Saturday 5 May 2012

എന്ന്.., നന്ദുവേട്ടന്‍റെ സ്വന്തം ലക്ഷ്മി. (കഥ)

27/1/2010
ന്യൂഡല്‍ഹി

ലക്ഷ്മിക്കുട്ടിക്ക്,
വിലാസം എനിക്കറിയില്ല..
ഒരു പക്ഷേ  ഈ കത്തു കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും മറുപടി തരണം.
നന്ദു ഇന്നലെ എന്നെക്കാണാന്‍ വന്നിരുന്നു. ഇന്നയാള്‍ എന്‍റെ പേഷ്യന്‍റാണ്. കഴിഞ്ഞ ആഴ്ചയില്‍ അയാള്‍ ഇവിടെ അഡ്മിറ്റ്‌ ആയിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് അയാളുടെ ഡയറി എനിയ്ക്കു കിട്ടിയത്. മറ്റൊരാളുടെ ഡയറി വായിക്കുന്നത് തെറ്റാണെന്നറിയാം. പക്ഷെ നന്ദു എന്‍റെ പേഷ്യന്‍റായതിനാലും അയാളുടെ പൂര്‍വകാലം എനിക്ക് അറിയാന്‍ താല്പര്യമുണ്ടായിരുന്നതിനാലും ആ ഡയറി എനിക്കു വായിക്കേണ്ടി വന്നു. ഒരു പച്ചയായ മനുഷ്യന്‍റെ കുറെ നൊമ്പരങ്ങള്‍ . വെറുതെ വാശിയുടെ പേരില്‍ ജീവിതം നശിപ്പിച്ച രണ്ടു ജന്മങ്ങള്‍ . നന്ദുവിന്‍റെ ഡയറിയില്‍ നിന്നും നിങ്ങളുടെ ജിവിതത്തെപ്പറ്റി എനിക്കതാണു മനസ്സിലായത്.
ലക്ഷ്മി ഒന്നു മനസ്സിലാക്കണം. നന്ദു നിരപരാധിയാണ്. ഇന്നയാള്‍ അവശനുമാണ്.കോടതി വിധി എന്തുമായിക്കൊള്ളട്ടെ നന്ദുവിനിന്ന്‍ ലക്ഷ്മിയുടെ സ്നേഹം ആവശ്യമാണ്. ഇതൊരു അപേക്ഷയായി കരുതി ഇതിനു മറുപടി നന്ദുവിന്‍റെ വിലാസത്തില്‍ അയക്കുക. ഇതൊരു ഡോക്ടറുടെ അപേക്ഷയായി കരുതുക.

നന്ദുവിന്‍റെ വിലാസം ഇവിടെ ചേര്‍ക്കുന്നു. ....

സ്നേഹപൂര്‍വ്വം
Doctor
ന്യൂറോ സര്‍ജന്‍
ന്യൂഡല്‍ഹി



30 /1 /2010
തിരുവനന്തപുരം
നന്ദുവേട്ടന് ,
എന്‍റെ നന്ദുവേട്ടനു എന്താ പറ്റിയത്?
ഇന്നു ഡോക്ടറുടെ കത്തുണ്ടായിരുന്നു. എന്തായിരുന്നാലും എനിയ്ക്കൊരു മറുപടി തരണം. ഞാന്‍ കാത്തിരിക്കും. കഴിഞ്ഞതെല്ലാം ശരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ നന്ദുവേട്ടനില്ലാതെയുള്ള ജീവിതം എനിക്കു വിവരിക്കാന്‍ കഴിയില്ല. ഏതോ ഒരു നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റു നമ്മുടെ വിവാഹമോചനം വരെ എത്തിച്ചു. കോടതിയില്‍ നിന്നും ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴെങ്കിലും നന്ദുവേട്ടനു എന്നോടു നടന്ന കാര്യങ്ങള്‍ തുറന്നു പറയാമായിരുന്നു. എന്‍റെ നേര്‍ക്കു കൈയൊന്നു നീട്ടിയിരുന്നെങ്കില്‍ ഞാന്‍ ഓടിവരുമായിരുന്നു.... 
ഏട്ടാ, ഞാനെന്തു തെറ്റാണു ചെയ്തത്? ഞാനേട്ടനെ ഹൃദയം തുറന്നു സ്നേഹിച്ചില്ലേ? എവിടെയാണു ഞാന്‍ പരാജയപ്പെട്ടത്‌. എന്‍റെ  ഹൃദയം നിറയെ ഏട്ടനായിരുന്നു. എന്‍റെ ഓരോ ശ്വാസത്തിലും ഏട്ടന്‍റെ ഗന്ധമായിരുന്നു. എന്‍റെ ഓരോ നിമിഷവും ഏട്ടന്‍റേതായിരുന്നു.... പക്ഷെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി. എത്രയോ രാത്രികള്‍ ഞാന്‍ ആരുമറിയാതെ കരയുകയായിരുന്നു. പലപ്പോഴും ഏട്ടന് എന്നോടുള്ള സ്നേഹം കുറയുംപോലെ എനിക്കു തോന്നി. ഒരുപക്ഷെ അത് വെറും തോന്നലായിരുന്നിരിയ്ക്കാം. നന്ദുവേട്ടന്‍റെ സന്തോഷം മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. ഏട്ടന്‍റെ മനസ്സില്‍ ഞാന്‍ മാത്രമേ പാടുള്ളു എന്നാഗ്രഹിച്ചതു തെറ്റാണോ? പലപ്പോഴും ഇതിന്‍റെ പേരില്‍  ഞാന്‍ വഴക്കിട്ടപ്പോഴെല്ലാം ഏട്ടന്‍ ഒഴിഞ്ഞു മാറുകയായിരുന്നില്ലേ?
അവസാനം ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വിവാഹമോചനം. അവിടെയും ഏട്ടന്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു. അതില്‍ ഒപ്പുവയ്ക്കാതെ ഒഴിഞ്ഞുപോകും എന്നാണ് ഞാന്‍ കരുതിയത്‌. പക്ഷേ "നിന്‍റെ ഒരാഗ്രഹത്തിനും ഞാനെതിരല്ല" എന്നു പറഞ്ഞ് ഒപ്പിടുകയായിരുന്നു. ആ നിമിഷം ഞാന്‍ തകര്‍ന്നുപോയി. ഒരുമിച്ചു ജീവിക്കേണ്ട നമ്മള്‍ രണ്ടു സമാന്തര രേഖകളെപ്പോലെ ഒരിക്കലും ഒരുമിക്കാതെ അനന്തതയിലേയ്ക്കു നടന്നു പോകുകയല്ലേ ചെയ്തത്?. ഒക്കെ കഴിഞ്ഞ കഥകള്‍ .
എന്‍റെ  ഏട്ടന് എന്താ പറ്റിയത്?
മറുപടി അയക്കണം.


സ്നേഹപൂര്‍വ്വം.
ലക്ഷ്മി.


4 / 2 / 2010
കൊച്ചിന്‍

എന്‍റെ  ലക്ഷ്മിക്കുട്ടിക്ക്,
മോള്‍ക്കു സുഖമെന്നു കരുതുന്നു. നീയെന്നും എന്നെ കുറ്റപ്പെടുത്താനേ ശ്രമിച്ചിട്ടുള്ളു. എന്‍റെ  സ്നേഹം നീ കണ്ടില്ല. എന്‍റെ  മനസ്സു നീ കണ്ടില്ല. ആരോ പറഞ്ഞ കെട്ടുകഥകള്‍ കേട്ട് നീയവ വിശ്വസിച്ചു. എന്നെ മനസ്സിലാക്കാനോ എന്‍റെ  ഭാഗം ചിന്തിക്കാനോ നീ ശ്രമിച്ചില്ല, അതല്ലേ സത്യം?
സ്നേഹ, അതായിരുന്നല്ലോ നിന്‍റെ വിഷമം. അനാഥാലയത്തില്‍ വളര്‍ന്ന ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. വെറും സുഹൃത്തുക്കള്‍ മാത്രം. അനാഥനായ എന്‍റെ  ജീവിതത്തിലേക്കു നീ കടന്നു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ആ കുട്ടിയായിരുന്നു. ആരും അറിയാതെ മനസ്സില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ദുഖം ഞങ്ങള്‍ക്കുണ്ടായിരുന്നു. നിന്നോടു പലപ്പോഴും ഞാന്‍ പറയാന്‍ ശ്രമിച്ചു. പക്ഷെ സ്നേഹയുടെ പേരു കേള്‍ക്കുമ്പോള്‍ നീ പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷെ നീ ഇനിയെങ്കിലും അതറിയണം. നമ്മുടെ വിവാഹത്തിനു മുമ്പ്‌ എനിക്കും സ്നേഹക്കും മാത്രമറിയാവുന്ന ഒരു സത്യമുണ്ട്. സ്നേഹ ഒരു കാന്‍സര്‍ രോഗിയായിരുന്നു. ഞാന്‍ അവളുടെ സുഹൃത്തു മാത്രമായിരുന്നില്ല അവളുടെ സഹോദരന്‍ കൂടിയായിരുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷെ നിന്‍റെ സന്തോഷത്തേക്കാള്‍ കൂടുതല്‍ ഞാന്‍ വില കല്‍പ്പിച്ചത് അവളുടെ ജീവന്‍ ആയിരുന്നു.
നീ കോടതിയില്‍ തെളിവുകള്‍ നിരത്തി വാദിച്ചതെല്ലാം സത്യമാണ്. ഞാന്‍ പലപ്പോഴും സ്നേഹയേയും കൂട്ടി തിരുവനന്തപുരത്തു പോയിട്ടുണ്ട് പക്ഷേ അതു ആര്‍ സി സി ഹോസ്പിറ്റലിലെ ചികില്‍സയ്ക്കു വേണ്ടിയായിരുന്നു. ഹോട്ടലില്‍ ഞങ്ങള്‍ റൂം എടുത്തിട്ടുണ്ട്. ഒരുമിച്ചൊരു മുറിയില്‍ താമസിച്ചിട്ടുമുണ്ട് ... ഞാന്‍ ഒന്നും നിഷേധിക്കുന്നില്ല..
ലക്ഷ്മീ, ഇന്നു സ്നേഹ എന്‍റെ കുഞ്ഞു പെങ്ങള്‍ , എന്‍റെ കളിക്കൂട്ടുകാരി ജീവിച്ചിരിപ്പില്ല. ദൈവം അവളെ കൂട്ടിക്കൊണ്ടുപോയി, രണ്ടു വര്‍ഷംമുമ്പ്.......
കൂടുതല്‍ എഴുതുന്നില്ല.... നിനക്കു സുഖമെന്നു കരുതുന്നു  
നിന്‍റെ സന്തോഷത്തിനു വേണ്ടി, നന്മക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്...

സസ്നേഹം
നന്ദു                                                                                  8/2/2010  
                                                                               തിരുവനന്തപുരം                                                                                      
എന്‍റെ നന്ദുവേട്ടന്,
എല്ലാം ഞാനറിഞ്ഞതു വളരെ വൈകി ആയിരുന്നു. കോടതിയില്‍ വിവാഹമോചനം അനുവദിച്ചെങ്കിലും സത്യമറിഞ്ഞപ്പോള്‍ ഞാനോടി വന്നിരുന്നു. അപ്പോഴേക്കും നന്ദുവേട്ടന്‍ ജോലി ഉപേക്ഷിച്ച് അവിടം വിട്ടു പോയിക്കഴിഞ്ഞിരുന്നു. എവിടൊക്കെ ഞാന്‍ തേടിനടന്നു! നന്ദുവേട്ടന്‍റെ സുഹൃത്തുക്കളോടു തിരക്കി. പക്ഷെ ആര്‍ക്കും അറിയില്ലായിരുന്നു.
നീണ്ട ആറുവര്‍ഷങ്ങള്‍ ...
നന്ദുവേട്ടാ, ആ മുഖമൊന്നു കാണാന്‍ , ആ ശബ്ദമൊന്നു കേള്‍ക്കാന്‍ എത്ര നാളായി കൊതിക്കുന്നുവെന്നറിയുമോ?
മാപ്പ്..... എന്നോടു ക്ഷമിക്കില്ലേ? എല്ലാറ്റിനും മാപ്പ്...
ഏട്ടനു കഴിയുമെങ്കില്‍ ഒന്നിവിടെ വരെ വരുക. എനിക്ക് ഒരു നോക്കു കാണണം. എന്‍റേട്ടനു വേണ്ടി നമ്മുടെ വീടിന്‍റെ വാതിലും എന്‍റെ ഹൃദയവും എന്നും തുറന്നിട്ടിരിക്കുകയാണ്. അവിടെ വരെ വന്നു ഏട്ടനെ കാണുവാന്‍ എനിക്കു കഴിയില്ല. ദയവായി എന്നെ മനസ്സിലാക്കുക. മടങ്ങിവരുക എന്‍റെ  ജീവിതത്തിലേയ്ക്ക്...


എന്ന് ....
നന്ദുവേട്ടന്‍റെ  സ്വന്തം
ലക്ഷ്മി.
                                                                                                                                                                                                                 
14 / 2/ 2011
തിരുവനന്തപുരം
ഡോക്ടര്‍ക്ക്‌ .....
എങ്ങനെ നന്ദി പറയണം എന്നു  ഞങ്ങള്‍ക്കറിയില്ല. എന്‍റെ ലക്ഷ്മിയെ എനിയ്ക്കു തിരികെ കിട്ടി. അവള്‍ ഇന്നു രോഗശയ്യയിലാണ്. ഡോക്ടറുടെ സേവനം ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ആവശ്യമാണ്. എത്രയും വേഗം ഞങ്ങള്‍ ഡോക്ടറെ കാണാന്‍ വരുന്നുണ്ട്. ഒന്നു സത്യമാണ്.... ഞങ്ങള്‍ പരസ്പരം സ്നേഹിച്ചിരുന്നു......ഒരുപാടൊരുപാട്.... ഞങ്ങളിന്നു പുതിയൊരു ജീവിതത്തിലേക്കു പ്രവേശിക്കുകയാണ്. സ്നേഹത്തിന്‍റെ, വിശ്വാസത്തിന്‍റെ ആത്മാര്‍ത്ഥമായ ദാമ്പത്യജീവിതത്തിലേയ്ക്ക്.


സ്നേഹത്തോടെ ...
നന്ദുവും, ലക്ഷ്മിയും.

3 comments:

  1. കൊള്ളാം, മനോഹരമായി,

    ഈ സ്നേഹം ഹൃദയത്തെ സ്പര്‍ശിച്ചത്

    ReplyDelete
  2. എന്ന് ....
    നന്ദുവേട്ടന്‍റെ സ്വന്തം
    ലക്ഷ്മി..............

    നല്ല വിവരണം

    ReplyDelete
  3. പാതി തുറന്നിട്ട മനസ്സുകളെന്നും പാതിയടച്ചിട്ടവയാണ്. അവിശ്വാസങ്ങൾ കടന്നുവരാൻ വേണ്ടിയാണവ പാതി തുറന്നുവെച്ചിരിക്കുന്നത്. നന്മകൾക്ക് ഓടിപ്പോകാനായിട്ടാണവ അങ്ങിനെ....

    ReplyDelete