Thursday, 21 August 2014

നിലാവ് പറഞ്ഞ കഥ - ഭാഗം 1,2,3


സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് എരിഞ്ഞുതാണു...
കിഴക്കുനിന്നും വീശിയടിക്കുന്ന ഇളംകാറ്റ് അവളുടെ മുടിയിഴകളെ ചലിപ്പിച്ചു കൊണ്ടിരുന്നു. ഉമ്മറത്തെ ചാരുകസേരയിൽ ചാരിയിരുന്ന് അവള്‍ വിദൂരതയിലേക്ക് നിറഞ്ഞുതുളുമ്പുന്ന കണ്ണുകള്‍ പായിച്ചു. ആ കണ്ണുകൾ ആകാശത്തിൽ എന്തോ തേടിനടന്നു.
ഒരു കുഞ്ഞു പ്രകാശഗോളം...ഒരു നക്ഷത്രം...അവളെ മാത്രം നോക്കി പുഞ്ചിരിക്കുന്ന അവളുടെ പ്രിയപ്പെട്ട നക്ഷത്രം. അവൾക്കു മാത്രം അവകാശപ്പെടാൻ ഒരു കുഞ്ഞു നക്ഷത്രം...
പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു...സാരിത്തുമ്പുകൊണ്ട് അവള്‍ കണ്ണീർ തുടച്ചു...
“എന്റെ പ്രിയനേ നീ എവിടെ?“ ആ ചുണ്ടുകൾ വിറച്ചു.
“ഒരു നോക്കുകാണാൻ കൂടി നിന്നു തരാതെ എവിടെയാണു നീ  പോയിമറഞ്ഞത്‌?
എന്തിനു വേണ്ടി നീ എന്റെ ജീവിതത്തിലേക്കു വന്നു?
ഞാൻ  ഈ  ജീവിതം എല്ലാം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ചതായിരുന്നില്ലേ?
ഹൃദയം നിറയെ സ്നേഹവുമായി ഒരു ദൈവദൂതനായി നീ വന്നു.
നിന്റെ  സാന്നിദ്ധ്യം എന്റെ  ജീവിതത്തിനു പുതിയ അര്‍ത്ഥം  നൽകി.
എന്നോ എന്നിൽ നിന്നും കൈവിട്ടുപോയ സ്നേഹം,  നീ മതിയാവോളം എനിക്കു തന്നു.
എന്നെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
പക്ഷെ പിന്നീട് ഒരു കള്ളനെപ്പോലെ നീ എന്നെ ഒറ്റയ്ക്കാക്കി  കടന്നു കളഞ്ഞു.
പ്രിയനേ, നീ എന്നെ ഒന്നു മനസ്സിലാക്കൂ, നീയില്ലാതെ ഈ ജന്മം എനിക്കു ജീവിക്കാൻ കഴിയില്ല.
നീ എവിടെപ്പോയി മറഞ്ഞാലും എന്റെ സ്നേഹം നിന്നെ പിന്തുടർന്നു കൊണ്ടിരിക്കും, തീര്‍ച്ച.“
“നിനക്കറിയുമോ?
നിന്റെ  ഓരോ വാക്കിലും ഞാൻ എന്റെ  പ്രണയം കണ്ടു.
ഞാൻ നിന്നെ കാണാൻ കൊതിച്ചു.
നിന്റെ  തിളങ്ങുന്ന കണ്ണുകളിൽ എന്റെ  രൂപം മാത്രം കാണണമെന്നാഗ്രഹിച്ചു.
നിന്റെ  ശബ്ദത്തിൽ എന്റെ  മനസ്സും ശരിരവും ആത്മാവും  അലിഞ്ഞുചേർന്നു.
നിന്‍റെ ഗന്ധം ഞാൻ എന്റെ ജീവവായുവാക്കാൻ കൊതിച്ചു.
നിന്റേതാകുന്ന ആ  നിമിഷത്തിനുവേണ്ടി ഞാൻ കാത്തിരുന്നു.
നിനക്കുവേണ്ടി ഞാൻ മണിയറയൊരുക്കി...
നിന്‍റെ ഒരു സ്പർശനത്തിനായി ഞാൻ കൊതിച്ചു കൊതിച്ചു കാത്തിരുന്നു.
പക്ഷേ...
നീ വന്നില്ല...“
"ജസിനാ..." അവന്റെ ശബ്ദം കാതുകളിൽ മന്ത്രിക്കും പോലെ...
പെട്ടന്നവൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. ചാടിയെഴുന്നേറ്റു.
"അഭീ...അഭീ...അഭീ...നീ എവിടെ?“ അവൾ മുറ്റത്തേക്ക് ഓടിയിറങ്ങി.
"അഭീ..." അലറിവിളിച്ചുകൊണ്ട് അവൾ മുറ്റത്ത്  ഓടി നടന്നു.
"എന്താ മോളേ ഇത്? മോളേ നീ മനസ്സിലാക്കൂ... അവൻ ഇനി വരില്ല..." ജസിനയുടെ അമ്മ ഓടിയെത്തി അവളെ കടന്നു പിടിച്ചു, പിന്നെ അവളെ മാറോടു ചേർത്തു മുതുകിൽ മെല്ലെ തടവി.
"ഇല്ലമ്മേ...എന്റെ അഭിയ്ക്ക് എന്നെ വിട്ടുപോകാൻ കഴിയില്ല. എനിക്കറിയാം..."
"മോളേ...എല്ലാം വിധി! അതു മാറ്റാൻ ആര്‍ക്കും കഴിയില്ല, മോളേ. ദേ, നോക്കൂ, നിന്റെ  അഭി എല്ലാം കാണുന്നുണ്ട്...ദേ നോക്കിയേ..."
അങ്ങു ദൂരെ  മിന്നിമിന്നിത്തിളങ്ങുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി ആ അമ്മ മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ പറഞ്ഞുതീരും മുന്‍പേ അവരുടെ ചുണ്ടുകൾ വിതുമ്പി. ആ ചുളുങ്ങിയ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി...
പൂർണ്ണചന്ദ്രൻ മെല്ലെ മെല്ലെ പ്രകാശം പരത്തി തെളിഞ്ഞു തെളിഞ്ഞു വന്നു.
നിലാവെളിച്ചത്തിൽ ആ നക്ഷത്ര ഗോളം മറഞ്ഞു പോയത് ആ അമ്മയും മകളും അറിഞ്ഞില്ല...
നിലാവ്...അഭിയുടെ പ്രിയപ്പെട്ട നിലാവ്...
ആ നിലാവിന് ഒരു കഥ പറയാനുണ്ടായിരുന്നു...
കണ്ണീരിലെഴുതിയ ഒരു പ്രണയ കഥ...
നിലാവു പ്രകാശമായി...പ്രണയമായി...കുളിരായി...മഞ്ഞു തുള്ളിയായി മെല്ലെ പെയ്തിറങ്ങി...
ജസിനയും അമ്മയും നിലാവെളിച്ചത്തിൽ മറഞ്ഞുപോയ അവളുടെ പ്രിയനക്ഷത്രത്തെ തിരയുകയായിരുന്നു...

ഭാഗം 2

ഇന്ന്...
ജസിനയുടെ ആദ്യരാത്രിയാണ് ...
മനസ്സിൽ ഒരുപാടു സ്വപ്നങ്ങൾ  നെയ്തുകൂട്ടി അവൾ തന്റെ ഭർത്താവിനെ തേടിയിരുന്നു.
ഇനി മുതൽ തന്റെ ജീവിതത്തിന് അർത്ഥമുണ്ടാകാൻ പോകുന്നു. വിദേശത്തു കഴിയുന്ന മാതാപിതാക്കളില്‍നിന്നും തനിക്കു കിട്ടാത്ത സ്നേഹവും വാത്സല്യവും  എല്ലാം തന്റെ ഭർത്താവിൽനിന്നും കിട്ടുമായിരിക്കും...
നിമിഷങ്ങൾ ഒന്നൊന്നായി കടന്നുപോയി...ഭർത്താവിന്റെ കാലൊച്ചയ്ക്കായി അവൾ കാതോർത്തിരുന്നു...
അവളുടെ മനസ്സ് ബൈബിളിലെ സോളമന്‍റെ ഉത്തമഗീതത്തിലെ രാജ്ഞിയിലൂടെ കടന്നു പോയി.
"അവൻ തന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ.
നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.
നിന്‍റെ തൈലം സൌരഭ്യമായത്.
നിന്‍റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു.
അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
നിന്‍റെ പിന്നാലെ എന്നെ വലിക്ക്. നാം ഓടിപ്പോക.
രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടു വന്നിരിക്കുന്നു..."
(ബൈബിൾ, ഉത്തമഗീതം 1.1:2 )

ആ വാക്യം ചിന്തയിലെത്തിയപ്പോള്‍ അവൾ വീണ്ടും കാതോർത്തു. അവൻ വരുന്നുണ്ടോ...
അവന്‍റെ ഗന്ധം വായുവിലൂടെ പടർന്നു തന്റെ അടുത്തേക്കു വരുന്നുണ്ടോ?
ഇല്ല...അവനെ കാണുന്നില്ല.
അവന്റെ ശബ്ദം കേൾക്കാനുമില്ല...
അവളുടെ കണ്ണുകൾ പ്രാണപ്രിയനെക്കാണാൻ കൊതിച്ചു...
കണ്ണുകളിൽ ഇരുട്ടു കയറുന്നതു പോലെ...
മെല്ലെ മെല്ലെ നിദ്ര ആ കണ്‍പോളകളെ തഴുകി...

"രാത്രി സമയത്ത് എന്റെ കിടക്കയിൽ ഞാൻ
എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു.
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു.
വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
നഗരത്തിൽ സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു.
എന്റെ  പ്രാണപ്രിയനെ കണ്ടുവോ എന്നു
ഞാൻ അവരോടു ചോദിച്ചു .
അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ,
ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു.
ഞാൻ അവനെ പിടിച്ചു..."
(ബൈബിൾ, ഉത്തമഗീതം 3. 1:4 )

പെട്ടെന്ന് ആരോ അവളുടെ കൈകൾ തട്ടിമാറ്റി...
സോളമന്‍റെ ഉത്തമഗീതത്തിലൂടെ സ്വപ്നസഞ്ചാരത്തിലായിരുന്ന ജസിന ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു...
തന്‍റെ കൈ തട്ടിമാറ്റി മറുവശത്തേക്കു തിരിഞ്ഞു കിടക്കുന്ന ഭർത്താവ്..! ...ജസിന ഞെട്ടിപ്പോയി!
താൻ കണ്ട സ്വപ്നത്തിലെ ഭർത്താവു പെരുമാറുന്നത് ഇങ്ങനെയായിരുന്നില്ല!
എന്താ സംഭവിച്ചത്?
താന്‍ ഉറങ്ങിപ്പോയതുകൊണ്ടുണ്ടായ പരിഭവമായിരിക്കുമോ? അവള്‍ ഭര്‍ത്താവിനോടു  ചേർന്നു കിടന്നു...
"നിനക്കെന്താ മാറിക്കിടന്നൂടേ? എനിക്കു നല്ല ക്ഷീണമുണ്ട്. ഉറങ്ങണം."

ജസിന ഞെട്ടിപ്പോയി.
ആദ്യരാത്രിയിൽ ഭർത്താവിന്റെ വാക്കുകൾ!
അവളുടെ കണ്ണുകൾ നിറഞ്ഞുപോയി.
താൻ കണ്ട സ്വപ്നങ്ങൾ,  ഭാര്യാഭര്‍തൃബന്ധത്തെപ്പറ്റിയുള്ള തന്റെ സങ്കൽപ്പങ്ങൾ.
എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തകർന്നു. വെറുമൊരു നീർകുമിളപോലെ.
അവളുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു.
ദൈവം തനിക്കു സ്നേഹമെന്നതു നിഷേധിക്കുകയാണോ?

മാതാപിതാക്കളുടെ സ്നേഹം പോലും മനസ്സുനിറയെ അനുഭവിക്കാന്‍ തനിക്കു ഭാഗ്യമുണ്ടായില്ല.  തന്നേയും തന്‍റെ സഹോദരനേയും വളർത്താനും പഠിപ്പിക്കാനുമുള്ള തിരക്കിൽ വിദേശത്തു പണിയെടുക്കുന്ന മാതാപിതാക്കൾ. വല്ലപ്പോഴും ഒന്നോടിവരും. വളരെ കുറച്ചു ദിവസങ്ങൾ മാത്രം അവരുടെ  സ്നേഹവും ലാളനയും അനുഭവിച്ചു തുടങ്ങുമ്പോഴേക്കും അവര്‍ക്ക് തിരിച്ചുപോകാറാകും. ഇതുവരെ ആ സ്നേഹം മതിയാവോളം നുകരാന്‍ തനിക്കു കഴിഞ്ഞിട്ടില്ല.

ഇതുവരെ അവരെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല.

അപ്പോഴേക്കും വിവാഹം.
പപ്പയും മമ്മിയും കണ്ടെത്തിയ വിവാഹാലോചന...
അവർക്കിഷ്ടമായി...
നല്ല പയ്യൻ, ആവശ്യം പോലെ പണം, സ്വത്ത്.
അവർ കണ്ടെത്തിയ ഭർത്താവ്.
ജസിന ഒരെതിര്‍പ്പുമില്ലാതെ മാതാപിതാക്കളുടെ ഇഷ്ടത്തിനു മുന്നിൽ തലകുനിച്ചു. അവരുടെ സന്തോഷമായിരുന്നു അവളുടെ ഇഷ്ടം.
ആ നാടുകണ്ട ഏറ്റവും വലിയ വിവാഹം.
ജസിനയെ മാതാപിതാക്കൾ സ്വർണ്ണം കൊണ്ട് അഭിഷേകം ചെയ്തു.
ഒരേ ഒരു മകളുടെ വിവാഹം അവർ ഉത്സവമാക്കി...
കഴിഞ്ഞ ഒരോ നിമിഷവും അവളുടെ മനസ്സിലൂടെ കടന്നുപോയി...
വിവാഹവേദിയിൽ കൂട്ടുകാരുടെ അഭിനന്ദനങ്ങൾ...
സമ്മാനങ്ങൾ...
താനാണു ജീവിതത്തിലെ ഏറ്റവും ഭാഗ്യവതി എന്നു തോന്നിയ നിമിഷങ്ങൾ...
താൻ കണ്ട സ്വപ്നങ്ങൾ...
ഭാര്യാഭര്‍തൃബന്ധത്തെപ്പറ്റിയുള്ള തന്‍റെ സങ്കൽപ്പങ്ങൾ...
എല്ലാം ഒരു നിമിഷംകൊണ്ട്...
ജസിന തേങ്ങിപ്പോയി...

ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നത് ജസീന അറിഞ്ഞു.
കാറ്റു വീശിയടിച്ചു...
മിന്നൽ...
ജസിന വീണ്ടും ഞെട്ടി...
ഇടിയും മിന്നലും അവൾക്കു പേടിയാണ്...
കുട്ടിക്കാലത്ത് ഒരുനാള്‍ ഇടിയും മിന്നലും കണ്ട് അലറി വിളിച്ചപ്പോൾ  അമ്മ വാരിപ്പുണർന്നത് അവള്‍ ഓര്‍ത്തു...
"എന്താ മോളേ ഇത്? ഇങ്ങനെ പേടിച്ചാലെങ്ങനാ? ഇക്കണക്കിന് മമ്മി പോകുമ്പം...“
പറഞ്ഞുതീര്‍ക്കാന്‍ ജസിന സമ്മതിച്ചില്ല.
"വേണ്ട, മമ്മി എങ്ങും പോകണ്ട...എനിക്കു പേടിയാ മമ്മീ.  മമ്മി അടുത്തുണ്ടെങ്കില്‍ എനിക്കു മമ്മിയെ കെട്ടിപ്പിടിച്ചിരിക്കാമല്ലോ...അപ്പോ എനിക്കു പേടിയുണ്ടാവില്ല..."

"അയ്യോ...മോളേ മമ്മി മോളോടൊപ്പം ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നാൽ മോൾക്കൊന്നും കഴിക്കണ്ടേ?  പഠിച്ചു മിടുക്കിയാവണ്ടേ?  അതിനു പണം വേണ്ടേ? വലിയ കുട്ടിയാവുമ്പോൾ പേടിയൊക്കെ പോവും. മഴവരുമ്പോൾ പുതച്ചു കിടക്കാൻ മമ്മി  ഇനി എപ്പോൾ വന്നാലും മോൾക്ക് ഒരു കമ്പിളി കൊണ്ടുത്തരാം...അതു പുതച്ചുമൂടി കിടക്കുമ്പോൾ, മോളുടെ മമ്മി കൂടെ ഉണ്ടെന്നു വിചാരിച്ചോണം. ആ ഒരു ചിന്തമതി എന്‍റെ കുഞ്ഞിന്‍റെ  പേടിമാറാൻ...
പിന്നെ ഒരിക്കൽ പോലും മമ്മി ഒരു പുതിയ കമ്പിളി ഇല്ലാതെ നാട്ടിൽ വന്നിട്ടില്ല.
എപ്പോൾ വന്നാലും ഒരു കമ്പിളി അവളുടെ പ്രിയപ്പെട്ട അമ്മ സമ്മാനമായി നൽകും...
ഢും...ഢും....ഢും.
വീണ്ടും പ്രകൃതിയെയാകെ നടുക്കിക്കൊണ്ട് ഇടിവെട്ടി...
ജസിന പേടിച്ചു വിറച്ചു പോയി...
വീണ്ടും വീണ്ടും മിന്നൽ...ഇടിമുഴക്കം...
ഭയന്നു വിറച്ചുകൊണ്ട് അവൾ ഭർത്താവിനെ കെട്ടിപ്പിടിച്ചു...
"നാശം. ഉറങ്ങാനും സമ്മതിയ്ക്കത്തില്ല..." അലറിക്കൊണ്ടയാള്‍ അവളെ പിടിച്ചു തള്ളി. പിന്നെ വാതിൽ തുറന്നു പുറത്തേക്കു നടന്നു. ജസിന എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നു...
പിന്നെ മെല്ലെ മേശപ്പുറത്തിരുന്ന ഫോണിനു നേരെ നടന്നു...
വീണ്ടും ഇടിവെട്ടിയെങ്കിലും അവൾ ഞെട്ടിയില്ല...
"മമ്മീ...ഞാനാ ജസിന..."
"എന്താ മോളേ  രാത്രി കുറേയായല്ലോ?  നിങ്ങൾ കിടന്നില്ലേ?"
അമ്മയുടെ സ്വരത്തിലെ ഉല്‍ക്കണ്ഠ മകള്‍ തിരിച്ചറിഞ്ഞു. അവള്‍ തേങ്ങിപ്പോയി.
"മമ്മീ...നാളെ രാവിലെ മമ്മി എനിക്കു കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് ഇവിടെ കൊണ്ടു തരണേ..." അത്രയും പറഞ്ഞപ്പോഴേക്കും ജസിന പൊട്ടിക്കരഞ്ഞുപോയി.

ഭാഗം3

തന്‍റെ വേദന അമ്മയെ അറിയിക്കാതിരിക്കാന്‍ അവള്‍ ഫോണ്‍ താഴെവച്ചു.
പക്ഷെ അവളുടെ തേങ്ങലിന്‍റെ അല അമ്മയുടെ മനസ്സില്‍ എത്തിക്കഴിഞ്ഞിരുന്നു.
അമ്മയും അച്ഛനും പിറ്റേദിവസം തന്നെ മകളുടെ വീട്ടിലെത്തി.
അമ്മ കൊണ്ടുവന്ന കമ്പിളിപ്പുതപ്പ്‌ ഒരു നിധിപോലെ അവള്‍ വാങ്ങി. ജസീന അമ്മയോട് തന്‍റെ വേദനയെപ്പറ്റി ഒന്നും പറഞ്ഞില്ല. പക്ഷെ അവളുടെ വാടിത്തളര്‍ന്ന മിഴികളില്‍ നിന്ന് അമ്മ എല്ലാം മനസ്സിലാക്കി.
അവര്‍ തിരിച്ചുപോയപ്പോള്‍ താന്‍ ഒരു മരുഭൂമിയില്‍ ഒറ്റപ്പെട്ടതുപോലെ ജസീനയ്ക്ക് തോന്നി. ഒരു ആശ്വാസത്തിനായി അവള്‍  ഉത്തമഗീതത്തെ മനസ്സിലേറ്റാന്‍ ശ്രമിച്ചു.
"സ്ത്രികളിൽ അതിസുന്ദരിയായുള്ളോവേ,
നിന്‍റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
നിന്‍റെ പ്രിയൻ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു?
ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം"
(ബൈബിൾ, ഉത്തമഗീതം 6 .1 )
പതുക്കെപ്പതുക്കെ മാതാപിതാക്കളുടെ ശുഭപ്രതീക്ഷ നിറഞ്ഞ വാക്കുകളിലൂടെ ജസിനയുടെ മനസ്സിൽ വീണ്ടും പ്രതീക്ഷകളും മോഹങ്ങളും തലകാട്ടാന്‍  തുടങ്ങിയെങ്കിലും അവയ്ക്ക് നിലനില്‍പ്പുണ്ടായില്ല. ദിവസങ്ങൾക്കുള്ളില്‍ത്തന്നെ അവ  കൊഴിഞ്ഞുവീണു തുടങ്ങി. കാരണം ജസീന എത്രയേറെ ശ്രമിച്ചിട്ടും  ഒരിറ്റു സ്നേഹമോ ലാളനയോ അവള്‍ക്കു ഭർത്താവിൽനിന്നോ അയാളുടെ മാതാപിതാക്കളിൽനിന്നോ കിട്ടിയില്ല . ജസിനയുടെ മാതാപിതാക്കളുടെ പണത്തോടും  അവൾ കൊണ്ടുവന്ന സ്വർണ്ണത്തോടും മാത്രമായിരുന്നു അവരുടെ സ്നേഹം മുഴുവൻ.  കൊച്ചു കൊച്ച് ആവശ്യങ്ങൾക്കു പോലും അവർ ജസിനയുടെ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു.
ദിവസങ്ങൾ മാസങ്ങള്‍ക്കു വഴിമാറിക്കൊടുത്തു.
ജസീനക്കു ജീവിതത്തോടുതന്നെ മടുപ്പു തോന്നിത്തുടങ്ങി...
ഒന്നുകിൽ സന്തോഷത്തോടെ ജിവിക്കുക. അല്ലെങ്കിൽ മരണത്തിനു കീഴടങ്ങുക. രണ്ടിനുമിടയില്‍ വെറുതെ എന്തിനൊരു ജീവിതം? അവള്‍ വേവലാതിയോടെ സ്വയം പറഞ്ഞു.
"എന്‍റെ അങ്കി ഞാൻ ഊരിയിരിക്കുന്നു;
അതു വീണ്ടും ധരിക്കുന്നതു എങ്ങനെ?
ഞാൻ കാലുകളെ കഴുകിയിരിക്കുന്നു;
അവയെ മലിനമാക്കുന്നതു എങ്ങനെ?
(ബൈബിൾ, ഉത്തമഗീതം 5.3 )
തുടര്‍ന്നുള്ള  ജീവിതത്തെപ്പറ്റി ജസിന ചിന്തിച്ചു തുടങ്ങി. താൻ മനസ്സും ഹൃദയവും നൽകി തന്‍റെ ഭര്‍ത്താവിനേയും ആ കുടുംബത്തേയും സ്നേഹിച്ചു. ആ കുടുംബത്തിലെ അംഗമായി, എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി അയാളോടൊപ്പം ജീവിക്കാൻ ശ്രമിച്ചു. പക്ഷെ ശ്രമമെല്ലാം നിഷ്ഫലമായി.
ഇനി വയ്യ. തനിക്ക് ഇനി അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. മരണത്തിന്‍റെ ഗന്ധം തന്നെ ചൂഴ്ന്നു നില്‍ക്കുന്നതായി അവള്‍ക്കു തോന്നി.
"എന്‍റെ പ്രിയൻ ദ്വാരത്തിൽ കൂടി കൈനീട്ടി;
എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
എന്‍റെ പ്രിയന്നു തുറക്കേണ്ടതിനു ഞാൻ എഴുന്നേറ്റു;
എന്‍റെ കൈ മൂറും, എന്‍റെ വിരൽ മൂറിൻ തൈലവും
തഴുതു പിടികളിന്മേൽ പൊഴിച്ചു
ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു
എന്‍റെപ്രിയനോ പൊയ്ക്കളഞ്ഞിരുന്നു.
അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു;
ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല;
ഞാൻ അവനെ  വിളിച്ചു ; അവൻ ഉത്തരം പറഞ്ഞില്ല...”
(ബൈബിൾ, ഉത്തമഗീതം 5.4:6 )
ഒരു ഭാര്യയുടെ കടമ പൂർണ്ണമായും നിറവേറ്റാൻ  ആവുന്നതും ശ്രമിച്ചിട്ടും തനിക്കു ലഭിച്ചത് അവഗണന,  അവജ്ഞ. തന്നെ ഒരു ഭാര്യയായി അംഗികരിക്കാൻ പോലും തയ്യാറാവാത്ത ഒരു മനുഷ്യന്‍റെ ഭാര്യയെന്ന പേരില്‍ എത്ര നാള്‍ ജീവിക്കാനാകും? എത്ര നാള്‍ ഈ വേദന സഹിക്കും? അവൾ മാതാപിതാക്കളോട്  എല്ലാം തുറന്നുപറഞ്ഞു.
"നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു;
അവർ എന്നെ അടിച്ചു മുറിവേൽ‌പ്പിച്ചു;
മതിൽ കാവൽക്കാർ എന്‍റെ മൂടുപടം എടുത്തു കളഞ്ഞു..."
(ബൈബിൾ, ഉത്തമഗീതം 5.7 )
"മമ്മീ, എനിക്കിനി പറ്റില്ല...ഞാൻ മടുത്തു," ജസിന അമ്മയെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടി...
"മോളേ... "
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു...
വിവാഹമോചനം. ജസീന തന്‍റെ ഉറച്ച തീരുമാനം മാതാപിതാക്കളെ അറിയിച്ചു.
മകളുടെ തീരുമാനം ശരിയാണെന്നു മാതാപിതാക്കൾക്കും തോന്നി. അവർ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഒരു വക്കീലിനെ സമീപിച്ചു.
“കുട്ടിയുടെ ആഭരണങ്ങളും മറ്റും അവര്‍ വാങ്ങിയോ?” വക്കീല്‍ അന്വേഷിച്ചു.
“അത് കുറെയെല്ലാം വാങ്ങി അവര്‍ വിറ്റു.” അച്ഛന്‍ പറഞ്ഞു.
“അതുകൂടി നമുക്ക് പെറ്റീഷനില്‍ പെടുത്താം. കേസിന് ഒരു മുറുക്കം കിട്ടും. കുട്ടിയെ ദേഹോപദ്രവം ഏൽ‌പ്പിച്ചെന്നും നമുക്ക് ചേര്‍ക്കാം.”
“ഒന്നും വേണ്ട. എന്‍റെ മോളെ അവരില്‍നിന്നു രക്ഷപ്പെടുത്തിയാല്‍ മാത്രം മതി.” നിറഞ്ഞ കണ്ണോടെ അമ്മ പറഞ്ഞു. "മോള്‍ ഞങ്ങടെ കൂടെ താമസിക്കും.”
“അപ്പോള്‍ നിങ്ങളിനി ജോലിസ്ഥലത്തു പോകുന്നില്ലേ?”
“ഇല്ല.”
പിന്നെ നിയമനടപടികൾ,  അന്വേഷണങ്ങൾ, നിര്‍ദ്ദേശങ്ങൾ, ഉപദേശങ്ങൾ. വേര്‍പിരിഞ്ഞു താമസിക്കൽ.

ഒടുവില്‍ വിവാഹമോചനം അംഗീകരിച്ചുകൊണ്ട് വിധിയായി. ഇന്നു ജസിന മാതാപിതാക്കളോടോപ്പമാണ്...അവള്‍ക്ക് ഒന്നിലും ഒരു ഉത്സാഹമില്ല. ജീവിതം പാതിവഴിയില്‍ കൈമോശം വന്നതുപോലെ.  മിണ്ടാട്ടവും ഉരിയാട്ടവുമില്ലാതെ ഒരേ ഇരിപ്പ്...രാത്രിയും പകലും വന്നതും കടന്നുപോയതും അവൾ അറിഞ്ഞില്ല...വിശപ്പും നിദ്രയും അവളില്‍നിന്ന് അകന്നുമാറി നടന്നു. അമ്മ വളരെയേറെ നിര്‍ബ്ബന്ധിച്ചാൽ മാത്രം ഒരൽപ്പം ഭക്ഷണം.
മകളിൽ വന്ന മാറ്റം ജസിനയുടെ മാതാപിതാക്കളെ വല്ലാതെ വേദനിപ്പിച്ചു. അവളെ സന്തോഷിപ്പിക്കാന്‍ അവര്‍ ആവതു ശ്രമിച്ചു. അവരെ സന്തോഷിപ്പിക്കാനായി അവള്‍ സ്വയം മാറാന്‍ ശ്രമിച്ചു.
കാലചക്രം അതിന്‍റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടേയിരുന്നു...ഋതുക്കൾ മാറി മാറി വന്നു...
ജസിനയിൽ ചെറിയ ചെറിയ മാറ്റങ്ങൾ സംഭവിച്ചു. ഇന്നവൾ പുസ്തകങ്ങളുടെ ലോകത്താണ്...ലൈബ്രറികളിൽ നിന്നും കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം അവൾ ശേഖരിക്കും. പിന്നെ അടച്ചിട്ട മുറിയിൽ...വായനയുടെ നിശ്ശബ്ദലോകത്തിൽ.
വായനയിലൂടെ ദുഃഖം മറക്കുന്ന മകളെ നിറമിഴികളോടെ അമ്മ നോക്കിനിന്നു.
മേശപ്പുറത്ത് അടുക്കിവച്ചിരുന്ന പുസ്തകങ്ങളിൽ ഒന്നിന്‍റെ പേരു ജസിനയെ വല്ലാതെ ആകർഷിച്ചു:
"നിലാവ് പറഞ്ഞ കഥ," രചന: അഭി...
ഒരു പുതിയ എഴുത്തുകാരന്‍റെ ആദ്യ രചന...ജസിന ആ പുസ്തകം കയ്യിലെടുത്തു...അതിലെ അക്ഷരങ്ങളിലൂടെ കണ്ണുകൾ പായിച്ചു. സ്വയമറിയാതെ അവളുടെ മനസ്സ് പൂര്‍ണ്ണമായി വായനയില്‍ ലയിച്ചു.
മണിക്കൂറുകള്‍ കടന്നുപോയത് അവള്‍ അറിഞ്ഞില്ല.
നിലാവ് പറഞ്ഞ കഥ...തന്‍റെ ജീവിതം! തന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും  ഓരോ സന്ദർഭവും, എന്തിനേറെ തന്‍റെ ജീവിതം അപ്പാടെ ഒരു മായവും ചേർക്കാതെ ആ കഥയില്‍ അവള്‍ കണ്ടു. ഈ പുസ്തകത്തിലെ ഇന്ദുവിന്‍റെ കഥ എന്‍റെ തന്നെ കഥയല്ലേ?  ആ ഇന്ദു ഞാൻ തന്നെയല്ലേ?
അഭി ...
അവൾ പുസ്തകത്തിൽ നിന്നും വിലാസവും ഫോണ്‍ നമ്പരും തപ്പിയെടുത്തു...പിന്നെ അഭിയുടെ മൊബയിൽ ഫോണിലേക്ക്...
ഫോണ്‍ ശബ്ദിച്ചു...അയാളുടെ ശബ്ദം കേൾക്കായി...ജസിന കാതോർത്തു...
"ഹലോ..." വളരെ നേർത്ത അയാളുടെ ശബ്ദം...അതിന്‍റെ അലകൾ അവളുടെ ഹൃദയത്തിലേക്ക് പതിച്ചു...
ഒന്നും മിണ്ടാൻ അവൾക്കു കഴിഞ്ഞില്ല...
"ഹലോ..." വീണ്ടും ഫോണിലൂടെ ആ ശബ്ദം...
പെട്ടന്നവൾ ഫോണ്‍ കട്ടു ചെയിതു...എന്നിട്ടാ പുസ്തകം മാറോടു ചേർത്തു..."നിലാവ് പറഞ്ഞ കഥ"
ആ പുസ്തകത്തെ ജസീന അമർത്തി ചുംബിച്ചു...
"യെരുശലേം പുത്രിമാരേ, നിങ്ങൾ എന്‍റെ പ്രിയനെ കണ്ടെങ്കിൽ
ഞാൻ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം"
(ബൈബിൾ, ഉത്തമഗീതം 5 .8 )

No comments:

Post a Comment