Monday, 30 April 2012

അഭിസാരിക (കഥ)ഡല്‍ഹി....,
കിഴക്കേ മാനം വിളറി വെളുത്തിട്ടു ഏറെനേരമായില്ലെന്നു തോന്നുന്നു . ഇന്നലെ വരെയുണ്ടായിരുന്ന കൊടും തണുപ്പില്‍ നിന്നും ഒരു മോചനമെന്ന പോലെ സൂര്യന്‍റെ ഇളം കിരണങ്ങള്‍ ജനലഴികളിലൂടെ ബെഡ്  റൂമിലേയ്ക്ക് അരിച്ചിറങ്ങുന്നു . ഞാന്‍ മെല്ലെ കിടക്കയില്‍ നിന്നും എഴുന്നേറ്റു ജനല്‍ തുറന്നു പുറത്തേക്കു നോക്കി. മുറ്റത്തെ തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന പലനിറത്തിലുള്ള റോസാപ്പൂക്കള്‍ , മുല്ലപ്പൂക്കള്‍ , നീലാംബരപ്പൂക്കള്‍, പൂക്കളെ വട്ടമിട്ടു പറക്കുന്ന ശലഭങ്ങള്‍, കരിവണ്ടുകള്‍ ... നല്ല രസമുള്ള കാഴ്ച.

ക്രിം.......ക്രിം.......ക്രിം.......ക്രിം.......

പെട്ടെന്നു കോളിംഗ് ബെല്‍ ശബ്ദിക്കാന്‍ തുടങ്ങി ..

ഞാന്‍ പോയി വാതില്‍ തുറന്നു .

വിലകുറഞ്ഞ സാരിയും ബ്ലൌസും ധരിച്ചു പൂമുഖപ്പടിയില്‍ എന്നെയും നോക്കി നില്‍ക്കുന്ന സുന്ദരിയായ യുവതി.അവര്‍ എന്നെ നോക്കി ചിരിച്ചു ..

"വരൂ" ... ഞാന്‍ ആ സ്ത്രീയെ വീട്ടിനകത്തേയ്ക്കു ക്ഷണിച്ചു  ..
 "ഇരിയ്ക്കൂ..."
 ഒഴിഞ്ഞു കിടന്ന കസേര ചൂണ്ടി ഞാനാ സ്ത്രീയോടു പറഞ്ഞു.
 "വേണ്ട സാര്‍ ഞാന്‍ ഇവിടെ നിന്നോളാം."
 "ഇരിയ്ക്കൂ." ഞാന്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ ഇരുന്നു
 "കുടിക്കാന്‍ ?"
 "വേണ്ട സാര്‍ ." വളരെ നേര്‍ത്ത ശബ്ദം.
 "സാര്‍ ഇവിടെ തനിച്ചാണോ താമസം?"
 "അതെ. എന്നെ സഹായിക്കാന്‍ ഒരു വാല്യക്കാരനുണ്ട്. അതിരിക്കട്ടെ, നിങ്ങള്‍ എന്തിനിവിടെ വന്നു ? ഞാന്‍ ഇവിടെ രോഗികകളെ പരിശോധിക്കാറില്ല . ഒരു മണിക്കൂറിനകം ഞാന്‍ ഹോസ്പിറ്റലില്‍ വരാം."
 "അറിയാം സാര്‍ . ഞാനൊരു രോഗിയോ, ചികിത്സ തേടി വന്നതോ അല്ല. ഒന്നു കാണാന്‍ ."
 "മനസ്സിലായില്ല?"
 ഞാന്‍ ആകാംക്ഷയോടെ അവരുടെ മുഖത്തേയ്ക്കു നോക്കി.
 "ഹ ...ഹ...ഹ"...
 അവര്‍ എന്നെ നോക്കി ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു .. വീണ്ടും വീണ്ടും.
 "എന്നെ മനസ്സിലായില്ലേ?''
 പിന്നെ മധുരമായ ശബ്ദത്തില്‍ ചോദിച്ചു.ഞാന്‍ അവരുടെ മുഖത്തെക്കു നോക്കി.ആ മുഖം ഓര്‍മ്മ വരുന്നില്ല .താന്‍ പിന്നിട്ട വഴികളിലൊന്നും ആ മുഖം കണ്ടതായി ഓര്‍ക്കുന്നില്ല.

"സാരണി എന്നാ എന്‍റെ പേര് .."
 പെട്ടെന്നു ഞാന്‍ ഞെട്ടി ..
 'സാരണിച്ചേച്ചി '...
എന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു ..
 വീണ്ടും അവര്‍ പൊട്ടിച്ചിരിച്ചു ..

"എന്നെ മറന്നു അല്ലേ? കടന്നു വന്ന വഴികള്‍ .. കൂട്ടുകാര്‍ .. എല്ലാവരേയും?"
 ഞാന്‍ മിണ്ടിയില്ല ...
 എന്‍റെ മനസ്സ് ഭൂതകാലത്തിലേയ്ക്കു കുതിക്കുകയായിരുന്നു ..
 എന്‍റെ നാട്, ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ കൊച്ചു ഗ്രാമം ...
 വസന്തകാലത്തിലെ മഞ്ഞുതുള്ളിയില്‍ വിടര്‍ന്ന പനിനീര്‍പ്പൂവു പോലെ സുന്ദരിയായ എന്‍റെ കളിക്കൂട്ടുകാരി ..
 എന്‍റെ സാരണിച്ചേച്ചി ..

#                                 #                           #                        #                            #                                 
എന്‍റെ ഗ്രാമം ..
നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന നെല്‍പ്പാടങ്ങള്‍, അവയ്ക്കിടയിലുടെ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന നടവഴി. പാടങ്ങള്‍ക്കിരുവശങ്ങളിലായി വെള്ളി അരഞ്ഞാണമെന്ന പോലെ ഒഴുകുന്ന
 കൊച്ചരുവികള്‍ . മറുദിക്കില്‍ തെങ്ങിന്‍ തോപ്പുകള്‍, റബര്‍മരങ്ങള്‍, പിന്നെ എന്‍റെ ഗ്രാമത്തിന്‍റെ ഐശ്വര്യം: ഇത്തിക്കരപ്പുഴ .. ഈ പുഴയുടെ തീരത്തു ജീവിക്കുന്ന കുറെ നല്ല മനുഷ്യര്‍ .

സ്നേഹമാണ് ഇവിടുത്തെ ആള്‍ക്കാരുടെ ജാതിയും മതവും രാഷ്ട്രീയവും എല്ലാം. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിയുന്ന കുറേ നല്ല മനുഷ്യര്‍ . അവര്‍ക്കിടയില്‍ ഞങ്ങള്‍ കുട്ടികള്‍ . വളരെ രസകരമായിരുന്നു ഞങ്ങളുടെ ബാല്യം . ഗ്രാമത്തിന്‍റെ നിഷ്ക്കളങ്കതയില്‍ ഞങ്ങള്‍ വളര്‍ന്നു. എന്‍റെ കൂട്ടുകാരില്‍ ഏറ്റവും സുന്ദരിയായിരുന്നു സാരണിച്ചേച്ചി .

സാരണിച്ചേച്ചി എന്നാണ് ഞാന്‍ ചേച്ചിയെ വിളിക്കാറ് . എന്നെക്കാള്‍ ഏകദേശം അഞ്ചു വയസ്സോളം പ്രായം കൂടുതലാണ് സാരണിച്ചേച്ചിക്ക്. ഞാന്‍ സ്കൂളില്‍ പോകുന്നതും വരുന്നതും സാരണി ചേച്ചിക്കൊപ്പമായിരുന്നു. സ്കൂളിലേതെങ്കിലും കുട്ടികള്‍ എന്നോടു വഴക്കിട്ടാല്‍ അവരെ ശാസിക്കാന്‍ ഓടിയെത്തുമായിരുന്നു എന്‍റെ സാരണിച്ചേച്ചി. ചേച്ചി എവിടെപ്പോയാലും എന്നെ കൂടെ കൂട്ടും. അമ്പലത്തില്‍ , ഉത്സവങ്ങള്‍ക്ക്, സിനിമക്ക് ...

അങ്ങനെ എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍റ്റു വന്നു . ചേച്ചി ഡിസ്റ്റിംഗ്ഷനോടെ എസ്എസ്എല്‍സി പാസായി. അന്നു ഞങ്ങളുടെ വീടുകളില്‍ ഉത്സവത്തിന്‍റെ പ്രതീതി. ചേച്ചി എല്ലാവര്‍ക്കും മിഠായി കൊടുത്തു വിജയം ആഘോഷിച്ചു.

സാരണിച്ചേച്ചിക്ക് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ . അടുത്തുള്ള കോളേജില്‍ തന്നെ സാരണിച്ചേച്ചി ചേര്‍ന്നു പഠിക്കാന്‍ തുടങ്ങി ..

സാരണിച്ചേച്ചി ഇന്നു കോളേജുകുമാരിയാണ്. ..

ദിവസങ്ങള്‍ മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി ..പക്ഷെ സാരണിച്ചേച്ചി എന്നില്‍ നിന്നും ഞങ്ങള്‍ കൂട്ടുകാരില്‍ നിന്നും പതുക്കെപ്പതുക്കെ അകലുകയായിരുന്നു. എന്തൊക്കയോ ചില മാറ്റങ്ങള്‍ .ദിവസങ്ങള്‍ ആഴ്ചകള്‍ക്കു വഴിമാറിക്കൊടുത്തു . കാലചക്രം അതിന്‍റെ അച്ചു തണ്ടില്‍ ഉരുണ്ടു കൊണ്ടിരുന്നു.

അഞ്ചു വര്‍ഷങ്ങള്‍ അതിവേഗത്തില്‍ കടന്നു പോയി ..

അങ്ങനെ ഞാനും ചേച്ചി പഠിക്കുന്ന അതേ കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ തുടങ്ങി. സാരണിച്ചേച്ചി അന്നു ബി എ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.

കോളേജിലെ ആദ്യദിവസങ്ങളില്‍ തന്നെ ഞാന്‍ ചേച്ചിയിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചു. സാരണിച്ചേച്ചി ഒരുപാടു മാറിയിരിക്കുന്നു . സത്യത്തില്‍ ഞാന്‍ ചേച്ചിയെ വെറുത്ത നിമിഷങ്ങള്‍ ആയിരുന്നു അവ . എന്‍റെ ഗ്രാമത്തിന്‍റെ നിഷ്ക്കളങ്കതയില്‍ വളര്‍ന്ന ചേച്ചി ആയിരുന്നില്ല കോളേജില്‍ ഞാന്‍ കണ്ട എന്‍റെ സാരണി ചേച്ചി . എല്ലാ അഹങ്കാരത്തിന്‍റേയും മൂര്‍ത്തിമദ്ഭാവമായിരുന്നു. എന്‍റെ കൂട്ടുകാരി സാരണിച്ചേച്ചി.

"എന്താ സാര്‍ ചിന്തിച്ചു കൂട്ടുന്നത് ?"

അവര്‍ വീണ്ടും പൊട്ടിച്ചിരിച്ചു . ഞാന്‍ പെട്ടെന്നു ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. അവരെ നോക്കി. ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ച മുഖം. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ കൊച്ചു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ പെണ്‍കുട്ടി ...

"എന്താ താന്‍ ഇവിടെ ?"
 എന്‍റെ ശബ്ദം കനത്തതായിരുന്നു ..
 ചിരിച്ചു കൊണ്ടിരുന്ന അവരുടെ മുഖം പെട്ടെന്നു മങ്ങി ..മുഖത്തു വിഷാദം നിഴലിച്ചു ..
 "എന്നോടു വെറുപ്പാണ്, അല്ലേ ?"
 ''എങ്ങനെ വെറുക്കാതിരിക്കും?"
 എന്‍റെ മറുചോദ്യത്തിനു മുന്നില്‍ അവര്‍ മുഖം കുനിച്ചു.
 "മോനേ..."

സാരണിച്ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു . എനിയ്ക്കാ മുഖം കാണുന്നതു തന്നെ വെറുപ്പായിരുന്നു . കുട്ടിക്കാലത്ത് ഞാന്‍ ഏറ്റവും കുടുതല്‍ സ്നേഹിച്ച എന്‍റെ കളിക്കൂട്ടുകാരി എന്‍റെ സാരണിച്ചേച്ചി. ഇന്നു ഞാന്‍ ലോകത്തില്‍ ഏറ്റവും കുടുതല്‍ വെറുക്കുന്നതും അവരെയാണ്.

"മോ ....നേ..."
 ചേച്ചിയുടെ ശബ്ദം പതറിയിരുന്നു .. ഇരു കവിളിലൂടെയും കണ്ണീര്‍ത്തുള്ളി രണ്ടരുവി പോലെ ഒഴുകാന്‍ തുടങ്ങി ...
 "എല്ലാം തെറ്റാണ് ... എനിക്കറിയാം ... ഞാന്‍ ഏതഗ്നിയിലാണ് ഉരുകിച്ചാകേണ്ടത് .. ആരോടൊക്കെയാ മാപ്പു ചോദിക്കേണ്ടത്‌ ..ഒന്നു പറയ്യ്വോ ?"
 ചേച്ചി വിങ്ങിപ്പൊട്ടി. എനിക്കു നേരെ കൈകൂപ്പി . ഒരു നിമിഷം എന്‍റെ കണ്ണുകള്‍ നിറഞ്ഞു പോയി ...
 ഒപ്പം എന്‍റെ മനസ്സു ഭൂതകാലത്തിലേക്ക് പറന്നു ...

#                               #                             #                  #                  #
ഗ്രാമം ഉണര്‍ന്നതു ഞെട്ടിക്കുന്ന ആ വാര്‍ത്ത‍ കേട്ടാണ് ..
സാരണിച്ചേച്ചി ആരുടെയോ ഒപ്പം ഓടിപ്പോയി . ആ വാര്‍ത്ത‍ കേട്ടു ഞാന്‍ ഞെട്ടിപ്പോയി . ചേച്ചി എനിക്കു തന്ന വാക്കു തെറ്റിച്ചിരിക്കുന്നു പെട്ടെന്നയാളുടെ മുഖം എന്‍റെ മനസ്സില്‍ ഓടിയെത്തി. കുറ്റിമുടിയും ,
 ചുമന്ന കണ്ണുകളും , നീണ്ട മൂക്കും ഇരുണ്ട നിറവുമുള്ള ആ മനുഷ്യന്‍ ..

"നിഷാദ്..."

ഡല്‍ഹിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു . സാരണിച്ചേച്ചിയെ ബസ്സില്‍ വച്ചു പരിചയപ്പെട്ടതാണ് . ആ പരിചയപ്പെടല്‍ പിന്നെ സ്നേഹമായി വളര്‍ന്നു . ഒരിക്കലും പിരിയാന്‍ കഴിയാത്തതുപോലെ സാരണിച്ചേച്ചിയുടെ മനസ്സ് അയാളിലേക്ക് അടുത്തു.

കോളേജു വിടുമ്പോള്‍ എന്നും അയാള്‍ ആ ഗെയിറ്റിനരികില്‍ ഉണ്ടാകും . വളരെ വൈകിയാണ് ഞാന്‍ അവരുടെ പ്രേമത്തെപ്പറ്റി അറിഞ്ഞത്. അറിഞ്ഞ ഉടന്‍ ഞാന്‍ ചേച്ചിയുമായി വഴക്കിട്ടു. അവസാനം വീട്ടില്‍ പറയുമെന്നു ഭീഷണി മുഴക്കി . അപ്പോള്‍ ചേച്ചി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ ...
 "ഇല്ല നീ ആരോടും പറയേണ്ട .. എന്‍റെ അച്ഛനോടു ഞാന്‍ തന്നെ പറഞ്ഞോളാം. എന്‍റെ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ ഞാന്‍ നിഷാദിന്‍റെ ജിവിതത്തിലേക്ക് പോകൂ."
 "എന്നാല്‍ ചേച്ചി സത്യം ചെയ്യുമോ?"
 "ചെയ്യാല്ലോ"
 എന്‍റെ ഇരുകൈകളും പിടിച്ചു സത്യം ചെയ്ത ചേച്ചി ...
 ഇപ്പോള്‍ ..!!
 കണ്ണുകളില്‍ ഇരുട്ടു കയറുന്നതു പോലെ ..
 ഞാന്‍ തളര്‍ന്നിരുന്നു പോയി ... പക്ഷെ അടുത്ത നിമിഷം .. തന്‍റെ ഹൃദയം തകര്‍ന്ന  നിമിഷം.എന്‍റെ ഗ്രാമം കണ്ണീരൊഴുക്കിയ ദിവസം .. എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു ആ വാര്‍ത്ത‍ ..
 സാരണിച്ചേച്ചിയുടെ മാതാപിതാക്കള്‍  ആത്മഹത്യ ചെയ്തു.
 ആറ്റു നോറ്റു വളര്‍ത്തിയ ഒരേ ഒരു മകള്‍ ..ആ വേദന താങ്ങാന്‍ സാരണിച്ചേച്ചിയുടെ മാതാപിതാക്കള്‍ക്കുകഴിയുമായിരുന്നില്ല..
 ആരോടും പരിഭവം പറയാതെ പരാതി പറയാതെ അവര്‍ യാത്രയായി .. ഞാന്‍ പൊട്ടിക്കരഞ്ഞു ... എനിയ്ക്കെല്ലാം അറിയാമായിരുന്നു .. പക്ഷേ ഒരു വാക്കു എനിയ്ക്കാ മാതാപിതക്കളോടു പറയാമായിരുന്നു ..
സാരണിച്ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല .. മനസ്സില്‍ ഒടുങ്ങാത്ത കുറ്റബോധം. അന്നാദ്യമായി താന്‍ സാരണിച്ചേച്ചിയെ ശപിച്ചു .

#                         #                          #                     #                      #
വെറുപ്പോടെ ഞാനവരെ നോക്കി ..
 എന്‍റെ നേരെ കൈകൂപ്പി കണ്ണീരൊഴുക്കുകയായിരുന്നു ചേച്ചി . ഞാന്‍ അവരെത്തന്നെ നോക്കിയിരുന്നു ..പിന്നെ പതിയെ ചോദിച്ചു ..

"സുഖമാണോ...?"

അവര്‍ പൊട്ടിക്കരഞ്ഞു. ശബ്ദം വെളിയില്‍ വരാതിരിക്കാന്‍ ഇരുകൈകള്‍ കൊണ്ടും വായ് പൊത്തി.

"എന്താ.... എന്താ പറ്റിയത്.. നിഷാദ് എവിടെ?"

അവര്‍ നിമിഷങ്ങളോളം കരഞ്ഞു പിന്നെ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി .. പൊട്ടിത്തകര്‍ന്ന ഹൃദയവുമായി ചേച്ചി അവരുടെ കഥ പറഞ്ഞു .

എനിക്കു വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല അത്രക്ക് ക്രൂരമായിരുന്നു എന്‍റെ സാരണിച്ചേച്ചിയുടെ കഥ ..
 നാടും, നാട്ടുകാരും, ബന്ധുക്കളും, വെറുക്കപ്പെട്ട ജന്മം. എന്‍റെ സാരണിച്ചേച്ചി... എനിക്കു ചേച്ചിയോടുണ്ടായിരുന്ന വെറുപ്പും കോപവുമെല്ലാം ഒരു നിമിഷം കൊണ്ടലിഞ്ഞു പോയി .ഇപ്പോള്‍ സഹതാപം മാത്രം ..
 എന്‍റെ മനസ്സു പിടഞ്ഞു .
 ഹൃദയത്തില്‍ വല്ലാത്ത വേദന ..
 കുട്ടിക്കാലത്ത്‌ ഒരു നിഴല്‍പോലെ തന്നെ പിന്തുടര്‍ന്ന എന്‍റെ സാരണിച്ചേച്ചി.
 എന്‍റെ കണ്ണുകള്‍ നിറഞ്ഞു ..

"ഞാന്‍ ഇവിടെ ഉണ്ടെന്നു ചേച്ചി എങ്ങനെ അറിഞ്ഞു?"
എന്‍റെ ശബ്ദം ഇടറിയിരുന്നു ..

"ഒരു വര്‍ഷം മുന്‍പു ഞാന്‍ നാട്ടില്‍ പോയിരുന്നു. എന്‍റെ അച്ഛനേയും അമ്മയേയും ഒരുനോക്കു കാണാനും ചെയ്ത തെറ്റിനു മാപ്പിരക്കാനും..."
 വീണ്ടുമവര്‍ പൊട്ടിക്കരഞ്ഞു.
 "അപ്പോള്‍ ചേച്ചി ഒന്നും അറിഞ്ഞിരുന്നില്ല അല്ലേ?"
 അവര്‍ എന്നെ നോക്കി ഇല്ലെന്നു തലയാട്ടി. പിന്നെ ഞാനൊന്നും ചോദിച്ചില്ല . എല്ലാം എനിക്കു മനസ്സിലായി . നീണ്ട നിശബ്ദതയ്ക്കു ശേഷം അവര്‍ തുടര്‍ന്നു:

"മോനേ ഞാന്‍ പലപ്പോഴും കാണാന്‍ ശ്രമിച്ചു .. പക്ഷേ കഴിഞ്ഞില്ല.. എനിക്കറിയാമായിരുന്നു . നീ വലിയ ആളാകുമെന്നു .. എന്‍റെ കുഞ്ഞ് ... എന്‍റെ കളിക്കൂട്ടുകാരന്‍ ഒത്തിരി വളര്‍ന്നിരിക്കുന്നു" ..

എന്‍റെ കവിളില്‍ തലോടി കൊണ്ട് അവര്‍ വീണ്ടും കരഞ്ഞു ..

ചേച്ചിയുടെ വേദന എനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു .എന്‍റെ കണ്ണുകള്‍ നിറയുന്നത് അവര്‍ കണ്ടു ...

"എന്താ ..മോനേ ഇത് ?" ..
ചേച്ചി എന്‍റെ കണ്ണീര്‍ തുടച്ചു ..

"ഞാന്‍ പോകട്ടേ മോനേ"

"ചേച്ചി എങ്ങും പോകണ്ട"
ഞാന്‍ വിങ്ങിപ്പൊട്ടി.

"മോ..നേ" ..
അതൊരലര്‍ച്ചയിരുന്നു.
 "മാപ്പ് ..എന്‍റെ കുട്ടിയോട് ഞാന്‍ വാക്കു പാലിച്ചില്ല .. എല്ലാറ്റിനും മാ..പ്പ് "

അവര്‍ എഴുന്നേറ്റു
 " എനിക്കൊന്നു കാണണമെന്നേ ഉണ്ടായിരുന്നുള്ളു .."കണ്ടു ...മതിയായി ....." അവര്‍ പുറത്തേക്കു നടന്നു .. ഞാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാരണിച്ചേച്ചി നിന്നില്ല .. അവര്‍ ഗേറ്റു കടന്നു പുറത്തേക്കു നടന്നു പോയി .. ഞാന്‍ ഇമവെട്ടാതെ ചേച്ചി നടന്നകലുന്നതു

നോക്കിനിന്നു .. മനസ്സിന്‍റെ ഏതോ കോണില്‍ ഒരു വിങ്ങല്‍ ...ഒരു വേദന ..

#                           #                              #                                        
അന്നൊരു ചൊവ്വാഴ്ച്ചയായിരുന്നു . ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നതിനാല്‍ വളരെ വൈകിയാണ് ഞാന്‍ ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങിയത്‌ . നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍ എങ്ങനേയും വീട്ടില്‍ എത്തണമെന്ന ചിന്തയേ മനസ്സിലുണ്ടായിരുന്നുള്ളു. ഡല്‍ഹി ജനപഥ് റോഡിലൂടെ ഞാന്‍ അതിവേഗത്തില്‍ കാര്‍ പായിച്ചു. പെട്ടെന്നാണ് അതെന്‍റെ ശ്രദ്ധയില്‍ പെട്ടത്. കുറച്ചകലെയായി കുറച്ചാളുകള്‍ കൂടിനില്‍ക്കുന്നു .. ദൂരെ നിന്നും ഓടിയടുക്കുന്ന മറ്റു ചിലര്‍ .. എന്തെന്നറിയാന്‍ ഞാന്‍ കാര്‍ സൈഡില്‍ പാര്‍ക്കു ചെയ്തിറങ്ങി.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു സ്ത്രീരൂപം ..

"എന്താ?"

ഞാന്‍ അവിടെ കൂടി നിന്നവരോട് ഹിന്ദിയില്‍ ചോദിച്ചു ..

''ഈ സ്ത്രീ ആ ബസ്സിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തു." അല്‍പ്പം അകലെയായി മാറ്റി ഇട്ടിരിക്കുന്ന ഡല്‍ഹി കോര്‍പ്പറേഷന്‍റെ  ബസ്സു ചൂണ്ടിക്കാട്ടി അവര്‍ ഹിന്ദിയില്‍ പറഞ്ഞു .

ഞാന്‍ മുന്നോട്ടു ചെന്നു. ഇരുട്ടായിരുന്നതിനാല്‍ ആ മുഖം വ്യക്തമായി കാണാന്‍ കഴിയുമായിരുന്നില്ല.എങ്കിലും അവസാന ശ്വാസം ആ ശരീരത്തിലുള്ളതു പോലെ എനിക്കു തോന്നി . ഞാന്‍ കൂടി നിന്ന ആളുകളെ തള്ളിമാറ്റി ആ സ്ത്രിയുടെ അടുതെത്തി .. ദുരെ നിന്നും വരുന്ന എതോവണ്ടിയുടെ ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തില്‍ ആ സ്ത്രീയുടെ മുഖം ഞാന്‍ കണ്ടു ....
എന്‍റെ സാരണിച്ചേച്ചി ...
"ചേച്ചീ..."
ഞാന്‍ ഓടിച്ചെന്നവരെ വാരിയെടുത്തു.
"മോ....നേ ..."
വളര നേര്‍ത്ത ശബ്ദം. അതു പൂര്‍ത്തിയാക്കും മുന്‍പ് എന്‍റെ കൈയില്‍ കിടന്നു ചേച്ചി ഒന്നു പിടഞ്ഞു ..
 ഒരു വട്ടം ...ഒരേ ഒരു വട്ടം ...
"ചേച്ചി...."
ഞാന്‍ ഉച്ചത്തില്‍ വിളിച്ചെങ്കിലും എന്‍റെ ചേച്ചി ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. അനന്തതയിലേക്ക് അവര്‍ യാത്രയായി .. ചേച്ചി പറഞ്ഞ കഥ .. ചേച്ചിയുടെ കഥ എന്‍റെ മനസ്സില്‍ മിന്നിമറഞ്ഞു ..
 എല്ലാം ഉപേക്ഷിച്ചു നിഷാദിനോടൊപ്പം ഞാന്‍ ഈ മഹാനഗരത്തിലെത്തിയത് .ഞാന്‍ എന്‍റെ ഹൃദയം തുറന്നു ഞാനാ മനുഷ്യനെ സ്നേഹിച്ചു .പക്ഷെ അയാള്‍ എന്നെ വഞ്ചിക്കുകയായിരുന്നു. ഇവിടെ കൊണ്ടുവന്ന അയാള്‍ എന്നെ വിറ്റു.
 എന്നിട്ടയാള്‍ എവിടെയോ പോയി .പിന്നെ ഒരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല . അങ്ങനെ ഞാന്‍ ഈ ചുമന്ന തെരുവിന്‍റെ പുത്രിയായി .. ഇവിടുത്തെ റാണിയായി ..  ഇന്നു ഞാന്‍ മോന്‍റെ പഴയ സാരണി ച്ചേച്ചിയല്ല ..
ഈ മഹാനഗരത്തിലെ നിശാസുന്ദരിയാണ്....
"വേശ്യ...നിമിഷങ്ങള്‍ക്ക് ആയിരങ്ങള്‍ വിലവരുന്ന അഭിസാരിക..."
ചേച്ചിയുടെ ശബ്ദം അപ്പോഴും ചെവിയില്‍ മുഴങ്ങുന്നതു പോലെ ..
എന്‍റെ കണ്ണുകള്‍ നിറഞ്ഞു .. ഞാന്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി ..
പൂര്‍ണ ചന്ദ്രന്‍ ...
കോടാനുകോടി നക്ഷത്രങ്ങള്‍ ...
പക്ഷേ  ..
പെട്ടെന്നൊരു നക്ഷത്രം ആകാശത്തില്‍ പ്രത്യക്ഷപ്പെട്ടതുപോലെ ..
എന്നെ നോക്കി ചിരിക്കുന്നതു പോലെ ...
എന്‍റെ സാരണിച്ചേച്ചിയെപ്പോലെ...

3 comments:

  1. ഇടയില്‍ എവിടെയൊക്കെയോ ഒഴുക്ക് നഷപെടുന്നു കഥയുടെ .കണ്ടു മറന്ന സിനികളിലെ ഭാഗങ്ങള്‍ ഓര്‍മിപ്പിച്ചു ചിലയിടങ്ങള്‍ .

    ReplyDelete
  2. ചുരുക്കി പറഞ്ഞിരുന്നെങ്കില്‍ കുറെ കൂടി നന്നാവുമായിരുന്നു എന്ന് തോന്നുന്നു.

    ReplyDelete