Saturday, 26 May 2012

സേനാനീ (കഥ)

                                                                      
ഞാന്‍ ഏറ്റവും പുതിയ നോവലിന്‍റെ  അവസാന അധ്യായം എഴുതിക്കൊണ്ടിരിയ്ക്കയായിരുന്നു. എങ്ങനെയും കഥ പൂര്‍ണതയിലെത്തിക്കണം എന്ന ഒരൊറ്റ ചിന്തയേ എന്‍റെ മനസ്സിലുണ്ടായിരുന്നുള്ളു.
വേനല്‍ച്ചൂടില്‍ ഹരിതഭംഗി നഷ്‌ടമായ വൃക്ഷത്തലപ്പുകള്‍. അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങള്‍ . അവയുടെ കാഠിന്യം കൊണ്ടാകാം, ഒരസ്വസ്ഥത. ഞാന്‍ പേനയും എഴുതിക്കൊണ്ടിരുന്ന കടലാസ്സുകെട്ടുകളും മേശയുടെ ഒരുവശത്തേയ്ക്കൊതുക്കി വച്ചു മെല്ലെ മുറ്റത്തേക്കിറങ്ങി. വീടിനു വടക്കു വശത്തുള്ള ഇത്തിക്കരപ്പുഴയില്‍നിന്നും ഇളംകാറ്റു വീശിയടിച്ചപ്പോള്‍ ആശ്വാസം കിട്ടിയതു പോലെ.

സ്വതന്ത്രഭാരതമിന്ന് അറുപത്തൊന്നാം വയസ്സിലേയ്ക്കു പ്രവേശിക്കുകയാണ്. എങ്ങും ആഹ്ലാദം അലയടിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികളുടെ ബലികുടീരങ്ങള്‍ക്കു മുന്നില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ചുകൊണ്ട് രാഷ്ട്രം അറുപത്തൊന്നാം വയസ്സിലേയ്ക്കു കാലെടുത്തു വച്ചു.

പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്: എന്‍റെ നേരെ നടന്നു വരുന്നൊരു വൃദ്ധന്‍. നീട്ടിവളര്‍ത്തിയ താടിയും മുടിയും. കീറി, മുഷിഞ്ഞു നാറിയ ജുബ്ബയും മുണ്ടും. മുതുകില്‍ തൂക്കിയിട്ടിരിക്കുന്ന തോള്‍സഞ്ചി. 

പുഞ്ചിരിച്ചുകൊണ്ട് അയാള്‍ എന്നെ നോക്കി.

"കുടിക്കാന്‍ അല്‍പ്പം വെള്ളം."

ഞാന്‍ പെട്ടെന്നു വെള്ളം കൊണ്ടു വന്നു കൊടുത്തു. ആര്‍ത്തിയോടെ വെള്ളം കുടിച്ച ശേഷം കപ്പു തിരികെത്തന്നു. നന്ദി രേഖപ്പെടുത്തിയ ശേഷമയാള്‍   തിരിഞ്ഞ് അടുത്തുള്ള സര്‍പ്പക്കാവിനു നേരെ വേഗത്തില്‍ നടന്നുപോയി.

സര്‍പ്പക്കാവിനുള്ളിലേക്ക്...

എനിക്കെന്തോ സംശയമായി..

കതകു ചാരിയ ശേഷം ഞാനയാളെ പിന്തുടര്‍ന്നു, സര്‍പ്പക്കാവിനുള്ളിലേക്ക് .....

വല്ലാത്തൊരു ഭയം എന്നിലുദിച്ചെങ്കിലും ഞാന്‍ മുന്നോട്ടു തന്നെ ചുവടുകള്‍ വച്ചു.

ആരോ തേങ്ങിക്കരയുന്ന ശബ്ദം. മെല്ലെ മെല്ലെ ആ തേങ്ങിക്കരച്ചില്‍ ഒരു പൊട്ടിക്കരച്ചില്‍ ആയി മാറി. ചിതറിക്കിടക്കുന്ന കുറച്ചു പാറക്കഷ്ണങ്ങള്‍ . അവയ്ക്കു മുന്നില്‍ തല തല്ലിക്കരയുന്ന വൃദ്ധന്‍. 

എനിക്കു  സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഓടിച്ചെന്നയാളെ പിടിച്ചുയര്‍ത്തി.

"വിടാന്‍ ........." അയാളെനിക്കു നേരെ വിരല്‍ ചൂണ്ടിയലറി, "രാഷ്ടമിന്ന്‍ സ്വാതന്ത്ര്യദിനമാഘോഷിയ്ക്കുന്നു. പക്ഷേ ബ്രിട്ടീഷ്‌ പട്ടാളം ചവിട്ടി ഞെരിച്ചു കൊന്ന മൂന്നു ജീവനുകള്‍ ഈ സര്‍പ്പക്കാവില്‍, ഈ പാറക്കഷ്ണങ്ങള്‍ക്കു കീഴില്‍....അന്ത്യവിശ്രമം കൊള്ളുന്നു. എന്‍റെ ഭാര്യയും, മോനും, പിന്നെ മൂന്നുമാസം പ്രായമുള്ള എന്‍റെ പൊന്നു മോളും.."

പറഞ്ഞു തീരും മുന്‍പേ വീണ്ടുമയാള്‍ പൊട്ടിക്കരഞ്ഞു......

ഞാന്‍ സ്തബ്ധിച്ചു നിന്നു പോയി, നിമിഷങ്ങളോളം. ഹൃദയം പൊട്ടിക്കരയുന്ന ആ മനുഷ്യനെ എങ്ങനെയാശ്വസിപ്പിക്കണം എന്നെനിയ്ക്കൊരു രൂപവുമുണ്ടായില്ല.

അയാളുടെ മനസ്സും ഹൃദയവും അരനൂറ്റാണ്ട് പിന്നിലായിരുന്നു.

*        *        *        *        *        *        *        *        *        *

"ജീവിക്കുക അല്ലെങ്കില്‍ മരിക്കുക...." എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേയ്ക്ക് എടുത്തുചാടുന്ന കാലം. ഐതിഹാസികമായ ക്വിറ്റിന്ത്യാ സമരം.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ അഹിംസാമാര്‍ഗ്ഗത്തിലൂടെ ഇന്ത്യയുടെ ധീരദേശാഭിമാനികള്‍ മുന്നേറ്റം നടത്തി.

1942 ആഗസ്റ്റ്‌ മാസം ഏട്ടാം തിയതി അര്‍ദ്ധരാത്രി ക്വിറ്റിന്ത്യാ പ്രമേയം പാസ്സായി. ആഗസ്റ്റ്‌ ഒന്‍പതാം തിയതി ജനങ്ങള്‍ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്തി.

"ക്വിറ്റ്‌ ഇന്ത്യാ...."

ആയിരങ്ങള്‍ പങ്കെടുത്ത സമരം. ഗാന്ധിജിയും നെഹ്രുവും ആസാദും സരോജിനി നായിഡുവും നയിച്ച അതിശക്തമായ സമരം. "ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക....ക്വിറ്റ്‌ ഇന്ത്യ....." ജനങ്ങള്‍ ആര്‍ത്തിരമ്പി.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്ന പോലീസുകാര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോളവര്‍ ലാത്തി വീശി. ഗാന്ധിജിയേയും, നെഹ്രുവിനേയും, എല്ലാ പ്രവര്‍ത്തകസമിതിയംഗങ്ങളേയും, പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ എല്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളേയും അഹമ്മദ്നഗര്‍കോട്ടയിലേക്ക് കൊണ്ടു പോകുവാന്‍ ഒരു പ്രത്യേക തീവണ്ടി വിക്ടോറിയ ടെര്‍മിനല്‍സ്റ്റേഷനില്‍ തയ്യാറായി.

പെട്ടെന്നാണതു സംഭവിച്ചത്. ജനങ്ങള്‍ക്കെതിരെ ലാത്തി വീശിക്കൊണ്ടിരുന്ന പോലീസ് മേധാവിയ്ക്കു നേരെ ഒരു സ്ത്രീ പിഞ്ചുകുഞ്ഞിനേയും കൈയ്യിലേന്തി ഓടിയടുത്തു, പിന്നാലെ അഞ്ചു വയസോളം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു കുട്ടിയും....

"ക്വിറ്റ് ഇന്ത്യ.....വെള്ളപ്പട്ടാളം ഇന്ത്യ വിടുക...," അവള്‍ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പോലീസ് മേധാവിയുടെ കോട്ടിന്‍റെ കോളറില്‍ കുത്തിപ്പിടിച്ചു. ലാത്തിയടിയേറ്റു നിയന്ത്രണം വിട്ടോടിയിരുന്ന ജനങ്ങള്‍ പെട്ടെന്നു തിരിഞ്ഞു നിന്നു....

"ക്വിറ്റ് ഇന്ത്യാ...." ആ സ്ത്രീ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി...

അതു കേട്ടിരുന്ന ജനങ്ങള്‍ അത്യുച്ചത്തില്‍ അലറി: "ക്വിറ്റ്‌ ഇന്ത്യ...."

"ഞങ്ങളുടെ നേതാക്കളെ അറസ്റ്റു ചെയ്തുവെന്നു വച്ച് ഈ സമരം അവസാനിയ്ക്കുമെന്നു നിങ്ങളൊക്കെ കരുതുന്നുണ്ടോ?"

പറഞ്ഞു തീരും മുന്‍പ് ആ പോലീസ് മേധാവി അവളെ നിലത്തേയ്ക്കു പിടിച്ചു തള്ളി. ബൂട്ടിട്ട കാലുകൊണ്ട് അവളുടെ അടിവയറ്റില്‍ ആഞ്ഞു ചവിട്ടി... അടുത്ത നിമിഷം ഒരു പറ്റം ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ ആ സ്ത്രീയെ വളഞ്ഞു.

ആ സ്ത്രീയുടേയും കൈയ്യിലിരുന്ന പിഞ്ചു കുഞ്ഞിന്‍റേയും നേരെ ബ്രിട്ടീഷ്‌ പട്ടാളത്തിന്‍റെ ബൂട്ടുകള്‍ ആഞ്ഞാഞ്ഞു പതിച്ചു. അമ്മയേയും കുഞ്ഞിനേയും രക്ഷിക്കുവാന്‍ പാടുപെടുന്ന അഞ്ചുവയസ്സുകാരന്‍....
പക്ഷെ നിമിഷങ്ങളേ വേണ്ടി വന്നുള്ളു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൂന്നു ശവശരീരങ്ങള്‍........ ഇന്ത്യയുടെ സ്വതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മൂന്നു ജീവനുകള്‍.... ആ 
ശവശരീരങ്ങള്‍ക്കടുത്തേയ്ക്കോടിയടുത്ത ജനങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു:

"ക്വിറ്റ്‌ ഇന്ത്യാ....ജീവിക്കുക അല്ലെങ്കില്‍ മരിക്കുക....."

"ഭാരതി......" അതൊരലര്‍ച്ചയായിരുന്നു.....മേനോന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് അറസ്റ്റിലായ നേതാക്കളുടെ ഇടയില്‍ നിന്നും ഓടിയടുത്തു... പിന്നെ ആ ശവശരീരങ്ങള്‍ മാറോടുചേര്‍ത്തു പൊട്ടിക്കരഞ്ഞു.


*        *        *        *        *        *        *        *        *        *

"ഭാരതിയ്ക്ക് ഈ സര്‍പ്പക്കാവും ഗ്രാമവും ജീവനായിരുന്നു. പല സ്വാതന്ത്ര്യ സമരനേതാക്കളുടേയും സഹായത്തോടെ അന്നു രാത്രി തന്നെ ഈ സര്‍പ്പക്കാവിനുള്ളില്‍ മൂന്നു ശവശരീരങ്ങളും സംസ്കരിച്ചു....."

തേങ്ങിക്കരയുന്ന ആ മനുഷ്യനേയും മൂന്നു രക്തസാക്ഷികളുടെ ബലികുടീരങ്ങള്‍ക്കു മീതെ ചിതറിക്കിടക്കുന്ന പാറക്കഷ്ണങ്ങളേയും ഞാന്‍ മാറി മാറി നോക്കി.

"ദയവായി നിങ്ങള്‍ ഇവിടെനിന്നും പോകൂ....ഞാനല്‍പ്പനേരം ഈ ഏകാന്തതയിലിരുന്നോട്ടെ.....എന്‍റെ ഭാരതിയും കുഞ്ഞുങ്ങളും ഈ കാവിലുണ്ട്. അവരോടൊപ്പം അല്‍പ്പസമയം ഞാന്‍ ചെലവഴിച്ചോട്ടെ." 

അയാളെന്നെ നോക്കി യാചിച്ചുകൊണ്ട് സര്‍പ്പവിഗ്രഹത്തിനു മുന്നില്‍ കത്തിക്കൊണ്ടിരുന്ന നിലവിളക്ക് ആ പാറക്കെട്ടിന്‍റെ മുന്നില്‍ കൊണ്ടുവന്നു വച്ചു. ചുവന്നു കലങ്ങിയ ആ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ രണ്ടരുവിപോലെ ഒഴുകി കവിളിലൂടെ നീട്ടി വളര്‍ത്തിയ താടി രോമങ്ങള്‍ക്കിടയിലൂടെ പാറക്കഷ്ണങ്ങളുടെ മുകളില്‍ വീണു ചിതറി.

ഞാന്‍ വിങ്ങുന്ന ഹൃദയവുമായി മെല്ലെ മെല്ലെ ആ സര്‍പ്പക്കാവിനു വെളിയിലേയ്ക്കു നടന്നു... ആ വൃദ്ധന്‍റെ വേദന എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഹൃദയത്തിനുള്ളില്‍ അതു വല്ലാത്തൊരു മുറിവായി. 

വീട്ടിലെത്തിയ ഞാന്‍ അസ്വസ്ഥനായിരുന്നു.

രക്തമൊഴുകാതെ നേടിയ സ്വാതന്ത്ര്യമാണ് ഇന്ത്യയുടേതെന്നു ചരിത്രം കൊട്ടിഘോഷിക്കുന്നതു വെറുതെയാണ്. ആയിരങ്ങളുടെ ചോരയുടേയും ത്യാഗത്തിന്‍റേയും ജീവന്‍റേയും വിലയാണു ഇന്ത്യയുടെ സ്വാതന്ത്ര്യം.. !

കിഴക്കേ മാനം വിളറി വെളുത്തു...

ഞാന്‍ പെട്ടെന്നു കിടക്കയില്‍നിന്നും ഞെട്ടിയുണര്‍ന്ന്‍ മെല്ലെ വെളിയിലേയ്ക്കിറങ്ങി.

ദൂരെ സര്‍പ്പക്കാവിനുള്ളില്‍ നിലവിളക്കു കത്തുന്നുണ്ട്...

പ്രഭാതഗീതം പാടി ആകാശത്തിലേക്കു പറന്നുയരുന്ന പക്ഷികള്‍. ഞാന്‍ സര്‍പ്പക്കാവിന്നടുത്തേയ്ക്കു നടന്നു.

ഒരു വല്ലാത്ത ദുര്‍ഗന്ധം. എങ്കിലും ഞാന്‍ മുന്നോട്ടു നടന്നു ചെന്നു.

സര്‍പ്പക്കാവിനുള്ളിലെ ചിതറിക്കിടന്ന പാറക്കഷ്ണങ്ങള്‍ക്കു മുന്നില്‍ കത്തിയെരിയുന്ന നിലവിളക്ക്. അതിനുമുന്നില്‍ എല്ലാം മറന്നുറങ്ങുന്ന വൃദ്ധന്‍.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്തിയ ആ വലിയ മനുഷ്യന്‍ യാത്രയായിരിക്കുന്നു. തന്‍റെ  ഭാര്യയുടേയും കുഞ്ഞുങ്ങളുടേയുമൊപ്പം പുതിയൊരു ലോകത്തേയ്ക്ക്.
 
ശ്വാസോച്ഛ്വാസം നഷ്‌ടമായ ആ ശവശരീരം ഞാന്‍ ഇമവെട്ടാതെ നോക്കിനിന്നു. പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്: അയാളുടെ കൈയ്യില്‍ ഒരു വെളുത്ത കടലാസ്സ്‌. അതില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു...

" 'ഇന്ന് അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍...., ലോകം ഉറങ്ങിക്കിടക്കുമ്പോള്‍‍...., ഇന്ത്യ ജീവിതത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, ഉണര്‍ന്നെഴുന്നേല്‍ക്കും. നാം പഴയതില്‍നിന്നും പുതിയതിലേയ്ക്കു ചുവടുവയ്ക്കുന്ന, ഒരു യുഗമവസാനിയ്ക്കുന്ന, രാഷ്ട്രത്തിന്‍റെ നെടുനാള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആത്മാവിന്‍റെ ശബ്ദമുയരുന്ന നിമിഷം വരുന്നു. ചരിത്രത്തില്‍ അപൂര്‍വമായി മാത്രം വരുന്ന ഈ നിമിഷം.....'  ജവഹര്‍ലാല്‍ നെഹ്രു, ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍, ന്യൂഡല്‍ഹി, 1947 ആഗസ്റ്റ്‌ 14-ന്.

അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്‍റെ ആത്മാവിന്‍റെ ശബ്ദം മാത്രമേ ഞങ്ങള്‍ക്കു കണ്ടെത്താനായുള്ളൂ... ഇന്ന് ഇവിടെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നതു രാഷ്ട്രമല്ല. മനുഷ്യനാണ്... ജാതിയുടേയും മതത്തിന്‍റേയും രാഷ്ട്രീയത്തിന്‍റേയും അടിമകള്‍. ഇനി നിങ്ങളാണ് നിങ്ങളുടെ സ്വാതന്ത്ര്യം കണ്ടെത്തേണ്ടത്. ഞങ്ങള്‍ ജീവനും, രക്തവും കൊടുത്തു നേടിയ സ്വാതന്ത്ര്യം, ഞങ്ങള്‍ മനസ്സില്‍ കണ്ട സ്വതന്ത്രരാഷ്ട്രം, സ്വതന്ത്ര ഇന്ത്യ, ഇതായിരുന്നില്ല. മനുഷ്യന്‍ മനുഷ്യനായി ജീവിക്കുന്ന, മനുഷ്യനെ മനുഷ്യന്‍ മനുഷ്യനായിത്തന്നെ കാണുന്ന ഒരു രാഷ്ട്രം.. ഒരിന്ത്യ. അടിമത്വത്തില്‍നിന്നും മോചനം നേടിയിട്ട് അര നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രഇന്ത്യ ആയിട്ടില്ല....ജനത സ്വതന്ത്രരായിട്ടില്ല...

ഞങ്ങള്‍ സഹിച്ച വേദനകള്‍ക്കും ത്യാഗങ്ങള്‍ക്കും അല്‍പ്പമെങ്കിലും വിലയോ, സ്നേഹമോ, നല്‍കുന്നുവെങ്കില്‍ സ്വതന്ത്രഭാരതത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇനിയൊരു സമരത്തിന്‌ വഴിയൊരുക്കുക. രാഷ്ട്രീയത്തിനോ, മതത്തിനോ, ജാതിയ്ക്കോ അടിമപ്പെടാത്ത പുതിയൊരിന്ത്യയ്ക്കു വേണ്ടി, ഒരു സ്വതന്ത്രഭാരതത്തിനു വേണ്ടി, സ്വതന്ത്രഇന്ത്യയിലെ, ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം.

എന്നു മേനോന്‍..."

ഞാന്‍ ആ അക്ഷരങ്ങളിലേക്കു സൂക്ഷിച്ചു നോക്കി നിശബ്ദനായി നിന്നുപോയി  ‌.

അകലെ ഏതോ കവലയിലെ റേഡിയോയില്‍നിന്നും ഒഴുകിയെത്തിയ മഹാകവി വള്ളത്തോളിന്‍റെ വരികള്‍ ആ സര്‍പ്പക്കാവിന്‍റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

"സ്വാതന്ത്ര്യം തന്നെ അമൃതം,
 സ്വാതന്ത്ര്യം തന്നെ ജീവിതം, 

 പാരതന്ത്ര്യം മാനികള്‍ക്ക് 
 മൃതിയേക്കാള്‍ ഭയാനകം..."

2 comments:

  1. രാഷ്ട്രീയത്തിനോ, മതത്തിനോ, ജാതിയ്ക്കോ അടിമപ്പെടാത്ത പുതിയൊരിന്ത്യയ്ക്കു വേണ്ടി, ഒരു സ്വതന്ത്രഭാരതത്തിനു വേണ്ടി, സ്വതന്ത്രഇന്ത്യയിലെ, ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം. ആ സമരം ആര് നയിക്കും.വീണ്ടും ഒരു ഗാന്ധിജി പിറവിയെടുക്കണം. ചര്‍ക്കക്ക് പകരം കൈയ്യില്‍ ചാട്ടവാര്‍ എന്തിയ ഒരു ഗാന്ധിജി.

    ReplyDelete
  2. ഒരു സോദ്ദേശ്യകഥ...നന്നായിട്ടുണ്ട്

    ReplyDelete