Friday, 12 July 2013

വാര്‍ദ്ധക്യം
പടിഞ്ഞാറന്‍ ചെരുവില്‍
ജരാനരകള്‍ വന്നൊരു
ചുവന്ന താഴികകുടം
മണ്ടി കിതച്ചു തേങ്ങുന്നുണ്ട്

പകലറുതിയില്‍
തിരുവസ്ത്രമഴിഞ്ഞു
വീഴുമ്പോള്‍ ...
കൂടുമാറ്റം കൊതിച്ചൊരു
പ്രാണന്‍ തുടിക്കുന്നു

ആകാശമേടയില്‍ കാലം
മേഘങ്ങള്‍ തുന്നിയോരുക്കിയ
മോഹകൂടാരത്തിലിരുന്ന്
അതിലോലലോലം..
രണ്ടു മാലാഖ കണ്ണുകള്‍
എന്നെ തൊട്ടുഴിയുന്നു

വിസ്മൃതമാകുന്ന വിസ്തൃത
സ്വപ്നങ്ങളെ..
മിഴിത്തുമ്പില്‍ കോര്‍ക്കുന്നൊരു
സൂര്യഹൃദയത്തിലും

ചിത്തഭ്രമങ്ങളില്‍
തുള്ളിയാര്‍ക്കുന്നൊരു
കടല്‍ കനവിലും ..

ശുഷ്ക്കിച്ച നീല ഞരമ്പുകളില്‍
തണുത്തുറഞ്ഞു വരണ്ടൊഴുകുന്ന
ധവളരക്ത വേഗങ്ങളിലും

മുറിച്ചുമാറ്റിയ പൊക്കിള്‍കൊടി
വിളക്കി ചേര്‍ത്തു ,
നക്ഷത്രങ്ങള്‍ പ്രഭ ചൊരിയുന്നൊരു
മാതൃഗേഹത്തില്‍ .
ആകുലതകള്‍ക്കടിവരയിട്ടു
തിരിച്ചു പോകാന്‍
കൊതിക്കുന്നൊരു
വൃദ്ധ സ്വപ്നം
ഉണര്‍ന്നിരിക്കുമ്പോള്‍

ഞാനെന്റെ ആത്മാവ് കോര്‍ത്തു
ജനാലകാഴ്ച്ചകളില്‍
പ്രതീക്ഷയുടെ
പുതു നാമ്പുകള്‍ തിരയട്ടെ.

4 comments:

 1. ജനാലകളില്‍ പുതുക്കാഴ്ച്ചകളുടെ പുതുനാമ്പുകള്‍

  ReplyDelete
 2. വായിച്ചു .. ആശംസകള്‍

  ReplyDelete
 3. ശുഷ്ക്കിച്ച നീല ഞരമ്പുകളില്‍
  തണുത്തുറഞ്ഞു വരണ്ടൊഴുകുന്ന
  ധവളരക്ത വേഗങ്ങളിലും

  ReplyDelete