും
ഉറക്കെ ഉറക്കെ..
വിളിച്ചു പറയുന്നു
'സ്വത്വങ്ങള്‍
നഷ്ട്ടപ്പെട്ട
നിഴല്‍ കൂടാണ് നീ '
നിന്‍റെ സാധനകള്‍
സാര്‍ത്ഥകമാകില്ല

ഉടല്‍ തുരന്നു തിന്നുന്ന
കൃമിപല്ലുകളില്‍
നിന്‍റെ മോഹങ്ങള്‍
ചതഞ്ഞരയുമ്പോള്‍
പുതിയൊരുഷസ്സിന്‍റെ
കാഹളം
ഉയരുന്നതു കേള്‍ക്കാം

Sunday, 4 November 2012

തിരികെ തരൂ...


ഓര്‍മ്മകളുടെ 
പിന്നാമ്പുറത്തേക്ക്
അതിവേഗം 
മടങ്ങി പോകണം
 
പുഴവക്കിലിരുന്നു 
പുലരിയോടു
കഥകള്‍ ചൊല്ലണം
ഓളഭംഗികള്‍ക്ക് താഴെ
കുളിരുണര്‍ത്തുന്ന
ഈറന്‍ തുടുപ്പുകളില്‍
പാദങ്ങളാഴ്ത്തി
ഒരു മാനത്തു കണ്ണിയുടെ
നനുനനുത്ത  ചുംബനം
കൊതിച്ചു.. കൊതിച്ചു...

സ്മരണകളുടെ
ഹരിതപേടകത്തില്‍
ഒന്നുറങ്ങാന്‍ കിടക്കണം

ഹൃദയസരോവരത്തില്‍
വിരുന്നിനെത്തുന്ന
സ്വപ്നശലഭത്തിന്റെ
വിരല്‍ തുമ്പില്‍ തൊടണം ,
കൈവെള്ളയില്‍ തലോടണം,
കവിളില്‍ തഴുകണം,

ഒടുവിലോര്‍മ ചിറകേറി
പറന്നുയരണം
ഈ ജരാനരകള്‍
ഒളിച്ചുപിടിക്കണം ,

കാലമേ ..തിരിച്ചു തരൂ ,
ചോര്‍ന്നു പോയ,
തുളുമ്പി തൂകിയ ..
നഷ്ട്ട സ്വപ്നങ്ങളെ

പകരാതെ ..
കുറുക്കി വറ്റിച്ചു ചുവപ്പിച്ചു
മനസ്സിലൊളിപ്പിച്ച
സ്നേഹ സന്ധ്യകളെ ..