Thursday 21 August 2014

നിലാവ് പറഞ്ഞ കഥ -ഭാഗം 4,5,6


ഭാഗം 4

കാർമേഘങ്ങൾ ഉരുണ്ടുകൂടിനിന്ന ആകാശത്തിൽ പെട്ടെന്നു വെള്ളിമേഘങ്ങൾ പ്രത്യക്ഷപ്പെട്ട പ്രതീതി...
അവൾ നിലാവിനേയും നിലാവ് പറഞ്ഞ അവളുടെ തന്നെ കഥയേയും പ്രണയിക്കാൻ തുടങ്ങി...
ഒപ്പം അഭിയെന്ന അജ്ഞാതനായ കഥാകൃത്തിനേയും.  പുസ്തകത്തിന്‍റെ പുറം ചട്ടയിലെ അയാളുടെ ഫോട്ടോയിൽ അവൾ മാറി മാറി നോക്കി...
ആ മുഖം എവിടെയോ കണ്ടതുപോലെ...
എവിടെ...?
അറിയില്ല...
തന്‍റെ സ്വപ്നത്തിലെ രാജകുമാരൻ ആയിരിക്കുമോ...?
താൻ സ്വപ്നങ്ങളിൽ കണ്ട...തന്നെ മാറോടു ചേർത്തു വാരിപ്പുണരുന്ന, തന്റേതുമാത്രമായ ആ രാജകുമാരൻ...
അവൾ മെല്ലെ വാതിൽ തുറന്നു പുറത്തിറങ്ങി...
ഇളം കാറ്റു വീശിയടിച്ചപ്പോൾ ശരീരത്തിനും മനസ്സിനും എന്തോ കുളിർമ്മ ലഭിച്ചതുപോലെ...
അവൾ ആകാശത്തേക്ക് നോക്കി.
ഇല്ല...ഇന്നു പൂർണ്ണചന്ദ്രനില്ല...
അഭിയുടെ പ്രിയപ്പെട്ട നിലാവിന് ഇന്നു ശോഭ കുറഞ്ഞിരിക്കുന്നു.
തീർച്ചയായും അഭി നിലാവിനെ സ്നേഹിക്കുന്നു. ആ രചനയിൽ മുഴുവൻ എന്‍റെ അഭിയുടെ നിലാവിനോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞുനില്‍ക്കുന്നു.
ഞാന്‍ തന്നെയാണോ ആ നിലാവ് ...? ആ പ്രഭാപൂരം?
അവനെ ഒന്നുകാണാൻ... ആ ശബ്ദം ഒന്നു കേൾക്കാൻ മനസ്സ് കൊതിക്കുന്നു...
പക്ഷേ...
എന്തു പറയാൻ...
എവിടെ തുടങ്ങണം...? എന്തു പറയണം...? അറിയില്ല...!
അഭി...!!
ആരാണയാൾ?
എങ്ങനെ അയാൾ എന്‍റെ മനസ്സിൽ ഇടം നേടി...?
ഒരു കഥയിലൂടെ മാത്രമോ?
നിലാവുള്ള രാത്രിയിൽ ആകാശത്തുനിന്നും അടര്‍ന്നുവീണ ഒരു മഞ്ഞുതുള്ളിപോലെ ഉരുകിയുരുകി ഇല്ലാതായ  ഇന്ദു എന്ന പെണ്‍കുട്ടിയുടെ കഥ...
ആ കഥ എന്റേതാണന്നു ഞാൻ തെറ്റിദ്ധരിച്ചു...
അതല്ലേ സത്യം...
അല്ല...
അതു എന്‍റെ കഥ തന്നെയാണ്...
എന്‍റെ സ്വന്തം ജീവിതകഥ!
അവൾ വേഗം അകത്തേക്ക് ഓടിക്കയറി...ആ പുസ്തകം കയ്യിലെടുത്തു വായിക്കാൻ തുടങ്ങി...
വീണ്ടും...വീണ്ടും...
എന്‍റെ കഥ...
അതേ, ഇത് എന്‍റെ കഥ തന്നെയാണ്...എന്‍റെ മാത്രം കഥ.
അവൾ പുസ്തകത്തിനു പുറത്തുള്ള അഭിയുടെ ചിത്രത്തിലേക്ക് നോക്കി...

"പാറയുടെ പിളർപ്പിലും കടുന്തുക്കിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ,
ഞാൻ നിന്‍റെ മുഖം ഒന്നു  കാണട്ടെ;
നിന്‍റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്‍റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു."
(ബൈബിൾ, ഉത്തമഗീതം 2 .14 )

ജസിന മെല്ലെ ഫോണ്‍ കയ്യിലെടുത്തു. അഭിയുടെ നമ്പര്‍ മനസ്സില്‍ മുഴങ്ങി. അതിനു കാതോര്‍ത്തുകൊണ്ട് അവളുടെ വിരലുകള്‍ ചലിച്ചു.
കൈ വിറക്കുന്നതും ഹൃദയമിടിപ്പ്  കൂടുന്നതും അവളറിഞ്ഞില്ല.
പക്ഷേ തന്‍റെ ശ്വാസം നിലയ്ക്കുന്നതുപോലെ അവള്‍ക്കു തോന്നി. .
അഭിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നെന്ന് അവളുടെ മനസ്സറിഞ്ഞു. അതോടെ ഏതോ ഭയം അവളെ ഗ്രസിച്ചു.
നിമിഷമാത്രയില്‍ അവളുടെ വിരല്‍ ഫോണില്‍ അമര്‍ന്നു. ഫോണ്‍ കട്ടായി.
അവൾ വിയർത്തു കുളിച്ചു...
പിന്നെ ഭയത്തോടെ അവളുടെ മിഴികള്‍ ഫോണിലേക്കു പതിഞ്ഞു. എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ.
ക്രിം ...ക്രിം ...ക്രിം ...
അത് അഭിയുടെ ഫോണ്‍ കോൾ ആണെന്ന് ജസീന അറിഞ്ഞു...
എന്തു ചെയ്യണമെന്നറിയാതെ അവള്‍ പകച്ചു നിന്നു...
പിന്നെ വളരെ മെല്ലെ റിസീവര്‍  കയ്യിലെടുത്തു...
ഹലോ...
“ഹലോ, ആരാണ്?”
 വ്യക്തമായ പുരുഷശബ്ദം.
ഞാന്‍ ജസീനയാണെന്നു പറയാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷെ...
വാക്കുകള്‍ അവളുടെ നാവി ലേക്കൊഴുകാന്‍ വിസമ്മതിക്കുന്നതുപോലെ.
ഒടുവില്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു:
“ഞാന്‍ ജസീന...നിലാവ് പറഞ്ഞ കഥയിലെ ഇന്ദു.”
ആശ്ചര്യം നിറഞ്ഞ ഒരു ശബ്ദമായിരുന്നു മറുപടി.
നിമിഷങ്ങള്‍ കടന്നുപോയി....
പെട്ടെന്ന് അവള്‍ അയാളുടെ ശബ്ദം വീണ്ടും കേട്ടു. ഫോണിലൂടെയല്ലാതെ നേരിട്ടു കേള്‍ക്കുന്നതുപോലെ.

“അതിശയം...! കഥ എഴുതിത്തീര്‍ന്നപ്പോള്‍ എനിക്ക് പെട്ടെന്ന് തോന്നിയത് എന്താണെന്നറിയാമോ? ഇന്ദു എന്നെ വിളിക്കുമെന്ന്...അത് സത്യമായി...അല്ലെങ്കിലും എന്‍റെ മനസ്സല്ലേ ഞാന്‍ ഇന്ദുവിന് കടം കൊടുത്തത്.”

സ്വയം പറയുന്നതുപോലെ അഭി പറഞ്ഞുകൊണ്ടിരുന്നു. തന്‍റെ മനസ്സിലുയരുന്ന പ്രണയരാഗത്തിന്‍റെ പ്രതിധ്വനിയെന്നോണം അവള്‍ അത് കേട്ടിരുന്നു.
താന്‍ ഭയന്നതുപോലുള്ള ഒരു വ്യക്തിയല്ല അഭിയെന്നവൾക്ക്  മനസിലായി. പണ്ടുപണ്ടേ സ്വന്തം ആത്മാവിന്‍റെ ഭാഗവും ഭാവവും ആയിരുന്ന വ്യക്തി! എന്‍റെ അഭി. എന്റേതുമാത്രമായ അഭി.
പിന്നീട്...
അവൾ പറഞ്ഞുതുടങ്ങി.
അവള്‍ക്ക് പറയാനുണ്ടായിരുന്നതു "നിലാവ് പറഞ്ഞ കഥ" യിലെ ഇന്ദുവിനെപ്പറ്റി മാത്രമായിരുന്നു.
അത് എന്‍റെ കഥയാണ്...
ഞാനാണ് ഇന്ദു...
ജസീനയും ഞാനാണ്.
രാത്രിയേറെയായി...
വളരെക്കാലത്തിനു ശേഷം ആദ്യമായി ജസിനയുടെ മനസ്സില്‍ പൂക്കള്‍ വിരിഞ്ഞു.
അവള്‍ ചിരിച്ചു.  ഫോണിലൂടെ അവളുടെ ദുഃഖങ്ങളും പ്രയാസങ്ങളും പരാതിയും എല്ലാം അവൾ അയാളുമായി  പങ്കുവച്ചു. കണ്ണുനീരും പുഞ്ചിരിയും മാറിമാറി അവളുടെ മനസ്സിലും വാക്കിലും നിഴലിച്ചു.
രാത്രിയുടെ യാമങ്ങൾ കടന്നു പോയത് അവര്‍ അറിഞ്ഞില്ല...
അവൾ പറഞ്ഞതെല്ലാം അയാൾ ക്ഷമയോടെ, അത്യന്തം ആകാംക്ഷയോടെ, നിറഞ്ഞ മനസ്സോടെ കേള്‍ക്കുന്നുണ്ടെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
രാത്രിയുടെ ഏതോ യാമത്തിൽ...
നിദ്ര അവരുടെ നേത്രങ്ങളെ ഒരേസമയം തഴുകിയുറക്കി. ഫോണ്‍ ക്രാഡിലില്‍ തിരികെ വയ്ക്കാന്‍ രണ്ടുപേരും മറന്നു.
*                   *                  *                *            *             *
ദിവസങ്ങൾക്കുള്ളിൽ ജസിനയും അഭിയും മനസ്സുകൊണ്ട് അടുത്തു...
ജസിനയുടെ കഴിഞ്ഞകാലജീവിതം അഭിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
"നിലാവ് പറഞ്ഞ കഥ" എഴുതുമ്പോൾ മനസ്സിൽ നിറഞ്ഞുനിന്ന ഇന്ദു എന്ന കഥാപാത്രം.  ആ  കഥാപാത്രത്തിന്‍റെ മാനസിക സംഘർഷം തന്നിലേക്ക് പകര്‍ന്ന വ്യഥ, അത് കടലാസ്സിലേക്ക് പകര്‍ത്തിയപ്പോള്‍ ഉണ്ടായ വേദന,   നിറകണ്ണുകളോടെ അത് വീണ്ടും വീണ്ടും വായിച്ചത്. എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ അഭിയുടെ മനസ്സില്‍ പുനര്‍ജനിച്ചു.  അത് വെറും ഭാവന മാത്രമായിരുന്നില്ലെന്നും ജീവസ്സുറ്റ അനുഭവം തന്നെ ആയിരുന്നെന്നും ഇപ്പോള്‍ അയാള്‍ക്ക്‌ ഉറപ്പായി. അല്ലെങ്കില്‍പിന്നെ അതേ ഇന്ദു ഇപ്പോഴെങ്ങനെ മുന്നിലെത്തി? അവള്‍ ഇന്ദു തന്നെയാണ്. ജസീന എന്നത് അവളുടെ വെറുമൊരു ബന്ധനം മാത്രം. ആ ബന്ധനം പൊട്ടിച്ചുപുറത്തുവരാന്‍ അവളിതാ തയാറായി നില്‍ക്കുന്നു!

അയാളുടെ മനസ്സിലും ചിന്തയിലും ഹൃദയത്തിലും  ഇന്നുവരെ നഗ്നനേത്രത്താല്‍ ദര്‍ശിച്ചിട്ടില്ലാത്ത അയാളുടെ ഇന്ദു ഒരു കുളിരരുവിപോലെ നിറഞ്ഞൊഴുകി. ഒരിക്കൽ അയാള്‍ ഫോണിലൂടെ തന്‍റെ അഭീഷ്ടം തുറന്നു പറഞ്ഞു...

"ഐ  വാണ്ട്‌ യു ...വീ വില്‍ ബി റ്റുഗദര്‍ റ്റില്‍ ദി എന്റ് ഓഫ് അവ്വര്‍ ലൈവ്സ്."

"പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക;
നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം
അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും
മാതളനാരകം പൂക്കയും ചെയ്തുവോ എന്നു  നോക്കാം;
അവിടെ വെച്ചു  ഞാൻ നിനക്കു എന്റെ പ്രേമം തരും."
(ബൈബിൾ, ഉത്തമഗീതം 7.12 :13 )

ജീവനില്‍ ഒരു വസന്തകാലം പൂത്തിറങ്ങിയതുപോലെ ജസീനക്ക് തോന്നി...
വിണ്ടും ഇലകൾ തളിർക്കുകയും മൊട്ടുകൾ പൂക്കുകയും ചെയ്യുന്നു...
വസന്തോദയത്തിൽ വാനത്തുനിന്നും വിടർന്നെത്തിയ ഒരു മാലാഖപ്പൂവിനെപ്പോലെ അവൾ നിലക്കണ്ണാടിക്കു മുന്നിൽ നിന്നു നൃത്തം ചെയ്തു. അവളുടെ മനസ്സില്‍ ആയിരം നക്ഷത്രങ്ങള്‍ ഉദിച്ചു. അതിനിടയില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ ഇന്ദുവിന്‍റെ, ജസീനയുടെ അഭിയെ അവള്‍ കണ്‍നിറയെ കണ്ടു.

ഭാഗം 5

പകലുകളും രാവുകളും അസ്തമയത്തിനും പ്രഭാതത്തിനും പിന്നില്‍ ഒളിച്ചുകളിച്ചു... കാതങ്ങള്‍ക്കപ്പുറമിരുന്ന് അഭിയും ജസീനയും മനസ്സു പങ്കുവച്ചു. ഓരോരുത്തരും മറ്റെയാളുടെ മനസ്സില്‍ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി. പ്രണയത്തിന്‍റെ നിലാമഴയില്‍ അവര്‍ എപ്പോഴും പരസ്പരം കണ്ടുകൊണ്ടേയിരുന്നു. ജീവിതത്തിന്‍റെ ഓരോ ദിവസവും ഓരോ നിമിഷവും ജസീന അയാൾക്ക് വേണ്ടി മാറ്റി വച്ചു. അവൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാളെ പ്രണയിച്ചു. തകർന്നു പോയി എന്നു കരുതിയിരുന്ന തന്‍റെ ജീവിതത്തിനു പുതിയ അർത്ഥം വന്നു തുടങ്ങിയിരിക്കുന്നു. തന്നെ അറിയാൻ, തന്‍റെ ജീവിതത്തിനു നിറം നൽകാൻ ഒരാൾ വന്നിരിക്കുന്നു. തന്‍റെ മോഹങ്ങൾ പൂവണിയാൻ പോകുന്നു.

ദിനങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് അവരുടെ പ്രണയം വളർന്നു...
അവനെപ്പറ്റിയുള്ള ചിന്തകളിൽ അവളുടെ മനസ്സ്. അവളുടെ ഏകാന്തനിമിഷങ്ങളിൽ ഇങ്ങനെ പാടി...
"കാനനഛായയിൽ ആടുമേയ്ക്കാൻ
ഞാനും വരട്ടെയോ നിന്‍റെ കൂടെ "
(രമണൻ, ചങ്ങമ്പുഴ)
അവരുടെ മനസ്സുകളില്‍ ആഗ്രഹങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു.
കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കാൻ, ഒരുപാടു കഥകൾ പറയാൻ, കെട്ടിപ്പുണർന്ന് ആ ചുണ്ടുകളിലെ തേൻ പരസ്പരം നുകരാൻ.
ഫോണിലൂടെ അവർ മണിക്കൂറുകളോളം  പ്രണയം കൈമാറി.
ദീര്‍ഘശ്വാസങ്ങള്‍ ടെലഫോണിലേക്കു രണ്ടുവശത്തുനിന്നും ഉതിര്‍ന്നുകൊണ്ടിരുന്നു.
ദിനങ്ങൾ കൊഴിഞ്ഞുവീണു...
അഭി പിന്നീടെഴുതിയ കഥയിലും കവിതയിലും ജസീന നിറഞ്ഞു നിന്നു. അവൾക്കുവേണ്ടി മാത്രം അവന്റെ തൂലിക ചലിച്ചു.
മനോഹരങ്ങളായ പ്രണയകവിതകൾ...
ഓരോ വാക്കിലും പ്രണയം വിതറുന്ന പ്രണയകഥകൾ...
അഭിയുടെ പുസ്തകങ്ങൾ മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു...
പ്രസിദ്ധിയുടെ പടവുകൾ ചുരുങ്ങിയ കാലം കൊണ്ട് അഭി ചവിട്ടിക്കയറി.
സാഹിത്യരംഗത്തു പെട്ടെന്നുണ്ടായ അഭിയുടെ വളർച്ച ജസീനയെ ഭയപ്പെടുത്താതിരുന്നില്ല...
എവിടെയും ആരാധകർ...
അഭി പത്രങ്ങളിലും മാസികകളിലും ആദ്യ പേജിൽ തന്നെ ഇടം നേടാൻ തുടങ്ങി...
അവൾക്കവനെ കാണാൻ കൊതിയായി. പക്ഷെ വഴിയും മൊഴിയും അറിയാതെ താന്‍ അങ്ങോട്ടുപോകുക എന്നൊന്നിനെപ്പറ്റി ചിന്തിക്കാന്‍ പോലും ജസീനയ്ക്ക് ആകുമായിരുന്നില്ല.
പക്ഷെ അഭിയെക്കൂടാതെ മുന്നോട്ടു പോകാൻ തനിക്ക് അധികനാള്‍ കഴിയില്ലെന്ന് അവള്‍ക്കു ബോദ്ധ്യമുണ്ടായിരുന്നു...
അഭിയുടെ മനസ്സു മുഴുവൻ ജസീനയായിരുന്നു. അയാൾ അവൾക്കു വേണ്ടി എഴുതി. എഴുതിയ കഥയിലെ നായികക്കുവേണ്ടി അവൻ അവന്‍റെ മനസ്സും ഹൃദയവും നൽകി ആ നായികയെ ജസീനയിലൂടെ കാണാൻ ശ്രമിച്ചു. അയാൾ ജസീനയെ കാണാൻ ആഗ്രഹിച്ചു. ഒരു മുന്‍പരിചയവും ആ വീട്ടിലോ നാട്ടിലോ ആരുമായുമില്ലാതെ, പ്രണയത്തിന്‍റെ പേരും പറഞ്ഞു കയറിച്ചെല്ലാന്‍ അഭി മടിച്ചു. ഭയന്നു. കുളിരു നിറഞ്ഞ ഒരു പ്രഭാതത്തില്‍ അഭി അവളുടെ മനസ്സിലേക്ക് ഒരു സ്വപ്നമായി ഉണര്‍ന്നിട്ടു പറഞ്ഞു.
"ഇനി വയ്യാ. എന്‍റെ ജസീനയിൽ നിന്നകന്നു കഴിയാന്‍ ഇനി എനിക്കാവില്ല. അതുകൊണ്ട് ഞാന്‍ അണയുകയായി ദേവീ നിന്‍ സവിധേ. നിന്നെപ്പുണരാൻ. നിന്നിലലിഞ്ഞു ചേരാൻ."

പിന്നെ ജസീനയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
അവള്‍ ടെലഫോണിനു നേരെ നോക്കിക്കൊണ്ട്‌ കിടന്നു.
മനസ്സില്‍ പ്രണയരാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞു.
ഫോണ്‍ അടിച്ചപ്പോള്‍ അവള്‍ അതെടുത്തിട്ട് ചോദിച്ചു.
"എന്നുവരും?"
ആ ചോദ്യം പ്രതീക്ഷിച്ചിരുന്നപോലെ അതിശയലേശം പോലുമില്ലാതെ അയാള്‍ മൊഴിഞ്ഞു.
"ഇന്നേക്കു നാലാംനാള്‍ എന്‍റെ പ്രിയയെത്തേടി ഞാനെത്തും.”
"ഉം ..."
അവളുടെ മനസ്സിൽ ആയിരം സൂര്യൻ ഉദിച്ച പ്രതീതി. ലോകം മുഴുവൻ തന്‍റെ കാൽച്ചുവട്ടിൽ വന്നണഞ്ഞതുപോലെ. എന്‍റെ  മോഹങ്ങൾ പൂവണിയുന്നു. കണ്ട സ്വപ്നങ്ങൾ ഒക്കെയും യാഥാർത്ഥ്യമാകാൻ പോകുന്നു. അവൾ നിമിഷങ്ങളോളം ചലനമറ്റു നിന്നു. "എന്‍റെ  പപ്പയോടും മമ്മിയോടും പറയണ്ടേ അഭി..."
"ഉം."
“അഭി വിളിച്ചു പറയുമോ?”
“ഉം, പറയാം.”
അവൾ സന്തോഷം കൊണ്ടു മതി മറന്നു...
മകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം ആ മാതാപിതാക്കൾ ദുരെ നിന്നും വീക്ഷിക്കുന്നുണ്ടായിരുന്നു...
അവളുടെ സന്തോഷം മാത്രമേ അവർ ആഗ്രഹിച്ചുള്ളു.
ശുന്യതയിൽ നിന്നും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്.
അങ്ങനെയിരിക്കെ ആ ഫോണ്‍ അവരെ തേടിയെത്തി.
അഭിയുടെ കോൾ...
“എനിക്കു ജസീനയെ ഇഷ്ടമാണ്...
എന്‍റെ മാതാപിതാക്കളോട് ഞാൻ ജസീനയെപ്പറ്റി പറഞ്ഞു. അവർക്ക് എതിർപ്പൊന്നുമില്ല. നിങ്ങൾക്കും എതിര്‍പ്പൊന്നുമില്ലെങ്കില്‍ ഞാൻ അങ്ങോട്ടു വരുന്നു.“
“മോനേ, ജസീനയെപ്പറ്റി, അവളുടെ പൂർവ്വകാല ചരിത്രം എല്ലാം അറിയാമോ?“
“എനിക്കെല്ലാം അറിയാം, ജസീന എല്ലാം എന്നോടു പറഞ്ഞിട്ടുണ്ട്‌."
ആ മാതാപിതാക്കളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ, പ്രകാശത്തിന്‍റെ തിളക്കം.

"അടുത്ത മൂന്നു ദിവസം ഞാൻ കുറച്ചു തിരക്കിലാണ്. അതിനടുത്തദിവസം ഞാൻ വരും, എനിക്കു ജസിനയെ കാണണം."
“ശരി മോനേ...“
സന്തോഷം കൊണ്ട് മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞു...
അഭി വിളിച്ച സന്തോഷം മകളുമായി അവർ പങ്കുവച്ചു.
പിന്നീടവള്‍ മറ്റേതോ ലോകത്തായിരുന്നു. അവിടെ ചിന്തകള്‍ പൂര്‍ണ്ണമായിരുന്നു. അവിടുത്തെ നിഘണ്ടുക്കളില്‍ കയറിയിരിക്കാന്‍ മടിച്ച് സംശയം എന്ന വാക്ക് പുറത്തുനിന്നു. അവളുടെ ശ്വാസത്തില്‍ സുഗന്ധം പൂത്തുനിന്നു.

“നീ എനിക്ക് ഉപദേശം തരേണ്ടതിന്നു ഞാന്‍ നിന്നെ അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.
സുഗന്ധവര്‍ഗ്ഗം ചേര്‍ത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
അവന്‍റെ ഇടങ്കൈ എന്‍റെ തലയിന്‍കീഴെ ഇരിക്കട്ടെ.
അവന്‍റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ.
യരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.”
(ബൈബിള്‍ ഉത്തമഗീതം 8: 2.3.4)

അങ്ങനെ മൂന്നു ദിനങ്ങൾ കൊഴിഞ്ഞു വീണു...
നാലാം നാൾ...
അഭിയെ തേടി അവർ കാത്തിരുന്നു...
ഓരോ നിമിഷവും അവൾ അവന്‍റെ വരവും പ്രതീക്ഷിച്ചു കാത്തിരുന്നു...
നിമിഷങ്ങൾ മിനിറ്റുകൾക്കും മിനിറ്റുകൾ മണിക്കൂറുകൾക്കും വഴി മാറി.
സൂര്യൻ ചക്രവാളസീമയിലേക്ക് എരിഞ്ഞുതാണു.

ജസീന പലയാവർത്തി അവനെ ഫോണിൽ വിളിച്ചു നോക്കി...
എടുക്കുന്നില്ല...
ആ കണ്ണുകളിൽ നിരാശ തളം കെട്ടി...
ആ മുഖത്തു വേദന പ്രകടമായിരുന്നു...
മകളുടെ വേദന ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു...
സൂര്യന്‍റെ അവസാന കിരണവും ഭുമിയെ തലോടി കടന്നു പോയി...

"മോളെ അവൻ ഇനി വരില്ല."
"മമ്മീ," അവൾ വിങ്ങിപ്പൊട്ടി...
കിടക്കയിൽ കിടന്നു വിങ്ങിപ്പൊട്ടുന്ന മകളുടെ തല മടിയിലെടുത്ത് ആ അമ്മ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു തഴുകി ഉറക്കാൻ ശ്രമിച്ചു...
പിന്നെ ഉള്ളുകൊണ്ട് അയാളെ ശപിച്ചു...

ജസിന കരഞ്ഞു കരഞ്ഞ് ഉറക്കത്തിലേക്കു വഴുതി വീണു.
ഏതോ ഒരു നിമിഷം സ്വപ്നത്തിൽ അവൻ അവളെ തേടിയെത്തി.
ഒരു കീറിപ്പറിഞ്ഞ കുപ്പായം ധരിച്ചു പുഞ്ചിരി തൂകി അവൻ വന്നു...
"ജസീനാ..."
അവന്‍റെ ശബദം ..
അഭി ..
അവൾ ഞെട്ടിയുണർന്നു...
ഇല്ല...
അഭിയില്ല...
വെറുമൊരു സ്വപ്നം.

നേരം പുലർന്നിരിക്കുന്നു...
അവൾ ടെലിഫോണിലേക്കു നോക്കി.
എന്നും രാവിലെ വിളിക്കാറുള്ള അഭി ഇന്നു വിളിക്കുന്നില്ല.
ടെലിഫോണ്‍ നിശബ്ദമായി അവളെ നോക്കിയിരുന്നു.
അഭീ, നീയും എന്നെ പറ്റിക്കുകയാണോ?
അവളുടെ കണ്ണുകൾ നിറഞ്ഞു.
പക്ഷെ,
അന്നത്തെ പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു.
തലേദിവസം ദൂരെയൊരു നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള റോഡില്‍ നടന്ന ഒരു കാറപകടത്തില്‍ സുപ്രസിദ്ധനോവലിസ്റ്റ് അഭി മരിച്ചെന്നായിരുന്നു അത്...

 ഭാഗം 6


സുപ്രസിദ്ധ നോവലിസ്റ്റ് അഭി യാത്രയായി ...കൊച്ചി : ഇന്നലെ പുലർച്ചേ കൊച്ചി നഗരമദ്ധ്യത്തിൽ വച്ചുണ്ടായ കാറപകടത്തിൽ പ്രസിദ്ധ നോവലിസ്റ്റും യുവകവിയുമായ അഭി (31) മരണമടഞ്ഞു. അഭി സഞ്ചരിച്ചിരുന്ന കാറിലേക്കു നിയന്ത്രണം വിട്ടുവന്ന ഒരു പെട്രോള്‍ ടാങ്കര്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ അഭി മരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ടൌണ്‍ ഹാളിൽ പൊതു ദർശനത്തിനു വച്ചു. പിന്നീട് സ്വദേശത്തേക്ക് കൊണ്ടുപോയി. മലയാളത്തിലെ പ്രമുഖ സാഹിത്യപ്രതിഭകൾ അഭിയുടെ അകാലനിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ വൈകിട്ടോടെ വൻപിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം മറവു ചെയ്തു.വാർത്ത വായിച്ചു തീരും മുൻപേ ജസീന കുഴഞ്ഞുവീണു...തന്റെ അഭി ഇനി തന്നെ കാണാൻ വരില്ല...അഭി...അഭി...അവളുടെ ചുണ്ടുകൾ വിറച്ചുകൊണ്ടിരുന്നു...പത്രത്തിൽ കണ്ട വാർത്ത ജസീനയുടെ മാതാപിതാക്കൾക്കും സഹിയ്ക്കാവുന്നതിനപ്പുറമായിരുന്നു...ജസീന...എല്ലാം ഉപേക്ഷിച്ച് ഏകാന്തതയിൽ ഒരു ജീവഛവമായി കഴിഞ്ഞ തങ്ങളുടെ മകൾക്ക് എല്ലാം അറിഞ്ഞുകൊണ്ട് ഒരു ജീവിതം നൽകാനായി എത്തിയ മനുഷ്യൻ...വിധി...ദൈവമേ, നീ എന്തിനു ഞങ്ങളോടിത്ര ക്രുരനാവുന്നു?ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...കിടക്കയിൽ മുഖമർത്തി തേങ്ങിത്തേങ്ങിക്കരയുന്ന മകളെ ആശ്വസിപ്പിക്കാൻ ആ മാതാവിനു കഴിഞ്ഞില്ല...കരയട്ടെ...ഹൃദയംപൊട്ടിക്കരയട്ടെ, അവളുടെ ദുഃഖം മുഴുവൻ കണ്ണീരായി ഒഴുകിത്തീരട്ടെ...നിറകണ്ണുകളോടെ അമ്മ മകളെ നോക്കി...വയ്യ...ആ ഹൃദയം പൊട്ടിയുള്ള തേങ്ങൽ...ആ കണ്ണീർ സഹിക്കാൻ കഴിയുന്നില്ല...മോളേ...മകളെ അവർ ഹൃദയത്തോടു ചേർത്തു പിടിച്ചു..."വയ്യ മമ്മീ, എനിക്കിതു സഹിക്കാൻ പറ്റുന്നില്ല.എന്തിനാ ദൈവം എന്നോടിത്ര ക്രൂരനാകുന്നത്?അഭിയെ എനിക്കൊന്നു കാണാൻ കൂടി കഴിഞ്ഞില്ലല്ലോ ...എന്നെക്കാണാൻ...ആ ജീവിതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകാന്‍... അതിനായിരുന്നില്ലേ അഭി ഓടിവന്നത്...എന്നിട്ട്...അവൾ അലറിക്കരഞ്ഞു...സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് എരിഞ്ഞുതാണു...കിഴക്കുനിന്നും വീശിയടിക്കുന്ന ഇളംകാറ്റ് അവളുടെ മുടിയിഴകളെ ചലിപ്പിച്ചു കൊണ്ടിരുന്നു. ഉമ്മറത്തെ ചാരുകസേരയിൽ ചാരിയിരുന്ന് അവള്‍ വിദൂരതയിലേക്ക് നിറഞ്ഞുതുളുമ്പുന്ന കണ്ണുകള്‍ പായിച്ചു. ആ കണ്ണുകൾ ആകാശത്തിൽ എന്തോ തേടിനടന്നു.ഒരു കുഞ്ഞു പ്രകാശഗോളം...ഒരു നക്ഷത്രം...അവളെ മാത്രം നോക്കി പുഞ്ചിരിക്കുന്ന അവളുടെ പ്രിയപ്പെട്ട നക്ഷത്രം.അവൾക്കു മാത്രം അവകാശപ്പെടാൻ ഒരു കുഞ്ഞു നക്ഷത്രം...പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു...സാരിത്തുമ്പുകൊണ്ട് അവള്‍ കണ്ണീർ തുടച്ചു...“എന്റെ പ്രിയനേ, നീയെവിടെ?“ ആ ചുണ്ടുകൾ വിറച്ചു.“ഒരു നോക്കുകാണാൻ കൂടി നിന്നു തരാതെ എവിടെയാണു നീ പോയിമറഞ്ഞത്‌?എന്തിനു വേണ്ടി നീ എന്റെ ജീവിതത്തിലേക്കു വന്നു?ഞാൻ ഈ ജീവിതം എല്ലാം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ചതായിരുന്നില്ലേ?ഹൃദയം നിറയെ സ്നേഹവുമായി ഒരു ദൈവദൂതനായി നീ വന്നു.നിന്റെ സാന്നിദ്ധ്യം എന്റെ ജീവിതത്തിനു പുതിയ അര്‍ത്ഥം നൽകി.എന്നോ എന്നിൽ നിന്നും കൈവിട്ടുപോയ സ്നേഹം, നീ മതിയാവോളം എനിക്കു തന്നു.എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.പക്ഷെ പിന്നീട് ഒരു കള്ളനെപ്പോലെ നീ എന്നെ ഒറ്റയ്ക്കാക്കി കടന്നു കളഞ്ഞു.പ്രിയനേ, നീ എന്നെ ഒന്നു മനസ്സിലാക്കൂ, നീയില്ലാതെ ഈ ജന്മം എനിക്കു ജീവിക്കാൻ കഴിയില്ല.നീ എവിടെപ്പോയി മറഞ്ഞാലും എന്റെ സ്നേഹം നിന്നെ പിന്തുടർന്നു കൊണ്ടിരിക്കും, തീര്‍ച്ച.““നിനക്കറിയുമോ?നിന്റെ ഓരോ വാക്കിലും ഞാനെന്റെ പ്രണയം കണ്ടു.ഞാൻ നിന്നെ കാണാൻ കൊതിച്ചു.നിന്റെ തിളങ്ങുന്ന കണ്ണുകളിൽ എന്റെ രൂപം മാത്രം കാണണമെന്നാഗ്രഹിച്ചു.നിന്റെ ശബ്ദത്തിൽ എന്റെ മനസ്സും ശരീരവും ആത്മാവും അലിഞ്ഞുചേർന്നു.നിന്‍റെ ഗന്ധം ഞാനെന്റെ ജീവവായുവാക്കാൻ കൊതിച്ചു.നിന്റേതാകുന്ന ആ നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരുന്നു.നിനക്കുവേണ്ടി ഞാൻ മണിയറയൊരുക്കി...നിന്‍റെ ഒരു സ്പർശത്തിനായി ഞാൻ കൊതിച്ചു കൊതിച്ചു കാത്തിരുന്നു.പക്ഷേ...നീ വന്നില്ല...“"ജസീനാ..." അവന്റെ ശബ്ദം കാതുകളിൽ മന്ത്രിക്കും പോലെ...പെട്ടന്നവൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ചാടിയെഴുന്നേറ്റു."അഭീ...അഭീ...അഭീ...നീ എവിടെ?“അവൾ മുറ്റത്തേക്ക് ഓടിയിറങ്ങി."അഭീ..." അലറിവിളിച്ചുകൊണ്ട് അവൾ മുറ്റത്ത് ഓടി നടന്നു."എന്താ മോളേ ഇത്? മോളേ നീ മനസ്സിലാക്കൂ...അവൻ ഇനി വരില്ല..." ജസീനയുടെ അമ്മ ഓടിയെത്തി അവളെ കടന്നു പിടിച്ചു, പിന്നെ അവളെ മാറോടു ചേർത്തു മുതുകിൽ മെല്ലെ തടവി."ഇല്ലമ്മേ...എന്റെ അഭിയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയില്ല. എനിക്കറിയാം...""മോളേ...എല്ലാം വിധി! അതു മാറ്റാൻ ആര്‍ക്കും കഴിയില്ല, മോളേ. ദേ, നോക്കൂ, നിന്റെ അഭി എല്ലാം കാണുന്നുണ്ട്...ദേ നോക്കിയേ..."അങ്ങു ദൂരെ മിന്നിമിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി ആ അമ്മ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ പറഞ്ഞുതീരും മുന്‍പേ അവരുടെ ചുണ്ടുകൾ വിതുമ്പി. ആ ചുളുങ്ങിയ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി...പൂർണ്ണചന്ദ്രൻ മെല്ലെ മെല്ലെ പ്രകാശം പരത്തി തെളിഞ്ഞു തെളിഞ്ഞു വന്നു.നിലാവെളിച്ചത്തിൽ ആ നക്ഷത്രഗോളം മറഞ്ഞു പോയത് ആ അമ്മയും മകളും അറിഞ്ഞില്ല...നിലാവ്...അഭിയുടെ പ്രിയപ്പെട്ട നിലാവ്...നിലാവു പ്രകാശമായി...പ്രണയമായി...കുളിരായി...മഞ്ഞുതുള്ളിയായി മെല്ലെ പെയ്തിറങ്ങി...ജസീനയും അമ്മയും നിലാവെളിച്ചത്തിൽ മറഞ്ഞുപോയ അവളുടെ പ്രിയനക്ഷത്രത്തെ തിരയുകയായിരുന്നു...“മോളേ, നീ ഒന്നു മനസ്സിലാക്കൂ, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരൂ...അഭി ഇനി...വരില്ല...ദൈവം അഭിയെ കൂട്ടിക്കൊണ്ടു പോയി...അമ്മ മകളുടെ മുതുകിൽ മെല്ലെ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...വാ...എന്റെ മോൾ വന്നു വല്ലതും കഴിയ്ക്കൂ..."അഭീ... "അവൾ പുലമ്പിക്കൊണ്ടിരുന്നു..."മോളേ..."ഇളം കാറ്റു മെല്ലെ വീശിയടിച്ചു...കാറ്റിനു രക്തത്തിന്റെ ഗന്ധം...ആ അമ്മ ഞെട്ടിപ്പോയി...തോളിൽ മുഖമമർത്തിക്കിടന്ന മകളെ നിവർത്തി...ജസീനയുടെ വായിലൂടെ ചോര ഒലിച്ചിറങ്ങുന്നു..."മോളേ..."ആ അമ്മ അലറിക്കരഞ്ഞു...ശബദം കേട്ട് ജസീനയുടെ പിതാവ് ഓടിയെത്തി..."എന്താ...? എന്താ...?"അപ്പോഴേക്കും ജസീന അമ്മയുടെ കൈയിൽ നിന്നും കുഴഞ്ഞു താഴേക്കു വീണു...രക്തം ജസീനയുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്നത് നിലാവെളിച്ചത്തിൽ ആ മാതാപിതാക്കൾ കണ്ടു...അവള്‍ കൈയിൽ എന്തോ മുറുകെപ്പിടിച്ചിരിക്കുന്നു...ഒരു ചെറിയ കാലിക്കുപ്പി..."വിഷം..."അവർ അതുകണ്ടു ഞെട്ടി അലറി വിളിച്ചു പോയി..."മാ...പ്പ്...!“"മാ...പ്പ്...!!"അവൾ മാതാപിതാക്കൾക്കു നേരേ കൈകൂപ്പാൻ ശ്രമിച്ചു..."മോളേ, എന്‍റെ പൊന്നുമോളേ...നീ എന്താ ഈ കാണിച്ചത്...?"അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മകളെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്തു.പക്ഷെ അപ്പോഴേക്കും ആ ശരീരം നിശ്ചലമായിക്കഴിഞ്ഞിരുന്നു...കാർമേഘങ്ങൾ പൂർണ്ണചന്ദ്രനെ മറച്ചു...നിലാവ് മറഞ്ഞു...ചില നക്ഷത്രങ്ങൾ മാത്രം ആകാശത്തിൽ വിളറിനിന്നു.പെട്ടെന്നു ഒരു നക്ഷത്രം...ആകാശത്തിൽ ഉജ്ജ്വലശോഭയോടെ പ്രത്യക്ഷപ്പെട്ടു!അതോടൊപ്പം അതിനു തൊട്ടടുത്തായി അതീവശോഭയോടെ മറ്റൊരു നക്ഷത്രം!ആ രണ്ടു നക്ഷത്രങ്ങളും ആ മാതാപിതാക്കളെ നോക്കിനില്‍ക്കുന്നതുപോലെ. അവര്‍ക്കുവേണ്ടിമാത്രം പ്രകാശിക്കുന്നതുപോലെ.ആ മാതാപിതാക്കൾ മടിയിൽ കിടക്കുന്ന ജസീനയുടെ ശരീരത്തേയും ആ നക്ഷത്രങ്ങളേയും മാറിമാറി നോക്കി...ആ നക്ഷത്രങ്ങൾ കൂടുതൽ പ്രഭയോടെ അവരെ നോക്കി മിന്നിത്തിളങ്ങി. ഇടയ്ക്കിടെ രണ്ടു കുസൃതിക്കുട്ടികളെപ്പോലെ അവര്‍ ആ അമ്മയുടേയും അച്ഛന്റെയും നേരെ മാറിമാറി കണ്ണുചിമ്മി.കറുത്തിരുണ്ട കാർമേഘങ്ങൾ മെല്ലെ പൂർണ്ണചന്ദ്രനെ തഴുകിയിട്ട് ഒഴിഞ്ഞു മാറി.നിലാവ്...ആ നിലാവ് കുളിരായി പെയ്തിറങ്ങി. ഇളംകാറ്റില്‍ മകളുടെ നിശ്വാസം നിറഞ്ഞുനില്‍ക്കുന്നെന്ന് അവര്‍ക്ക് തോന്നി. അവര്‍ ആകാശത്തേക്ക് നോക്കി. ഒരു അവിശ്വസനീയമായ കാഴ്ച അവര്‍ കണ്ടു. ആ രണ്ടു നക്ഷത്രങ്ങളും അടുത്തടുത്തു വരുന്നു! വര്‍ദ്ധിച്ച പ്രകാശത്തോടെ. ആ പ്രകാശം തന്‍റെ മനസ്സിലും നിറയുന്നതായി അമ്മയ്ക്ക് തോന്നി. ഒരുനിമിഷം ഭര്‍ത്താവിന്‍റെ മുഖത്തേക്ക് അവര്‍ നോക്കി. എന്തോ അവിശ്വസനീയമായ കാഴ്ച കാണുന്നതുപോലെയുണ്ടായിരുന്നു അയാളുടെ മുഖം. വീണ്ടും അവര്‍ മുഖം ആ നക്ഷത്രങ്ങളുടെ നേരെ തിരിച്ചു. പക്ഷെ അപ്പോഴേക്കും അവ രണ്ടും പരസ്പരം പൂര്‍ണ്ണമായി ലയിച്ചുകഴിഞ്ഞിരുന്നു. പൂവിലാവ് അവരുടെ ചെവിയില്‍ മന്ത്രിച്ചു.“ഇനി എന്തിനു ദുഃഖം? ഞങ്ങളുടെ നശ്വരമായ ശരീരം മാത്രമല്ലേ ഇല്ലാതായുള്ളൂ? ഞങ്ങളുടെ മനസ്സുകള്‍ പരസ്പരം ലയിച്ചുചേര്‍ന്നില്ലേ? അതുതന്നെയല്ലേ ഞങ്ങളും നിങ്ങളും ആഗ്രഹിച്ചത്‌? ഇനി എന്നും ഇതേ സമയത്ത് ഞങ്ങള്‍ ഇവിടെയുണ്ടാകും. സ്നേഹത്തിനു മരണമില്ലല്ലോ?”

(അവസാനിച്ചു)  

3 comments:

  1. ഈ കഥ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നോ? വായിച്ചപോലെ അവ്യക്തമായൊരു ഓര്‍മ്മ.

    ReplyDelete
  2. it was not posted here but it was posted in www.tharamgini.com
    thanks for reading

    ReplyDelete
  3. നല്ലെഴുത്ത്. പ്രണയിക്കാൻ കൊതിയാവുന്നു. ഒരിക്കലും പ്രണയിക്കാൻ കഴിയില്ല എന്ന എന്റെ ചിന്തകളെ മായിച്ച് പുതിയ പ്രതീക്ഷകൾ എന്നിൽ നിറച്ചു.

    ReplyDelete