Friday, 30 November 2012

നീയും ഞാനും


നീയൊരു മഴവില്ലായി തെളിയുമ്പോള്‍
ആ മഴവില്ലിന്‍ ശോഭയില്‍
ഏഴു നിറങ്ങളിലൂടെ
ഏഴു സ്വരങ്ങളെ
തഴുകിയുണര്‍ത്തി
ആനന്ദ നടനമാടുന്നൊരു
മയില്‍പക്ഷിയാകും ഞാന്‍  

നീയൊരു മഴയായി പെയ്യുമ്പോള്‍
ദാഹിച്ചു ദാഹി-
ച്ചൊരു തുള്ളിമഴക്കായി..
കാത്തു കാത്തിരുന്നൊരു
വേഴാമ്പല്‍പക്ഷിയായി
പറന്നുയരുമീ വാനമെല്ലാം  

നീയൊരു നദിയായി മാറുമ്പോള്‍
ഞാനൊരു പ്രണയക്കടലാകും 
കടലില്‍ ഞാനൊരു
മാളിക പണിയും
കനകം കൊണ്ടു കൊട്ടാരം
അവിടൊരു റാണിയായി
വാഴും നിന്നുടെ മധുരച്ചുണ്ടില്‍
ഞാനെന്‍റെ പ്രണയം തരും
ആ നിര്‍വൃതിയിലെന്‍
കരവലയങ്ങള്‍ക്കുള്ളില്‍
നീയൊരു പ്രണയം
വിടര്‍ത്തും പൂവാകും
ഒരാമ്പല്‍പൂവായി മാറും
അപ്പോള്‍ ഞാനൊരു
പാല്‍നിലാവായി മാറും
നിന്നിളം മേനിയെ
തഴുകിയുണര്‍ത്തും
പൂനിലാവായി മാറും

അകലെയാ കാടിന്‍റെ നെറ്റിയില്‍
ബാലാര്‍ക്കബിംബം ഉദിച്ചുയരുമ്പോള്‍
നീയൊരു താമരപ്പൂവായിമാറും
താമരപ്പൂവിന്നിതളില്‍
ഞാനും നീയും  പ്രണയം
കൊണ്ടൊരു സ്വര്‍ഗ്ഗം പണിയും

Wednesday, 21 November 2012

ഞാനും എന്‍റെ രാജ്ഞിയും

ഞാന്‍;
ഏകാന്തതയുടെ രാജകുമാരന്‍
എനിക്കവള്‍ രാജ്ഞി!
എനിക്കു മാത്രമായവള്‍
ഒരു കൊട്ടാരം പണിയിച്ചു
പ്രണയം കൊണ്ടു തീര്‍ത്ത
മനോഹരമായ കൊട്ടാരം!

ഋതുക്കള്‍ മാറിമാറി വന്നു
അവളുടെ പ്രണയത്തില്‍ ഞാന്‍
അലിഞ്ഞലിഞ്ഞു ചേര്‍ന്നു !
ഒടുവിലൊരു നാള്‍  
ആ പ്രണയകൊട്ടാരത്തിനു ചുറ്റും
കാലമൊരു കോട്ട കെട്ടി 
മനുഷ്യനിര്‍മ്മിതമായ കോട്ട!

അതറിയാതെ 
ഞാനെന്‍റെ പ്രണയം  
നെഞ്ചോടു ചേര്‍ത്തൊന്നു- 
മറിയാതെ ഉറങ്ങി
അപ്പോഴുമെന്‍റെ രാജ്ഞി 
എനിക്കു കാവല്‍ നില്‍പ്പുണ്ടാകു-
മെന്ന വിശ്വാസത്തില്‍

Sunday, 11 November 2012

സ്വത്വങ്ങള്‍ നഷ്ടപ്പെട്ടവര്‍ ...


 സ്നേഹിതാ
തിരിച്ചറിവിന്‍റെ ഭാഷ
ചുണ്ടുകളിലും
മടങ്ങി വരവിന്‍റെ
സൂചന ചുവടുകളിലും
പ്രത്യാശയുടെ തിളക്കം
മിഴികളിലും
തെളിയുന്നുണ്ട്

പോരാട്ട വീഥിയില്‍
സുവിശേഷം കുറിച്ച്
സമാധിയായ
പരേതന്‍റെ
പരിവേദനങ്ങളും
പ്രത്യശാസ്ത്ര
പ്രവേഗങ്ങളുടെ
മുകളില്‍
വാല്‍ മുറിച്ചിട്ട്
പോയൊരു
ഗൌളിയുടെ ഗര്‍വ്വവും
ഉറക്കെ ഉറക്കെ..
വിളിച്ചു പറയുന്നു
'സ്വത്വങ്ങള്‍
നഷ്ട്ടപ്പെട്ട
നിഴല്‍ കൂടാണ് നീ '
നിന്‍റെ സാധനകള്‍
സാര്‍ത്ഥകമാകില്ല

ഉടല്‍ തുരന്നു തിന്നുന്ന
കൃമിപല്ലുകളില്‍
നിന്‍റെ മോഹങ്ങള്‍
ചതഞ്ഞരയുമ്പോള്‍
പുതിയൊരുഷസ്സിന്‍റെ
കാഹളം
ഉയരുന്നതു കേള്‍ക്കാം

Sunday, 4 November 2012

തിരികെ തരൂ...


ഓര്‍മ്മകളുടെ 
പിന്നാമ്പുറത്തേക്ക്
അതിവേഗം 
മടങ്ങി പോകണം
 
പുഴവക്കിലിരുന്നു 
പുലരിയോടു
കഥകള്‍ ചൊല്ലണം
ഓളഭംഗികള്‍ക്ക് താഴെ
കുളിരുണര്‍ത്തുന്ന
ഈറന്‍ തുടുപ്പുകളില്‍
പാദങ്ങളാഴ്ത്തി
ഒരു മാനത്തു കണ്ണിയുടെ
നനുനനുത്ത  ചുംബനം
കൊതിച്ചു.. കൊതിച്ചു...

സ്മരണകളുടെ
ഹരിതപേടകത്തില്‍
ഒന്നുറങ്ങാന്‍ കിടക്കണം

ഹൃദയസരോവരത്തില്‍
വിരുന്നിനെത്തുന്ന
സ്വപ്നശലഭത്തിന്റെ
വിരല്‍ തുമ്പില്‍ തൊടണം ,
കൈവെള്ളയില്‍ തലോടണം,
കവിളില്‍ തഴുകണം,

ഒടുവിലോര്‍മ ചിറകേറി
പറന്നുയരണം
ഈ ജരാനരകള്‍
ഒളിച്ചുപിടിക്കണം ,

കാലമേ ..തിരിച്ചു തരൂ ,
ചോര്‍ന്നു പോയ,
തുളുമ്പി തൂകിയ ..
നഷ്ട്ട സ്വപ്നങ്ങളെ

പകരാതെ ..
കുറുക്കി വറ്റിച്ചു ചുവപ്പിച്ചു
മനസ്സിലൊളിപ്പിച്ച
സ്നേഹ സന്ധ്യകളെ ..

Wednesday, 31 October 2012

ഭാവങ്ങള്‍

 

പ്രണയം 

അറിയാതെയാരോയെന്‍ 
ഹൃദയത്തെ മൃദുലമായി  
തഴുകവേ,പൂത്തുലയുമെന്‍
ഹൃദയത്തിനാഴങ്ങളില്‍
പൂത്ത പ്രണയമല്ലിപ്പൂവിന്‍
നവ്യ സുഗന്ധമോ പ്രണയം?

രൂപം
നിന്‍റെ പ്രണയത്തിന്‍ 
ആര്‍ദ്രമാം നോവും, കുളിരും
നറു നിലാവും
പങ്കിട്ടെടുത്തൊന്നു 
പൂര്‍ണ്ണമാക്കീടുവാന്‍
കാലം കടം കൊണ്ട സുഭഗമാം
രൂപമോ ഞാന്‍?

കാമം 
പ്രണയ പരവശയായ
നിന്‍റെ സ്വപ്നമിഴികളില്‍ 
നിറയുന്ന മഴവില്ലിന്‍
നിറങ്ങളേഴും വാരിവിതറി
നിന്‍റെ ചുണ്ടുകളില്‍
അറിയാതുറയുന്ന
എന്‍റെ ദാഹമോ കാമം

നിര്‍വൃതി
നിറഞ്ഞു തുളുമ്പിയ നിന്‍റെ
പ്രണയ പാലാഴിയില്‍
ഇണയരയന്നങ്ങളായി
പ്രണയാനുഭൂതിയില്‍
നീന്തിത്തുടിക്കവേ
എന്‍റെ സിരകളില്‍ 
നീ മീട്ടിയ ശ്രുതിയായി  
സ്നേഹമായി നിര്‍വൃതി

Sunday, 21 October 2012

വേശ്യ


ഒരു ചാണ്‍വയറിന്‍റെ
വിശപ്പടക്കാന്‍ 
ഇരുട്ടിന്‍റെ മറവില്‍ 
നിലാവെളിച്ചത്തില്‍ 
മടിക്കുത്തഴിച്ചവള്‍ -വേശ്യ  

ഉടുതുണി വാങ്ങാന്‍ 
പകല്‍ വെളിച്ചത്തില്‍
പുഞ്ചിരി തൂകിനിന്നാ വഴിവക്കില്‍ 
ചാരിത്ര്യം വിറ്റവള്‍ -വേശ്യ 

മക്കളെപ്പോറ്റുവാന്‍ 
കുടുംബം നടത്തുവാന്‍ 
ജീവിതം ഹോമിച്ചു 
ശരീരം വിറ്റവള്‍ - വേശ്യ 

നിശയുടെ മറവില്‍ 
പ്രണയം വിറ്റവള്‍ 
അന്യന്‍റെ മാറിലമര്‍ന്നവന്‍റെ
കാമം ശമിപ്പിച്ചവള്‍ -വേശ്യ  

ജീവിത ഭാരം തോളിലേറ്റിയവള്‍
അന്യന്‍റെ ശ്രുതികള്‍
മീട്ടുന്ന വീണയായി 
അവന്‍റെ താളമായി ..
സംഗീതമായവള്‍ -വേശ്യ 

മനുസ്മൃതിയെല്ലാം കാറ്റില്‍ പറത്തി
പുരുഷന്‍ തഴഞ്ഞിട്ട ജീവിതവുമായി 
അവനെത്തന്നെ സേവിച്ചു, 
സ്വയമുരുകി ആറടി മണ്ണില്‍ 
ആഞ്ഞു പതിക്കുന്ന നാളിലും 
അവള്‍ക്കു പേര്‍ വേശ്യയെന്നോ?

Friday, 19 October 2012

ജിഹാദ് ....


ഗോലാന്‍ കുന്നിനു മുകളില്‍
ഇസ്രയേല്‍ കുഴിച്ചു മൂടിയ
അസ്ഥികൂടത്തിനു വിശക്കുന്നു
വായും .. വയറുമില്ല
എന്നിട്ടും
അടക്കാനാകാത്ത വിശപ്പ്‌.....
വെടിയുണ്ട പിളര്‍ത്തിയ
ഹൃദയത്തില്‍ നിന്നും
ചീറ്റിതെറിച്ച ചുടുചോരയുടെ
മതം തിരഞ്ഞിളിഭ്യനായ
ഒരു ജിഹാദി കാടുകയറുന്നു...

ഏഴുകടലുകള്‍ക്കപ്പുറത്തു

വെളുത്ത ബംഗ്ലാവില്‍
ഒരു കറുത്ത മനുഷ്യന്‍
ഉണര്‍ന്നിരിക്കുന്നു

നിശബ്ധമായോഴുകുന്ന ട്രൈഗ്രീസി
ന്‍റെ
ഓളപരപ്പുകള്‍ക്കു മുകളില്‍
ഒരു അറവുകാരന്‍ ഉറക്കെചിരിക്കുന്നു

അഫ്ഗ്ഗാന്‍റെ  ദുരിതങ്ങള്‍ക്കുമേല്‍

ഒരു കടല്‍കഴുകന്‍ താഴ്ന്നു പറക്കുന്നു
ചുവന്ന ചിറകില്‍ നിന്നും
സാന്ത്വനത്തിന്‍റെ   ഒരു തൂവല്‍
പൊഴിച്ചകലുന്നു
മരണം......വിറങ്ങലിച്ചു നില്‍ക്കുന്നു

ലങ്കയില്‍ അടിയറവുപറഞ്ഞ

ചാവേറിന്‍റെ  തമിഴ് വീര്യം
ഉഷ്ണചാലുകളിലുറയുന്നു

അശാന്തിയുടെ എട്ടുകാലികള്‍

വലപിരിച്ചു
ആത്മാവിനെ കുടുക്കുമ്പോള്‍

വിശ്വാസത്തിന്‍റെ  ആലകളിലും

മതേതരത്വങ്ങളുടെ മൌനങ്ങളിലും
സഹോദര്യത്തിന്‍റെ  സഹനങ്ങളിലും
ഞാന്‍ പാകിയ മൈനുകള്‍
പൊട്ടിത്തെറിക്കുന്ന നിമിഷം
എന്നിലെ ജിഹാദിയെ
ദൈവം...........
സ്വര്‍ഗത്തിലേക്കുയര്‍ത്തുമോ ?

Tuesday, 16 October 2012

മടക്കയാത്ര ..



രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉള്ള ഒരു തിരിച്ചു വരവ് ...
ഞാന്‍ അല്‍പ്പം അകലെയായി കാര്‍പാര്‍ക്ക് ചെയ്തു.
ഇവിടുന്നങ്ങോട്ടു എന്‍റെ ഗ്രാമമാണ്.
ഞാന്‍ പിച്ച വച്ചു നടക്കാന്‍പഠിച്ച.. എന്‍റെ നാട്
അന്ന്
അച്ഛനോടും അമ്മയോടും ചേച്ചിയോടും ഒപ്പം  ഈ ഗ്രാമത്തോടു യാത്രപറയുമ്പോള്‍ മനസ്സില്‍ ഉണ്ടായ വേദന അതു പറഞ്ഞറിക്കാന്‍ കഴില്ല    വല്ലാത്തൊരനുഭവം ...
തന്‍റെ കളിക്കൂട്ടുകാര്‍..
താന്‍ അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ച കൊച്ചു പള്ളികൂടം
തന്‍റെ പ്രിയപ്പെട്ട  ഗുരുനാഥന്‍
പിന്നെ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഈ കൊച്ചു ഗ്രാമം വിട്ടുപോകാന്‍ മനസ്സുവന്നില്ല .
അന്നു യാത്ര പറയുമ്പോള്‍ ഈ  ഗ്രാമം എന്നോടു എന്തോ ചോദിച്ചിരുന്നില്ലേ ...?
അതെ ചോദിച്ചിരുന്നു ..!
ഞാന്‍ ഓര്‍ക്കുന്നു ..!!
ഇപ്പോഴും  ആ ശബ്ദം, ആ വാക്കുകള്‍ കാതില്‍മുഴങ്ങുന്നതുപോലെ ...
"ഈ മനോഹരമായ നിന്‍റെ  ഗ്രാമത്തിലെ ഓരോ ചെടിയും പൂക്കുകയും കായ്ക്കുകയും ചെയ്യും. എത്ര  വേനലും, മഴയും, മഞ്ഞും,  മാറി മാറി വന്നാലും  ഈ ഗ്രാമം നിന്‍റെ വരവിനായി കാത്തിരിക്കും.കാരണം , നീ  പിറന്നു വീണ  മണ്ണാണിത്. നീ  കരഞ്ഞു കൊണ്ട് ഈ മണ്ണിലേക്ക് പിറന്നു വിണപ്പോള്‍ ഇരുകൈ കൊണ്ട് നിന്നെ സ്വീകരിച്ച  ഗ്രാമമാണിത് . നീ  പിച്ച വച്ചു നടക്കാന്‍ പഠിച്ച മണ്ണാണിത്. നീ  എത്ര  വളര്‍ന്നാലും എത്ര ഉന്നതിയില്‍ എത്തിയാലും ഒരിക്കലെങ്കിലും നീ  വരിക ..നിന്‍റെ ഈ ഗ്രാമം നിനക്ക് വേണ്ടി, നിന്‍റെ പാദ സപ്ര്‍ശത്തിനായി കാത്തിരിക്കും .."

ഇതു എന്‍റെ  ഗ്രാമത്തിന്‍റെ വാക്കുകളോ ...?
അതോ തന്‍റെ ചിന്തകളോ ..? എന്നറിയില്ല .
അകലങ്ങളിലേക്കു  നിണ്ടു കിടക്കുന്ന നെല്‍പ്പാടങ്ങളുടെ അങ്ങേ തലയ്ക്കു എരിഞ്ഞു താഴുന്ന അസ്തമയ സൂര്യന്‍.
കൂടാരം തേടി പറന്നു പോകുന്ന പകല്‍ പക്ഷികളുടെ കളകളാരവം..
എന്‍റെ ഗ്രാമത്തിന്‍റെ സുന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചു
ഞാന്‍മെല്ലെ മെല്ലെ മുന്നോട്ടുനടന്നു
ഇളം കാറ്റു വീശി  അടിച്ചപ്പോള്‍ തന്‍റെ വരവ്  ഈ  ഗ്രാമം അറിഞ്ഞതുപോലെ ..!
കാറ്റിന്‍റെ രൂപത്തില്‍ ഈ ഗ്രാമവും പ്രകൃതിയും എന്നെ വാരിപുണരുന്നതു പോലെ തോന്നുന്നു.!!
വയലിന്‍റെ നടുവിലുടെ വീതിയുള്ള ഒറ്റയടി പാതയിലുടെ മുന്നോട്ടു നടക്കുമ്പോള്‍ എന്‍റെ മനസ്സും   ഞാനും വര്‍ഷങ്ങള്‍ക്കു പിന്നിലായിരുന്നു .
എന്‍റെ കളികൂട്ടുകാര്‍..
അവരോടൊപ്പം  ആടിപ്പാടി  നടന്നിരുന്ന കുട്ടികാലം
എല്ലാം  ഓര്‍മ്മയായി.. ..
നോമ്പരിക്കുന്ന മധുരമുള്ള കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ ..
 തന്‍റെ വീട് ..!
കുറച്ചകലെ കാടുകേറി കിടക്കുന്ന കൊച്ചു വീട്..!
താന്‍ പിറന്ന വീട്..
തന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന വീട്..
അച്ഛന്‍ ഉള്ളപ്പോള്‍ വല്ലപ്പോഴും വന്നു നോക്കുമായിരുന്നു ..
അച്ഛന്‍ ലോകത്തോടു യാത പറഞ്ഞപ്പോള്‍ താനും താന്‍ പിറന്ന വീടും അനാഥമായി ..
തന്‍റെ വിടിനു ചുറ്റുമുള്ള വീടുകളില്‍ ദീപങ്ങള്‍ പ്രകാശിച്ചു തുടങ്ങി ..
കുറച്ചു അകലയൂള്ള സര്‍പ്പകാവില്‍ ഒരു പെണ്‍കുട്ടി ദീപം തെളിച്ചു നാമജപങ്ങള്‍ വുരുവിട്ടു പടി കെട്ടുകള്‍ ഇറങ്ങി വരുന്നു ..
അറിയില്ല ...!
ആരെയും തനിക്കറിയില്ല ..!!
അവര്‍ക്കും തന്നെ അറിയില്ല ...!!!
ഞാന്‍ പിറന്നനാട്  ...
തന്‍റെ വീട് ..
തന്‍റെ ഗ്രാമം ..
ഇതെല്ലാം അവകാശം മാത്രം ...
എല്ലാ അന്യമായിരിക്കുന്നു
കണ്ണു നിറയുന്നതു പോലെ...
പ്രിയ ഗ്രാമമേ  ഇവിടം വിട്ടു പോയെങ്കിലും  എല്ല ദിവസവും നിന്നെ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നില്ലേ..?
നിന്നെ പറ്റി ഞാന്‍ അഭിമാനത്തോടെ  സംസാരിച്ചില്ലേ .?
എന്തെ നീ  ഒഴികെ ആരും എന്നെ അറിയുന്നില്ല.?
അകലെ പുഴയില്‍ നിന്നും ഇളം കാറ്റു വീശിയടിച്ചപ്പോള്‍
കൈതപൂവിന്‍റെ മണം.
തന്‍റെ മുന്നിലുടെ നടന്നു പോകുന്ന ഗ്രാമവാസികള്‍ ആരും തന്നെ അറിയുന്നില്ല ..
എനിക്കും അവരെ മനസിലാകുന്നില്ല ..
അവര്‍ തന്‍റെ കളികൂട്ടുകാര്‍ ആവാം ..
പക്ഷേ അറിയാന്‍ കഴിയുന്നില്ല ...
തന്‍റെ അയല്‍ വീടുകളില്‍ സന്ധ്യനാമജപങ്ങള ഉയരുന്നു ...
ഞാന്‍ നിറകണ്ണുകളോടെ കാടുകേയറികിടക്കുന്ന
എന്‍റെ വീട്ടിലേക്കു നോക്കി ..
പിന്നെ തിരികെ നടന്നു ....
മനസിനെ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ...
ഇതു എന്‍റെ  മാത്രം  അനുഭവും ആയിരിക്കില്ല .ജീവിക്കാന്‍ വേണ്ടി നാടുവിട്ടുപോകുന്ന ഓരോ പ്രവാസിയുടെയുംഅനുഭവം ആയിരിക്കും ..
അപ്പോഴും എല്ലാം അറിഞ്ഞിട്ടോ ..അതോ ഒന്നും അറിയാതെയോ ഗ്രാമം എന്‍റെ കാതില്‍ മന്ത്രിക്കുന്ന പോലെ,വിണ്ടും ഇതു വഴി എപ്പോഴാ വരിക ..
ഒരു പക്ഷേ എന്‍റെ തോന്നല്‍ ആകുമോ ...?
അറിയില്ല ..?

Sunday, 14 October 2012

ഉത്തരങ്ങളില്ലാതെ ...


മൌനത്തിന്‍റെ ഉത്തരിയത്താല്‍
പ്രണയത്തിന്‍റെ പ്രഹേളികയെ പുതപ്പിച്ചു
കാറ്റ് പോയതെങ്ങോട്ടാണ്..?


കള്ളിച്ചെടിയുടെ മുള്ളുകളിലുടക്കി
കരളുമുറിഞ്ഞൊരു കാമുകന്‍പൂച്ച
കരഞ്ഞു കൊണ്ടോടിയതെങ്ങോട്ടാണ് ?

വസന്തം പോയി വിളിച്ചിട്ടും
മധുനുകരാന്‍ എത്താത്ത
കരിവണ്ടിനോടു പരിഭവിച്ചു
ഋതു പക്ഷി പറന്നുപോയതെങ്ങോട്ടാണ് ?

മഴകാടിനുള്ളിലെവിടെയോ
ഞെട്ടറ്റുവിണൊരു പച്ചില കണ്ണില്‍
നിന്നുതിര്‍ന്നുവീണൊരു
കണ്ണീര്‍മുത്തിനെ ചുംബിച്ചുടച്ചു
നിന്‍റെ പ്രണയ ചുണ്ടുകളില്‍
ഞാനെന്‍റെ പ്രണയത്തെ
ചേര്‍ത്തു വച്ചതെപ്പോഴാണ് ..?

എന്‍റെ പ്രണയമേ ....
ഉത്തരങ്ങള്‍ ഇല്ലാത്ത
ഈ ചോദ്യങ്ങള്‍ക്ക്
ഉത്തരം കിട്ടുവോളം
നമുക്കിങ്ങനെ പ്രണയിച്ചു രമിച്ച്‌




ഹാ ....പ്രണയമേ ..!!!

Saturday, 13 October 2012

സത്യമെവിടെ..


അരുതു , കാലമേ...
കഥയറിയാതെ നീ
കനവില്‍ കണ്ണ്‍നീര്‍
തൂകരുതെ..

അരുതു , സ്നേഹമേ ..
വിധിയറിയാതെ നീ
 വിലപിച്ചു പുറകെ
കൂടരുതേ ..

വൃണിതനാണ്  ഞാ-
നെങ്കിലുമെന്റെയുള്‍
ചിതയിലെരിയുന്ന
നിനവുകളില്‍.


അരുതു, പ്രണയമേ ...
ഒരു മഴത്തുള്ളിയായി
 പൊഴിയരുതെ
എന്നിലലിയരുതെ

അരുതു, ലോകമേ ...
സത്യം തിരയുമെന്നെ   
ഇരുളിലേക്കിനിയും
നയിക്കരുതെ ....