Wednesday 3 October 2012

ഒറ്റയടിപാതകള്‍ (കഥ)


നിലാവില്‍ കുളിച്ച രാത്രി ..

അകലെ ആകാശത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ ദേവയാനിയമ്മ ജനലിഴകളിലുടെ നോക്കി എത്രയെത്ര പൂര്‍ണ്ണ ചന്ദ്രനെ കണ്ട കണ്ണുകള്‍ ആണിത് .. ഇനിയെത്രനാള്‍ എന്നറിയില്ല. പക്ഷേ മനസ്സ് പറയുന്നു ഇനി കൂടുതല്‍ സമയം ഇല്ല ..
എല്ലാം അടുത്തിരിക്കുന്നതു പോലെ ... തന്നേ ആരോ വന്നു വിളിക്കും പോലെ ...

"ദേവു ... നീ  വരുന്നില്ലേ ..? നിനക്കു ഇനിയും  മതിയായില്ലേ ഈ ജിവിതം ...?"

ആരോ കാതില്‍ മന്ത്രിക്കും പോലെ ...! അല്ല തന്‍റെ ദേവേട്ടന്‍ ...! തന്‍റെ സുഖവും സന്തോഷവും എല്ലാം എല്ലാമായിരുന്ന ദേവേട്ടന്‍.. !! പക്ഷേ കാലം അദേഹത്തെ കൂട്ടികൊണ്ട് പോകുമ്പോള്‍ .. താന്‍ തനിച്ചാകും എന്നു കരുതിയില്ല ..
ദേവേട്ടന്‍ പലപ്പോഴും പറയുന്ന വാക്കുകള്‍ ദേവയാനിയമ്മയുടെ മനസ്സിലുടെ കടന്നു പോയി
" ദേവു... നമ്മള്‍ ഭാഗ്യം ചെയ്തവരാ.. ദൈവം നമുക്കു എല്ലാം തന്നു .. നല്ല ഒരു കുടുംബ ജീവിതം... നമ്മളെ സ്നേഹിക്കുന്ന മൂന്നു കുട്ടികള്‍ ..
അവരെ വളര്‍ത്തി പഠിപ്പിച്ചു ഉയര്‍ന്ന ഉദ്യോഗസ്ഥരാക്കി ...അവര്‍ക്ക് കുടുംബമായി കുട്ടികളായി ഇനി ഈ ജീവിതത്തില്‍ എന്തു വേണം "
ശരിയാ ... ദേവേട്ടാ ..നമ്മള്‍ ഭാഗ്യം ചെയ്തവരാ  ... എല്ലാം  ചേട്ടന്‍ ജീവനോടെയുള്ള  കാലം വരെ ...പിന്നെ ...?
ദേവയാനിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു എല്ലാം അകലെയാണെങ്കിലും  അങ്ങ് കാണുന്നുണ്ടല്ലോ ? മക്കള്‍ .. എല്ലാം അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നമ്മളെ സ്നേഹിച്ചത് അവര്‍ എല്ലാം നേടിയപ്പോള്‍ നമ്മളെ മറന്നു ... അല്ല എന്നെ മറന്നു ..ഞാന്‍ പെറ്റുവളര്‍ത്തിയ എന്‍റെ കുഞ്ഞുങ്ങള്‍ക്കിന്നു എന്നെ വേണ്ടാതായി ..ഞാന്‍ ഇന്നവര്‍ക്കു ഒരു ഭാരമാ .. ദേവേട്ടാ, എന്‍റെ ശബ്ദം കേള്‍ക്കുന്നതു പോലും അവര്‍ക്ക് വെറുപ്പാ  .. ദേവയാനിയമ്മയുടെ ചുളിവുകള്‍ വീണ കവിളിലുടെ കണ്ണീര്‍ രണ്ടരുവി പോലെ ഒഴുകി ..
തന്‍റെ ബാല്യം ..
അച്ഛന്‍റെയും അമ്മയുടെയും ഏകമകള്‍
എന്താവശ്യപ്പെട്ടാലും എന്താഗ്രഹിച്ചാലും നടത്തി തരുന്ന അച്ഛനും അമ്മയും, താന്‍ എന്തു തെറ്റ് ചെയ്താലും തന്നെ  സഹായിക്കാന്‍ ഓടിയെത്തുന്ന
അച്ഛന്‍ .തനിക്കു വേണ്ടി അമ്മയുമായി വഴക്കിടുന്ന എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ .അമ്മ തന്നെ  ഒന്നും പറയാന്‍ സമ്മതിക്കില്ല ..അങ്ങനെ അച്ഛന്‍റെയും അമ്മയുടെയും ഓമന പുത്രിയായി പിന്നിട്ട ബാല്യം .
പഠിക്കാന്‍ ഒരു വിധം  മിടുക്കിയായിരുന്നു . .. അതുകൊണ്ട് തന്നേ അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയാകാനും കഴിഞ്ഞു. ഒരു പാടുകൂട്ടുകര്‍ .
വിദ്യാഭ്യാസ കാലഘട്ടം മനസ്സില്‍ നിന്നും മായിക്കാന്‍ കഴിയുന്നില്ല .എസ് എസ് എല്‍ സി ക്കു ഉയര്‍ന്ന മാര്‍ക്കോടു തന്നെ  പാസാകാന്‍ കഴിഞ്ഞു
പിന്നെ കോളേജ് ലൈഫ് അവിടെ വച്ചായിരുന്നു ദേവേട്ടനെ ആദ്യമായി കണ്ടത് ... പഠിക്കാന്‍ മിടുക്കനായ കുട്ടി ..കലാ  പ്രതിഭ. ആദ്യം ഒരു തരം ആരാധന
ആയിരുന്നു ..പിന്നെ അതു വല്ലാത്തൊരു പ്രണയമായി .. മനസ്സില്‍ ആദ്യമായി നാമ്പിട്ട  പ്രണയം പക്ഷേ താനറിയാതെ ദേവേട്ടനും തന്നേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..വര്‍ഷങ്ങളോളം നിണ്ടുനിന്ന പ്രണയം ഒടുവില്‍ തന്‍റെ ജീവിതത്തിലേക്ക് ദേവേട്ടന്‍ കടന്നു വന്നു ..
തന്‍റെ മനസ്സിലെ ആഗ്രഹം അച്ഛനോട് തുറന്നു പറഞ്ഞു .അച്ഛന്‍ ദേവേട്ടന്‍റെ വീട്ടുകാരുമായി സംസാരിച്ചു ..
അങ്ങനെ തന്‍റെ സ്വപ്നം പൂവണിഞ്ഞു...
താന്‍ ദേവേട്ടന്‍റെ ഹൃദയത്തിലെ റാണിയായി ...
താനും ദേവേട്ടനും മാത്രം അടങ്ങുന്ന കുടുംബം .എന്തിനും ഏതിനും ഓടിയെത്തുന്ന മാതാപിതാക്കള്‍ ..
താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ  എന്നു തോന്നിയ ദിവസങ്ങള്‍ . ദേവേട്ടന്‍റെ തുച്ചമായ വരുമാനത്തില്‍ ഒരു കൊച്ചു സ്വര്‍ഗം താന്‍ ഉണ്ടാക്കി എടുത്തു അങ്ങനെ ഞങ്ങളുടെ ദാമ്പത്യത്തിനു പൂര്‍ണ്ണത നല്‍കികൊണ്ട് ആദ്യത്തെ കുഞ്ഞു പിറന്നു . താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച
ദിവസം.
ഞാന്‍ ഒരു അമ്മയായ നിമിഷം..
ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കുമ്പോഴും കാലം വലിയ വലിയ ദുഖങ്ങള്‍ നല്‍കി കൊണ്ടിരുന്നു ...
ആദ്യം അച്ഛന്‍ ... പിന്നെ അമ്മ  എല്ലാവരും കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ വേദനയോടെ ....കണ്ണീരോടെ ... അവരെ യാത്ര അയക്കാനെ തനിക്കു കഴിഞ്ഞുള്ളൂ .
പക്ഷേ ദേവേട്ടന്‍ തന്നേ മാറോടു ചേര്‍ത്ത് വാരിപൂര്‍ണര്‍ന്നു .തന്‍റെ കണ്ണീര്‍ തുടച്ചു ,സമാധാനിപ്പിച്ചു ..
നിനക്കു ഞാന്‍ ഇല്ലേ..? അവര്‍ അവരുടെ കടമ പൂര്‍ത്തിയാക്കി ... അവര്‍ അവരുടെ ജന്മ സാഫല്യം നിറവേറ്റി .. അച്ഛന്‍റെയും അമ്മയുടെയും വേര്‍പാട്‌ ദേവേട്ടന്‍ സ്നേഹത്തിലുടെ കുറവ് വരുത്തി അദേഹം തന്‍റെ ഭര്‍ത്താവു മാത്രം ആയിരുന്നില്ല എന്നൊരു തോന്നല്‍
എന്‍റെ അച്ഛനായി ..
എന്‍റെ അമ്മയായി ..
തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവായി ...
കാലത്തിന്‍റെ പ്രയാണത്തില്‍ ദൈവം തന്ന മൂന്നു കുട്ടികള്‍ രണ്ടു ആണും ഒരു പെണ്‍കുട്ടിയും ..
ദേവേട്ടന്‍റെ തുച്ചമായ വരുമാനത്തില്‍ അവരെ വളര്‍ത്തിയെടുക്കാന്‍ നന്നേ പാടുപ്പെട്ടെങ്കിലും  കൂട്ടികളുടെ ഒരു ആഗ്രഹവും മുടക്കാന്‍ ദേവേട്ടന്‍ അനുവദിച്ചില്ല .. കുട്ടികള്‍ക്കു ദേവേട്ടന്‍ നല്ലൊരു അച്ഛനായിരുന്നു ..
"നമ്മള്‍ ഭാഗ്യം ചെയതവരാ  ..നമ്മുടെ കൂട്ടികള്‍ മിടുക്കരാ " ..  ദേവേട്ടന്‍റെ വാക്കുകള്‍
അവര്‍ വളര്‍ന്നു ... ജോലിയായി ...
മൂന്നു കൂട്ടികളുടെയും വിവാഹം കഴിഞ്ഞു ..
ജിവിതം പൂര്‍ണ്ണതയില്‍ എത്തിയ സംതൃപ്തി ..
ഒരിക്കല്‍ ദേവേട്ടന്‍ തന്നേ മാറോടു ചേര്‍ത്ത് പറഞ്ഞ വാക്കുകള്‍ ..
"ദേവു ..ദൈവം എനിക്കു എല്ലാ സന്തോഷവും തന്നു . നല്ല ഒരു ഭാര്യ , മിടുക്കരായ കുട്ടികള്‍, എന്‍റെ തുച്ചമായ ശമ്പളത്തില്‍ ഈ വീട് നീ  ഒരു സ്വര്‍ഗമാക്കി
എന്‍റെ ജീവിതം ,എന്‍റെ സ്വപ്നങ്ങള്‍ എല്ലാം പൂര്‍ണതയില്‍ എത്തിക്കാന്‍ നിനക്കു കഴിഞ്ഞു . നീ  എനിക്കു നല്ല ഒരു ഭാര്യ ആയിരുന്നു . എന്‍റെ കുട്ടികള്‍ക്ക്  നല്ല ഒരു അമ്മ ആയിരുന്നു.. ഇനി ദൈവം എനിക്കൊരു ജന്മം തന്നാല്‍ ... അതു നിന്നോടൊപ്പം ആയിരിക്കണം .. എനിക്കു കൊതി തിര്‍ന്നില്ല ദേവു നിന്നോടൊപ്പം ജീവിച്ച്  . നിന്നോടൊപ്പം ജീവിക്കാന്‍ ദൈവം ഒരു അവസരം കൂടി എനിക്കു തന്നിരുന്നെങ്കില്‍  ...ദേവേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു ..
''എന്താ ദേവേട്ടാ ..ഇങ്ങനെ".. ദേവു അയാളുടെ കണ്ണീര്‍ തുടച്ചു .."വെറുതെ ഓരോന്നു ആലോചിക്കണ്ട" ..
"ഇല്ല ..ദേവു ഞാന്‍ സത്യമാ പറഞ്ഞതു .. ഒരു പക്ഷേ ഞാന്‍ നിന്നെ വിട്ടുപോയാലും നമ്മുടെ കൂട്ടികള്‍ നിന്നെ പൊന്നു പോലെ നോക്കും .ഇത്രയും നല്ല ഒരു അമ്മ ലോകത്തില്‍ ഒരു മക്കള്‍ക്കും കിട്ടില്ല .. മക്കളുടെ മനസറിഞ്ഞു ജിവിച്ച ഒരു അമ്മയാണ് നീ  .."
"ദേ .. ഒന്നും പറയണ്ട ..കിടന്നു ഉറങ്ങാന്‍ നോക്കു...." ദേവു അയാളുടെ വായ് പോത്തി ..പിന്നെ കെട്ടിപിടിച്ചു ആ മാറില്‍ ഒതുങ്ങി .
നേരം വെളുത്തപ്പോള്‍ ആ സത്യം താനറിഞ്ഞു ..
തന്‍റെ ദേവേട്ടന്‍ യാത്രയായിരുന്നു ...
തന്നേ വിട്ട്  ... ഈ .. ഈ ലോകത്തെ വിട്ടു പോയിരുന്നു ..
ഇനി ഒരിക്കലും മടങ്ങി വരില്ല ..
ദേവേട്ടന്‍ ..തന്‍റെ അച്ഛന്‍ ആയിരുന്നു ... അമ്മ ആയിരുന്നു ... ഭര്‍ത്താവായിരുന്നു ..
താന്‍ ഏകയായി ....
ഒറ്റപ്പെട്ടതുപോലെ ....
അച്ഛന്‍റെ മരണ വാര്‍ത്ത‍ അറിഞ്ഞു കുട്ടികള്‍ ഓടിയെത്തി ..പൊട്ടിക്കരഞ്ഞു .. തന്നേ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു ..
പിന്നെ അവര്‍ യാത്രയായി... അവരുടെ ജീവിതത്തിലേക്ക് . ആദ്യമൊക്കെ വല്ലപ്പോഴും അവര്‍ വന്നു നോക്കുമായിരുന്നു ..പിന്നെ അതും  ഇല്ലാതെയായി..
കാലം കഴിയും തോറും അവര്‍ക്ക് അമ്മ വേണ്ടാതെയായി. ഇന്നവര്‍ക്കൊരു ഭാരമാണ് .മക്കള്‍ക്കും മരുമക്കള്‍ക്കും പേരകുഞ്ഞുങ്ങള്‍ക്കും ഭാരമായി ഒരു ജീവിതം ..
ജനലിഴകള്‍ക്കിടയിലുടെ പൂര്‍ണ്ണ ചന്ദ്രന്‍ അവരെ മാത്രം നോക്കുന്നതു പോലെ . പ്രകാശം നശിച്ച കണ്ണുകളില്‍ വേദന മാത്രം
"ദേവു ... നീ  വരുന്നില്ലേ ..? നിനക്കു ഇനിയും  മതിയായില്ലേ ഈ ജിവിതം ...?"
ആരോ കാതില്‍ മന്ത്രിക്കും പോലെ ...! അല്ല തന്‍റെ ദേവേട്ടന്‍ ...! ആ ചുണ്ടുകള്‍ വിറച്ചു
ദേവേട്ടാ..
ഞാനും വരുന്നു ..എനിക്കു വയ്യ നമ്മുടെ മക്കള്‍ക്ക്‌ എന്നെ വേണ്ട .. അവര്‍ക്ക് ഞാന്‍ ഭാരമാ  ..
എനിക്കു മതിയായി ദേവേട്ടാ ..
അവര്‍ അലറി വിളിച്ചു പറഞ്ഞു .പക്ഷേ ആ ശബ്ദം പുറത്തു വന്നില്ല
ജനലഴികളിലുടെ ഒരു ഇളം കാറ്റു വീശിയടിച്ചു ..ആ കാറ്റില്‍ ദേവയാനിയമ്മയുടെ നരച്ച മുടിയിഴകള്‍ ചലിച്ചു കൊണ്ടിരുന്നു ..
പക്ഷേ ആ അമ്മ അതറിഞ്ഞിരുന്നില്ല ..

6 comments:

  1. നല്ല വിവരണം,
    പുതുമയൊന്നും അവകാശപെടാനില്ലെങ്കിലും ചിലതൊക്കെ ഈ വരികൾ പറയാൻ ശമിക്കുന്നുണ്ട്

    ReplyDelete
  2. 'നിറങ്ങള്‍ ചാലിച്ച സ്വപ്നങ്ങള്‍ തേടിയലയുന്ന ഒരു പാവം'നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ പാവങ്ങളാകുന്നത്?അവനവന്‍ തന്നെയായിരിക്കുന്നതാണ് ഏറ്റവും നന്ന്.എഴുതാന്‍ കഴിവുണ്ട്.വേണ്ടത് കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതാനുള്ള തയ്യാറെടുപ്പാണ്.വായനയിലൂടേയും പരിശീലനത്തിലൂടേയും അതിനുകഴിയും.നല്ലതു വരട്ടെ.

    ReplyDelete
  3. നല്ല കഥ. അവരെ ഒടുവില്‍ മരണം എങ്കിലും അനുഗ്രഹിച്ചല്ലോ.... അങ്ങനെ മരണം അനുഗ്രഹിക്കാത്ത എത്ര ജീവിതങ്ങള്‍....

    ReplyDelete
  4. മരണം കനിയാത്ത ജീവിതങ്ങള്‍ ആണു കൂടുതലും.

    ReplyDelete