Tuesday 14 August 2012

മനസ്സ്


മുറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പന്തല്‍ പൊളിച്ചു മാറ്റുന്ന തിരക്കിലാണ് ആളുകള്‍ .
വേണു മാഷ് ജനലിലൂടെ പുറത്തേക്കു നോക്കിനിന്നു. കഴിഞ്ഞ ഒരാഴ്ച വലിയ തിരക്കായിരുന്ന വീട് ഇപ്പോള്‍ ശൂന്യം ..
ബന്ധുക്കളും, സുഹൃത്തുക്കളും, അയല്‍ക്കാരും,എല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു.
എവിടെയോ ഒരു ശൂന്യത ..
ഹൃദയത്തിനുള്ളില്‍ ഒരു വിങ്ങല്‍ ...
ഒരു പക്ഷേ വേദന തനിക്കിതു സഹിക്കാവുന്നതിലും അപ്പുറമാണെന്നു തോന്നുന്നു .
 മാഷ് ജനലഴികളില്‍ പിടിച്ചു പുറത്തേക്കു നോക്കി.
പുറത്തു പന്തല്‍ പൊളിച്ചു മാറ്റുന്ന തിരക്കിലാണ് ആള്‍ക്കാര്‍ .
എന്നാല്‍ മാഷിന്‍റെ ഉള്ളു പിടയുകയായിരുന്നു ..
എപ്പോഴും ഉത്സവത്തിന്‍റെ പ്രതീതി ജനിപ്പിക്കാറുള്ള തന്‍റെ കൊച്ചു വീട് പെട്ടെന്നു മ്ലാനമായതുപോലെ,
തന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും യാത്ര പറഞ്ഞു പോയതിന്‍റെ വേദനയാണോ...
അറിയില്ല ..
വേണു മാഷിന്‍റെ കണ്ണുകള്‍ അറിയാതെ നിറയുകയായിരുന്നു...
ഹൃദയം വിങ്ങിപ്പൊട്ടുന്ന വേദന...
 അതാരും അറിയാതിരിക്കാന്‍ പാടുപെടുകയാണ് വേണു മാഷ്.
മാഷു കണ്ണുകള്‍ ദൂരേക്ക് പായിച്ചു ..
തന്‍റെ മകള്‍ ....
ആണായും പെണ്ണായും ദൈവം തന്ന നിധി
 ജീവന്‍റെ ജീവനായ പൊന്നുമോള്‍
 ജീവിതത്തിന്‍റെ ഓരോ നിമിഷവും താന്‍ അവള്‍ക്കു വേണ്ടി മാറ്റി വച്ചില്ലേ
ജനിച്ച നിമിഷം മുതല്‍ കൈ വളരുന്നതും കാല്‍ വളരുന്നതും നോക്കി നോക്കി ഇരുന്നില്ലേ ?
നീണ്ട ഇരുപത്തിരണ്ടു വര്‍ഷം താന്‍ ജീവിച്ചതു അവള്‍ക്കു വേണ്ടി മാത്രം ആയിരുന്നില്ലേ ..?
അവളുടെ ഏതെങ്കിലും ഒരാഗ്രഹത്തിനു താന്‍ എതിരു നിന്നോ ..?
ഇല്ല ....
 ആ കാലില്‍ ഒരു മുള്ളു കൊള്ളാനോ, കണ്ണൊന്നു നിറയാനോ, ചുണ്ടൊന്നു വിറക്കാനോ, താന്‍ അനുവദിച്ചില്ല
എന്നിട്ടും അവള്‍ പോയി ..
അവള്‍ പോയതാണോ ?
 അല്ല ..!
താന്‍ പറഞ്ഞു വിടുകയായിരുന്നതല്ലേ.
എത്രവട്ടം അവള്‍ കരഞ്ഞു പറഞ്ഞു ..
അച്ഛനെ വിട്ടു ഞാന്‍ പോകില്ലെന്നു ..!
എനിക്കു വിവാഹം വേണ്ടെന്നു ..!!
എന്‍റെ അച്ഛനും അമ്മയും ഉള്ള ഈ ലോകം മതിയെന്ന്‍...
പാവം എന്‍റെ കുട്ടി...
അവളുടെ വാക്കു കേള്‍ക്കാന്‍ മനസ്സനുവദിച്ചില്ല
ഒരച്ഛന്‍റെ കടമ ..
ആ കടമക്കു മുന്നില്‍ ഈ അച്ഛനു കീഴടങ്ങിയേ മതിയാകൂ മോളെ . എന്‍റെ പൊന്നുമോള്‍ ഒന്നറിയുക. ഈ അച്ഛന്‍ മോളെ ഒരുപാടു സ്നേഹിക്കുന്നു. ഈ വീടുവിട്ടു ആരോടൊപ്പം അയക്കാനും ഈ അച്ഛന് ആഗ്രഹമില്ല ..
 പക്ഷേ ഒരച്ഛന്‍റെ കടമ
ആ കടമക്കു മുന്നില്‍ ഈ അച്ഛന് തോറ്റേ മതിയാകൂ.
മോളേ...നിന്നെ ഒരു ജീവിതത്തിലേക്കാണ് ഈ അച്ഛന്‍ പറഞ്ഞു വിട്ടത്. നീ ഈ വീടിന്‍റെ പടിയിറങ്ങുമ്പോള്‍ ഈ അച്ഛന്‍റെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നുവെന്നു മോളറിയുക.
നീ ഇല്ലാത്ത ഈ വീട് ..
നിന്‍റെ ശബ്ദം കേള്‍ക്കാത്ത ഈ അന്തരീക്ഷം വയ്യ മോളെ...
വേണു മാഷിന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
സങ്കടം കൊണ്ട് ചുണ്ടുകള്‍ വിറക്കുന്നു.
മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരവസ്ഥ.
വിവാഹ പ്രായമായ മകളെ വിവാഹം കഴിപ്പിച്ചു വിടേണ്ടത് ഒരച്ഛന്‍റെ കടമയല്ലേ? അതു ഞാന്‍ ചെയ്തല്ലോ. നാടും നാട്ടുകാരും അറിയെ, വളരെ ഗംഭീരമായിത്തന്നെ താന്‍ അതു നടത്തിയല്ലോ. പിന്നെന്തേ തന്‍റെ മനസ്സ് പിടയുന്നു .?
ഒരച്ഛനായ താന്‍ സന്തോഷിക്കയല്ലേ വേണ്ടത്?
എന്നാല്‍ എവിടെയോ ഒരു ശുന്യത.
ഇരുപത്തിരണ്ടു വര്‍ഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്ന മകള്‍.
തന്‍റെ മകളില്ലാത്ത വീട്...
താങ്ങാന്‍ കഴിയുന്നില്ല...
മനസ്സും വീടും ശൂന്യമായതുപോലെ...
മാഷ് ജനലഴികളില്‍ പിടിച്ചു കൊണ്ടു വീട്ടിനുള്ളിലേക്ക് നോക്കി .
നിശബ്ദമായി ആരോടും ഒരു പരിഭവവും പരാതിയും ഇല്ലാതെ അനന്തതയിലേക്കു നോക്കിയിരിക്കുന്ന തന്‍റെ ഭാര്യ. ഒരു പക്ഷേ തന്നെക്കാളേറെ വേദനിക്കുന്നതു അവളാകും. പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ച അമ്മ. നീണ്ട ഇരുപത്തിരണ്ടു വര്‍ഷം മകളുടെ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും മകളോടൊപ്പം നിന്ന അമ്മ. എങ്കിലും ആ മുഖത്തൊരു സംതൃപ്തി നിഴലിച്ചു കാണാം. ഒരു അമ്മയുടെ കടമ നിറവേറ്റിയ ആത്മസംതൃപ്തി...
പക്ഷേ തനിക്കതിനു കഴിയുന്നില്ലല്ലോ ..
വേണു മാഷ് ഭാര്യയില്‍ നിന്നു മുഖം മറച്ചുകൊണ്ട് വീടിനുള്ളിലേക്കു നടന്നു
തന്‍റെ മകളുടെ മുറിയിലേക്ക് ...
ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന മകളുടെ വിവിധ ഭാവങ്ങളില്‍ ഉള്ള ഫോട്ടോകള്‍
 മാഷ്‌ ഒരു കൊച്ചുകുട്ടിയെ പോലെ ഓരോ ഫോട്ടോയുടെയും മുന്നില്‍ ചെന്നു നിന്ന് അവയുടെ മുകളിലൂടെ വിരലുകളോടിച്ചു ..
മോളേ, അച്ഛനു വയ്യ... നിന്നെ കാണാതിരിക്കാന്‍ ഈ അച്ഛനു കഴിയുന്നില്ല...
വേണു മാഷിന്‍റെ കണ്ണുകള്‍ നിറഞ്ഞു... ചുണ്ടുകള്‍ അറിയാതെ വിറച്ചു
മേശക്കു മുകളില്‍ അടുക്കിവച്ചിരിക്കുന്ന ബുക്കും പുസ്തകങ്ങളും. സ്റ്റാന്‍റില്‍ തൂക്കിയിട്ടിരിക്കുന്ന വിവിധ നിറത്തിലും രൂപത്തിലുമുള്ള വളകള്‍ . ഡ്രസ്സിംഗ് ടേബിളിനു മുന്നില്‍ നിരത്തി വച്ചിരിക്കുന്ന
പൌഡറും ചീപ്പുകളും പൊട്ടും ..എല്ലാം ..എല്ലാം ..മാഷ്‌ നോക്കിനിന്നു .
ആ മുറിയില്‍ തന്‍റെ മകളുടെ മണം നിറഞ്ഞു നില്‍ക്കുന്നതു പോലെ അയാള്‍ക്കു തോന്നി.
മനോഹരമായി വിരിച്ചിട്ടിരിക്കുന്ന ആ ബെഡ്ഡില്‍ അയാള്‍ ഇരുന്നു. പിന്നെ തലയിണയില്‍ മുഖമമര്‍ത്തി അയാള്‍ വിങ്ങിപ്പൊട്ടി...
ജീവിതത്തില്‍ ഒരച്ഛന്‍റെ ഏറ്റവും വലിയ കടമ നിറവേറ്റിയിട്ടും, ആ മനസ്സ് വിങ്ങിപ്പൊട്ടുന്നു
ഏറെ നേരം അയാള്‍ അങ്ങനെ തന്നെ ഇരുന്നുപോയി...
ഒരു തണുത്ത കരസ്പര്‍ശം അയാളുടെ മുടിയിഴകളിലൂടെ ചലിച്ചു കൊണ്ടിരുന്നത് വളരെ വൈകിയാണ് മാഷിനു മനസ്സിലായത്...
അയാള്‍ മുഖമുയര്‍ത്തി നോക്കി തന്നെ മാറോടു ചേര്‍ത്ത് മുടിയിഴകളിലൂടെ തലോടുന്ന തന്‍റെ ഭാര്യ.
ആ കണ്ണുകള്‍ ചുമന്നു കലങ്ങിയിരുന്നു.
 ഒരു നിമിഷം രണ്ടു പേരും മുഖത്തോടു മുഖം നോക്കി. പിന്നെ പരസ്പരം കണ്ണീര്‍ തുടച്ചു.

4 comments:

  1. കുറച്ചുദിവസങ്ങള്‍ മാത്രം
    പിന്നെ ശരിയായിക്കോളും

    നല്ല കഥ, നന്നായി എഴുതി

    Disable word verification

    ReplyDelete
  2. ഇരുപത്തിരണ്ടു വര്‍ഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്ന മകള്‍.
    തന്‍റെ മകളില്ലാത്ത വീട്...
    താങ്ങാന്‍ കഴിയുന്നില്ല...
    മനസ്സും വീടും ശൂന്യമായതുപോലെ

    നന്നായി ഏഴുദി ..നല്ല ഒരു കഥ ആശംസകള്‍ ...

    ReplyDelete
  3. ഭര്‍ത്താവുമൊത്ത് അവള്‍ സന്തോഷ ജീവിതം നയിക്കുന്നത് കാണുമ്പോള്‍ ശേരിയയികൊള്ളും.

    നല്ല കഥ, നന്നായി എഴുതി.

    ReplyDelete
  4. ഇന്ന് പെണ്ണിനെ കെട്ടിച്ചു വിട്ടാല്‍ മിക്ക വീട്ടിലും ഒടുവില്‍ പെണ്ണും ചെക്കനും പെണ്ണ് വീട്ടുകാരുടെ മാത്രം ആകുന്നതു കാണാം. ചെക്കന്‍ വീട്ടുകാര്‍ വെറും അന്യരും.... അത് കൊണ്ട് കരയണ്ട എന്നാ എന്‍റെ അഭിപ്രായം. ഒരു വര്‍ഷം കഴിഞ്ഞ് ചെക്കന്‍ സ്വന്തം വീട്ടുകാരെ കുറ്റം പറഞ്ഞ് ഭാര്യ വീട്ടില്‍ മാത്രം സന്ദര്‍ശനം നടത്തുന്നത് കാണാം

    ReplyDelete