Sunday, 23 September 2012

ഉണ്ണികുട്ടന്‍റെ പെണ്ണുകാണല്‍ (കഥ)


ഒരു നീണ്ട യാത്രക്കുള്ള തയാറെടുപ്പിലാണ് ഉണ്ണിക്കുട്ടന്‍. ചെന്നൈയില്‍നിന്നും തിരുവനന്തപുരം വരെ. അതും കാറില്‍ . കാറിലൂടെ ഇത്രയും ദൂരം തനിയെ ഡ്രൈവു ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ ഉണ്ണിക്കുട്ടന്‍ ഡ്രൈവറേയും കൂടെ കൂട്ടി. ഉണ്ണിക്കുട്ടന്‍ ആദ്യമായാണ് പെണ്ണു കാണാന്‍ പോകുന്നത്. മാതാപിതാക്കള്‍ കൂടെയില്ലാത്തതിനാല്‍ ഒറ്റക്കാണ് ഉണ്ണിക്കുട്ടന്‍റെ പെണ്ണു കാണല്‍ ചടങ്ങ്. പക്ഷേ  വിദേശത്തുള്ള മാതാപിതാക്കളുടെ മുഴുവന്‍ അനുഗ്രഹവും ഉണ്ണിക്കുട്ടനുണ്ട്. അധികം കൂട്ടുകാര്‍ ഇല്ലത്തതിനാല്‍ ഉണ്ണിക്കുട്ടന്‍ എല്ലാ രഹസ്യങ്ങളും പറയാറുള്ളത് സ്വന്തം സഹോദരിയോടാണ് ആവശ്യത്തിനുള്ള ഉപദേശം സഹോദരി നല്‍കാറുണ്ട്. യാത്ര പുറപ്പെടും മുന്‍പ് സഹോദരിയുമായി ഒന്നു കൂടി സംസാരിക്കണം എല്ലാ കാര്യങ്ങളും സഹോദരിയെ ഒന്നു കൂടി ധരിപ്പിക്കണം. അയാള്‍ സഹോദരിയുടെ ഫോണ്‍ കാളിനു വേണ്ടി കാത്തിരുന്നു .ചേച്ചിയുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം യാത്ര തുടങ്ങാന്‍ .

പെട്ടെന്ന് മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി ..

"ഹായ് ...അക്കു, ഞാന്‍ എന്താ ചെയ്യുക? പോകണമോ അതോ വേണ്ടയോ? നാളെ അവിടെ ചെല്ലുമെന്ന് അപ്പ വാക്ക് കൊടുത്തു പോയി. എങ്ങനെയാ പോകാതിരിക്കുന്നത്?" ഉണ്ണിക്കുട്ടന്‍ ചേച്ചിയോട് ചോദിച്ചു .ചേച്ചി പോകണ്ട എന്നു പറഞ്ഞെങ്കിലും അപ്പ അവര്‍ക്ക് കൊടുത്ത വാക്കു നടപ്പാക്കാന്‍ തന്നെ ഉണ്ണിക്കുട്ടന്‍ തീരുമാനിച്ചു. ഡ്രൈവറെ കൂട്ടി ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള നീണ്ട യാത്ര.
 ഉണ്ണിക്കുട്ടന്‍ കഴിഞ്ഞ ഓരോ നിമിഷത്തേയും പറ്റി ചിന്തിക്കുകയായിരുന്നു.

നിഷ ..
ഇന്‍റര്‍നെറ്റിലൂടെ വന്ന ഒരു വിവാഹാലോചനയായിരുന്നു അത്. അനാവശ്യമായ ഒരു പരിചയപ്പെടല്‍ . ആദ്യം നിഷയുടെ താപിതാക്കളുമായി. പിന്നെ നിഷയുമായി.. എങ്ങനെയോ മനസ്സടുത്തു പോയി. ഒന്നു രണ്ടു ആഴ്ചകള്‍ കൊണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള കൂട്ടുകാര്‍ , അല്ല, അതിലും വലിയ എന്തോ ഒരു ബന്ധം. സ്വന്തം ഭാര്യയെപ്പോലെ സങ്കല്‍പ്പിച്ചു പോയില്ലേ. ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ല ആ മുഖം. തന്‍റെ  ഹൃദയത്തില്‍ എങ്ങനെ കടന്നു കൂടി എന്നറിയില്ല. എങ്കിലും അറിഞ്ഞോ അറിയാതെയോ  ഉള്ളിന്‍റെ ഉള്ളില്‍ വച്ചു പൂജിച്ചു.  പിന്നെ താമസിച്ചില്ല തന്‍റെ മനസിലുള്ളതെല്ലാം അപ്പയോടും അമ്മയോടും തുറന്നു പറയാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ.
"ഞാന്‍ വിവാഹം കഴിക്കുന്നെങ്കില്‍ അതു നിഷയെ മാത്രമായിരിക്കും.ഇനി വേറെ പെണ്‍കുട്ടികളെ തേടി നിങ്ങള്‍ വിഷമിക്കണ്ട." ഉണ്ണിക്കുട്ടന്‍ മാതാപിതാക്കളോട് ഉറപ്പിച്ചു തന്നെ പറഞ്ഞു. ഉണ്ണിക്കുട്ടന്‍റെ ആത്മാര്‍ത്ഥത കണ്ടപ്പോള്‍ അവര്‍ക്കും സന്തോഷമായി അവര്‍ കാര്യങ്ങള്‍ മുന്നോട്ടു നീക്കാന്‍ തുടങ്ങി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കാര്‍ അതിവേഗം മുന്നോട്ടു പാഞ്ഞെങ്കിലും ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍ കഴിഞ്ഞ ഓരോ നിമിഷവും ഒരു വെള്ളിത്തിരയില്‍ എന്ന പോലെ മിന്നി മറയുകയായിരുന്നു.
പെട്ടെന്നു, നിഷയില്‍ വന്ന ചില മാറ്റങ്ങള്‍ . എപ്പോഴും മെസേജയയ്ക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്യാറുള്ള നിഷ പെട്ടെന്നതു നിര്‍ത്തിവച്ചു. തന്നോടു സംസാരിക്കാന്‍ താത്പര്യമില്ലാത്തതുപോലെ. എന്താണെന്നറിയില്ല. മനസ്സില്‍ വല്ലാത്തൊരു വേദന. തന്നില്‍ നിന്നും അറിയാതെ എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടോ?. 
നിഷയില്‍ പെട്ടെന്നു വന്ന മാറ്റത്തെപ്പറ്റി താന്‍ ചേച്ചിയോട്  പറഞ്ഞു. തന്‍റെ വിഷമം കണ്ടിട്ടാവണം ചേച്ചി തന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. "മോനെ നീ വിഷമിക്കണ്ട. "ആ കുട്ടിക്ക് താത്പര്യമില്ലാഞ്ഞിട്ടാകില്ല.  ഉണ്ണിക്കങ്ങനെ തോന്നുന്നതാകും. എന്തായാലും എനിയ്ക്കീ ആലോചനയില്‍ വലിയ താല്‍പ്പര്യമില്ല. അതൊഴിവാക്കുന്നതല്ലേ നല്ലത്? പിന്നെ നിന്‍റെ ഇഷ്ടം പോലെ ചെയ്യുക."  അക്കു മെല്ലെ തല ഊരിയെങ്കിലും. ചില കണക്കു കൂട്ടലോടെയാണ് ഉണ്ണിക്കുട്ടന്‍ തന്‍റെ യാത്ര തുടങ്ങിയത്. ആരെയും വേദനിപ്പിക്കാതെ തന്‍റെയും അപ്പയുടെയും വാക്കു പാലിക്കണം.  പക്ഷേ  യാത്ര തുടങ്ങിയതു മുതല്‍ നിഷയുടെ മെസേജും ഫോണ്‍ കാളുകളും വരാന്‍ തുടങ്ങി.  എന്നാല്‍ നിഷയുടെ മാതാപിതാക്കളുടെ ഒരു ഫോണോ, ഒരു മെസ്സേജോ ഉണ്ണിക്കുട്ടനെ തേടി എത്തിയില്ല.

കിഴക്കേ മാനം വിളറി വെളുത്തു. ഉണ്ണിക്കുട്ടന്‍റെ യാത്ര തമിഴ്നാട് അതിര്‍ത്തി കടന്നു കേരളത്തിലേക്ക് പ്രവേശിച്ചു.  പാലക്കാടന്‍ മലനിരകള്‍ . പ്രകൃതി സൌന്ദര്യം കൊണ്ടനുഗൃഹീതമായ പുണ്യഭൂമി. ദൈവത്തിന്‍റെ സ്വന്തം നാട്. എന്‍റെ കേരളം.  ഇളം കാറ്റു വീശിയടിച്ചപ്പോള്‍ മനസ്സു ശാന്തമാകുന്നതു പോലെ. നിഷയുടെ മെസ്സേജുകള്‍ വീണ്ടും വരാന്‍ തുടങ്ങി.  പക്ഷേ മനസ്സില്‍ ചില കടുത്ത തീരുമാനങ്ങള്‍ ഉണ്ണിക്കുട്ടന്‍ എടുത്തു കഴിഞ്ഞിരുന്നു.

അതിനിടയില്‍ ഉണ്ണിക്കുട്ടന്‍റെ അപ്പയുടെ ഫോണുകള്‍ എത്തി. "മോനെ, നമുക്കീ ആലോചന വേണ്ട , തത്ക്കാലം നീ തിരിച്ചു പോരുക. അല്ലെങ്കില്‍ നാട്ടില്‍ നമ്മുടെ വീട്ടില്‍ പോയി വിശ്രമിക്കുക."  അപ്പക്ക് പെട്ടെന്നുണ്ടായ ഈ മാറ്റം തനിക്കു മനസ്സിലായില്ല." ചോദിച്ചെങ്കിലും പിന്നെ പറയാം എന്നായിരുന്നു ഉത്തരം. അപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സു മാറി. തന്‍റെ പെണ്ണുകാണല്‍ ചടങ്ങു  വേണ്ട എന്നു തിരുമാനിച്ചു.

നാട്ടിലുള്ള അമ്മയുടെ വീട്ടില്‍ കയറി വിശ്രമിച്ചു. തിരുവനന്തപുരത്തുള്ള മറ്റു ജോലികള്‍ തീര്‍ത്തു തിരിച്ചു പോകുക.  പക്ഷേ നിഷയുടെ മെസ്സേജും ഫോണ്‍കാളുകളും തുടരെത്തുടരെ വരാന്‍ തുടങ്ങി. എപ്പോഴാ വരുന്നത്? ഇപ്പോള്‍ എവിടെ എത്തി? ഞാന്‍ ഇവിടെ റെഡിയായിരിക്കുകയാണ്.

ഉണ്ണിക്കുട്ടന്‍റെ മനസ്സു വല്ലാതെ വിഷമിക്കാന്‍ തുടങ്ങി. ആ കുട്ടിയെ വിഷമിപ്പിക്കാന്‍ പാടില്ല .അങ്ങനെ ചെയ്താല്‍ ദൈവം തന്നോട് ഒരിക്കലും ക്ഷമിക്കില്ല. ഒരിക്കല്‍ പോലും നിഷയുടെ മാതാപിതാക്കള്‍വിളിച്ചില്ലല്ലോ എന്നോര്‍ത്ത് ഉണ്ണിക്കുട്ടന്‍ വല്ലാതെ വിഷമിച്ചു. നിഷ വിളിച്ചു എന്നു കരുതി ആ വീട്ടിലേക്ക്‌ എങ്ങനെ കയറിച്ചെല്ലും? എങ്ങനെ എങ്കിലും നിഷയെ വിഷമിപ്പിയ്ക്കാതെ ഇതില്‍ നിന്നും ഒഴിഞ്ഞു
മാറാന്‍..തനിക്കു കഴിഞ്ഞിരുന്നെങ്കില്‍ .
ഉണ്ണിക്കുട്ടന്‍ വീണ്ടും അപ്പയോടും അമ്മയോടും ചേച്ചിയോടും എല്ലാ കാര്യങ്ങളും സംസാരിച്ചു. അവര്‍ക്ക് നിഷയുടെ വീട്ടിലേക്ക്‌ പോകുന്നതില്‍ താല്‍പ്പര്യം ഇല്ലായിരുന്നു. പക്ഷേ, ഉണ്ണിക്കുട്ടന്‍റെ മനസ്സില്‍ നിഷ എന്ന പെണ്‍കുട്ടി മാത്രമായിരുന്നു.
തന്നെത്തേടി ഒരുങ്ങി നില്‍ക്കുന്ന ഒരു പാവം പെണ്‍കുട്ടിയെ വേദനിപ്പിക്കാന്‍ അയാളുടെ മനസ്സനുവദിയ്ക്കുന്നുണ്ടായിരുന്നില്ല. കാരണം നിഷ എന്ന പെണ്‍കുട്ടി ഉണ്ണിക്കുട്ടന്‍റെ മനസ്സ് കീഴടക്കിയിരുന്നു.അവളെ കാണാതെ മടങ്ങി വരാന്‍ ഉണ്ണിക്കുട്ടന്‍റെ മനസ്സനുവദിച്ചില്ല.

ഉണ്ണിക്കുട്ടന്‍റെ കാര്‍ തലസ്ഥാന നഗരിയില്‍ എത്തുമ്പോഴും മനസ്സു മുഴുവന്‍ നിഷയെപ്പറ്റിയുള്ള ചിന്തകള്‍ ആയിരുന്നു അവസാനം നിഷയെ കാണാന്‍ തന്നെ ഉണ്ണിക്കുട്ടന്‍ തീരുമാനിച്ചു. അപ്പോഴേക്കും നിഷയുടെപപ്പായുടെ ഫോണ്‍ കാള്‍ വന്നു. താന്‍ ഇത്രയും നേരം കാത്തിരുന്നതു ഈ ഒരു ഫോണ്‍ കാളിനു വേണ്ടി ആയിരുന്നില്ലേ..? ഇനി ധൈര്യമായി നിഷയുടെ വീട്ടിലേക്ക്‌ തനിക്കു കയറിച്ചെല്ലാം. ഇനി ആരെയുംവേദനിപ്പിക്കാതെ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുക.
പിന്നെ ഒന്നും ആലോചിച്ചില്ല  ഉണ്ണിക്കുട്ടന്‍ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ഫാമിലി ഫ്രണ്ടുമായ ഡോക്ടര്‍ ഷാജിത്തിനെ വിളിച്ചു. പക്ഷേ ഡോ ഷാജിത് തിരക്കിലായതിനാല്‍ വരാന്‍ കഴിയില്ല എന്നറിയിച്ചു.
പിന്നെ ഉണ്ണിക്കുട്ടന്‍ തനിയേ തന്നെ നിഷയുടെ വീട്ടില്‍ പോകാന്‍ തിരുമാനിച്ചു.ഡ്രൈവറോട് ഒരു ഹോട്ടലിലേക്ക് പോകാന്‍ പറഞ്ഞു. അവിടെ ഒരു റൂം എടുത്ത ഉടന്‍ ഉണ്ണിക്കുട്ടന്‍ തന്‍റെ ഡ്രസ്സു മാറി. ഏറ്റവും പഴക്കമുള്ള ഒരു ജീന്‍സും ഷര്‍ട്ടും. പിന്നെ മുഷിഞ്ഞ ഒരു കോട്ടും. മുടിഅലക്ഷ്യമായി മുന്നോട്ടു വലിച്ചിട്ടു, കരികൊണ്ട് മുഖത്തു ചില കറുത്ത പാടുകള്‍ ഉണ്ടാക്കി.
അയാള്‍ മുഖം കണ്ണാടിയില്‍ നോക്കി. സ്വന്തം മുഖത്തോടു തന്നെ വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ . എന്തിനു വേണ്ടി താന്‍ ഈ വേഷം കെട്ടുന്നു? അറിയില്ല.ഹോട്ടലില്‍ നിന്നും പുതിയ രൂപത്തില്‍ ഇറങ്ങുന്ന ഉണ്ണികുട്ടനെ കണ്ടപ്പോള്‍ ഡ്രൈവര്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. 
"എന്താ സാര്‍ ഇത്?"
ഉണ്ണിക്കുട്ടന്‍ ചിരിച്ചു കൊണ്ട് നിഷയുടെ വീടിന്‍റെ വിലാസം പറഞ്ഞു കൊടുത്തു.  ഇതിനിടയില്‍ നിഷയുടേയും നിഷയുടെ പിതാവിന്‍റെയും ഫോണ്‍ കാളുകള്‍ പലവട്ടം ഉണ്ണികുട്ടനെ തേടിയെത്തി. ക്ഷമ നശിച്ച നിഷയുടെ പിതാവ് പാതി വഴിയില്‍ ഉണ്ണികുട്ടനെ കാത്തുനിന്നു.
അവസാനം നിഷയുടെ വീടെത്തി. വീട്ടു പടിക്കല്‍ തന്നെ നിഷയുടെ മാതാവ്‌ ഉണ്ടായിരുന്നു ഉണ്ണിക്കുട്ടനെ സ്വീകരിക്കാന്‍. വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ .പക്ഷേ, ഉണ്ണിക്കുട്ടനെ കണ്ടപ്പോള്‍ അവര്‍ ഞെട്ടി. ഫോട്ടോയില്‍ കണ്ട മുഖമായിരുന്നില്ല അവര്‍ നേരില്‍ കണ്ട ഉണ്ണിക്കുട്ടന്‍റേത്. അയാളുടെ വേഷവും മുഷിഞ്ഞ കോട്ടും അവരില്‍ വെറുപ്പുളവാക്കി. എങ്കിലും അതു
പുറത്തു കാണിക്കാതെ ആ അമ്മ ഉണ്ണിക്കുട്ടനെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു സ്വീകരിച്ചിരുത്തി.

അങ്ങനെ ഉണ്ണിക്കുട്ടന്‍റെ പെണ്ണുകാണല്‍ ചടങ്ങ് തുടങ്ങി.
ചോദ്യശരങ്ങളുമായി നിഷയുടെ മാതാപിതകള്‍ ഉണ്ണിക്കുട്ടന്‍റെ മുന്നില്‍ എത്തി. ഉണ്ണിക്കുട്ടന്‍ പലതിനും കൊച്ചു കൊച്ചു ഉത്തരങ്ങള്‍ നല്‍കി.
അവസാനം നിഷ എത്തി.
അത്രക്ക് സുന്ദരി അല്ലെങ്കിലും നിഷ്ക്കളകമായ മുഖം. തന്‍റെ രൂപവും വേഷവും കണ്ടു ആ കുട്ടി ഞെട്ടിയോ എന്നറിയില്ല? താന്‍ നേരില്‍ കണ്ടിരുന്നില്ലെങ്കിലും ഹൃദയം കൊണ്ടടുത്തു പോയ പെണ്‍കുട്ടി.താന്‍ ഉള്ളിന്‍റെ ഉള്ളില്‍ പൂജിച്ച മുഖം. മനസ്സില്‍ കുറ്റബോധം തോന്നി. ഇതിനു വേണ്ടി ഈ വേഷം കെട്ടി. ആര്‍ക്കു വേണ്ടി? ഒരിക്കലും തന്‍റെ ഈ രൂപത്തെ ഇഷ്ട്ടപ്പെടാന്‍ ഈ കുട്ടിക്ക് കഴിയില്ല. എങ്കിലും എല്ലാം ഭംഗിയായിത്തീരാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. നിഷയോടും അവളുടെ മാതാപിതാക്കളോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു വിതുമ്പുന്നുണ്ടായിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു തെറ്റ് ചെയ്തതു പോലെ. ഒരു പാവം പെണ്‍കുട്ടിക്കു മുന്നില്‍ ഇങ്ങനെ ഒരു വേഷം കെട്ടിയതില്‍ ഒരു പക്ഷേ ദൈവം പോലും തന്നോടു ക്ഷമിക്കില്ല.
തന്‍റെ മാതാപിതാക്കള്‍ എന്തു കൊണ്ട് ഈ വിവാഹത്തെ എതിര്‍ക്കുന്നു എന്നറിയില്ല. ആരും ഒന്നും പറയുന്നില്ല .ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ മാത്രം. ഉണ്ണിക്കുട്ടന് കുറ്റബോധം താങ്ങാന്‍ കഴിഞ്ഞില്ല.ഹോട്ടലില്‍ തിരിച്ചെത്തിയ ഉണ്ണിക്കുട്ടന്‍ മെസ്സേജയച്ചു. പക്ഷേ മറുപടി ഉണ്ടായില്ല. വീണ്ടും വീണ്ടും ..ഉണ്ണിക്കുട്ടന്‍ മെസേജു അയച്ചു കൊണ്ടിരുന്നു.

ഒരിക്കല്‍ പോലും മറുപടി ഉണ്ടായില്ല. പിന്നെ വിളിച്ചു നോക്കി. അപ്പോഴേക്കും ആ നമ്പര്‍ നിഷ മാറ്റിയിരുന്നു എന്നെന്നേക്കുമായി. നിഷയുടെ ആ നമ്പര്‍ ഇനി ഒരിക്കലും സംസാരിക്കില്ല.നിഷ ഉണ്ണിക്കുട്ടന്‍റെ മനസ്സിലൊരു വേദനയായി, ഒരു വിങ്ങലായി മാറി.

അങ്ങനെ ഉണ്ണിക്കുട്ടന്‍ ആദ്യമായി പെണ്ണു കണ്ടു മടങ്ങി. വിവാഹത്തില്‍ നിന്നും നിഷയുടെ വീട്ടുകാര്‍ തന്നെ പിന്‍ മാറിയ വാര്‍ത്ത‍ ഉണ്ണിക്കുട്ടന്‍ സഹോദരിയേയും മാതാപിതാക്കളേയും വിളിച്ചറിയിച്ചു.
അവര്‍ക്കു സന്തോഷമായി.
ആറു മാസത്തിനു ശേഷം....
തിരുവനന്തപുരം ആര്‍ . സി. സി ഹോസ്പിറ്റല്‍ ...
ഡോ. ഷാജിത് അത്യാവശ്യമായി കാണണം എന്നറിയിച്ചതു കൊണ്ട് ഓടി എത്തിയതാണ്. അത്യാവശ്യമായി ഇവിടെ വരെ വരിക.എത്ര ചോദിച്ചിട്ടും കാരണം ഒന്നും പറഞ്ഞില്ല.
പിന്നെ അപ്പയും അമ്മയും ഫോണ്‍ ചെയ്തിരുന്നു നി അത്യാവശ്യമായി തിരുവനന്തപുരം വരെ പോകണം. പക്ഷേ ആരും ഒന്നും പറയുന്നില്ല.
ഡോ. ഷാജിത്തിന്‍റെ പ്രാക്ടീസ് റൂമിന് പുറത്തു വിഷാദത്തോടു നില്‍ക്കുന്നു രണ്ടു പേര്‍ . ആ മാതാപിതാക്കളുടെ മുഖത്തെ വിഷാദം അയാള്‍ കണ്ടു. അവരെ എവിടെയോ പരിചയമുള്ളതു പോലെ. ഉണ്ണിക്കുട്ടനെ കണ്ടതും അയാളുടെ മുന്നില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അവര്‍ ശ്രമിക്കുന്നതുപോലെ തോന്നി. എങ്കിലും ഉണ്ണിക്കുട്ടന്‍ അവരെ ശ്രദ്ധിക്കാതെ തന്നെ ഡോ.ഷാജിത്തിന്‍റെ പ്രാക്ടീസ്‌ റൂമിനു നേരെ നടന്നു.

പെട്ടെന്നു റൂം ഡോര്‍ തള്ളിത്തുറന്ന് വീല്‍ ചെയര്‍ പുറത്തേക്കെടുക്കാന്‍ ശ്രമിക്കുന്ന രണ്ടു നേഴ്സുമാര്‍ ... വീല്‍ ചെയറില്‍ തല മൊട്ടയടിച്ചു,  മാതാപിതാക്കളെ ദയനീയമായി നോക്കി ചിരിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടി...
ആ മാതാപിതാക്കളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടെങ്കിലും വിഷാദമോ ദുഖമോ പുറത്തു കാണിക്കാതെ അവരും ചിരിക്കാന്‍ ശ്രമിക്കുന്നു.
ഉണ്ണിക്കുട്ടന്‍ അവരെ നോക്കിനിന്നു. വല്ലാത്ത ഒരു വേദന... പക്ഷേ ആ മാതാപിതാക്കളെ എവിടെയോ കണ്ട ഒരോര്‍മ്മ.
ഉണ്ണിക്കുട്ടന്‍ മെല്ലെ ഡോ ഷാജിത്തിന്‍റെ റൂമിലേക്ക്‌ കയറിപ്പോയി. ഷാജിത് ഉണ്ണിക്കുട്ടനെ സ്വീകരിച്ചിരുത്തി.
"ഇപ്പോള്‍ എത്തി ചെന്നൈയില്‍ നിന്നും?"
"രാവിലെ എത്തിയതേ ഉള്ളു."
"ഇന്നലെ ഉണ്ണിയുടെ അപ്പ വിളിച്ചിരുന്നു. ഉണ്ണി വരും എന്നു പറഞ്ഞു."
കാരണം അറിയാന്‍ മനസ്സു വിതുമ്പിയെങ്കിലും ഉണ്ണിക്കറിയേണ്ടത് മറ്റൊന്നായിരുന്നു. "ഇപ്പോള്‍ ഇവിടെ നിന്നും പോയ കുട്ടി ഏതാ? അവരെ എവിടെയോ കണ്ടു പരിചയം ഉള്ളതുപോലെ?"
"അതു ശരി നീ മറന്നുപോയോ നിഷയെ!! നീ പെണ്ണു കണ്ടു പോയ പെണ്‍കുട്ടിയെ?"
ഉണ്ണിക്കുട്ടന്‍ ഞെട്ടിപ്പോയി ...
ഭുമി തനിക്കു ചുറ്റും അതിവേഗം കറങ്ങും പോലെ....
കണ്ണില്‍ ഇരുട്ടു കയറുന്നു...
വയ്യ ....

"അതു പറയാനാ നീ ഇവിടെ വരെ വരാന്‍ പറഞ്ഞത്." 
ഡോ. ഷാജിത് തുടര്‍ന്നു.
 "അന്നു ഉണ്ണിയുടെ അപ്പ പറഞ്ഞു തന്ന അഡ്രസ്‌ പ്രകാരമായിരുന്നു ഞാന്‍ നിഷയുടെ വീട്ടില്‍ എത്തിയത്. ഞങ്ങള്‍
സംസാരിച്ചിരിക്കുമ്പോള്‍ എന്‍റെ മുന്നില്‍ തന്നെ ഈ കൂട്ടി കുഴഞ്ഞു വീഴുകയായിരുന്നു. എനിക്കു തോന്നിയ ഒരു ചെറിയ സംശയം... പക്ഷേ അതു സത്യമായിരുന്നു. ആ കുട്ടി ഇഞ്ചിഞ്ചായി മരിച്ചു
കൊണ്ടിരിയ്ക്കുകയായിരുന്നു എന്ന സത്യം. കാന്‍സര്‍ ആ കൂട്ടിയെ പൂര്‍ണ്ണമായും കവര്‍ന്നിരുന്നു. ഞാന്‍ എല്ലാം അപ്പോള്‍ത്തന്നെ ഉണ്ണിയുടെ അപ്പയെ വിളിച്ചു പറഞ്ഞിരുന്നു."

ഉണ്ണിയുടെ കണ്ണുകള്‍നിറഞ്ഞു. രണ്ടരുവിപോലെ കണ്ണീര്‍ കവിളിലൂടെ ഒഴുകി മേശപ്പുറത്ത്‌ വീണു ചിതറി.

"ഉണ്ണീ, എന്തു പറ്റി?" 
ഡോ ഷാജിത് ഓടി ഉണ്ണിയുടെ അടുത്തെത്തി.
"ഒന്നും ഞാന്‍ അറിഞ്ഞില്ല. എന്നോടു ആരും ഒന്നും പറഞ്ഞില്ല." ഉണ്ണിക്കുട്ടന്‍ വിങ്ങിപ്പൊട്ടി.
ഡോ ഷാജിത് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു, 
"അതിനു ഉണ്ണി ഒന്നും ചെയ്തില്ലല്ലോ. നിഷ മനഃപൂര്‍വം ഉണ്ണിയില്‍ നിന്നും ഒഴിഞ്ഞു പോയതല്ലേ?"
 ഡോ ഷാജിത് എല്ലാം അറിയാവുന്നതു പറഞ്ഞു.
 "നിഷ, ഉണ്ണിയെഒരുപാടു സ്നേഹിക്കുന്നു ഇപ്പോഴും.. എപ്പോഴും അതുണ്ടാകും."
"ഇല്ല ഷാജിത് ആ കുട്ടിയോട് ഞാന്‍ തെറ്റു ചെയ്തു."
"എന്തു തെറ്റ്! വേഷം മാറി പോയതോ? ആ കാര്യം പറഞ്ഞു നിഷ ഇപ്പോഴും ചിരിക്കാറുണ്ട്. പിന്നെ ഉണ്ണി അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. ഉണ്ണിയുടെ അപ്പയും അമ്മയും സഹോദരിയും മിക്കപ്പോഴും നിഷയെ വിളിക്കാറുണ്ട്, ക്ഷേമം അറിയാറുണ്ട്."

"അപ്പോള്‍ നിങ്ങള്‍ എല്ലാവരും കൂടി എന്നെ..."
 ഉണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"എന്താ ഉണ്ണീ ഇത്?" 
വളരെ നേരിയ ശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ നിഷ! "ലോകത്തിലെ ഏറ്റവും വലിയ മനസ്സിന്‍റെ ഉടമകളായ ഉണ്ണിയുടെ അച്ഛനും അമ്മയും എല്ലാം അറിഞ്ഞ ശേഷവും എന്നെ
മരുമകളായി സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ലോകത്തില്‍ കിട്ടാവുന്ന എല്ലാ ചികിത്സയും തന്ന്‍ എന്നെ രക്ഷിക്കാന്‍ അവര്‍ മുന്നോട്ടു വന്നതാണ്‌. പക്ഷേ ഒരുപാടു വൈകിപ്പോയിരുന്നു."
 അവള്‍ വീല്‍ചെയറില്‍ നിന്നും എഴുന്നേറ്റു മെല്ലെ മെല്ലെ ഉണ്ണിയുടെ അടുത്തേക്കു നടന്നടുത്തു, 
 "എന്താ ഉണ്ണി ഇന്നു മേക്കപ്പ് ഒന്നും ഇടാന്‍ സമയം കിട്ടിയില്ലേ." നിഷ അയാളുടെ മുന്നിലെത്തി ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ
കണ്ണീര്‍ തുടച്ചു.ഉണ്ണി അപ്പോഴേക്കും വിങ്ങിപ്പൊട്ടിയിരുന്നു. 

"എന്നോടു ക്ഷമിയ്ക്കൂ. ഒന്നും ഞാനറിഞ്ഞിരുന്നില്ല."

"അയ്യേ, എന്താ ഉണ്ണി, കൊച്ചു കുട്ടികളെപ്പോലെ. ഉണ്ണി എന്‍റെ ഭര്‍ത്താവ് തന്നെയാണ്. ആറുമാസം മുന്‍പ് എന്‍റെ ഭര്‍ത്താവായി ഞാന്‍ ഉണ്ണിയെ സ്വീകരിച്ചു കഴിഞ്ഞല്ലോ. പിന്നെ താലി..! അതു വെറും ഒരു ആചാരമല്ലേ. സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പൂര്‍വികര്‍ ഉണ്ടാക്കി വച്ച വെറുമൊരാചാരം. എന്‍റെ മനസ്സ് മുഴുവന്‍ ഉണ്ണി തന്നെയാ. മനസ്സു കൊണ്ട് ഞാന്‍ ഉണ്ണിയുടെ ഭാര്യതന്നെയാണ്. എന്‍റെ ഭര്‍ത്താവിനു വേണ്ടി ഞാനെന്നും പ്രാര്‍ത്ഥിയ്ക്കാറുണ്ട്."

"നിഷ..."
 ഉണ്ണി അവളെ മാറോടു ചേര്‍ത്ത് വിങ്ങിപ്പൊട്ടി. അവളെല്ലാം മറന്നു ആ മാറില്‍ അമര്‍ന്നു. അവളെ  മനസ്സുകൊണ്ട് മിന്നു ചാര്‍ത്തിയ ഭര്‍ത്താവിന്‍റെ മാറിലേക്ക്‌ ..
അവളുടെ ശരീരത്തിന്‍റെ ചൂടു കുറഞ്ഞു കുറഞ്ഞു വരുന്നത് ഉണ്ണികുട്ടന്‍ അറിഞ്ഞിരുന്നില്ല.അയാള്‍ അവളെ സ്വന്തം മാറിലേക്കു ചേര്‍ത്തു പിടിച്ചു.നിഷയുടെ മാതാപിതാക്കള്‍ എല്ലാം നോക്കി നിശബ്ദരായി നിന്നു. ഡോ ഷാജിത്തിന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ . അയാള്‍ പോലും അറിയാതെ ആ സിമന്‍റു തറയില്‍ വീണു ചിതറി.

6 comments:

 1. ആദ്യമായിട്ടാണ് ഈ വഴി വന്നപ്പോള്‍ ഒരു മലപോലെ കഥകൂട്ട്‌ ഇതൊക്കെ എന്ന് വായിച്ചു തീരും ഭഗവതി ,,
  ഇനി ഈ കഥയെ കുറിച് ,കഥാപാത്രത്തിന്റെ കുറവ് ഉണ്ടോ എന്ന് തോന്നി ,ഒരു മിനികഥ എന്ന ലേബല്‍ കൊടുക്കാമായിരുന്നു നല്ല ഒഴുക്ക് ഉണ്ടായിരുന്നു കഥയ്ക്ക് നിഷ ഒരു വിങ്ങലായി ,,ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല ത്ര്ടുമായി ,,,ആശംസകള്‍

  ReplyDelete
 2. കഥ കൊള്ളാം, നന്നായിട്ടുണ്ട്. നിഷയും ഉണ്ണിയും നൊമ്പരപെടുത്തി.

  ReplyDelete
 3. സുന്ദരമായ അവതരണം. നല്ല ഒഴുക്കോടെ വായിച്ചു.
  അവസാനം നൊമ്പരപ്പെടുത്തി.

  ReplyDelete
 4. നല്ല ഒഴുക്കുണ്ട് നന്നായി

  ReplyDelete
 5. സൂപ്പര്‍....,....ഇത് വായിക്കുമ്പോള്‍ ഒരു വേദന....

  ReplyDelete