Tuesday 1 May 2012

വെറുതെ കുറെ വരകള്‍ (കഥ)



ഞാന്‍ അവളെ ആദ്യമായി കണ്ടപ്പോള്‍ ...

ഈറന്‍ മേഘങ്ങള്‍ പൂജയ്ക്കുപോകുന്ന ഒരു സന്ധ്യാവേളയില്‍ അവളെ ഞാന്‍ ആദ്യമായി കണ്ടു. അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന നാമജപങ്ങള്‍. നടയ്ക്കല്‍ കത്തിയെരിയുന്ന ദീപങ്ങളുടെ മങ്ങിയ വെളിച്ചത്തില്‍ അവള്‍. വിളക്കും കൈയ്യിലേന്തി മെല്ലെ മെല്ലെ അവള്‍ എന്‍റെ മുന്നിലൂടെ നടന്നു പോയി. അവളെ ആദ്യമായി കാണുമ്പോള്‍ വസന്തോദയത്തിലെ പൊന്നുഷസ്സില്‍ ആകാശത്തു നിന്നും അടര്‍ന്നു വീണ പനിനീര്‍ പൂവിന്‍റെ പരിശുദ്ധി അവള്‍ക്കുണ്ടായിരുന്നു. അവള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നു പോയി. അവളുടെ കണ്ണുകള്‍ എന്‍റെ കണ്ണുകളുമായി കൂട്ടിമുട്ടിയപ്പോള്‍ ആ കണ്ണുകളുടെ പ്രകാശത്തില്‍ ഞാന്‍ ജ്വലിച്ചു പോയി. അവള്‍ എന്‍റെ മുന്നിലെത്തി എന്നോടു ചേര്‍ന്നു നിന്നപ്പോള്‍ സ്നേഹത്തിന്‍റെ ഒരു വസന്തകാലം എന്‍റെ മുന്നില്‍ പൂത്തിറങ്ങിയതു പോലെ എനിയ്ക്കു തോന്നി. ആ തണുത്ത കരങ്ങള്‍ കൊണ്ടെന്നെയൊന്നു സ്പര്‍ശിച്ചപ്പോള്‍ ഒരു പെരുമഴക്കാലം എന്‍റെ മുകളിലൊരു കുളിര്‍ മഴയായി പെയ്തിറങ്ങിയതു പോലെ. ആ നിര്‍വൃതിയില്‍ ഞാന്‍ അലിഞ്ഞു പോയി.


വിണ്ടും ഞാനവളെ കാണുമ്പോള്‍

ഇലത്തുമ്പുകളില്‍ വീഴുന്ന മഴയുടെ സംഗീതം ഞാന്‍ കേട്ടു. എന്‍റെ ഹൃദയതന്ത്രികള്‍ മീട്ടിയ സ്നേഹത്തിന്‍റെ വിശുദ്ധസ്നേഹസംഗീതം അവള്‍ക്കു വേണ്ടിയായിരുന്നു. എന്‍റെ ഹൃദയകോവിലില്‍ എന്‍റെ പ്രണയത്തിന്‍റെ ദേവിയായി, എന്‍റെ പ്രണയിനിയായി അവള്‍ മാറിയിരുന്നു. പ്രഭാതകിരണങ്ങള്‍ ഭൂമിയെ തലോടുന്ന ആ നനഞ്ഞ പ്രഭാതത്തില്‍ വിണ്ടും അവളെന്‍റെ മുന്നിലെത്തി. സ്നേഹം നിറഞ്ഞൊരു പുഞ്ചിരി അവളെനിക്കു സമ്മാനിച്ചു. ആ പുഞ്ചിരിയില്‍ ഞാനലിഞ്ഞില്ലാതായിത്തീര്‍ന്നു. അവളെന്‍റെ അടുത്തെത്തി മെല്ലെ, താഴ്ന്ന സ്വരത്തില്‍ മന്ത്രിച്ചു. എനിക്കു നിന്നെ ഇഷ്ടമാണ്. നിന്നോടൊപ്പം ഈ ജന്മമമല്ല ഇനി ജന്മങ്ങള്‍ ഉണ്ടായാല്‍ ആ ജന്മങ്ങളത്രയും നിന്നോടൊപ്പം പങ്കിടാന്‍ ഞാന്‍ കൊതിക്കുന്നു. പകല്‍ വെളിച്ചവും രാത്രിയിലെ ഇരുട്ടും മാഞ്ഞു പോകാം. പക്ഷെ എനിക്കു നിന്നോടുള്ള സ്നേഹം ഒരിക്കലും മാഞ്ഞു പോകില്ല. ആ വാക്കു കേട്ടപ്പോള്‍ ഞാനൊരു പ്രപഞ്ചമായി മാറിയതുപോലെ. ഈ ലോകത്തിലുള്ള സകല ചരാചരങ്ങളും എന്നില്‍ ജിവിക്കും പോലെ തോന്നി. ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അവള്‍ അപ്പോഴേക്കും ദൂരെ പോയ്മറഞ്ഞിരുന്നു. അവളുടെ ഒരു പുഞ്ചിരിയില്‍ ഞാന്‍ പടുത്തുയര്‍ത്തിയ ചില്ലുകൊട്ടാരം താഴെ വീണു ചിതറി. ദൂരെയൊരു പൊട്ടുപോലെ നടന്നു മറയുന്ന അവളെ ഞാന്‍ നോക്കി നിന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ട്‌

അവള്‍ വിണ്ടും എന്‍റെ മുന്നില്‍ ‍. ഇപ്പോഴും അവളെന്നെ നോക്കി പുഞ്ചിരിച്ചു. വളരെ നിഷ്കളങ്കമായ ആ പുഞ്ചിരി എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞതു പോലെ എനിക്കു തോന്നി. പക്ഷേ ഒന്നും മിണ്ടാനെനിയ്ക്കു കഴിഞ്ഞില്ല. അവളെ നോക്കി ഞാന്‍ പുറത്തേക്കു നടന്നു നീങ്ങുമ്പോള്‍ അവള്‍ അച്ഛനോടും അമ്മയോടുമൊപ്പം എയര്‍പോര്‍ട്ടിനുള്ളിലേക്ക് നടന്നകന്നു. ഞാന്‍ മെല്ലെ തിരിഞ്ഞു നിന്നു. അല്‍പ്പദൂരം നടന്ന ശേഷം അവള്‍ തിരിഞ്ഞു നോക്കി. പിന്നെ കൈകളുയര്‍ത്തി എന്‍റെ നേരെ വിശി. എനിയ്ക്കു ചലിക്കാന്‍ കഴിഞ്ഞില്ല, ഞാന്‍ നിശ്ചലനായി നിന്നു പോയി. അവള്‍ സ്റ്റെയര്‍കേയ്സ് കയറി മുകളിലേയ്ക്കു പോയി. മുകളിലേക്ക് ....മുകളിലേക്ക് ....



രണ്ടു മാസത്തിനു ശേഷം

ബാംഗ്ലൂര്‍ ‍...
ഹോസ്പിറ്റലില്‍ നല്ല തിരക്കായിരുന്നു .
'സര്‍ , ഒരു ഗസ്റ്റുണ്ട്,' 
സിസ്റ്റര്‍ വന്നറിയിച്ചു.
'വരാന്‍ പറയൂ.'
അടുത്ത നിമിഷം ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ മുന്നിലേയ്ക്കു കടന്നു വരുന്ന അവളുടെ അച്ഛനും അമ്മയും. പക്ഷേ ആ പിതാവിന്‍റേയും മാതാവിന്‍റേയും കണ്ണുകള്‍ ചുമന്നു കലങ്ങിയിരുന്നു. അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ മെല്ലെ കസേരയില്‍ നിന്നുമെഴുന്നേറ്റു.
"ഇരിക്കൂ."
അവര്‍ എനിക്ക് എതിര്‍വശമുള്ള കസേരയില്‍ ഇരുന്നു.
"എന്‍റെ മോള്‍ ഡോക്ടര്‍ക്കു തരാനായി എന്നെ ഏല്‍പ്പിച്ച കത്താണിത്."
ആ പിതാവിന്‍റെ ശബ്ദം ഒരു തേങ്ങലായി. അവളുടെ മാതാവ്‌ മുഖം പൊത്തി തേങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ മെല്ലെ മെല്ലെ ആ കവര്‍ പൊട്ടിച്ചു. അവളുടെ മനോഹരമായ കൈയ്യക്ഷരങ്ങളിലൂടെ എന്‍റെ കണ്ണുകള്‍ പാഞ്ഞു പോയി. വേദന... എന്‍റെ ഹൃദയത്തില്‍ ആരോ ചൂണ്ട കൊണ്ടു കൊളുത്തി വലിക്കുന്നതു പോലെ. കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ആ അക്ഷരങ്ങളെനിക്കു കാണാന്‍ കഴിയുന്നില്ല. ഇരുട്ട്, കൂരിരുട്ട്...
മിനിട്ടുകള്‍ വേണ്ടി വന്നു എനിയ്ക്കു പൂര്‍വ്വസ്ഥിതിയിലെത്താന്‍ . ഞാന്‍ വിണ്ടും ആ വരികളിലൂടെ കണ്ണുകള്‍ പായിച്ചു...

'ഡോക്ടര്‍ , അവളെല്ലാം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.' അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറഞ്ഞു. "ഞങ്ങളിറങ്ങുകയാണ്. വൈകുന്നേരത്തിനു മുന്‍പ്‌ നാട്ടിലെത്തണം. അവളുടെ ആഗ്രഹമാണ് ഞങ്ങള്‍ രണ്ടു പേരും വന്നു ഡോക്ടറെ കാണണമെന്നും ഈ കത്ത് ഡോക്ടറെ ഏല്‍പ്പിക്കണമെന്നും. ഇനിഞങ്ങളിറങ്ങട്ടെ.'


എനിയ്ക്കൊന്നു ചലിയ്ക്കാനോ ശബ്ദിയ്ക്കാനോ കഴിഞ്ഞില്ല. അദ്ദേഹം വിങ്ങിപ്പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന ആ മാതാവിന്‍റെ കൈപിടിച്ച് പുറത്തേക്കു നടന്നു.


അന്നു വൈകുന്നേരം
 
കത്തിയെരിയുന്ന തീനാളങ്ങള്‍ അവളുടെ മനോഹരമായ ശരീരം കാര്‍ന്നു തിന്നപ്പോള്‍ എന്‍റെ ഹൃദയമായിരുന്നു കത്തിക്കരിഞ്ഞ് ഒരു നുള്ളു ഭസ്മമായി മാറിയത്. എന്‍റെ കണ്ണിലെ കണ്ണീരിന്‍റെ നനവും എന്‍റെ കണ്ണിലെ പുഞ്ചിരിയുടെ തിളക്കവും നീ അറിയാതിരിയ്ക്കില്ല. കാരണം നീയെന്‍റെ ജിവനാണ്. എന്‍റെ ഓരോ ശ്വാസത്തിലും നിന്‍റെ ഗന്ധമാണ്. ഞാന്‍ കാണുന്ന സ്വപ്നത്തിലെല്ലാം നീയാണ്. പക്ഷേ എന്‍റെ സ്നേഹം നിന്നെ അറിയിക്കാനെനിക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ എല്ലാം നീ അറിഞ്ഞിരുന്നു.
പുകപടലങ്ങള്‍ ആകാശത്തേയ്ക്കുയരുമ്പോള്‍ ആ പുകപടലങ്ങള്‍ക്കുള്ളില്‍ എവിടെയോ അവളുടെ മുഖം ഞാന്‍ കണ്ടു. അവളെന്‍റെ അരികിലെത്തി എന്നോടു സംസാരിക്കുംപോലെ... ആ കത്തിലെ വാക്കുകള്‍ ഉരുവിടും പോലെ...എന്‍റെ ഡോക്ടറേ, എന്താ എന്നോട് മിണ്ടാനിത്ര പ്രയാസം? എനിക്കറിയാം നീയെന്നെ സ്നേഹിക്കുന്നുവെന്ന്‍. നിന്‍റെ ഹൃദയം മുഴുവന്‍ ഞാനാണെന്നു...എനിക്കു നിന്നെ ഇഷ്ടമാണ് ട്ടോ...ഒരുപാടൊരുപാട്...പക്ഷെ എന്‍റെ സ്നേഹം നിന്നെ അറിയിക്കാനെനിയ്ക്കു കഴിയില്ല. നിന്നെപ്പോലെ ഭയന്നിട്ടല്ല. എനിയ്ക്കു ദൈവം അല്‍പ്പായുസ്സേ ഈ ലോകത്തില്‍ തന്നിട്ടുള്ളു. ഓരോ നിമിഷം കഴിയുമ്പോഴും ഞാന്‍ മരണത്തിന്‍റെ മുന്നിലേക്ക്‌ പോകുകയാണ്. ക്യാന്‍സര്‍ ..... എന്‍റെ മനസ്സും ശരീരവും രോഗം കാര്‍ന്നു തിന്നുമ്പോഴും എന്നെക്കാണുമ്പോള്‍ നിന്‍റെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങളില്‍ നിന്നും നിന്‍റെ ഹൃദയത്തില്‍ എനിക്കുള്ള സ്ഥാനം ഞാനറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഒരുപാട്... ഒന്നു നീ അറിയുക: ഇനിയൊരു ജന്മമുണ്ടായാല്‍ അതു നിനക്കു വേണ്ടി മാത്രമായിരിക്കും. നിന്‍റേതു മാത്രം...വീണ്ടും ഞാന്‍ പുനര്‍ജ്ജനിയ്ക്കും... നിനക്കായി... നമുക്കായി...

No comments:

Post a Comment